ഹൃദയഹാരിയായ ഒരു സെൽഫിയുടെ കഥയാണിത്. റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുന്ന മകൻ. ഗാർഡ് ആയ അച്ഛൻ. ഇരുവരും ജോലി ചെയ്യുന്ന ട്രെയിനുകൾ ഒരുനാൾ തൊട്ടടുത്ത പാളങ്ങളിലൂടെ കടന്നുപോകുന്നു. മകൻ തന്റെ കംപാർട്മെന്റിന്റെ വാതിൽക്കൽനിന്ന്, അപ്പുറത്തെ ട്രെയിനിന്റെ വാതിൽക്കൽ നിൽക്കുന്ന അച്ഛനെയും ചേർത്ത് ഒരു സെൽഫിയെടുത്തു. മനോഹരം അല്ലേ?
ഈയാഴ്ച ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി ഈ സെൽഫി. അവിടെനിന്ന് അതു മലയാളത്തിലടക്കം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്തയുമായി.
എന്നാൽ, ചിത്രത്തെക്കുറിച്ച് ഒരുപാടു വിവരങ്ങൾ അതിൽനിന്നുതന്നെ നമുക്കു കണ്ടെത്താൻ കഴിയും. ചിത്രം ഇന്ത്യയിൽനിന്നുള്ളതല്ല എന്നതാണ് ഏറ്റവും പ്രധാനം. ചിത്രത്തിലെ ട്രെയിനുകളുടെ നിറവും ഡിസൈനും ബംഗ്ലദേശിലേതാണ്. മകന്റെ ഷർട്ടിലെ നെയിംബോർഡ് സൂക്ഷിച്ചുനോക്കിയാൽ അതിൽ ബംഗ്ലദേശ് റെയിൽവേ എന്നെഴുതിയതു വായിക്കാം. മാത്രമല്ല, ഗാർഡിന്റെയും ടിടിഇയുടെയും യൂണിഫോം ഇന്ത്യൻ റെയിൽവേയുടേതല്ലതാനും.
അപ്പോൾ, ബാക്കിയാകുന്ന സംശയം, ചിത്രം ഒറിജിനലാണോ അതിലുള്ളതു ശരിക്കും അച്ഛനും മകനും തന്നെയാണോ എന്നതാണ്.
ഇന്റർനെറ്റിൽ റിവേഴ്‌സ് ഇമേജ് സെർച് (ഗൂഗിളിലും മറ്റും നമ്മൾ വാക്കുകൾ ടൈപ്പ് ചെയ്തു സെർച് ചെയ്യുന്നതു പോലെ ചിത്രങ്ങൾ കൊടുത്തും സെർച് ചെയ്യുന്ന സംവിധാനം) ചെയ്താൽ ലളിതമായി കണ്ടെത്താവുന്നതേയുള്ളൂ ഇതിനുള്ള ഉത്തരങ്ങൾ.
അങ്ങനെ നോക്കിയപ്പോൾ ഒരു കാര്യം കൂടി വ്യക്തമായി - ഈ ചിത്രം പുതിയതല്ല, 2019ലേതാണ്. ചിത്രത്തിലുള്ളതു യഥാർഥത്തിൽ അച്ഛനും മകനും തന്നെയാണ്. രണ്ടുപേരും ബംഗ്ലദേശ് റെയിൽവേയിലെ ജോലിക്കാരാണ്. മകന്റെ പേര് വസിബുർ റഹ്മാൻ ഷുവോ. 2019 മേയ് 15ന് വസിബുർ തന്റെ ഫെയ്സ്ബുക് പേജിൽ ഈ ട്രെയിൻ സെൽഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്നു ബംഗ്ലദേശ് മാധ്യമങ്ങളിൽ ഇതു വാർത്തയാവുകയും ചെയ്തു.
ഈ ചിത്രം എന്തുകൊണ്ടാവും ഇപ്പോൾ ഇന്ത്യയിൽ തരംഗമായത്? ഇന്റർനെറ്റിൽ ഈ ചിത്രം കണ്ട ആരോ ഒരാൾ അതിന്റെ പൂർണ പശ്ചാത്തലവിവരങ്ങൾ ചേർക്കാതെ അതു പോസ്റ്റ് ചെയ്തു. അതു കണ്ടവരിൽ പലരും ഷെയർ ചെയ്തു ചെയ്ത് ചിത്രം ഇവിടെ വൈറലായി, വാർത്തയുമായി. ഈ ചിത്രം കാലം തെറ്റി പ്രചരിച്ചതുകൊണ്ടു പ്രത്യേകിച്ച് അപകടമൊന്നുമില്ലെന്നു നമുക്കറിയാം. എല്ലാ ചിത്രങ്ങളുടെയും വിഡിയോകളുടെയും കാര്യം ഇങ്ങനെയല്ല. രോഗം, ദുരന്തം, യുദ്ധം, ഭീകരത തുടങ്ങിയവ സംബന്ധിച്ച പഴയ ചിത്രങ്ങളും വിവരങ്ങളും പുതിയതെന്ന രീതിയിലും മറ്റിടങ്ങളിലുണ്ടായ സംഭവങ്ങൾ ഇവിടെ സംഭവിച്ചതാണെന്ന മട്ടിലും പ്രചരിപ്പിച്ച് സമൂഹത്തിൽ ഭയവും വിദ്വേഷവും വിതയ്ക്കുന്ന ഒട്ടേറെ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
വ്യാജവാർത്ത സൃഷ്ടിക്കാൻ വ്യാജചിത്രങ്ങളോ വിഡിയോയോ വിവരങ്ങളോ തന്നെ വേണമെന്നില്ല. യഥാർഥമായ ദൃശ്യങ്ങളും വിവരങ്ങളും ഉപയോഗിച്ചു തന്നെ വ്യാജൻ സൃഷ്ടിക്കാൻ കഴിയും.
Content Highlights: Vireal story