ചതുരത്തിൽ ഒരു ചുഴി; ഡിജിറ്റൽ അടിമത്തം കുട്ടികളിൽ ഗുരുതരം

mobile-addiction
SHARE

രോഗാവസ്ഥയാണെന്നു പോലും തിരിച്ചറിയപ്പെടാതെ മൊബൈൽ, ഇന്റർനെറ്റ് അടിമത്തം കുട്ടികളുടെ ശരീരത്തെയും മനസ്സിനെയും എത്തിക്കുന്നത് ഗുരുതരമായ സ്ഥിതിയിലേക്ക്

മൊബൈൽ ഫോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കഴിഞ്ഞ 3 വർഷം കേരളത്തിൽ ആത്മഹത്യ ചെയ്തത് 89 കുട്ടികൾ. ഓൺലൈൻ വിദ്യാഭ്യാസം വേണ്ടിവന്ന 2 വർഷത്തെ കോവിഡ് കാലത്തിനു പിന്നാലെ സംസ്ഥാനത്ത് 6 ഡിജിറ്റൽ ലഹരി വിമോചന കേന്ദ്രങ്ങൾ തുടങ്ങേണ്ടി വന്നു. മൊബൈലും ഇന്റർനെറ്റും മാത്രമാണു ജീവിതം എന്ന ചിന്ത നമ്മുടെ കുട്ടികളിലുണ്ടോ? ഗുരുതരമായ ഡിജിറ്റൽ അടിമത്തത്തിൽനിന്ന് അവരെ രക്ഷിക്കാനുള്ള വഴികൾ നമുക്ക് ഒരുമിച്ചു കണ്ടെത്താം. അന്വേഷണ പരമ്പര ഇന്നു മുതൽ

വീട് 1

ആരോടും പറയാതെ 

തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്തെ വീട്ടിൽനിന്ന് അമ്മ പുറത്തിറങ്ങിയിട്ടു ദിവസങ്ങളായി. ഫോണിൽ കിട്ടുന്നില്ല. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ അവരും പറയുന്നു, മകൾ പോയതിൽ പിന്നെ ആ വീടൊരു വലിയ വിങ്ങലാണെന്ന്. 

മൊബൈൽ ഉപയോഗം നിയന്ത്രിക്കാനാകുന്നില്ലെന്നും അതു പഠനത്തെ ബാധിക്കുന്നുവെന്നും കത്തെഴുതിവച്ച് ജീവനൊടുക്കിയ പ്ലസ് വൺ വിദ്യാർഥി ജീവ മോഹന്റെ വീട്. പഠിക്കാൻ മിടുക്കിയായിരുന്നു. യൂ ട്യൂബ് വിഡിയോകളുടെ അടിമയായെന്നും പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്നും അനിയത്തിക്കു മൊബൈൽ ഫോൺ കൊടുക്കരുതെന്നും അടുത്ത കൂട്ടുകാരായി ആരുമില്ലെന്നുമൊക്കെ കത്തിലുണ്ട്. അമ്മയോടു ക്ഷമയും ചോദിക്കുന്നു.  

പിന്നിലെന്ത് ?

വിഡിയോ കാണൽ ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടാതെ പെട്ടെന്നു മരണം തിരഞ്ഞെടുത്തതിനു കാരണം വിഷാദം ബാധിച്ചതു കൊണ്ടാകാമെന്നു മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. അച്ഛൻ മരിച്ചു. അമ്മയും അനിയത്തിയും അപ്പൂപ്പനും അമ്മൂമ്മയുമുണ്ടായിരുന്നു വീട്ടിൽ. എല്ലാവരോടും നന്നായി ഇടപെട്ടിരുന്ന ജീവ, മാർക്ക് കുറഞ്ഞതോടെ തളർന്നുപോയിട്ടുണ്ടാകാം. സ്നേഹം നിറഞ്ഞ വീട്ടിൽ ജീവയ്ക്കു മനസ്സു തുറക്കാനാകാത്തത് ആരുടെയും കുറ്റമെന്നു പറയാനാകില്ല. സമൂഹമാധ്യമങ്ങളിൽ അധികസമയം ചെലവിടാത്ത ജീവയെപ്പോലെ ഒരു കുട്ടിക്ക്, ഫോൺ വിഡിയോകളിൽ സമയം കളഞ്ഞതുകൊണ്ട് മാർക്ക് കുറഞ്ഞല്ലോ എന്ന കുറ്റബോധം ഉണ്ടായിട്ടുണ്ടാകാം.

വീട് 2

ഫോൺ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക്

കോഴിക്കോട് ജില്ല. വിലകൂടിയ ഫോണുണ്ടെങ്കിലേ ‘കാര്യങ്ങൾ’ നടക്കൂ എന്നു മകൻ. കാശില്ല മോനേ എന്നു കൂലിപ്പണിക്കാരനായ അച്ഛൻ. ഉടൻ തന്നെ വീട്ടിലെ സകല സാധനങ്ങളും പത്താം ക്ലാസുകാരൻ അടിച്ചുപൊട്ടിച്ചു. വീടുതന്നെ തകർക്കുമെന്ന ബഹളത്തിലെത്തിയപ്പോൾ പുതിയ ഫോൺ വാങ്ങാമെന്നു പറഞ്ഞു മകനെ സമാധാനിപ്പിച്ചു വണ്ടിയിൽ കയറ്റിയ അച്ഛൻ നേരെ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. സ്ഥിതി കണ്ടപ്പോൾ ഉടൻ അഡ്മിറ്റ് ചെയ്തു. മദ്യ അടിമത്തത്തിൽപെട്ടവർക്ക് അതു പെട്ടെന്ന് ഒഴിവാക്കുമ്പോഴുണ്ടാകുന്ന ഡെലിരിയം (പിൻവാങ്ങൽ ലക്ഷണങ്ങളിലൊന്ന്. ഉന്മാദം പോലുള്ള അവസ്ഥ) തന്നെ കുട്ടി കാണിച്ചുതുടങ്ങി. കയ്യിൽ ഫോണുള്ളതുപോലെ ആക്‌ഷനുകൾ കാണിക്കുക, കട്ടിലിനടിയിൽ കയറിയിരിക്കുക, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക... അങ്ങനെ പലതും. കൃത്യമായ ചികിത്സയിലൂടെ മാനസികാരോഗ്യം വീണ്ടെടുത്തു, ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുന്നു. കൗൺസലിങ് തുടരുന്നുണ്ട്. 

പിന്നിലെന്ത് ?

മൊബൈൽ ഉപയോഗവും ഗെയിമിങ്ങും അമിതമായാൽ ലഹരി അടിമത്തത്തിനു തുല്യമായ നിലയിലെത്തും. തലച്ചോറിലെ സന്തോഷ ഹോർമോൺ ആയ ഡോപമിൻ ഉത്തേജിപ്പിക്കപ്പെടുകയാണു ലഹരി ഉപയോഗത്തിൽ. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. 

പബ്ജി ഗെയിമിന് അടിമപ്പെട്ടതോടെ അതില്ലെങ്കിൽ സന്തോഷം ഇല്ലെന്ന സ്ഥിതിയായി. ഫോൺ ഒഴിവാക്കിയശേഷം ദിവസങ്ങളോളം ട്രീറ്റ്മെന്റ് തുടർന്നു. അക്കൊല്ലം പത്താം ക്ലാസ് പരീക്ഷ പോലും എഴുതാനാകാത്തവിധം കുട്ടിയുടെ മനസ്സ് കൈവിട്ടു പോയിരുന്നു. സാധാരണ അഡിക്​ഷനുകൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകി കിടത്തിച്ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് എത്തി. ഇപ്പോൾ പഠനത്തിനും അവശ്യകാര്യങ്ങൾക്കും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട്. ഫോൺ അമിതമായാലുള്ള ദോഷങ്ങളെക്കുറിച്ചു നല്ലരീതിയിൽ ബോധ്യവുമുണ്ട്. 

jail

വീട് 3

അമ്മൂമ്മ മരിച്ചെന്നല്ലേ ഉള്ളൂ, അതിനെന്താ...

അപ്പൂപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചതും തുടർന്നുള്ള ചടങ്ങുകളും ലൈവ് ആയി വ്ലോഗ് ചെയ്യാനായിരുന്നു ഒരു വീട്ടിൽ കുട്ടിയുടെ ശ്രമം. മറ്റൊരു വീട്ടിൽ അമ്മൂമ്മ മരിച്ചിട്ടും ‘മൈൻഡ്’ പോലും ചെയ്യാതെ പതിനാറുകാരി മൊബൈലിൽ തുടർന്നു. അമ്മ അതു ചോദ്യംചെയ്തപ്പോൾ ബാൽക്കണിയിൽനിന്നു ചാടാനോടി. എല്ലാവരും ചേർന്നു പിടിച്ചതുകൊണ്ട് ജീവൻപോകാതെ കാക്കാനായി. 

പിന്നിലെന്ത് ?

ഒരിടത്തു പോയാൽ ചുറ്റുപാടുകൾ നോക്കിക്കാണുന്നതിനെക്കാൾ അതു ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനാണു പലർക്കും താൽപര്യം. വീട്ടിലെ ഒരു ദിവസം മുതൽ, വിവാഹച്ചടങ്ങുകൾ മുതൽ എല്ലാ കാര്യങ്ങളും ഇങ്ങനെ വിഡിയോകൾ വഴി സംപ്രേഷണം ചെയ്യുമ്പോൾ അതാണു ശരി എന്ന ചിന്തയിലേക്കാണു കുട്ടികളും വളരുന്നത്. വീട്ടിൽ ഉള്ളവരുമായി സമ്പർക്കം കുറയുന്നതു മൊബൈൽ അഡിക്‌ഷന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. മരണമോ ജനനമോ എന്തായാലും അത് എന്നെ ബാധിക്കില്ല എന്ന നിലയിലേക്ക് ഒറ്റപ്പെടൽ വളരുന്നതു വിഷാദത്തിനും ആത്മഹത്യാപ്രവണതയ്ക്കും കാരണമാകും. 

(കേസുകൾ വിലയിരുത്തിയത്  മാനസികാരോഗ്യവിദഗ്ധരായ ഡോ. പി.എൻ.സുരേഷ് കുമാർ, ഡോ.ശാലിനി നായർ). 

അതിരു കടക്കുന്ന സ്ക്രീൻ സമയം; ശരീരത്തിൽ സംഭവിക്കുന്നതെന്ത് ?

മുരടിക്കുന്ന മസ്തിഷ്കം

ദ്രുതഗതിയിൽ മസ്തിഷ്ക വികസനം നടക്കുന്ന ഘട്ടമാണു കുട്ടിക്കാലം. ആളുകളുമായി നേരിട്ടുള്ള ആശയ വിനിമയം കുട്ടികളുടെ ബൗദ്ധികവും ഭാഷാപരവും സാമൂഹികവും വൈകാരികവുമായ വികാസത്തിൽ പ്രധാനപ്പെട്ടതാണ്. ചെറിയ കുട്ടികളിൽ സ്ക്രീൻ സമയം കൂടിയാൽ അവർ സംസാരം തുടങ്ങാൻ വൈകും.

ഉറക്കമില്ലാത്തവർ

ഫോൺ ഡിസ്പ്ലേയിലെ നീല വെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇതു മൂലം ഉറക്കം കിട്ടാൻ വൈകും. സ്മാർട് ഫോൺ വഴി കണ്ട ദൃശ്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുവെങ്കിൽ അതും ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കും.

mobile-chat

തല കുനിക്കുന്നവർ

സ്ക്രീൻ സമയം കൂടുന്നവരുടെ നിൽപിലും ഇരുപ്പിലും വ്യത്യാസമുണ്ടാകും. സ്ക്രീനിലേക്കു നോക്കാനായി അവർ തലയും ചുമലുകളും താഴേക്കു ചെരിച്ചു പിടിക്കും. ഇതു കഴുത്തിനും നട്ടെല്ലിനും സമ്മർദമുണ്ടാക്കുകയും അവയെ ദുർബലപ്പെടുത്തുകയും ചെയ്യും. നടുവേദനയിലേക്കും നയിക്കും.

ലഹരിയുടെ കുരുക്ക്

അനിയന്ത്രിതമായ ഫോൺ ഉപയോഗം ലഹരി ഉപയോഗിക്കാനുള്ള സാധ്യതയിലേക്കു നയിക്കാം. ലൈംഗിക അതിപ്രസരമുള്ള വെബ്സൈറ്റുകൾക്ക് അടിമപ്പെടുന്നത് അനാരോഗ്യകരമായ ലൈംഗിക ജീവിതത്തിനും കാരണമാകാം.

മാനസിക പ്രശ്നങ്ങൾ

നിയന്ത്രിക്കാനാകാത്ത ഡിജിറ്റൽ ആസക്തി പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്കു നയിക്കും. അമിത വാശി, നിരാശ, വിഷാദ രോഗം, പെരുമാറ്റ വൈകല്യങ്ങൾ, ആത്മഹത്യ പ്രവണത തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ അമിതമായ സ്ക്രീൻ ടൈം മൂലമുണ്ടാകും. 

ദുർബലമാകുന്ന കാഴ്ച

തുടർച്ചയായി നീലവെളിച്ചം കണ്ണിലേക്കു പതിക്കുന്നതു കാഴ്ചയെ ബാധിക്കും. ഏറെ സമയം സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നതിലൂടെ ഇമ ചിമ്മുന്നതു കുറയുകയും കണ്ണുകൾ തുറന്നിരിക്കുന്നതു കൂടുകയും ചെയ്യും. സ്ഥിരമായ തലവേദനയിലേക്ക് ഇതു നയിക്കും.

അമിതവണ്ണം 

സ്ക്രീൻ സമയം പ്രതിദിനം 2 മണിക്കൂറിലേറെ കൂടുന്നതു അമിതവണ്ണത്തിലേക്കു നയിക്കും. വ്യായാമവും ഉറക്കവും കുറയുന്നു. കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുന്നു. അനാരോഗ്യകരമായ ഭക്ഷണ രീതികളും  ആഹാരക്രമം പാലിക്കാത്തതും അമിതവണ്ണത്തിനു കാരണമാകും.

(അവലംബം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സ്ക്രീൻ ടൈം, ഡിജിറ്റൽ വെൽനെസ് മാർഗ നിർദേശങ്ങൾ)

ഡിജിറ്റൽ അഡിക്‌ഷൻ എന്നതു പ്രണയം പോലെയാണ്. പ്രണയിക്കുന്ന സമയത്തു മുഴുവൻ സമയവും നമ്മുടെ ചിന്ത പ്രണയിക്കുന്ന ആളെക്കുറിച്ചായിരിക്കും. സ്ക്രീൻ അഡി‌ക്‌ഷനുകളിലേക്കു പോകുന്നയാളിന്റെ ചിന്തകളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്റർനെറ്റും അവർ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുമായിരിക്കും. അവ ഉപയോഗിക്കുന്ന സമയം കൂടിക്കൂടി വരും. ഉറങ്ങാതെ എത്ര സമയം വേണമെങ്കിലും അവർ ഇതിൽ ചെലവഴിക്കും. ഉണർന്നെണീറ്റാൽ ആദ്യം കയ്യിലെടുക്കുന്നതു സ്മാർട്ഫോണായിരിക്കും. അതു കിട്ടാതിരിക്കുമ്പോൾ അവർ പൊട്ടിത്തെറിക്കും.

ഡോ. പി.ടി. സന്ദീഷ്,സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഗവ. മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്.

അമിത ഫോൺ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും എത്തിക്കുന്നത് വിവിധ രോഗാവസ്ഥകളിലേക്ക്

സോഷ്യൽ മീഡിയ ഡിപ്രഷൻ

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ വിഡിയോകളും ഫോട്ടോകളും കണ്ട് – ഹോ ഞാൻ ഇതുപോലെയല്ലല്ലോ, എന്റെ വീട് ഇങ്ങനെയല്ലല്ലോ എന്നെല്ലാമുള്ള ധാരണകൾ വളരുകയും വിഷാദത്തിലേക്കും മറ്റും എത്തുകയും ചെയ്യുക, ആഗ്രഹിച്ചതുപോലെ ലൈക്കും കമന്റും കിട്ടാതെവരുമ്പോൾ നിരാശരാകുക, ചില കമന്റുകളോട് അതിവൈകാരികതയോടെ പ്രതികരിക്കുക, വെറൈറ്റിക്കുവേണ്ടി അതിസാഹസങ്ങൾ കാണിക്കുക, കമന്റുകളിലെ അധിക്ഷേപങ്ങളിൽ തളരുക, ജീവിതത്തിലെ ഓരോ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും പിന്നീട് അതില്ലാതെ പറ്റാതാകുകയും ചെയ്യുക എന്നിങ്ങനെ സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട പല മാനസികാസ്വാസ്ഥ്യങ്ങളും ഉണ്ടാകാറുണ്ട്. ചിലരാകട്ടെ, ഓരോ പോസ്റ്റിനും പ്രകോപനപരമായ കമന്റുകൾ എഴുതാനായി ദിവസവും മണിക്കൂറുകൾ തന്നെ നീക്കിവയ്ക്കുന്നു.  

സുഖാനുഭൂതി തരുന്ന ഏതുകാര്യവും തലച്ചോറിലെ ഡോപമിൻ നിയന്ത്രി ത പ്ലഷർ സർക്യൂട്ടുകളെ ഭ്രമിപ്പിക്കും. ആ ഭ്രമമാണ് ഒരു വ്യക്തിയെ ആസക്തിയിലേക്കു നയിക്കുന്നത്. ലഹരി വസ്തുക്കളായാലും ഫോൺ അഡി‌ക്‌ഷൻ പോലുള്ള പെരുമാറ്റ അടിമത്തങ്ങളായാലും തലച്ചോറിൽ സംഭവിക്കുന്നത് ഒരേപോലെയാണ്. പെരുമാറ്റ അടിമത്തങ്ങൾ കണ്ടെത്തിയാൽ എത്രയും വേഗത്തിൽ അതു പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണു നല്ലത്.

ഡോ.സി.ജെ. ജോൺ, സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി.

sandeesh
ഡോ.പി.ടി.സന്ദീഷ്, ഡോ.സി.ജെ.ജോൺ

ചലനനിയന്ത്രണ പ്രശ്നം

തുടർച്ചയായി ഓൺലൈൻ ഗെയിമുകൾ കളിച്ചുകൊണ്ടിരുന്ന പതിനേഴുകാരനെ കൈകളുടെ ചലനം നിലയ്ക്കാത്ത നിലയിലാണു തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ആശുപത്രിയിലെത്തിച്ചത്. തോക്കു ചൂണ്ടുന്നതും വെടി വയ്ക്കുന്നതുമായ ആംഗ്യങ്ങൾ കൈകൾ ആവർത്തിക്കുന്ന വൈകല്യവും പ്രകടിപ്പിച്ചിരുന്നു. മാനസിക പ്രശ്നത്തിനു പുറമേ, കൈകളുടെ ചലനനിയന്ത്രണം നഷ്ടമായതിന്റെ പ്രശ്നങ്ങളും കുട്ടിക്കുണ്ടെന്നു ഡോക്ടർമാർ വിലയിരുത്തി. കഴുത്തുവേദന, പേശീ വേദന, ആയാസം ലഭിക്കാത്തതു കൊണ്ടുള്ള മരവിപ്പ് എന്നിവയും പലരിലും കണ്ടുവരുന്നു. 

നോമോഫോബിയ

മൊബൈൽ ഫോണില്ലാതെ കഴിയാനാകില്ലെന്ന സ്ഥിതി. തെരുതെരെ ഫോൺ തിരയുക, റേ‍ഞ്ച് പോകുമോ നെറ്റ് തീരുമോ എന്നിങ്ങനെ ആധി ഉണ്ടാകുക, മൊബൈൽ അടുത്തുവയ്ക്കാതെ ഉറങ്ങാൻ പറ്റാതെ വരിക, ഫോൺ കാണാതെ പോകുമോ എന്നു പേടിക്കുക, ഒരാവശ്യവുമില്ലെങ്കിലും ഫോൺ ഇടയ്ക്കിടയ്ക്ക് എടുത്തു പരിശോധിക്കുക – തുടങ്ങി പലതാണു നോ മൊബൈൽ ഫോബിയയുടെ ലക്ഷണങ്ങൾ

സൈബർ കോൺഡ്രിയ

രോഗലക്ഷണങ്ങൾ ഇന്റർനെറ്റിൽ നോക്കി മഹാരോഗമാണു തനിക്കെന്നു സങ്കൽപിച്ച് ആധികയറുന്ന അവസ്ഥയാണിത്. 

ഫാന്റം വൈബ്രേഷൻ (റിങ്ങിങ്) സിൻഡ്രോം

ഫോൺ റിങ് ചെയ്യുന്നതായോ വൈബ്രേറ്റ് ചെയ്യുന്നതായോ തോന്നുക, ഇതു കേട്ടിട്ടെന്ന മട്ടിൽ ഫോണിനടുത്തേക്ക് ഓടിച്ചെല്ലുക, ബെല്ലടിച്ചെന്നോർത്തു ബാഗിൽനിന്നോ പോക്കറ്റിൽനിന്നോ ഫോൺ എടുക്കുക തുടങ്ങി മറ്റു കാര്യങ്ങൾ ചെയ്യുമ്പോൾ ഫോൺ വിളി കേൾക്കുന്നതായി തോന്നുന്ന അവസ്ഥയാണിത്. 

കമ്യൂണിക്കേഷൻ ക്രൈസിസ്

ഫോണിലും ചാറ്റിലുംകൂടി കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതുപോലെ നേരിട്ടുള്ള സംസാരത്തിൽ സാധിക്കാതെ വരുന്ന അവസ്ഥ. ഇമോജികൾ ഇല്ലാതെ ‘ഫീലിങ്‌സ്’ പൂർണമാകുന്നില്ലെന്ന ചിന്ത. 

തയാറാക്കിയത്: ഗായത്രി ജയരാജ്, വിനോദ് ഗോപി, ജോജി സൈമൺ, ജിക്കു വർഗീസ് ജേക്കബ്.  സങ്കലനം: നിധീഷ് ചന്ദ്രൻ

കൃത്യമായ ഇടപെടലുകളിലൂടെയും ആവശ്യമെങ്കിൽ ചികിത്സയിലൂടെയും മാത്രമേ കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളിലേക്കു മടങ്ങിവരാനാകൂ. അതെക്കുറിച്ച് നാളെ 

English Summary: Children phone addiction

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS