ADVERTISEMENT

മത്സ്യബന്ധന മേഖലയിലെ സബ്സിഡി നിർത്താനുള്ള ലോക വ്യാപാര സംഘടനാ തീരുമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികൾക്കു കനത്ത ആഘാതം. സബ്സിഡിയിലെ സിംഹഭാഗവും ചെലവിട്ട വികസിത രാജ്യങ്ങളുടെ ചെയ്തികളുടെ ഫലം വികസ്വര–അവികസിത രാജ്യങ്ങൾ അനുഭവിക്കണം എന്നത് കടുത്ത അനീതി

രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ (200 നോട്ടിക്കൽ ൈമൽ) മത്സ്യബന്ധനത്തിനു നൽകിവരുന്ന സബ്സിഡി രണ്ടു വർഷത്തിനുശേഷം നിർത്തലാക്കാനുള്ള തീരുമാനം മത്സ്യബന്ധന മേഖലയ്ക്കേറ്റ കനത്ത അടിയാണ്. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെന്നോ പരമ്പരാഗത, ചെറുകിട, വൻകിട മേഖലകളെന്നോ വേർതിരിവില്ലാതെ കരാർ ബാധകമാകുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ താൽപര്യത്തിന് എതിരുമാണ്. 

ജൂൺ 12 മുതൽ 17 വരെ ജനീവയിൽ നടന്ന ലോക വ്യാപാരസംഘടനയുടെ പന്ത്രണ്ടാമതു മന്ത്രിതല സമിതിയാണ് കരാർ അംഗീകരിച്ചത്. ഉച്ചകോടിയിൽ പങ്കെടുത്ത 164ൽ എൺപതിലധികം രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാർ ദുർബല വിഭാഗം മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പരിഗണന നൽകണമെന്നും സബ്സിഡി 25 വർഷം കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കു തങ്ങളുടെ മത്സ്യസമ്പത്ത് പൂർണമായി വിനിയോഗിച്ചു സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള വഴി ഇതോടെ അടയും. 

നിയമവിരുദ്ധവും അനിയന്ത്രിതവും കണക്കിൽപെടാത്തതുമായ മത്സ്യബന്ധനം തടയുന്നതിനാണ് കരാർ ലക്ഷ്യമിടുന്നത്. പുറംകടലിലെ മത്സ്യബന്ധനവും സബ്സിഡി നിരോധനപരിധിയിൽ വരും. 2001ൽ ദോഹ ഉച്ചകോടിയിൽ ആരംഭിച്ച ചർച്ചകളാണ് ഇപ്പോൾ കരാറിലെത്തിയത്. 

ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ റിപ്പോർട്ടനുസരിച്ച്, അമിത മത്സ്യബന്ധനവും വിനാശമത്സ്യബന്ധന രീതികളും മൂലം സമുദ്രങ്ങളുടെ ആവാസവ്യവസ്ഥ തകർന്നു. 1974ൽ 10 % മത്സ്യ ഇനങ്ങളാണ് അമിത ചൂഷണത്തിനു വിധേയമായിരുന്നതെങ്കിൽ 2018ൽ അത് 34 % ആയി. നിലവിൽ 55 % മത്സ്യ ഇനങ്ങളുടെയും പരമാവധി ചൂഷണപരിധി കഴിഞ്ഞിരിക്കുന്നു. സബ്സിഡി നിർത്തലാക്കാൻ മേൽ വിവരിച്ചവ പ്രേരകശക്തിയായിട്ടുണ്ടെങ്കിലും വിവേചനരഹിതമായി ഈ വിഷയത്തെ സമീപിച്ചത് ആശങ്കയുണ്ടാക്കുന്നു. 

തൊഴിലാളികളെയാണോ ക്രൂശിക്കേണ്ടത്?

ധനിക രാജ്യങ്ങളിലെ വ്യാവസായിക മത്സ്യബന്ധനമാണ് കടലിന്റെ ആവാസവ്യവസ്ഥ തകിടംമറിച്ചതും മത്സ്യ ഇനങ്ങളുടെ വൻ തകർച്ചയ്ക്കു വഴിയൊരുക്കിയതും. ഈ രാജ്യങ്ങളുടെ 130 മീറ്ററിലധികം നീളമുള്ള വൻ കപ്പലുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ മീൻ വാരുകയാണ്. കടലിലെ മുഴുവൻ മത്സ്യങ്ങളെയും അരിച്ചുപെറുക്കിയെടുക്കാൻ ശേഷിയുള്ള വലകൾ, ആവാസ വ്യവസ്ഥ തകർക്കുന്ന മീൻപിടിത്തരീതികൾ, അത്യാധുനിക സംസ്കരണ സംവിധാനങ്ങൾ, കൂറ്റൻ ശീതീകരണികൾ എന്നിവ ഇത്തരം കപ്പലുകളുടെ സവിശേഷതയാണ്. ഇവ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചും മാസങ്ങളോളം കടലിൽ ചെലവഴിച്ചും മറ്റു രാജ്യങ്ങളുടെ പുറംകടലിലെ സമ്പത്തും കൊള്ളയടിക്കുന്നു. ‌ചെറിയ ബോട്ടുകളും വള്ളങ്ങളും ഉപയോഗിച്ചു നടത്തുന്ന ചെറുകിട മത്സ്യബന്ധനം മുഖ്യമായും തീരത്തോടു ചേർന്ന പ്രദേശങ്ങളിൽ ഉപജീവനത്തിനുള്ള ഉപാധിയാണ്. 

bmadhusoodanan
പ്രഫ. ബി. മധുസൂദനക്കുറുപ്പ്

ആഗോളതലത്തിൽ 50 ശതമാനത്തിലധികം മത്സ്യം ലഭ്യമാക്കുന്ന ചെറുകിട മത്സ്യബന്ധനം 90% തൊഴിലാളികൾക്കും തൊഴിൽസുരക്ഷ നൽകുന്നു. ഈ രീതിയിൽ ലഭിക്കുന്ന 90% മത്സ്യവും പ്രാദേശിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ സാധാരണക്കാർ‌ക്കു പോഷക ഭക്ഷണം ലഭ്യമാക്കുന്നതിൽ പ്രധാന പങ്കും വഹിക്കുന്നു.  സബ്സിഡി നിർത്തലാക്കുമ്പോൾ ഇൗ ഘടകങ്ങൾ പരിഗണിക്കാത്തതു കടുത്ത അനീതിയാണ്. സമ്പന്ന രാജ്യങ്ങൾ വരുത്തിവച്ച വിപത്തുകൾക്കു പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ക്രൂശിക്കുന്നതു ക്രൂരമായ സമീപനമാണ്. 

മത്സ്യമേഖലയിൽ കനത്ത  പ്രത്യാഘാതമുണ്ടാക്കും

ആഗോളതലത്തിൽ 179 ദശലക്ഷം ടൺ മത്സ്യം ഉൽപാദിപ്പിച്ചതിൽ 84.4 ദശലക്ഷം ടണ്ണും കടലിൽനിന്നു പിടിച്ചതാണ്. ഈ മേഖലയിലെ 60 ദശലക്ഷം തൊഴിലാളികളിൽ 40 ദശലക്ഷം പേരും മത്സ്യബന്ധനമേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. 80% തൊഴിലാളികളും ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നാണ്. 4.56 ദശലക്ഷം മത്സ്യബന്ധന യാനങ്ങളിൽ 87 ശതമാനവും ഇവിടങ്ങളിൽനിന്നുതന്നെ. കടൽ മത്സ്യം പിടിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ഇന്തൊനീഷ്യ, ഇന്ത്യ, വിയറ്റ്നാം, മലേഷ്യ മുതലായ രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ചെറിയ യന്ത്രബോട്ടുകളും വള്ളങ്ങളും അതതു രാജ്യങ്ങളിൽ ലഭിക്കുന്ന നാമമാത്രമായ സബ്സിഡിയുടെ സഹായത്തോടെയാണ് മീൻ പിടിക്കുന്നത്.  ചൈന, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നീ രാജ്യങ്ങളെപ്പോലെ സബ്സിഡി നൽകുന്നതിൽ മുന്നിലല്ല പ്രതിവർഷം 3.79 ദശലക്ഷം ടൺ കടൽമത്സ്യം പിടിക്കുന്ന ഇന്ത്യ. 

2025ൽ മത്സ്യക്കയറ്റുമതിയിലൂടെ 1500 കോടി ഡോളർ നേടാനുള്ള പരിശ്രമത്തിലാണു ഇന്ത്യ. 2 ലക്ഷം വരുന്ന യാനങ്ങളിൽ യന്ത്രബോട്ടുകൾ 37 % മാത്രം. ചെറുകിട, പരമ്പരാഗത മേഖലകളിലെ മത്സ്യത്തൊഴിലാളികളെ ശാക്തീകരിച്ച് ആഴക്കടൽ സമ്പത്ത് പിടിക്കാനുള്ള ഇന്ത്യയുടെ നയത്തിന് സബ്സിഡി നിർത്തലാക്കൽ ഇരുട്ടടിയാകും. സമ്പദ്‌വ്യവസ്ഥയിൽ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. 

രാജ്യങ്ങൾ തമ്മിലുണ്ട്, വലിയ അന്തരം

നിലവിലുള്ളവയിൽ അടിസ്ഥാന സൗകര്യ വികസനം, ഫിഷറീസ് തുറമുഖ നിർമാണം, ബോട്ട് നിർമാണം, യന്ത്രവൽക്കരണം, മത്സ്യസമ്പത്ത് പര്യവേക്ഷണം, ഇന്ധനം, ഇൻഷുറൻസ് മുതലായവയ്ക്കു നൽകുന്നവ കരാർപ്രകാരം ഹാനികരമായ സബ്സിഡി വിഭാഗത്തിൽപെടുന്നു. ഇത്തരം സഹായങ്ങൾ ഇല്ലാതാകുന്നതു ചെറുകിട മത്സ്യോൽപാദകരുടെ സാമ്പത്തിക സാധ്യതകൾക്കു തുരങ്കം വയ്ക്കുകയും തീരവാസികളുടെ ഉപജീവനവും ഭക്ഷ്യസുരക്ഷയും അപകടത്തിലാക്കുകയും  ചെയ്യുന്നു. 

2018ലെ കണക്കു പ്രകാരം 3540 കോടി ഡോളറാണ് ലോകത്ത് സബ്സിഡി ഇനത്തിൽ ചെലവഴിച്ചത്. ഇതിൽ ചെറുകിട മേഖലയ്ക്കു ലഭിച്ചത് 19% മാത്രം. സിംഹഭാഗവും വികസിത രാജ്യങ്ങളിലെ വ്യാവസായിക മത്സ്യബന്ധന മേഖലയ്ക്കാണു ലഭിച്ചത്. 80 ശതമാനത്തിലധികം ലഭിച്ച വൻകിട മത്സ്യബന്ധന മേഖല സബ്സിഡി തുക വിനിയോഗിച്ചതു മത്സ്യബന്ധന ശേഷി വർധിപ്പിക്കാനും (1830 കോടി ഡോളർ) ഇന്ധനത്തിനും (720 കോടി ഡോളർ) വേണ്ടിയാണ്. പ്രതിശീർഷ സബ്സിഡി ലഭ്യത പരിശോധിച്ചാൽ ചെറുകിട, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന സബ്സിഡിയുടെ രണ്ടു മടങ്ങിൽ കൂടുതലാണു വൻകിട മേഖലയിലെ തൊഴിലാളികൾക്കു ലഭിക്കുന്നത്. 

fisheries
ക്രിയേറ്റിവ്: മനോരമ

ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യുഎസ്, റഷ്യ, സ്പെയിൻ, തായ്‌ലൻഡ് തുടങ്ങിയ 10 രാജ്യങ്ങൾ ചെലവഴിച്ച 1530 കോടി ഡോളർ ഹാനികരമായ സബ്സിഡിയിൽ പെടുന്നതാണ്. ഇതിൽ 60% ആഭ്യന്തര ഉൽപാദനത്തിനു ചെലവഴിച്ചപ്പോൾ 35% മറ്റു 116 രാജ്യങ്ങളിലെ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാനുള്ള യാത്രയ്ക്കു ചെലവാക്കി. ശേഷിച്ച 5 % രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തുള്ള സമുദ്രത്തിലെ മത്സ്യം പിടിക്കാനും വിനിയോഗിച്ചു. ചൈന, യൂറോപ്യൻ യൂണിയൻ, അമേരിക്ക എന്നിവ സബ്സിഡിയായി പ്രതിവർഷം യഥാക്രമം 730, 380, 340 കോടി ഡോളർ വീതം ചെലവിടുമ്പോൾ ഇന്ത്യ വെറും 27.7 കോടി ഡോളർ മാത്രമാണു ചെറുകിട പരമ്പരാഗത മേഖലയ്ക്കു സബ്സിഡിയായി നൽകുന്നത്. തൊഴിലാളികളുടെ പ്രതിശീർഷ സബ്സിഡി ലഭ്യതയിൽ മുൻപന്തിയിൽ നിൽക്കുന്നത് ഡെന്മാർക്ക് (75,578 ഡോളർ) സ്വീഡൻ (65,976 ഡോളർ) നെതർലൻഡ്സ് ( 42,093 ഡോളർ) എന്നീ രാജ്യങ്ങളാണ്. ചൈനയിൽ 45 ഡോളർ ലഭിക്കുമ്പോൾ ഇന്ത്യയിലത്  15 ഡോളർ മാത്രമാണ്. 

സബ്സിഡി ലഭ്യമാക്കുന്നതിൽ മുന്നിലുള്ള രാജ്യങ്ങൾ അവികസിത രാജ്യങ്ങളുടെ മത്സ്യസമ്പത്തിന്റെ 78% വരെ കൊള്ളയടിക്കുന്നുണ്ട്. കൂടാതെ, പുറംകടലിലെ 17% മത്സ്യവും ധനിക രാജ്യങ്ങളിലെ വ്യാവസായിക മത്സ്യബന്ധന കപ്പലുകളാണു ചൂഷണം ചെയ്യുന്നത്.

fish-boat
ക്രിയേറ്റിവ്: മനോരമ

സബ്സിഡി ഇനത്തിൽ ഭീമമായ തുക ചെലവിട്ട് മത്സ്യസമ്പത്തിനു ശോഷണവും അസ്ഥിരതയും വരുത്തിവച്ച സമ്പന്ന രാജ്യങ്ങളെയും ഇതിൽ പങ്കില്ലാത്ത വികസ്വര, അവികസിത രാജ്യങ്ങളെയും വേർതിരിച്ചു കാണാതെയുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം യുക്തിരഹിതമാണ്. ഉത്തരവാദികളല്ലാത്ത രാജ്യങ്ങളുടെ സബ്സിഡി നിർത്തലാക്കുന്നത് അനീതിയാണ്. 

നമ്മുടെ കീശ ചോർത്തുമോ?

ഇന്ത്യയെപ്പോലെ മറ്റു പല രാജ്യങ്ങളും സമുദ്രാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കോണമി) നടപ്പാക്കാൻ നടപടി തുടങ്ങി. ഇന്ത്യ പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനത്തിനുള്ള നിയമത്തിന്റെ കരടും പ്രസിദ്ധീകരിച്ചു. ആഴക്കടൽ മത്സ്യസമ്പത്ത് ചൂഷണം ചെയ്തു മാത്രമേ ഇന്ത്യയ്ക്ക് ഉൽപാദനം കൂട്ടാനാവൂ. കണവ, ചൂര തുടങ്ങിയവ വേണ്ടരീതിയിൽ നാം പിടിച്ചെടുക്കുന്നില്ല. സബ്സിഡി നിർത്തലാക്കൽ ഇന്ത്യയുടെ കടൽ മത്സ്യസമ്പത്തിന്റെ ഉൽപാദനത്തിൽ വലിയ ശോഷണം ഉണ്ടാക്കുമോ എന്നാണ് ആശങ്ക. സബ്സിഡി ഇല്ലാതായാൽ ചൂര, കണവ എന്നിവ പിടിക്കാൻ തദ്ദേശീയ മത്സ്യത്തൊഴിലാളികൾക്കു കഴിയുമോ എന്ന ചോദ്യവും ഉയരുന്നു. ഇൗ സാഹചര്യത്തിൽ ബ്ലൂ ഇക്കോണമിയിൽ പ്രതിപാദിക്കുന്ന വ്യാവസായിക മത്സ്യബന്ധനം, കൂറ്റൻ കപ്പലും അനുബന്ധമായുള്ള ട്രോളറുകളും  ഉപയോഗിച്ചുള്ള മത്സ്യബന്ധനം (മദർ ഫിഷിങ്)  എന്നിവയിൽ ലക്ഷ്യമിടുന്നത് എന്താണെന്നതിൽ വ്യക്തത വരുത്തണം. കുത്തക കമ്പനികൾക്കു മാത്രമേ ഇതിനാവശ്യമായ സാമ്പത്തികശേഷിയും സാങ്കേതിക വിദ്യയും ഉള്ളൂ. സബ്സിഡി നിർത്തലാക്കുന്നത് ഇത്തരം കമ്പനികൾക്ക് ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലകളിലേക്കു കടന്നുകയറാനുള്ള അവസരം ഒരുക്കുമോ എന്നതും ഗൗരവമായി പരിശോധിക്കണം. 

മത്സ്യമേഖലാ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും പരമ്പരാഗത– ചെറുകിട മത്സ്യമേഖലയുടെ വികസനം അത്യന്താപേക്ഷിതമാണ്. പിടിക്കുന്ന മത്സ്യത്തിന്റെ മുഖ്യഭാഗവും പ്രാദേശികമായി ഭക്ഷണത്തിന് ഉപയോഗിക്കുന്നു എന്നതു മാത്രമല്ല, പ്രാദേശികമായി വരുമാനം ലഭ്യമാക്കാനും കഴിയുന്ന മറ്റൊരു മേഖലയില്ല. വ്യാവസായിക മത്സ്യബന്ധനംവഴി പ്രദേശവാസികൾക്കു ഗുണമില്ലെന്നു തന്നെയല്ല, 20 % മത്സ്യം പല കാരണങ്ങളാൽ ഉപയോഗശൂന്യമാകുകയും ചെയ്യും. വികസിത, വികസ്വര, അവികസിത രാജ്യങ്ങൾക്കു തരം തിരിച്ച് പ്രാധാന്യം നൽകിയും വൻകിട,ചെറുകിട,പരമ്പരാഗത മേഖലകളെ അടിസ്ഥാനമാക്കി വിശദമായ പഠനങ്ങൾ നടത്തിയും വേണം സബ്സിഡി വ്യവസ്ഥകൾക്കു അന്തിമരൂപം നൽകാൻ. 

(കേരള ഫിഷറീസ്, സമുദ്ര പഠന സർവകലാശാല സ്ഥാപക വൈസ് ചാൻസലറാണ് ലേഖകൻ)

 

English Summary: Deep sea fisheries Agreement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com