ADVERTISEMENT

രാജ്യങ്ങളോടു ചേർന്ന പ്രത്യേക സാമ്പത്തിക മേഖലയിൽ (200 നോട്ടിക്കൽ ൈമൽ) കടൽ മത്സ്യബന്ധനത്തിനു നൽകിവരുന്ന എല്ലാ സബ്സിഡികളും രണ്ടു വർഷം കഴിഞ്ഞാൽ നിർത്തലാക്കാനുള്ള ലോക വ്യാപാര സംഘടനയുടെ തീരുമാനം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിനുമേൽ കാർമേഘങ്ങളായി ഉരുണ്ടുകൂടുകയാണ്. കാറ്റും കോളും തിരയും നിറഞ്ഞ അവരുടെ ജീവിതത്തിൽ വീണ്ടും പരീക്ഷണത്തിന്റെ നാളുകൾ. 

ജനീവയിൽ നടന്ന ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനം കൈക്കൊണ്ട തീരുമാനം ഇന്ത്യയിൽ കേരളം ഉൾപ്പെടെയുള്ള തീരസംസ്ഥാനങ്ങളിലെ ഒന്നരക്കോടിയോളംവരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തെ നടുക്കടലിൽ തള്ളുന്നതായി. ഡബ്ല്യുടിഒ തീരുമാനം നടപ്പിലാകുന്നതോടെ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ നിർമാണം, യാനങ്ങളുടെ നിർമാണം, എൻജിൻ, വല, ഇന്ധനം തുടങ്ങിയവയ്ക്കൊക്കെ നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന സബ്സിഡികൾ ഇല്ലാതാകും. കേരളതീരത്തുനിന്നു പരമ്പരാഗത വള്ളങ്ങളിലും ബോട്ടുകളിലും മത്സ്യബന്ധനത്തിനു പോകുന്നവർക്കു സബ്സിഡി ഇനത്തിൽ ഒരു ആനുകൂല്യവും ഉണ്ടാകില്ല എന്നർഥം. നാടിന്റെ ഭക്ഷ്യസുരക്ഷയ്ക്കു വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിനു നൽകിവരുന്ന തുച്ഛമായ സഹായംപോലും ഇല്ലാതാകുന്ന ഗുരുതര സാഹചര്യത്തെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്നതും ആശങ്ക വർധിക്കുന്നു. കേരളത്തിൽ ഭരണ– പ്രതിപക്ഷങ്ങളാരും പ്രതികരിച്ചു കണ്ടില്ല. 

നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനവും മത്സ്യസമ്പത്തിന്റെ അമിതമായ ചൂഷണവും തടയാനെന്ന പേരിലുള്ള തീരുമാനം 590 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തെ പ്രതിസന്ധിയുടെ കടലാഴങ്ങളിലേക്കു നയിക്കുമെന്നതിൽ സംശയമില്ല. സംസ്ഥാനത്തുനിന്നു വള്ളങ്ങളിലും ബോട്ടുകളിലുമായി കടലിൽ പോകുന്നവർ ഭൂരിഭാഗവും ചെറുകിട മീൻപിടിത്തക്കാരാണ്. അവരിലേറെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ. വികസിത– അവികസിത രാജ്യങ്ങളെന്നോ ചെറുകിട– വൻകിടക്കാരെന്നോ വ്യത്യാസമില്ലാതെ സബ്സിഡി നിർത്തലാക്കുമ്പോൾ അതിന്റെ ആഘാതം കടലിനെ ആശ്രയിച്ചു ജീവിക്കുന്ന കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ചുമലിൽ അതേപടി പതിക്കും. അത്യാധുനിക സാങ്കേതികവിദ്യയും സംസ്കരണ സംവിധാനവുമൊക്കെയായി കടലിൽ മാസങ്ങളോളം തമ്പടിച്ചു മീൻ പിടിക്കുന്ന വികസിത രാജ്യങ്ങളിലെ കപ്പലുകളെയും അന്നന്നത്തെ ഉപജീവനത്തിനും പ്രാദേശിക ഭക്ഷ്യാവശ്യത്തിനുമായി കടലിൽ പോകുന്ന ചെറുകിടക്കാരെയും ഡബ്ല്യുടിഒ ഒരേതട്ടിൽ വച്ചതു നീതീകരിക്കാനാവാത്ത മാനദണ്ഡമായിപ്പോയി. െചറുകിടക്കാർക്കുള്ള സബ്സിഡി 25 വർഷത്തേക്കു കൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. 

വികസിത രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയിൽ നൽകി വരുന്ന സബ്സിഡി തുച്ഛമാണെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ജീവൻ പണയം വയ്ക്കുന്നവർക്ക് അതു ചെറിയൊരു ആശ്വാസമായിരുന്നു. ഒരു മത്സ്യത്തൊഴിലാളിക്കു പ്രതിവർഷം ഡെന്മാർക്കിൽ 75,578 ഡോളറും സ്വീഡനിൽ 65,976 ഡോളറും സബ്സിഡി നൽകുമ്പോൾ ജപ്പാനിൽ അത് 8,385 ഡോളറും അമേരിക്കയിൽ 4,956 ഡോളറുമാണ്. ചൈനയിൽ 45 ഡോളർ ലഭിക്കുമ്പോൾ ഇന്ത്യയിൽ 15 ഡോളർ മാത്രം. 

കടലിലെ ധാതുക്കളും ഖനിജങ്ങളും പ്രകൃതി വാതകങ്ങളും ഉൾപ്പെടെ എല്ലാത്തരം വിഭവങ്ങളുടെയും വിനിയോഗം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നീല സമ്പദ് വ്യവസ്ഥ(ബ്ലൂ ഇക്കോണമി)യിൽ അധിഷ്ഠിതമായ മത്സ്യബന്ധനനയം നിലവിൽ വരുന്നതോടെ ചെറുകിട മത്സ്യത്തൊഴിലാളി സമൂഹം തീരപ്രദേശങ്ങളിൽ നിന്നു പലായനം ചെയ്യേണ്ടി വരുമെന്ന ആശങ്കകൾക്കിടെയാണു സബ്സിഡി നിർത്തലാക്കാനുള്ള തീരുമാനം. സബ്സിഡികൾ നിർത്തലാക്കുന്നതിന്റെ ചുവടുപിടിച്ചു ഭാവിയിൽ മറ്റു സഹായപദ്ധതികളും അവസാനിപ്പിക്കില്ലെന്ന് ആരു കണ്ടു ? 

മത്സ്യത്തൊഴിലാളികൾക്കു തുണയായി ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര– സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരേണ്ട സമയമാണിത്. കൈ പൊള്ളാതെ മീൻ പിടിക്കാനുള്ള ആത്മവിശ്വാസം പകരുന്നതിനൊപ്പം ശാസ്ത്രീയ മത്സ്യബന്ധനത്തിനുള്ള നൂതന സംവിധാനങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ഒരുക്കി നൽകണം. അല്ലാത്തപക്ഷം വൻകിട ട്രോളറുകൾ ഇന്ത്യയുടെ തീരക്കടൽ വരെ അരിച്ചുപെറുക്കുന്നതു കയ്യുംകെട്ടി നോക്കിനിൽക്കേണ്ടി വരും. 

ഇന്ധന സബ്സിഡി ഉൾപ്പെടെ കാലാകാലങ്ങളിൽ സർക്കാരുകൾ പ്രഖ്യാപിക്കുന്ന സഹായപദ്ധതികളുടെ ആനുകൂല്യം പോലും മത്സ്യത്തൊഴിലാളികൾക്കു പൂർണമായി കിട്ടാത്ത സ്ഥിതിയാണു നിലവിൽ. അതു പരിഹരിക്കുന്നതിനൊപ്പം വിവിധ ഏജൻസികളുടെ ഫണ്ടുകൾ സംയോജിപ്പിച്ചു സുസ്ഥിരമായ മത്സ്യബന്ധനത്തിനു സഹായകമാകുന്ന മാതൃകാപദ്ധതികൾ ആവിഷ്കരിക്കാനും ശ്രമം വേണം. ആ വഴിക്കുള്ള ആത്മാർഥമായ നീക്കങ്ങൾക്കാണു കടലോരം കാത്തിരിക്കുന്നത്.

 

English Summary: WTO cancels Fisheries subsidies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com