അനിവാര്യമായ രാജി

HIGHLIGHTS
  • മഹാരാഷ്ട്ര രാഷ്ട്രീയം വഴിത്തിരിവിലേക്ക്
Uddhav Thackeray fb
ഉദ്ധവ് താക്കറെ. Photo: FB/Uddhav Thackeray
SHARE

നാടകീയമായ സംഭവ വികാസങ്ങൾക്കെ‍ാടുവിൽ ഉദ്ധവ് താക്കറെ സർക്കാർ രാജിവച്ചതോടെ മഹാരാഷ്ട്ര രാഷ്ട്രീയം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. നിയമസഭയിൽ ഇന്നു ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ നിർദേശം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയാണ് ഉദ്ധവിന്റെ രാജി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം, അധികാരത്തിനു വേണ്ടിയുള്ള അടവുനയങ്ങൾ ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതിനും തിരിച്ചടിയാകുന്നതിനും പലവട്ടം സാക്ഷിയായ മഹാരാഷ്ട്ര ഇതോടെ അധികാരപ്പോരാട്ടത്തിന്റെ അടുത്ത അധ്യായത്തിലേക്കു പ്രവേശിച്ചിരിക്കുന്നു.

അധികാരത്തിൽ കടിച്ചുതൂങ്ങിയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് ഉദ്ധവിന്റെ രാജിയെങ്കിലും തുടരാനുള്ള എല്ലാ വഴികളും അടഞ്ഞതോടെയാണു തീരുമാനമെന്നു വ്യക്തം. സ്വന്തം എംഎൽഎമാരിൽ മൂന്നിൽ രണ്ടു പേരും മറുപക്ഷം ചേർന്നതും വിമതരോടുള്ള അനുനയനീക്കങ്ങൾ പരാജയപ്പെട്ടതും അധികാരക്കസേരയിൽനിന്നിറങ്ങാൻ ഉദ്ധവിനു കാരണങ്ങളായി.

തിരഞ്ഞെടുപ്പിൽ കൈകോർത്ത് മത്സരിച്ച ബിജെപിയും ശിവസേനയും ഫലം വന്നശേഷം മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന തർക്കത്തിലാണു വഴിപിരിഞ്ഞത്. ബിജെപിക്കൊപ്പം തിരഞ്ഞെടുപ്പു നേരിട്ട ശേഷം, എതിരെ മത്സരിച്ച എൻസിപിയും കോൺഗ്രസുമായി സഖ്യം (മഹാവികാസ് അഘാഡി) രൂപീകരിച്ചാണ് ശിവസേന ഭരണവും മുഖ്യമന്ത്രിസ്ഥാനവും നേടിയെടുത്തത്. എങ്കിലും, ഇപ്പോൾ സർക്കാരിന്റെ രാജിയിലേക്കു നയിച്ച സംഭവവികാസങ്ങളിൽ  രാഷ്ട്രീയ ധാർമികത അവകാശപ്പെടാൻ ബിജെപിക്കും കഴിയില്ല. 

മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കം മൂലം 2019ൽ ശിവസേനയുമായി സഖ്യം യാഥാർഥ്യമാകില്ലെന്നു തിരിച്ചറിഞ്ഞ വേളയിൽ എൻസിപി നേതാവ് അജിത് പവാറുമായി ചേർന്ന് അർധരാത്രി നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പുലർച്ചെ രാജ്ഭവനിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ്; അജിത് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ, ഭൂരിപക്ഷം തെളിയിക്കാനാകാതെ ഇരുവർക്കും പടിയിറങ്ങേണ്ടിവന്നു. പിന്നീട്, മഹാ വികാസ് അഘാഡി സർക്കാരിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതും മഹാരാഷ്ട്ര കണ്ടു. പാർട്ടിയെയും നേതാവിനെയും കൈവിട്ട  മുതിർന്ന ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയും സംഘവും രായ്ക്കുരാമാനം ഗുജറാത്തിലേക്കും പിന്നീട് അസമിലേക്കും മുങ്ങിയതു ബിജെപിയുമായി കൈകോർത്ത് അധികാരത്തിലെത്താൻ വേണ്ടിത്തന്നെയാണ്. 

വ്യത്യസ്ത സ്വഭാവമുള്ള മുന്നു കക്ഷികളുടെ വിചിത്ര സഖ്യമെന്നു മഹാ വികാസ് അഘാഡിയെ വിളിക്കാമെങ്കിലും എല്ലാ വെല്ലുവിളികളെയും അതു രണ്ടരവർഷത്തിലേറെ അതിജീവിച്ചു. ഒടുവിൽ ജനാധിപത്യത്തിന്റെ ആ വലിയ ദുരന്തമായ റിസോർട്ട് രാഷ്ട്രീയത്തിനു മഹാരാഷ്ട്രയും ഇരയായി. മുന്നണി മാറി മറ്റൊരു പാർട്ടിക്കൊപ്പം ചേർന്നാലേ തങ്ങളുടെ ഭാവി സുരക്ഷിതമാകൂവെന്നും കേസുകളിൽനിന്നും തടവറയിൽനിന്നും രക്ഷപ്പെടൂവെന്നും രാഷ്ട്രീയനേതാക്കളും നിയമസഭാ സാമാജികരും ധരിക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയെത്തന്നെ തകരാറിലാക്കുന്നുണ്ട്. 

അരനൂറ്റാണ്ടിലേറെ പിന്നിട്ട് രണ്ടാം തലമുറ നേതൃത്വത്തിലെത്തി നിൽക്കുന്ന ശിവസേനയിലെ പിളർപ്പ് വിരൽചൂണ്ടുന്നതു രാഷ്ട്രീയപ്രസ്ഥാനങ്ങൾ പ്രവർത്തകരുടെ വികാരങ്ങൾക്കു വില കൽപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു കൂടിയാണ്. പാർട്ടി സ്ഥാപകനായ ബാൽ താക്കറെയുടെ പുത്രനും പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവിനെക്കാൾ, മുതിർന്ന മന്ത്രിയായ ഏക്നാഥ് ഷിൻഡെയുടെ വാക്കുകൾക്കാണു ശിവസേനയുടെ മിക്ക സാമാജികരും വില കൽപിച്ചത്. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തകരുമായുള്ള നിരന്തര സമ്പർക്കം രാഷ്ട്രീയ നേതൃത്വത്തിന് അനിവാര്യമാണ്. അതു മറന്നുപോകുന്ന നേതാക്കൾ വലിയ വില കൊടുക്കേണ്ടിവരുമെന്ന പാഠം കൂടി ഇതിൽനിന്നു കണ്ടെടുക്കാം. സാധാരണ ജനങ്ങളെ മാത്രമല്ല, നിയമസഭാ സാമാജികരെപ്പോലും കയ്യകലത്തിൽ നിർത്തിയതിന്റെ തിരിച്ചടിയാണ് ഉദ്ധവിന്റെ രാജിക്കുള്ള മുഖ്യ കാരണങ്ങളിലെ‍ാന്ന്. 

നിയമസഭാ കക്ഷിയിലെ മൂന്നിൽ രണ്ടു പേരും വിമതനേതാവിനൊപ്പം പോയപ്പോൾ ഒറ്റപ്പെട്ട ഉദ്ധവ് താക്കറെ ഒത്തുതീർപ്പിനു വേണ്ടി നടത്തിയ വാഗ്ദാനങ്ങൾ, വിമതർക്കു സംരക്ഷണം ഒരുക്കിയ ഗുജറാത്തിലെയും അസമിലെയും ബിജെപി ഭരണകൂടങ്ങൾ, നേട്ടം ഉറപ്പാക്കി എവിടെ നിൽക്കണമെന്നു തീരുമാനിക്കുന്ന ജനപ്രതിനിധികൾ.. ജനാധിപത്യം തലതാഴ്ത്തുമ്പോൾ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒട്ടേറെ പാഠങ്ങൾ മഹാരാഷ്ട്ര നൽകുന്നുണ്ട്.

English Summary: Uddhav Thackeray resigns as Maharashtra CM ahead of floor test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS