ഭാരതീയതയെ വഞ്ചിക്കരുത്

HIGHLIGHTS
  • ശശി തരൂർ എഴുതുന്നു
Kanhaiya Lal AFP
രാജസ്ഥാനിലെ ഉദയ്പുരിൽ കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ചിത്രവുമായി ഭാര്യ യശോദ. Photo by Sajjad HUSSAIN / AFP
SHARE

കനയ്യ ലാൽ എന്ന തയ്യൽക്കാരനെ രണ്ടു മുസ്‌ലിം യുവാക്കൾ കഴുത്തറുത്തു കൊല്ലുകയും പിന്നീട് ഐഎസ് ഭീകരരുടെ മാതൃകയിൽ സമൂഹമാധ്യമം വഴി ആ രംഗങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത വാർത്ത രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിഷലിപ്തമായ വർഗീയ വിദ്വേഷ പ്രവൃത്തികളും ധ്രുവീകരണവും അടുത്തകാലത്തായി വർധിച്ചുവരികയാണെങ്കിലും ഈ മട്ടിൽ ഒരു ക്രൂരത ഇന്ത്യയിലുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അതും വർഗീയതയുടെ അടിസ്ഥാനത്തിൽ. കനയ്യ ചെയ്ത ഒരേയൊരു കുറ്റം സസ്പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമയ്ക്കു പിന്തുണ കൊടുത്തുകൊണ്ട് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു എന്നതാണ്. 

ഈ സംഭവം നമ്മൾ അടിയന്തരമായി ചർച്ച ചെയ്യേണ്ട ഒരുപിടി പ്രശ്നങ്ങൾ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നുണ്ട്. ഒപ്പം ആവർത്തിച്ചുറപ്പിക്കേണ്ട ചില മൂല്യങ്ങളും. ഈ കൊലപാതകങ്ങൾ കഠിനമായി അപലപിക്കപ്പെടണം എന്നതാണ് ഏറ്റവും പ്രധാനം. വർഗീയതയുടെയോ വ്യക്തിവിദ്വേഷത്തിന്റെയോ എന്തിന്റെ അടിസ്ഥാനത്തിലായാലും തീവ്രവാദത്തിനും അക്രമത്തിനും നമ്മുടെ രാജ്യത്തു സ്ഥാനമില്ല. മതവികാരം വ്രണപ്പെട്ടു എന്നത് എന്തു ചെയ്തിക്കുമുള്ള ന്യായീകരണമല്ല. അതു മറ്റൊരു വ്യക്തിയെ കൊല്ലുന്നതു പോകട്ടെ, ശാരീരികമായി ആക്രമിക്കുന്നതിനു പോലുമുള്ള ലൈസൻസ് അല്ല. ഒരു പ്രകോപനവും– പാർട്ടി വക്താവിന്റെ നിരുത്തരവാദപരമായ പരാമർശങ്ങളായാൽ പോലും –കൊലപാതകത്തിനുള്ള ന്യായീകരണമല്ല. ഒരു പരിഷ്കൃത സമൂഹത്തിൽ ഈ നിലപാടുകളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.

ഇക്കാരണത്താൽത്തന്നെ കുറ്റവാളികൾക്ക് ഏറ്റവും കൂടിയ ശിക്ഷ ലഭിക്കണം. കുറ്റകൃത്യത്തിന്റെ സ്വഭാവം നോക്കിയാൽ– സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും അറസ്റ്റിലാകും മുൻപു മറ്റൊരു നഗരത്തിലേക്കു കടന്നതുമൊക്കെ– അത് അവർ സ്വന്തം തീരുമാനപ്രകാരം സ്വാഭാവികമായി ചെയ്ത പ്രവൃത്തിയാണെന്നു കരുതാനാവില്ല. ആരാണ് ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും കൊലപാതകികൾക്കു നിർദേശം കൊടുത്തു പറഞ്ഞയയ്ക്കുന്ന വിഘടന സംഘങ്ങൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടോ എന്നും വിശദമായ അന്വേഷണം ഉണ്ടാകണം. അങ്ങനെയുണ്ടെങ്കിൽ അടിയന്തരമായി അവയെ കണ്ടെത്തി പൂട്ടിടേണ്ടതുണ്ട്. ഇന്ന് ഒരു തലവെട്ടലിന് അവർ ആജ്ഞ കൊടുക്കുന്നുണ്ടെങ്കിൽ അടുത്തയാഴ്ച വേറൊന്നുണ്ടായേക്കാം. ഇത്തരം അപകടങ്ങൾക്കുമുന്നിൽ രാജ്യത്തിനു നിഷ്ക്രിയമായിരിക്കാനാവില്ല. 

shashi tharoor
ശശി തരൂർ. ചിത്രം: ജെ.സുരേഷ് ∙ മനോരമ

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന വിധത്തിലുള്ള ഇന്ത്യൻ സമൂഹത്തിൽ വർഗീയ വിദ്വേഷം പടരുന്നതിനു മൗനാനുവാദം നൽകുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ സംഭവം. വർഗീയ ധ്രുവീകരണം ചില രാഷ്ട്രീയ കക്ഷികളുടെ ഇടുങ്ങിയ താൽപര്യങ്ങളെ സഹായിച്ചേക്കാം; എന്നാൽ, അതു നമ്മുടെ സമൂഹത്തിൽ പടർത്തുന്ന വിഷം പൊതു സുരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണ്. ദേശീയ താൽപര്യത്തിനു മുകളിലല്ല ഒരു രാഷ്ട്രീയ താൽപര്യവും. രാജ്യതാൽപര്യത്തിനാവശ്യം ശാന്തിയും സമാധാനവും മതസൗഹാർദവുമാണ്; വെറുപ്പിന്റെ ഭ്രാന്തമായ പ്രഖ്യാപനങ്ങളും മതാന്ധതയുമല്ല. ആയിരക്കണക്കിനു വർഷങ്ങളായി നമ്മുടെ സമൂഹത്തിന്റെ കരുത്ത് വിവിധ ജീവിതശൈലികൾക്കും മതവിശ്വാസങ്ങൾക്കും ആരാധനകൾ‌ക്കും നാം നൽകുന്ന ആദരമാണ്. അതിൽ നിന്നു വഴിമാറുന്നതും മറ്റുള്ളവരെ അവരുടെ മതത്തിന്റെയും വേഷത്തിന്റെയും അടിസ്ഥാനത്തിൽ കാണുന്നതും ഭാരതീയതയെ വഞ്ചിക്കലാണ്. അതു പ്രതികാരത്തിനും കൊലവിളികൾക്കും മാത്രമേ വഴിയൊരുക്കൂ. അതു തിരിച്ചറിയുമ്പോഴേക്കും നാം കൊടിയ വിനാശത്തിന്റെയും അക്രമങ്ങളുടെയും നടുവിലായിക്കഴിഞ്ഞിരിക്കും. ഇന്ത്യയ്ക്ക് അതു താങ്ങാനാവില്ല. 

ഇന്ത്യയ്ക്ക് ഇന്നാവശ്യം വികസനവും സാമ്പത്തിക വളർച്ചയുമാണ്. ജനതയുടെ വർധിത അഭിവൃദ്ധിയും തൊഴിലവസരങ്ങളുമാണ്. അതിനാവശ്യം സാമൂഹിക സൗഹാർദവും യോജിപ്പും സമാധാനവുമാണ്. സംരംഭകരെയും വാണിജ്യ സഹകാരികളെയും ഇങ്ങോട്ട് ആകർഷിക്കുന്നത് ഇവയൊക്കെയാണ്. ആരും യുദ്ധഭൂമിയിൽ നിക്ഷേപം ഇറക്കാൻ തയാറാവില്ല. യുദ്ധഭൂമിയിൽ ജീവിക്കാൻ ഒരിന്ത്യക്കാരനും ആഗ്രഹിക്കുന്നുമില്ല. ഈ ഭ്രാന്തിനു നമ്മൾ തടയിടേണ്ടതുണ്ട്; രാജ്യം അങ്ങനെ ആകും മുൻപ്. 

നാം മറന്നുകളയേണ്ട കഥയല്ല ടിബറ്റ്

ടിബറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച വാഷിങ്ടനിൽ നടന്ന വിവിധ രാജ്യങ്ങളിലെ ജനപ്രതിനിധികളുടെ ആഗോള സമ്മേളനത്തിൽ പങ്കെടുക്കാനും സംസാരിക്കാനും എനിക്ക് അവസരമുണ്ടായി. 26 രാജ്യങ്ങളുടെ പ്രതിനിധികൾ അവിടെ എത്തിയിരുന്നു. ഒപ്പം ടിബറ്റൻ പ്രവാസി പാർലമെന്റിന്റെ എൺപതോളം പ്രതിനിധികളും. ജനപ്രതിനിധികളും വിദഗ്ധരും എത്ര ഗൗരവത്തോടെയും ആഴത്തിലുമാണ് ഈ വിഷയം ചർച്ച ചെയ്തതെന്നത് എന്നെ അതിശയിപ്പിച്ചു. 

 ഞാൻ സംസാരിച്ച സെഷനിൽ പ്രഫ. മൈക്കേൽ വാൻ വാൾട്ട് വാൻ പ്രാഗ്, പ്രഫ. ഹോങ്–ഷിൻ ലൗ എന്നിവർ ടിബറ്റ് എന്നും തങ്ങളുടെ ഭാഗമായിരുന്നു എന്ന ചൈനീസ് വാദത്തെ സമർഥമായി പൊളിച്ചു. ചൈനയിലെ മിങ്, ക്വിങ് സാമ്രാജ്യങ്ങൾ പോലും അവരുടെ ഔദ്യോഗിക രേഖകളിൽ ടിബറ്റിനെ വിദേശ രാജ്യമായിട്ടാണു പരാമർശിച്ചിരുന്നത് എന്നതിനു തെളിവായി നൂറു കണക്കിനു പേജുകൾ നീണ്ട രേഖകൾ പ്രഫ. ലൗ അവതരിപ്പിച്ചു. എന്നാൽ, ഇതെല്ലാം തികച്ചും അക്കാദമിക് കാര്യങ്ങൾ മാത്രമാണിപ്പോൾ. കാരണം, ടിബറ്റിന്റെ പ്രവാസി പാർലമെന്റും ദലൈലാമ പോലും ചൈനയിൽനിന്നുള്ള ടിബറ്റിന്റെ സമ്പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നില്ല, മറിച്ച്, സാംസ്കാരികമായ സ്വയം നിർണയാവകാശവും ടിബറ്റൻ ജനതയുടെ സ്വതന്ത്ര അസ്തിത്വം എന്ന അംഗീകാരവും മാത്രമാണ് അവർ ചോദിക്കുന്നത്. എന്നാൽ, ടിബറ്റിൽ നിന്ന് എത്രയോ അകലെയുള്ള ഫ്രാൻസിന്റെയും കാനഡയുടെയും എൽ സാൽവദോറിന്റെയുമൊക്കെ പ്രതിനിധികൾ ഈ ചർച്ചകളിൽ കാണിച്ച ഗൗരവവും ആത്മാർ‌ഥതയും എടുത്തുപറയേണ്ടതാണ്. 

Dalai lama PTI
ദലൈലാമ. PTI Photo by Ravi Choudhary

ഈ ചർച്ചകളോടു മാധ്യമങ്ങൾ കാണിച്ച താൽപര്യമില്ലായ്മയും എന്നെ അമ്പരപ്പിച്ചു. ഒരൊറ്റ ദേശീയ– രാജ്യാന്തര മാധ്യമമോ ടെലിവിഷൻ ചാനലോ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയതായി കണ്ടില്ല. ഒരു പക്ഷേ ടിബറ്റൻ സംഘം മാധ്യമങ്ങളെ ക്ഷണിക്കുന്നതിൽ കാണിച്ച അലംഭാവമായിരിക്കാം കാരണം. അല്ലെങ്കിൽ, ടിബറ്റൻ ജനതയുടെ പലായന ജീവിതത്തോടു ലോകം എത്രമാത്രം താൽപര്യരഹിതമായിരിക്കുന്നു എന്നതുമാകാം. എന്തായാലും മാധ്യമങ്ങളെ സംബന്ധിച്ച് ടിബറ്റ് ഒരു വാർത്തയല്ല എന്നു തോന്നി. ഒരൊറ്റ മാധ്യമവും റിപ്പോർട്ട് ചെയ്യാതെ പാർലമെന്റേറിയൻമാരുടെ യോഗം കടന്നുപോയി. 

പലർക്കും ടിബറ്റിന്റെ ദുരന്തം ഒരു പഴയ വാർത്തയാണ്. എന്നാൽ, ലോകം മുഴുവൻ പരന്നു കിടക്കുന്ന ടിബറ്റൻ അഭയാർഥികളുടെ ജീവിതകഥകളും ചൈനീസ് അധിനിവേശ സൈന്യത്തിന്റെ നിരന്തരമായ മനുഷ്യാവകാശ ധ്വംസനങ്ങളും ഈ ദുരന്തത്തെ കാലികമാക്കുന്നു. ഓർമ വരുന്നത് ഒരു പഴഞ്ചൊല്ലാണ്. കാട്ടിൽ ഒരു മരം വീണതിന്റെ ശബ്ദം കേൾക്കാൻ അവിടെ ആരുമില്ലെങ്കിൽ മരം വീണിട്ടുണ്ടോ? ലോകമനസ്സാക്ഷിക്കു മുന്നിൽ ടിബറ്റ് തങ്ങളുടെ ദുരന്തകഥ പറയുമ്പോൾ അതു കേൾക്കാൻ മാധ്യമങ്ങൾ ഇല്ലെങ്കിൽ പിന്നെ ടിബറ്റിന് എന്തു പ്രസക്തി?

നമ്മുടെ വടക്കൻ അതിർത്തിയിൽ 20 ജവാൻമാരുടെ ജീവൻ നഷ്ടപ്പെടുത്തിയ ചൈനീസ് കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ, നമ്മൾ ഇന്ത്യക്കാർക്കെങ്കിലും ടിബറ്റിന്റെ അവസ്ഥയോടു സഹതാപം പ്രകടിപ്പിച്ചുകൂടേ? ചൈനീസ് താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന സ്ഥിരം നിലപാടിനു മാറ്റം വരുത്തി കൂടുതൽ ഉറച്ച ഒരു നയരൂപീകരണത്തിനു സമയമായില്ലേ? നമുക്ക് ടിബറ്റൻ കാർഡ് ഒന്നിറക്കിയാൽ എന്താണു കുഴപ്പം? ടിബറ്റൻ പാർലമെന്റിന്റെ അടുത്ത സമ്മേളനം നടത്താൻ ഇന്ത്യ വേദിയൊരുക്കുന്നതിനെപ്പറ്റി ഒന്നാലോചിച്ചുകൂടേ?

Content Highlight: Shashi Tharoor, Dalai Lama, Kanhaiya lal, Tibet, 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS