മകളുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെക്കുറിച്ചു പരാതിപ്പെടാൻ ഒരമ്മ സൈബർ സെല്ലിലെ ഉദ്യോഗസ്ഥനെ സമീപിച്ചു. ഉറക്കമില്ലായ്മ, ധിക്കാരപ്രകടനം, അസ്വസ്ഥത എന്നിവയാണു കുട്ടിയുടെ പ്രശ്നങ്ങളെന്നാണ് അമ്മയിൽനിന്നു മനസ്സിലായത്. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതുകൊണ്ടാണോ ഇതെന്ന സംശയം തീർക്കാനാണ് അവർ എത്തിയത്.
ഓൺലൈൻ ഗെയിമുകൾ കളിച്ചുകൊണ്ട് ഒരു ദിവസം 18 മുതൽ 20 മണിക്കൂർവരെ കുട്ടി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി സൈബർ സെല്ലിന്റെ അന്വേഷണത്തിൽ മനസ്സിലായി. ഇത് അവളുടെ പെരുമാറ്റത്തെയും ശീലങ്ങളെയും മാറ്റിമറിച്ചിരുന്നു. ഗെയിമിങ് ഡിസോർഡർ എന്ന വിഡിയോ ഗെയിം അടിമത്താവസ്ഥയിലാണു കുട്ടി എത്തിപ്പെട്ടത്.
∙ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെങ്കിലും സജീവമല്ലാത്ത ഒൻപതാം ക്ലാസുകാരിക്ക് ഒരിക്കൽ പരിചയമില്ലാത്ത ഒരു സ്ത്രീയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നു സന്ദേശം വന്നു. പതിയെപ്പതിയെ അവർ സൗഹൃദത്തിലായി. പരസ്പരം ചിത്രങ്ങൾ കൈമാറിത്തുടങ്ങി. സിനിമ അഭിനയത്തിൽ കുട്ടിക്കുള്ള താൽപര്യം മനസ്സിലാക്കിയ സ്ത്രീ ചില സിനിമാനടികളുമായി താരതമ്യം ചെയ്ത് അവളെ പുകഴ്ത്താൻ തുടങ്ങി. ചില പ്രത്യേകമട്ടിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കാൻ നിർദേശിക്കുകയും അവളത് അനുസരിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുശേഷം ആ സ്ത്രീ കുട്ടിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അവൾക്ക് അയച്ചുകൊടുത്തു. യഥാർഥത്തിലുള്ള നഗ്നചിത്രങ്ങൾ അയച്ചു കൊടുത്തില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്നായിരുന്നു ഭീഷണി. തകർന്നു പോയ കുട്ടി സ്ത്രീ പറഞ്ഞതുപോലെയുള്ള ചിത്രങ്ങൾ അയച്ചുകൊടുത്തു. ഇതോടെ അവർ കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെട്ടു നിർബന്ധിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. കുട്ടി പരിഭ്രാന്തയാവുകയും വിഷാദാവസ്ഥയിലെത്തുകയും ചെയ്തു. കുട്ടിയിലെ മാറ്റം മനസ്സിലാക്കിയ മാതാപിതാക്കൾ കൗൺസിലറുടെ സഹായം തേടുകയും നടന്ന സംഭവങ്ങളെല്ലാം പുറത്തുവരികയും ചെയ്തു. കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നയാൾ സ്ത്രീയായി അഭിനയിച്ച പുരുഷനായിരുന്നുവെന്നു പൊലീസ് പിന്നീടു കണ്ടെത്തി.
∙ സ്ഥിരമായി ഓൺലൈൻ ഗെയിം കളിക്കുന്ന ഏഴാം ക്ലാസുകാരൻ. ഗെയിമിങ് ആപ്ലിക്കേഷനിൽ കയറാനായി അച്ഛന്റെ ഫെയ്സ്ബുക് അക്കൗണ്ടാണ് അവൻ ഉപയോഗിച്ചിരുന്നത്. ഗെയിമിന്റെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ എത്തിയപ്പോൾ അപരിചിതനായ ഒരാൾ അവനുമായി ബന്ധപ്പെട്ടു. ഗെയിമിങ് അക്കൗണ്ട്, ഐഡി, പാസ്‌വേഡ് എന്നിവ കൈമാറിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. അവൻ സമ്മതിക്കുകയും കൈമാറുകയും ചെയ്തു. എന്നാൽ, പിന്നീട് അയാൾ പണം നൽകാൻ വിസമ്മതിക്കുകയും അക്കൗണ്ടിന്റെ ലോഗിൻ ഐഡി, പാസ്‌വേഡ് എന്നിവ മാറ്റുകയും ചെയ്തു. കുട്ടിക്ക് ആ അക്കൗണ്ട് തിരിച്ചെടുക്കാനായില്ല. ഐഡിയും പാസ്‌വേഡും തിരികെ ആവശ്യപ്പെട്ടപ്പോൾ അയാൾ പണം ആവശ്യപ്പെട്ടു. കുറച്ചു പണം നൽകിയെങ്കിലും വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൂടുതൽ പണം കിട്ടാതെ വന്നപ്പോൾ ചില അശ്ലീലദൃശ്യങ്ങൾ ഈ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോൾ മാത്രമാണു കുട്ടിയുടെ പിതാവ് കാര്യങ്ങളറിഞ്ഞത്.
∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങളുണ്ടെന്നു വിവരം ലഭിച്ചതിനെത്തുടർന്നു സൈബർ സെൽ ഒരു വീട്ടിൽ പരിശോധന നടത്തി. കുറ്റാരോപിതൻ ഒരു പതിനഞ്ചുകാരനായിരുന്നു. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പങ്കുവയ്ക്കുന്ന വാട്സാപ് ഗ്രൂപ്പിലെ അംഗമായിരുന്നു അവനെന്നു തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി. ചില സഹപാഠികളുടെ നഗ്നചിത്രങ്ങൾ അവന്റെ മൊബൈൽ ഫോണിൽനിന്നു കണ്ടെടുത്തത് അന്വേഷണോദ്യോഗസ്ഥരെ ഞെട്ടിച്ചു. കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണു കൂടുതൽ വെളിപ്പെടുത്തിയത്. എല്ലാദിവസവും അത്തരത്തിലുള്ള പുതിയ ഫോട്ടോയും വിഡിയോയും അവൻ ആ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ആ ഗ്രൂപ്പിൽ അംഗമായി തുടരാൻ അതു നിർബന്ധമായിരുന്നത്രേ.
സാങ്കൽപിക കഥകളല്ല ഇതെല്ലാം. കേരളാ പൊലീസിനു മുൻപിലെത്തുകയും പൊലീസ് ഇടപെടുകയും ചെയ്ത യഥാർഥ കേസുകളാണ്. ഡിജിറ്റൽ ഇടത്തിൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നതു തടയാൻ സോഷ്യൽ പൊലീസ് ഡിവിഷനും (എസ്പിഡി) യുനിസെഫും ചേർന്നു തയാറാക്കിയ ‘ഡി സേഫ്’ എന്ന പുസ്തകത്തിൽ ഇവയുൾപ്പെടെ 11 കേസുകൾ വിവരിക്കുന്നുണ്ട്. ഡിജിറ്റൽ വിദ്യാഭ്യാസം നിർബന്ധിതമാക്കപ്പെട്ട കോവിഡ് കാലത്ത് ഫോൺ ഉപയോഗം എങ്ങനെയെല്ലാമുള്ള വഴികളിലേക്കു കുട്ടികളെ എത്തിച്ചു എന്നതിന്റെ സാക്ഷ്യമാണ് ഈ കേസുകൾ.
അരലക്ഷത്തിലേറെ രക്ഷിതാക്കളെ ഈ പുസ്തകത്തിലെ ഉള്ളടക്കം ഉപയോഗിച്ചു ബോധവൽക്കരിച്ച സോഷ്യൽ പൊലീസ് ഡിവിഷൻ ഇനി കുട്ടികളിലേക്ക് ഇറങ്ങുകയാണ്. സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളെ സൈബർ സുരക്ഷാ ബ്രാൻഡ് അംബാസഡർമാരാക്കി സ്കൂളുകളിൽ ഡിജിറ്റൽ ഡി അഡിക്‌ഷൻ ബോധവൽക്കരണം നടത്തുന്നതാണു പദ്ധതി.

സ്ക്രീൻ സമയത്തിന് അഡിക്റ്റാണോ ?
1. ഉദ്ദേശിച്ചതിലും കൂടുതൽ സമയം ഓൺലൈനിൽ
തുടരുന്നതായി തോന്നിയിട്ടുണ്ടോ?
2. ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കാനായി
വീട്ടുകാര്യങ്ങൾ അവഗണിക്കാറുണ്ടോ?
3. സുഹൃത്തുക്കളുമായുള്ള സൗഹൃദത്തെക്കാൾ
ഓൺലൈനായിരിക്കുന്നതു കൂടുതൽ ആവേശം
കൊള്ളിക്കുന്നുണ്ടോ?
4. യഥാർഥ ജീവിതത്തെക്കാൾ ഓൺലൈനിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാൻ താൽപര്യപ്പെടുന്നുണ്ടോ?
5. സ്മാർട് ഫോണിൽ സമയം ചെലവഴിക്കാനായി സ്കൂൾ/ കോളജ് കാര്യങ്ങളോ ഹോം വർക്കുകളോ
ഒഴിവാക്കാറുണ്ടോ?
6. ഓൺലൈനിൽ സമയം ചെലവഴിക്കുന്നതു ജോലിയെ ബാധിക്കുന്നുണ്ടോ?
7. ജീവിത പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കാനായി ഓൺലൈനിൽ ചെലവഴിക്കാൻ ശ്രമിക്കാറുണ്ടോ?
8. ഓൺലൈനിൽ ചെയ്യുന്ന കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കാൻ ശ്രമിക്കാറുണ്ടോ?
9. ഓൺലൈനാകാൻ സാധിക്കാതെ വരുമ്പോൾ ജീവിതം വിരസമായും സന്തോഷമില്ലാത്തതായും തോന്നുന്നുണ്ടോ?
10. ഓൺലൈനായിരിക്കുമ്പോൾ ആരെങ്കിലും
ശല്യപ്പെടുത്തിയാൽ പൊട്ടിത്തെറിക്കുകയോ
ദേഷ്യപ്പെടുകയോ ചെയ്യാറുണ്ടോ?
11. സ്മാർട് ഫോണിൽ ചെലവഴിക്കുന്നതുമൂലം
ഉറങ്ങാൻ വൈകാറുണ്ടോ?
12. സ്മാർട്ഫോണിൽ ചെലവഴിക്കുന്ന സമയം
വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുകയും അതിൽ
പരാജയപ്പെടുകയും ചെയ്യുന്നുണ്ടോ?
13. മറ്റുള്ളവർക്കൊപ്പം പുറത്തു പോകുന്നതിനെക്കാൾ
കൂടുതൽ സമയം സ്മാർട്ഫോണിൽ ചെലവഴിക്കാൻ
ഇഷ്ടപ്പെടുന്നുണ്ടോ?
14. ഓഫ്‌ലൈനിൽ ആയിരിക്കുമ്പോൾ വിഷാദമോ
നിരാശയോ പരിഭ്രാന്തിയോ തോന്നുകയും ഓൺലൈനിൽ തിരിച്ചെത്തുമ്പോൾ അതു മാറുകയും ചെയ്യുന്നുണ്ടോ?
15. ഒരു നിശ്ചിത കാര്യത്തിനായി ഫോണെടുത്തിട്ട് പകരം നോട്ടിഫിക്കേഷനുകൾ തുറന്നുനോക്കുകയും ഉദ്ദേശിച്ച
കാര്യം ചെയ്യാൻ മറുന്നുപോകുകയും ചെയ്യാറുണ്ടോ?
16. വീടിനു പുറത്തുപോകുമ്പോൾ ഫോണെടുക്കാൻ
മറന്നാൽ വല്ലാതെ അസ്വസ്ഥരാകാറുണ്ടോ?
17. ശുചിമുറിയിൽ പോകുമ്പോൾ പതിവായി ഫോൺ
കൊണ്ടു പോകുന്ന ശീലമുണ്ടോ?
18. രാവിലെ ഉറക്കമെഴുന്നേൽക്കുന്നയുടൻ ആദ്യം തന്നെ ഫോൺ കയ്യിലെടുക്കുന്ന ശീലമുണ്ടോ?
19. ഫോണിൽ സംസാരിക്കുമ്പോൾപോലും സ്പീക്കർ
ഫോണിലോ ഹെഡ്സെറ്റിലോ ഇട്ട് സമൂഹ മാധ്യമങ്ങളിൽ മുഴുകാറുണ്ടോ?
20. മറ്റൊരാളോടു നേരിട്ടു സംസാരിക്കുമ്പോൾ പോലും
ഇടയ്ക്കിടെ ഫോൺ നോക്കാറുണ്ടോ?
എത്ര യെസ്
മേൽപറഞ്ഞ ചോദ്യങ്ങൾക്ക് നിങ്ങളുടെ എത്ര ഉത്തരങ്ങൾ ‘ഉണ്ട്’ എന്നാണെന്നു നോക്കുക. അതിനനുസരിച്ചു നിങ്ങൾ ഫോൺ
അഡിക്റ്റാണോയെന്നു സ്വയം കണ്ടെത്താം.
0– 6 -സ്മാർട്ട് ഫോൺ അഡിക്റ്റല്ല
7– 10 -ചെറിയ തോതിൽ അഡിക്‌ഷൻ
11–16 -സൂക്ഷിക്കുക, അഡിക്‌ഷൻ ഗുരുതരമാകുന്നു
17–20: അതീവ ഗുരുതരമായ അഡിക്‌ഷൻ
(മാനസികാരോഗ്യ വിദഗ്ധർ തയാറാക്കിയത്)
അധികമാകുന്ന അറിവുകൾ
ഇന്റർനെറ്റിൽനിന്നു ലഭ്യമാകുന്ന അറിവുകളുടെ ബാഹുല്യം കാരണം ബുദ്ധിമുട്ടു നേരിടുന്ന കുട്ടികളുമുണ്ട്. ജീവിതത്തിൽ നല്ല അടുക്കും ചിട്ടകളുമുള്ള കുട്ടികളാകുമിവർ. കാര്യങ്ങൾ പരമാവധി പൂർണതയിൽ ചെയ്യാനായിരിക്കും ആഗ്രഹിക്കുക. ക്ലാസുകളിൽ അസൈൻമെന്റുകൾ കിട്ടുമ്പോൾ മുതൽ ഇവർ ഇന്റർനെറ്റിൽ പരതാൻ തുടങ്ങും. ലഭിക്കുന്ന വിവരങ്ങളുടെ ചുവടുപിടിച്ച് അടുത്തടുത്ത വിവരങ്ങളിലേക്കു സഞ്ചരിക്കും. പക്ഷേ, ഇങ്ങനെ ‘ഇൻഫർമേഷൻ ഓവർലോഡായി’ ഇവർക്കു നിശ്ചിത സമയത്തിനുള്ളിൽ അസൈൻമെന്റ്സ് പൂർത്തിയാക്കാൻ കഴിയില്ല. ഇങ്ങനെ പരീക്ഷയെപ്പോലും ബാധിക്കുന്ന കുട്ടികളിൽ പലർക്കും മാനസികാരോഗ്യ വിദഗ്ധനെ കാണേണ്ടി വരാറുമുണ്ട്.

രക്ഷിതാക്കൾ ഒൗട്ഡേറ്റഡ്
മുൻപൊക്കെ കുട്ടികളുടെ സ്ക്രീൻ ടൈം തീരുമാനിച്ചിരുന്നതു രക്ഷിതാക്കളായിരുന്നു. ഓൺലൈൻ ക്ലാസുകൾ വന്നതോടെ കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം എപ്പോൾ വേണമെന്നും എത്ര സമയം വേണമെന്നും തീരുമാനിക്കുന്നതു രക്ഷിതാക്കളല്ലാതായി. പഠനാവശ്യത്തിന് എന്ന മക്കളുടെ ന്യായത്തിൽ രക്ഷിതാക്കളുടെ എല്ലാ നിയന്ത്രണവും വിട്ടു. മുൻപൊക്കെ കുട്ടികൾ ഏതെല്ലാം സൈറ്റുകളിൽ കയറിയെന്നും എന്തെല്ലാം കണ്ടെന്നും അറിയാൻ സേർച് ഹിസ്റ്ററി പരിശോധിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, സേർച് ഹിസ്റ്ററി മായ്ച്ചു കളയുകയെന്നത് ഇന്നത്തെ കുട്ടികളെ സംബന്ധിച്ചു നിഷ്പ്രയാസമായ കാര്യമാണ്. ഫോണിൽ രക്ഷിതാവ് ഇടുന്ന ഏതു താഴും പൊട്ടിക്കാൻ കുട്ടികൾ പ്രാപ്തരാണ്. രക്ഷിതാക്കൾക്കു സ്മാർട്ഫോണിനെക്കുറിച്ചുള്ള അജ്ഞത സമർഥമായി ചൂഷണം ചെയ്യാനും കുട്ടികൾക്കു കഴിയുന്നു. ഇവിടെ വേണ്ടതു ബലപ്രയോഗമല്ല, കുട്ടികളെ കാര്യം ബോധ്യപ്പെടുത്തി ഒപ്പം നിർത്തിക്കൊണ്ടുള്ള പോംവഴിയാണ്.
അന്യഭാഷാ പ്രേമികൾ
വിദേശ വെബ് സീരിസുകൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ വ്യാപകമായതോടെ കുട്ടികൾ ഇപ്പോൾ പല വിദേശഭാഷകളും പഠിക്കുന്നു. അതു നല്ലതാണെങ്കിലും ഇത്തരം വെബ് സീരിസുകൾക്കു കുട്ടികൾ അടിമപ്പെടാനുള്ള സാധ്യതയുണ്ടെന്നു മാനസികാരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
കൊറിയൻ, ജാപ്പനീസ് ഭാഷകളാണു കുട്ടികൾ കൂടുതലായി പഠിക്കുന്നത്. വെബ് സീരിസുകളിൽ സബ്ടൈറ്റിലുകളുണ്ടെങ്കിലും ‘ഫീൽ’ കിട്ടണമെങ്കിൽ അതേ ഭാഷയിൽ തന്നെ കേൾക്കണമത്രേ. കൊറിയൻ വെബ് സീരിസുകൾക്കും കെ പോപ് ഗാനങ്ങൾക്കും കേരളത്തിൽ ആരാധകർ ഏറെയാണ്.

‘ചിരി’ തുടരും
കോവിഡ്കാലത്ത് സാമൂഹികബന്ധം നഷ്ടപ്പെട്ട കുട്ടികളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ കേരള പൊലീസ് ആരംഭിച്ചതാണു ചിരി പദ്ധതി. 9497900200 എന്ന ഹെൽപ് ലൈൻ നമ്പറിലേക്കു കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിളിച്ചതു നാൽപതിനായിരത്തിലേറെ കുട്ടികളാണ്. ഇതിൽ പതിനെണ്ണായിരത്തിലധികം വിളികൾ ഡിജിറ്റൽ അഡിക്‌ഷനുമായി ബന്ധപ്പെട്ട ഗൗരവസ്വഭാവമുള്ളതായിരുന്നെന്നു പദ്ധതിക്കു നേതൃത്വം നൽകുന്ന ഐജി പി.വിജയൻ പറയുന്നു. നാൽപതിലധികം സൈക്യാട്രിസ്റ്റുകളെ ഉപയോഗപ്പെടുത്തിയുള്ള കൗൺസലിങ്ങിലൂടെയാണ് ഇവരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കിയത്. ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വെർച്വൽ ലോകത്തു നിന്നിറങ്ങാൻ നല്ലൊരു വിഭാഗം കുട്ടികളും മടിക്കും. ഈ സാഹചര്യത്തിൽ ചിരി പദ്ധതി തുടരാനാണു പൊലീസിന്റെ തീരുമാനം.

ഇന്ത്യൻ ഐടിയുടെയും ഡിജിറ്റൽ വിപ്ലവങ്ങളുടെയും മുഖങ്ങളിലൊന്നായി മാറിയ ഒരു വ്യക്തിയുടെ ഫോണിന്റെ ഹോം സ്ക്രീനാണിത്. ഫോൺ എന്നതു വിളിക്കാനും എസ്എംഎസ് അയയ്ക്കാനും മാത്രമാണ് ഇദ്ദേഹത്തിന്. വാട്സാപ് ഉപയോഗിക്കാറില്ല. ടെക്നോളജി മേഖലയിലെ പല പ്രമുഖരും ഫോൺ ഉപയോഗത്തിന് ഇതു പോലെ കൃത്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അതെക്കുറിച്ച് നാളെ.
തയ്യാറാക്കിയത്: ഗായത്രി ജയരാജ്, വിനോദ് ഗോപി, ജോജി സൈമണ്‍, ജിക്കു വർഗീസ് ജേക്കബ്.
സങ്കലനം: നിധീഷ് ചന്ദ്രൻ
English Summary: Kids mobile addiction