ADVERTISEMENT

കേരളത്തിൽ ഭരണ–പ്രതിപക്ഷ പോര് രൂക്ഷമായിരിക്കെയാണ് ഇരുപക്ഷങ്ങളും പിന്തുണയ്ക്കുന്ന രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ പ്രചാരണത്തിനെത്തിയത്. അദ്ദേഹത്തിനു നൽകിയ സ്വീകരണത്തെച്ചൊല്ലിയായി പിന്നീട് തർക്കം. എൽഡിഎഫ് ഘടകകക്ഷി ജനതാദളാ(എസ്)കട്ടെ ദേശീയ നേതൃത്വം ആർക്കു പിന്തുണ നൽകുമെന്ന അങ്കലാപ്പിലും

ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായാണ് യശ്വന്ത് സിൻഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി 17 പ്രതിപക്ഷ കക്ഷികൾ ചേർന്ന് അവതരിപ്പിച്ചത്. എന്നാൽ, വോട്ടുതേടി അദ്ദേഹം ആദ്യം കാലുകുത്തിയ കേരളത്തിൽ അതേ സിൻഹയുടെ പേരിൽ ഭരണ– പ്രതിപക്ഷങ്ങൾ പോരടിക്കുകയാണ്. കേരളത്തിലെ മുഴുവൻ വോട്ടും തനിക്കെന്ന് അഭിമാനത്തോടെ നേരത്തെ പ്രതികരിച്ച സിൻഹ അദ്ഭുതപ്പെടുന്നുണ്ടാകും.

സിൻഹയ്ക്കു വിമാനത്താവളത്തിൽ ലഭിച്ച സ്വീകരണത്തിന്റെ പേരിലാണു സിപിഎമ്മും കോൺഗ്രസും തമ്മിൽ പോർവിളി. അതുകൊണ്ടു രണ്ടു കൂട്ടരും അദ്ദേഹത്തിനു  വോട്ടു ചെയ്യാതിരിക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ, യുഡിഎഫിലെയും എൽഡിഎഫിലെയും കക്ഷികളെല്ലാം ഉള്ളാലെ സിൻഹയെ പിന്തുണയ്ക്കുന്നുണ്ടോ? വിയോജിപ്പ് വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ?

നിലവിൽ പ്രധാനമായും ആശങ്ക എൽഡിഎഫ് ഘടകകക്ഷിയായ ജനതാദളി(എസ്)ന്റെ നിലപാടിലാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിൽനിന്നു കുതറിമാറി നിൽക്കുകയാണു ദളിന്റെ ദേശീയ അധ്യക്ഷൻ ദേവെഗൗഡ. എൻഡിഎയുടെ ദ്രൗപദി മുർമു മികച്ച സ്ഥാനാർഥിയാണെന്നുകൂടി ഗൗഡ പ്രതികരിച്ചിരിക്കെ, കേരളത്തിൽ മാത്യു ടി.തോമസിനും കെ.കൃഷ്ണൻകുട്ടിക്കും എൽഡിഎഫിന്റെ വിപ്പ് ലംഘിക്കേണ്ടി വരുമോ? അവരുമായി ലയിക്കാൻ തീരുമാനിച്ച എൽജെഡി പ്രതിനിധി കെ.പി.മോഹനൻ എന്തു നിലപാടെടുക്കും? കേരളത്തിലെ രണ്ടോ മൂന്നോ എംഎൽഎമാരുടെ വോട്ടു മറിയുന്നത് മത്സരഫലത്തെ ബാധിക്കില്ലെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിൽ അതു ചലനങ്ങൾ സൃഷ്ടിക്കും.

പിന്തുണയ്ക്കും: പക്ഷേ, ഒരുമിച്ചില്ല 

യുഡിഎഫും എൽഡിഎഫും സിൻഹയെ പിന്തുണയ്ക്കുന്നതിനാൽ ഇരുമുന്നണികളുടെയും എംഎൽഎമാരെ ഒരുമിച്ച് അഭിസംബോധന ചെയ്യാമെന്ന പ്രതീക്ഷയാണു ഡൽഹിയിലെ നേതാക്കൾക്കുണ്ടായിരുന്നത്. കേരളത്തിലെ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒപ്പം വേദി പങ്കിടുന്നതു ദേശീയതലത്തിൽ നല്ല സന്ദേശം നൽകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, നിയമസഭയ്ക്ക് അകത്തും പുറത്തും ഭരണ– പ്രതിപക്ഷങ്ങൾ രൂക്ഷമായി ഏറ്റുമുട്ടുന്ന ഈ വേളയിൽ നിയമസഭാ മന്ദിരത്തിൽ ഒരു സൗഹൃദവേദി പ്രായോഗികമല്ലെന്നു കേരളത്തിലെ പ്രതിപക്ഷം കേന്ദ്ര നേതാക്കളെ അറിയിച്ചു. യോജിച്ചുള്ള പത്രസമ്മേളനത്തിനും ഇല്ലെന്നു വ്യക്തമാക്കി. അതായത്, സിൻഹയുടെ അപ്പുറത്തും ഇപ്പുറത്തും ഭരണ–പ്രതിപക്ഷങ്ങൾ ഇരിക്കാനില്ല. അതുകൊണ്ടാണ് അദ്ദേഹം ഇന്നലെ തനിച്ചു മാധ്യമങ്ങളെ കണ്ടത്.

കേരളത്തിൽ സിൻഹ എത്തുന്നതിനു മുൻപേ വരച്ച ഈ വര അദ്ദേഹം എത്തിയശേഷം കൂടുതൽ കറുപ്പിച്ചുവെന്നു പറയാം. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മന്ത്രിമാർ ആരെങ്കിലും പോകുമെന്നുകൂടി വിചാരിച്ചാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അങ്ങോട്ടുപോയത്. പക്ഷേ, ആരും എത്തിയില്ല. താമസസ്ഥലത്താണു മന്ത്രി പി.രാജീവ് സിൻഹയെ വരവേറ്റത്. മന്ത്രിമാരെ പിണറായി വിജയൻ അയയ്ക്കാതിരുന്നതു മോദിയെ പേടിച്ചാണെന്ന കെപിസിസി പ്രസിഡന്റിന്റെ   ആരോപണം ആ രാഷ്ട്രീയ ചേരിതിരിവ് പരസ്യമാക്കി. 

എന്തു ചെയ്യും ജനതാദൾ(എസ്)? 

രാഷ്ട്രപതി സ്ഥാനാർഥി ആകാൻവേണ്ടി തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ചെങ്കിലും മമത ബാനർജിയുടെ നോമിനിയാണ് യശ്വന്ത് സിൻഹ എന്നതു രഹസ്യമല്ല. മമതയും തൃണമൂലും സിപിഎമ്മിനു വർഗശത്രുക്കളാണ്. ബിജെപി ഫാഷിസ്റ്റ് പ്രവണത പ്രകടിപ്പിക്കുന്ന പാർട്ടിയും. അങ്ങനെയിരിക്കെയാണു ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയും ഇക്കഴിഞ്ഞദിവസം വരെ തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സിൻഹയ്ക്കു വോട്ടു ചെയ്യേണ്ട ഗതികേടിൽ സിപിഎം എത്തിപ്പെട്ടത്. സിപിഎമ്മിന്റെയും സിപിഐയുടെയും ദേശീയ നേതൃത്വങ്ങൾ അംഗീകരിക്കുമ്പോഴും, സിൻഹയാണോ ഉചിത സ്ഥാനാർഥി എന്ന കാര്യത്തിൽ ഡൽഹിയിലും കേരളത്തിലും അഭിപ്രായവ്യത്യാസമുണ്ട്. സിപിഎമ്മും സിപിഐയും ചർച്ച ചെയ്തെങ്കിലും ഇടതു പാർട്ടികളുടെ കൂട്ടായ ആലോചന ഉണ്ടായില്ല. സിൻഹയാണു സ്ഥാനാർഥിയെന്ന സൂചന ഉയർന്നതോടെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാൻ ഫോർവേഡ് ബ്ലോക്ക് തയാറായില്ല. തെലങ്കാന നിയമസഭാംഗമായ അവരുടെ ഏക എംഎൽഎയുടെ നിലപാട് അതിനാൽ ശ്രദ്ധിക്കപ്പെടും.

ജനതാ പാർട്ടിയും ജനതാദളും ഉൾപ്പെടെ നാലോ അഞ്ചോ പാർട്ടികൾ മാറിയ സിൻഹയെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം കേരളത്തിലെ ദൾ നേതൃത്വം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. താൻ രാഷ്ട്രപതി സ്ഥാനാർഥിയാകുമെന്നു ദേവെഗൗഡ സ്വയം പ്രതീക്ഷിച്ചിരുന്നതായും വിവരമുണ്ട്. ഒടുവിൽ സിൻഹ പ്രതിപക്ഷത്തിന്റെയും ദ്രൗപദി ഭരണപക്ഷത്തിന്റെയും സ്ഥാനാർഥികളായതോടെ ഗൗഡ വിയോജിപ്പു തുറന്നുപറഞ്ഞു. എങ്കിലും, ഇടതുമുന്നണിയുടെ പൊതുധാരണ പാലിച്ചു സിൻഹയ്ക്കു വോട്ടു ചെയ്യണമെന്ന അഭിപ്രായമാണു സംസ്ഥാന നേതൃത്വത്തിനുള്ളത്. പക്ഷേ, ഗൗഡ മറിച്ചൊരു തീരുമാനമെടുത്താൽ കേരളത്തിലെ എംഎൽഎമാർ പ്രതിസന്ധിയിലാകും. ആ കുരുക്കിൽ ആക്കരുതെന്ന അഭ്യർഥനയാകും ലയനചർച്ച ധരിപ്പിക്കാൻ രണ്ടു പാർട്ടികളുടെയും സംഘം നാളെ ബെംഗളൂരുവിലെത്തുമ്പോൾ ഗൗഡയ്ക്കു മുന്നിൽ വയ്ക്കുക. എൽജെഡിയുടെ ഏക എംഎൽഎ കെ.പി.മോഹനൻ ഈ സംഘത്തിനൊപ്പം കൂടുമോ എന്നതും ഉറ്റുനോക്കപ്പെടും. ലയനത്തിനായി ഇരുപാർട്ടികളും രൂപീകരിച്ച 14 അംഗ നേതൃസമിതിയിൽ അംഗമാണെങ്കിലും ചർച്ചകളിൽനിന്നു വിട്ടുനിൽക്കുകയാണ് മോഹനൻ ചെയ്തത്.

ഇരുമുന്നണികളും പ്രത്യേകം കണ്ടു പിന്തുണ അറിയിച്ചെങ്കിലും സിൻഹ ആഗ്രഹിച്ച പ്രതിപക്ഷ ഐക്യത്തിന്റെ ആദ്യ പ്രദർശനവേദിയായി കേരളം മാറിയില്ല. പകരം, കല്ലുകടിയാണുണ്ടായത്. ദേശീയ ഐക്യത്തിലും ഉലച്ചിലുകളുണ്ട്. വോട്ടെടുപ്പു നടക്കുന്ന ജൂലൈ 18നു മുൻപ് എന്തെല്ലാം സിൻഹയ്ക്കു കാണേണ്ടി വരുമെന്ന ചോദ്യം ഈ കേരള സന്ദർശനം ബാക്കിവയ്ക്കുന്നു.  

 

English Summary; UDF-LDF clashed over Yashwant sinha visit

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com