ADVERTISEMENT

പ്രാദേശിക പാർട്ടികൾ സഖ്യം ചേർന്നു രൂപീകരിച്ച സർക്കാരുകൾ താമസിയാതെ താഴെവീഴുന്നതും പാർട്ടികൾ ശത്രുതയിലാകുന്നതുമാണ് രാജ്യത്തെ പതിവുകാഴ്ച. എന്നാൽ, വിമതർ പാലം വലിച്ച മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള എൻസിപി ബന്ധം കൂടുതൽ ദൃഢമാകുന്നതാണ് കണ്ടത്. മറ്റൊരു സഖ്യകക്ഷിയായ കോൺഗ്രസിന് ഇക്കാര്യത്തിൽ നീരസമുണ്ടെന്നതും രഹസ്യമല്ല 

മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിന്റെ ആസന്നമായ പതനം സഖ്യത്തിലെ മൂന്നു കക്ഷികൾക്കും വേദനാജനകമാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള ബിജെപിയുടെ ആക്രമണത്തിനു വിവിധ സംസ്ഥാനങ്ങളിലെ സഖ്യസർക്കാരുകൾ ഇരകളായിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലെ ‘ഓപ്പറേഷൻ താമര’ മൂലം കൂടുതൽ പരുക്കേറ്റതു ശിവസേനയ്ക്കാണ്. 

ബിജെപിയുടെ സ്വാധീനവലയത്തിൽ എളുപ്പം വീണേക്കുമെന്നു കരുതിയ എൻസിപി–കോൺഗ്രസ് എംഎൽഎമാരെല്ലാം സഖ്യത്തിൽ ഉറച്ചുനിൽക്കുന്നതാണു നാം കാണുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾക്ക് എൻസിപി അഭയം നൽകുന്നുവെന്നും ഹിന്ദുത്വ ആശയങ്ങളെ ശിവസേന ബലികഴിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങൾ സേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെ ഉയർത്തുന്നുവെങ്കിലും പാർട്ടികൾ വിട്ടുവരുന്ന എംഎൽഎമാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാൻ അദ്ദേഹം തയാറാണ്. തന്റെ കൂടെ വരാൻ 20 എൻസിപി– കോൺഗ്രസ് അംഗങ്ങളുമുണ്ടെന്നു ഷിൻഡെ അവകാശപ്പെടുന്നു.

ഈ പ്രതിസന്ധി സർക്കാ‍ർ അതിജീവിച്ചാലും ഇല്ലെങ്കിലും, ബിജെപി അധികാരത്തിൽ വരുന്നതു തടയാനായി രണ്ടു വർഷം മുൻപു രൂപമെടുത്ത ശിവസേന–എൻസിപി–കോൺഗ്രസ് സഖ്യം അടുത്ത തിരഞ്ഞെടുപ്പുവരെ ഒരുമിച്ചു നിൽക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. 2024ൽ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയായിരിക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ്. മൂന്നു കക്ഷികളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ശിവസേന, എൻസിപി നേതാക്കൾ ആവർത്തിക്കുന്നത്. ഇക്കാര്യത്തിൽ ശിവസേനാ മേധാവി ഉദ്ധവ് താക്കറെയുടെയും എൻസിപി മേധാവി ശരദ് പവാറിന്റെയും സ്വരം ഉറച്ചതാണെങ്കിലും കോൺഗ്രസ് മൗനം പാലിക്കുന്നു. 

പിസിസി അധ്യക്ഷൻ നാന പഠോളെയുടെ നേതൃത്വത്തിലുള്ള പാർട്ടിയിലെ ശക്തമായ ഒരു വിഭാഗം സേനാ സഖ്യത്തിൽ കോൺഗ്രസിന്  എൻസിപിയിലും താഴെയാണു പദവിയെന്നതിൽ അസംതൃപ്തരാണ്. കോൺഗ്രസിനു മേധാവിത്വമുള്ള പഴയ കോൺഗ്രസ്– എൻസിപി സഖ്യത്തിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന നിലപാടാണു പഠോളെ വിഭാഗത്തിനുള്ളത്.

ഉദ്ധവ് താക്കറെയും ശരദ് പവാറും തമ്മിൽ വ്യക്തിപരമായി നല്ല അടുപ്പമാണിപ്പോൾ. പവാറിന്റെ അനന്തരവനായ അജിത് പവാർ 2019ൽ ബിജെപിക്കൊപ്പം ചേർന്നു സർക്കാരുണ്ടാക്കാൻ നടത്തിയ നീക്കം ശരദ് പവാർ നേരിട്ട് ഇടപെട്ടു പൊളിച്ചുകൊടുത്തതിനുശേഷമാണ് ഈ ബന്ധം ദൃഢമായത്. ഗവർണർ ഭഗത് സിങ് കോഷിയാരി രഹസ്യമായി നടത്തിയ സത്യപ്രതിജ്ഞാച്ചടങ്ങിലൂടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായും വാഴിച്ചുവെങ്കിലും മണിക്കൂറുകൾക്കകം ശരദ് പവാറിന്റെ സമ്മർദത്തിനു വഴങ്ങി അജിത് പവാർ ബിജെപി ബന്ധം വിട്ടു പുറത്തുവന്നു.

മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാനും മുൻ പിസിസി അധ്യക്ഷൻ ബാലാ സാഹെബ് തോറാട്ടും മന്ത്രിസഭയിലുണ്ടെങ്കിലും ‌തങ്ങൾക്ക് അവഗണനയാണു ലഭിക്കുന്നതെന്ന വികാരമാണു കോൺഗ്രസിലുള്ളത്. ഭരണപരിചയം തീരെയില്ലാത്ത ഉദ്ധവ് താക്കറെ, കേന്ദ്ര സർക്കാരിന്റെ ആക്രമണങ്ങളും സംസ്ഥാനത്തെ പ്രതിസന്ധികളും നേരിടാനുള്ള മാർഗനിർദേശങ്ങൾക്കു പവാറിനെയാണു പൂർണമായും ആശ്രയിക്കുന്നത്.

രണ്ടു ദശകം മുൻപു രൂപീകരണകാലം മുതൽക്കേ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ശിവസേനയുടെ എതിർപക്ഷത്തായിരുന്നു എൻസിപി നിലകൊണ്ടതെന്നത് ഓർക്കുമ്പോൾ ഇപ്പോഴത്തെ സൗഹൃദം അദ്ഭുതകരമാണ്. ദീർഘകാല സഖ്യകക്ഷിയായ ബിജെപിയോടു ചേർന്നാണു ശിവസേന തിരഞ്ഞെടുപ്പുകളെ നേരിട്ടത്. എൻസിപിയാകട്ടെ കോൺഗ്രസിനോടും സഖ്യമുണ്ടാക്കി. ബിജെപി– ശിവസേനാ സഖ്യം രണ്ടു ടേം മുഴുവൻ മഹാരാഷ്ട്ര ഭരിച്ചു– ഇരുവരും തുല്യസമയം മുഖ്യമന്ത്രി സ്ഥാനം പങ്കിടുകയും ചെയ്തു. ഇതേപോലെ, എൻസിപി– കോൺഗ്രസ് സഖ്യം മൂന്നു വട്ടവും അധികാരത്തിലേറി. മൂന്നു തവണയും കോൺഗ്രസിനായിരുന്നു മുഖ്യമന്ത്രി സ്ഥാനം. 

ശിവസേനയാകട്ടെ, വാജ്‌പേയി സർക്കാരിന്റെയും ആദ്യ മോദി സർക്കാരിന്റെയും ഭാഗമായിരുന്നു. 10 വർഷം മൻമോഹൻ സിങ് സർക്കാരിൽ എൻസിപിയും അധികാരം പങ്കിട്ടു.

ഒന്നിച്ചു നിന്നും, പിന്നെ മലക്കം മറിഞ്ഞും

പല സംസ്ഥാനങ്ങളിലും രണ്ടു പ്രാദേശിക കക്ഷികൾ സഖ്യമായി അധികാരത്തിലെത്തുമ്പോൾ അധികം വൈകാതെ ബന്ധം മോശമാകുകയാണു പതിവ്. 2015ൽ ബിഹാറിൽ ആർജെഡിയും ജെഡിയുവും കോൺഗ്രസും ബിജെപിക്കെതിരെ ഒരുമിച്ചു. മോദിയുടെ നേതൃത്വം അംഗീകരിക്കാതെ ജെഡിയു നേതാവ് നിതീഷ് കുമാർ എൻഡിഎ സഖ്യം വിട്ടതിനു പിന്നാലെയായിരുന്നു ഇത്. ഈ സഖ്യം ബിഹാറിൽ ഭരണം പിടിച്ചതു മോദിയെ ഞെട്ടിച്ചു. നിതീഷ് കുമാർ മുഖ്യമന്ത്രിയായി. ആർജെഡിയുടെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയും. എന്നാൽ, നിതീഷും ആർജെഡി മേധാവി ലാലുപ്രസാദും തമ്മിലുള്ള ബന്ധം ഒരിക്കലും സുഖകരമായിരുന്നില്ല. താമസിയാതെ നിതീഷ് മലക്കം മറിഞ്ഞ് എൻഡിഎയിൽ തിരിച്ചെത്തി. ബിഹാറിൽ തനിച്ച് അധികാരം പിടിക്കാനാവുമോ എന്ന സംശയത്തിലായിരുന്ന ബിജെപി  നിതീഷിനെ സ്വീകരിച്ചു. 2020ലെ തിരഞ്ഞെടുപ്പിൽ ജെഡിയുവിനു ബിജെപിയെക്കാൾ കുറച്ചു സീറ്റുകളാണു ലഭിച്ചതെങ്കിലും അവർ നിതീഷ് കുമാറിനെത്തന്നെ മുഖ്യമന്ത്രിയാക്കി.

സമാനമായ രീതിയിൽ, ഉത്തർപ്രദേശിലെ രണ്ടു പ്രബല കക്ഷികളായ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ശത്രുത മറന്ന് ബിജെപിക്കെതിരെ 1993ൽ സഖ്യമുണ്ടാക്കി. ബാബറി മസ്ജിദ് തകർത്തതിനു തൊട്ടുപിന്നാലെയുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. കോൺഗ്രസ് പിന്തുണയോടെ എസ്പി– ബിഎസ്പി സഖ്യം അധികാരം നേടി. മുലായം സിങ് മുഖ്യമന്ത്രിയുമായി. രണ്ടു വർഷത്തിനകം ബന്ധം വഷളായി. 1995 ജൂണിൽ മായാവതി പിന്തുണ പിൻവലിച്ചു. ഇതിൽ പ്രകോപിതരായി എസ്പി പ്രവർത്തകർ മായാവതി താമസിച്ചിരുന്ന ഗവ. ഗെസ്റ്റ് ഹൗസ് ആക്രമിച്ചപ്പോൾ ബിജെപി–ബിഎസ്പി എംഎൽഎമാരുടെ അകമ്പടിയോടെയാണ് അവർ അവിടെനിന്നു പോയത്. തുടർന്നു മായാവതി ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ഒരു ദശകം പിന്നിട്ടപ്പോൾ, 2019ൽ മായാവതിയും അഖിലേഷും ഒന്നിച്ചു. എന്നാൽ, നരേന്ദ്ര മോദി തരംഗത്തിൽ സഖ്യം തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞു.

ദേശീയ കക്ഷികളായ കോൺഗ്രസിനോടും ബിജെപിയോടുമുള്ള എതിർപ്പിനെക്കാൾ വലുതാണു പ്രാദേശിക കക്ഷികൾ തമ്മിലുള്ള വിരോധം. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസും തെലുങ്കുദേശം പാർട്ടിയും സഖ്യമുണ്ടാക്കുന്നത് ആലോചിക്കാൻ പോലും കഴിയില്ല. 

മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഢിയും അദ്ദേഹത്തിന്റെ മുൻഗാമി ചന്ദ്രബാബു നായിഡുവും അത്രത്തോളം പരസ്പരം വെറുക്കുന്നു. ഇതേ നിലയാണു തമിഴ്‌നാട്ടിലെ പ്രബലരായ രണ്ടു കക്ഷികൾ തമ്മിലും–ഡിഎംകെയും അണ്ണാ ഡിഎംകെയും. എന്നാൽ, ഈ കക്ഷികൾ കോൺഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കാൻ മടിച്ചിട്ടില്ല. കേന്ദ്ര സർക്കാരുകളിലും പങ്കാളികളായിട്ടുണ്ട്. അസമിലാകട്ടെ അസം ഗണപരിഷത്തും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിൽ ഭാഷാ,മത,വംശ പ്രശ്നങ്ങളിൽ കടുത്ത ഭിന്നതയിലാണ്. ഇവർക്കിടയിലും സഖ്യസാധ്യത വിദൂരമാണ്. ശിവസേനാ വിമതർ പിന്തുണ പിൻവലിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ നിലം പതിക്കുകയാണെങ്കിൽ, എങ്ങനെയാവും ഉദ്ധവ് താക്കറെയും ശരദ് പവാറും അടിയന്തര രാഷ്ട്രീയ തന്ത്രങ്ങൾക്കു രൂപം നൽകുക എന്നത് ജിജ്ഞാസയുണർത്തുന്നു.

English Summary: Maharashtra political crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com