ADVERTISEMENT

ജനാധിപത്യ ഇടതുപക്ഷമെന്ന പുത്തൻചേരിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ് ലാറ്റിൻ അമേരിക്ക. ദരിദ്ര തൊഴിലാളിയുടെ മകനായ ഗുസ്താവോ പെദ്രോ കഴിഞ്ഞ ആഴ്ച അധികാരത്തിൽ‌ എത്തിയതോടെ കൊളംബിയയും ഈ കൂട്ടായ്മയിൽ അംഗമായിരിക്കുന്നു. 

ലാറ്റിൻ അമേരിക്കയ്ക്കു മുകളിലൂടെ ഒരു ചുവന്ന കാറ്റ് വീശുകയാണ്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇടതുപക്ഷ പാർട്ടികൾ ഉണർത്തിവിട്ട ഇളം ചുവപ്പ് തരംഗത്തിൽ (പിങ്ക് തരംഗം) പാവപ്പെട്ടവന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവന്റെയും രാഷ്ട്രീയം ഉയിർത്തെഴുന്നേൽക്കുന്നു. ദരിദ്രതൊഴിലാളിയുടെ മകനായി ജനിച്ച്, സായുധ ഇടതുപോരാളിയായി ജീവിച്ച്, പാർലമെന്ററി രാഷ്ട്രീയത്തിലേക്കു മാറിയ ഗുസ്താവോ പെദ്രോ (62) തിരഞ്ഞെടുപ്പിലൂടെ കൊളംബിയൻ പ്രസിഡന്റായതാണ് ഈ തരംഗത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവം. പെദ്രോയുടെ അധികാരലബ്ധിയോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയം അഭിനിവേശവും ഗൃഹാതുരതയും പ്രതീക്ഷയും ഉണർത്തുന്നു.  

അമേരിക്കയുടെ പിന്തുണയോടെ 1973ൽ ചിലെയിലെ സാൽവദോർ അലെൻഡെയെ അട്ടിമറിച്ച ശേഷം ലാറ്റിൻ അമേരിക്കയിൽ ഇടതുപക്ഷ മുന്നേറ്റത്തിന് ഒരു ഇടവേളയായിരുന്നു. ഡാനിയൽ ഒർട്ടെഗ 1985ൽ നിക്കരാഗ്വയിലും 1999ൽ ഹ്യൂഗോ ഷാവേസ് വെനസ്വേലയിലും ചുവപ്പിച്ചുകൊണ്ടു തുടക്കമിട്ട ‘ലാറ്റിൻ അമേരിക്കൻ വസന്തം’ വിവിധ രാജ്യങ്ങൾ കടന്ന് കൊളംബിയയിലെത്തി നിൽക്കുന്നു. 

map

പ്രമുഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ ഇടതുഭരണമാണ്. ലാറ്റിൻ അമേരിക്കയോടു ചേർന്നു കിടക്കുന്ന മെക്‌സിക്കോയിൽ 2018ൽ ആന്ദ്രെസ് മാനുവൽ ലോപ്പസ് അധികാരത്തിലെത്തി. പിറ്റേവർഷം അർജന്റീനയിൽ ആൽബെർടോ ഫെർണാണ്ടസും 2020ൽ ബൊളീവിയയിൽ ലൂയി ആർസും 2021 ജൂലൈയിൽ പെറുവിൽ പെട്രോ കാസ്‌റ്റിയോയും അതേവർഷം നവംബറിൽ നിക്കരാഗ്വയിൽ ഡാനിയേൽ ഒർട്ടെഗയും ഹോണ്ടുറാസിൽ ഷിയോമാരോ കാസ്ട്രോയും ഡിസംബറിൽ ചിലെയിൽ ഗബ്രിയേൽ ബോറിക്കും ഇടതുപക്ഷത്തിന്റെ വിജയക്കൊടിയുയർത്തി. ആ നിരയിലേക്ക് ഒടുവിൽ ഹ്യൂമൻ കൊളംബിയ പാർട്ടിയെ വിജയത്തിലേക്കു നയിച്ച് പെദ്രോയും എത്തി.

ദൃഢനിശ്ചയത്തോടെ പെദ്രോ

ഈ മുന്നേറ്റത്തെ ഇടതുപക്ഷക്കാർ തിരിച്ചുവരവായി കാണുന്നുവെങ്കിൽ അനിവാര്യമായ ദുരന്തത്തിലേക്കുള്ള യാത്രയാണിതെന്ന് ഇടതുവിരുദ്ധർ വിശേഷിപ്പിക്കുന്നു. പെദ്രോയുടെ വിജയത്തെപ്പറ്റിയും ലാറ്റിൻ അമേരിക്കയിൽ രണ്ടു പക്ഷമുണ്ട്. പരിചയസമ്പന്നനായ നേതാവെന്ന് ഒരുവിഭാഗം വിലയിരുത്തുമ്പോൾ, നീണ്ടകാലത്തെ നിഷ്ഠുരമായ യുദ്ധത്തിനു കിട്ടിയ ജനസമ്മതിയെന്ന് എതിരാളികൾ കുറ്റപ്പെടുത്തുന്നു. മുൻ സൈനികൻ എന്ന നിലയിൽ വെനസ്വേലയുടെ മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനു സൈന്യത്തിന്റെ പിന്തുണ കിട്ടിയിരുന്നെങ്കിൽ, പെദ്രോയ്ക്ക് അതുകിട്ടില്ലെന്നു കരുതുന്നവരുണ്ട്. ദീർഘകാലമായുള്ള സഖ്യരാഷ്ട്രമായ കൊളംബിയയുടെ കാര്യത്തിൽ അമേരിക്ക സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്.

latin
പ്രസിഡന്റായി ഗുസ്താവോ പെദ്രോ തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ കൊളംബിയൻ തലസ്ഥാനം ബൊഗോട്ടയിൽ നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ഗെറ്റി ഇമേജസ്

ലാറ്റിൻ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യരാജ്യമാണു കൊളംബിയ. ഈ മേഖലയിലെ മറ്റു രാജ്യങ്ങളൊക്കെ ജനാധിപത്യത്തിനും സൈനിക ഭരണങ്ങൾക്കും ഇടയിൽ ചാഞ്ചാടിയപ്പോഴും കൊളംബിയ ജനാധിപത്യത്തിൽ അടിയുറച്ചുനിന്നു. സായുധ പോരാട്ടം നടത്തുന്ന ഇടതുപാർട്ടികളെ ഭരണത്തിൽനിന്ന് അകറ്റിനിർത്തുന്ന രാഷ്ട്രീയപാരമ്പര്യമായിരുന്നു അവരുടേത്. അവിടെയാണു ഗറില പോരാളിയായിരുന്ന ഗുസ്താവോ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. 

ഈ മേഖലയിലെ മൂന്നാമത്തെ വലിയ രാജ്യമായ കൊളംബിയയെ സാമ്പത്തികമായി പരിവർത്തനപ്പെടുത്തുമെന്ന ദൃഢനിശ്ചയത്തോടെയാണ്, സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള പെദ്രോ അധികാരത്തിലേറിയത്. പുതിയ എണ്ണ പര്യവേക്ഷണങ്ങൾ അവസാനിപ്പിക്കും, സാമൂഹിക നീതി ഉറപ്പാക്കും, സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങൾ പ്രശ്നങ്ങൾ വഷളാക്കുമെന്നു കരുതുന്നവരുണ്ട്. ‘സാമ്പത്തിക ആത്മഹത്യ’യെന്നാണ് ഈ തീരുമാനങ്ങളെ ഒരു മുൻ ധനമന്ത്രി വിശേഷിപ്പിച്ചത്.

Clge

പുതിയ ഇടതുപക്ഷം

പുതിയ ഇടതുപക്ഷത്തിന്റെ പ്രയാണം എങ്ങനെയാവും? രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വിവിധ സാമൂഹിക– പ്രത്യയശാസ്ത്ര ഗ്രൂപ്പുകളുടെയും കൂട്ടായ്മയാണ് ഈ ഇടതുപക്ഷം. ഇതൊരു ജനാധിപത്യ ചേരിയാണ്. വർഗവും രാഷ്ട്രവും എന്ന സിദ്ധാന്തത്തിനു ചുറ്റുമാണ് പരമ്പരാഗത ഇടതുപക്ഷം കറങ്ങുന്നതെങ്കിൽ ഇവിടെ മൂന്നാമത്തെ ശക്തിസ്തംഭമായ ജനാധിപത്യം കൂടി ഉണ്ട്. പരമ്പരാഗത ഇടതുപക്ഷം തൊഴിലാളിവർഗത്തെ കണ്ട സ്ഥാനത്ത് പുതിയ ഇടതുപക്ഷം പാവപ്പെട്ടവരെയും അധികാരത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ടവരെയുമാണ് ചൂഷിതരായി കാണുന്നത്. ആഴത്തിലുള്ള സാമൂഹിക മാറ്റത്തിലാണ് ഈ രാഷ്ട്രീയം വേരുറപ്പിച്ചിട്ടുള്ളത്.

പിങ്ക് തരംഗം ഇടതുപക്ഷ വോട്ടുകളാണ്. സ്വതന്ത്ര ഇടതുപക്ഷമെന്നും മൂന്നാം ഇടതുപക്ഷമെന്നും ഇവർ അറിയപ്പെടുന്നു. ‘21–ാം നൂറ്റാണ്ടിലെ സോഷ്യലിസം’ എന്നാണ് ഷാവേസ് ഇതിനെ വിളിച്ചത്. താൻ കമ്യൂണിസ്റ്റോ വിരുദ്ധനോ അല്ല എന്നുകൂടി ഷാവേസ് പ്രഖ്യാപിച്ചിരുന്നു. മാർക്സിസ്റ്റ് ആയിരുന്നപ്പോഴും സാൽവദോർ അലെൻഡ ദേശീയവാദി കൂടിയായിരുന്നുവെന്ന് ഓർമിക്കണം. 

ashnarayan
ആഷ് നാരായൺ റോയ്

സാമ്പ്രദായിക ഇടതുപക്ഷത്തിന് ലാറ്റിൻ അമേരിക്കയിൽ പാർലമെന്ററി രംഗത്തു വിജയിക്കാൻ കഴിഞ്ഞില്ല. എന്നാൽ, പുതിയ രൂപത്തിൽ സ്വയം പ്രതിഷ്ഠിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ജനാധിപത്യ ഇടതുപക്ഷത്തിന് അധികാരത്തിലെത്താൻ കഴിഞ്ഞത്. വിശ്വാസ്യതയുള്ള രാഷ്ട്രീയ ബദലാണ് ഈ വിഭാഗം. വൈവിധ്യവും സമഭാവനയുമാണ് അതിന്റെ മുഖമുദ്ര.

(ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ഡയറക്ടറാണ് ലേഖകൻ)

English Summary: Colombia election: Latin America leftist leaders praise Petro win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com