രാഷ്ട്രീയ സമാധാനം തിരിച്ചുപിടിക്കണം

HIGHLIGHTS
  • എകെജി സെന്ററിലേക്കു സ്ഫോടകവസ്തു എറിഞ്ഞത് അപലപനീയം
trivandrum-akg-centre-bomb-attack-sub
SHARE

രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള ആശയപരമായ വിയോജിപ്പുകൾ അക്രമസ്വഭാവം കൈവരിക്കുന്നതു ന്യായീകരിക്കാനാവില്ല. എതിർപാർട്ടിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ജനാധിപത്യമാർഗങ്ങൾ മറികടന്നുള്ള അഴിഞ്ഞാട്ടങ്ങളെല്ലാം ഹീനമാണ്; അപലപനീയവുമാണ്. സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിനുനേർക്കു സ്ഫോടകവസ്തു എറിഞ്ഞതിനു പിന്നിൽ കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം തകർക്കാനുള്ള കുത്സിതശ്രമം തന്നെയാണെന്നതിൽ സംശയമില്ല. ആരാണ് ഇതിനു പിന്നിലെന്ന സൂചനപോലും കിട്ടുംമുൻപേ ചില കോൺഗ്രസ് ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടാകുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 11.23ന് ആണ് എകെജി സെന്റർ സംഭവം.  ആക്രമണത്തിനു പിന്നിൽ കോൺഗ്രസാണെന്ന് ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും അവർ ഇതു നിഷേധിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കേരളത്തിലെ മുഖ്യ ഭരണകക്ഷിയുടെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസ് ആക്രമിച്ചതിനു പിന്നിൽ ആരായാലും അവരെ പിടികൂ‍ടാൻ വൈകിക്കൂടാ. എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത് വലിയ പൊലീസ് വീഴ്ചയാണെന്നാണു പ്രാഥമിക നിഗമനം. പൊലീസ് സംവിധാനങ്ങൾ സദാ സജീവമെന്നു കരുതുന്ന, ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ സമീപത്തുള്ള പാർട്ടി ആസ്ഥാനത്താണ് ഈ അക്രമം നടന്നതെന്നത് അത്യധികം ഗൗരവമുള്ളതാണ്.

നിയമവാഴ്‌ചയും സമാധാനവും നാട്ടിൽ നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെ അസ്വസ്‌ഥരാക്കി ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഇവിടെയുണ്ടാകുന്നു. കൽപറ്റയിൽ ഒരു പറ്റം എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ കടന്നുകയറി അക്രമം അഴിച്ചുവിട്ടത് ഈയിടെയാണ്. അതിനുമുൻപും എത്രയോ വട്ടം രാഷ്ട്രീയ പാർട്ടികളുടെ ഓഫിസുകൾക്കുനേരെ ഇവിടെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. നേതാക്കളുടെ പിന്തുണയോടെയും അല്ലാതെയും ഇത്തരത്തിലുള്ള പ്രാകൃതസംഭവങ്ങൾ ഇവിടെയുണ്ടാകുന്നു. ഒരു സംഭവത്തെച്ചെ‍ാല്ലിയുള്ള പ്രതിഷേധത്തിന്റെ പേരിൽ തുടരാക്രമണങ്ങളും നടക്കുന്നുണ്ട്.

എകെജി സെന്റർ സംഭവത്തിന്റെ പേരിൽ പ്രവർത്തകർ വൈകാരികമായി പ്രതികരിക്കരുതെന്നും സംയമനം പാലിക്കണമെന്നും സിപിഎം നേതാക്കൾ പറഞ്ഞെങ്കിലും  അതല്ല ചിലയിടത്തെങ്കിലും നടന്നത്. പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്കുനേരെയുണ്ടായ അക്രമങ്ങൾ അതാണു വിളിച്ചുപറയുന്നത്. ഇന്നലെ, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിൽനടന്ന പ്രതിഷേധപ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതും കേരളം കേട്ടു.

അക്രമം നല്ല രാഷ്ട്രീയത്തിന്റെ ആയുധമല്ലെന്ന തിരിച്ചറിവ് നേതാക്കൾക്കും അണികൾക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. കൽപറ്റയിൽ, എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച എംപി ഓഫിസ് സന്ദർശിച്ചശേഷം രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞതിൽ സമാധാനകാംക്ഷയുടെ മാതൃകാപരമായ പുതുവഴി തെളിയുന്നുണ്ട്: എംപി ഓഫിസ് ആക്രമിച്ച സംഭവം നിർഭാഗ്യകരമാണെന്നും അതു ചെയ്തതു കുട്ടികളായതിനാൽ അവരോടു ക്ഷമിക്കുന്നുവെന്നുമാണു രാഹുൽ പറഞ്ഞത്. 

സംവാദങ്ങൾക്കു പകരം ആയുധമെടുക്കുന്ന രീതി തടയാൻ കടമയുള്ള നേതൃത്വം അതു മറക്കരുത്. നാടിന്റെ സമാധാനം കളയാൻ, പാർട്ടിയുടെ പേരിൽ അക്രമം നടത്തി സംഘർഷത്തിനു വെടിമരുന്നിടുന്നവരുടെ ഗൂഢശ്രമങ്ങൾക്കെതിരെ രാഷ്ട്രീയ കക്ഷികളുടെ നിരന്തരജാഗ്രത ഉണ്ടാവണം. ആശയപരമായ വിയോജിപ്പിന് അക്രമസ്വഭാവം കൈവരുന്നത് ഉന്നത രാഷ്ട്രീയസംസ്കാരമുണ്ടെന്നു കരുതിപ്പോരുന്ന കേരളത്തിനു വലിയ അപമാനം തന്നെയാണെന്നു തിരിച്ചറിഞ്ഞുള്ള അടിയന്തര നടപടികളാണു നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. രാഷ്ട്രീയ ഗുണ്ടകളെ അമർച്ച ചെയ്യാനും ജനങ്ങളുടെ സമാധാനജീവിതം സംരക്ഷിക്കാനുമായി, ഒരു സ്വാധീനത്തിനും വഴങ്ങാത്ത, കർമശേഷിയുള്ള പൊലീസാണു നാടിനാവശ്യം. സമാധാനം കവരാനും സംഘർഷം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളെല്ലാം അടിച്ചമർത്തപ്പെടേണ്ടതുതന്നെയാണ്.

രാഷ്ട്രീയത്തിന്റെ പേരിലുള്ള പകപോക്കലുകളും അക്രമവും അവസാനിപ്പിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇനിയെങ്കിലും സമാധാനത്തിന്റെ പക്ഷത്തു നിൽക്കാൻ കഴിയണം. ഭരണകൂടം പൂർണമനസ്സോടെ അതിനു പിന്തുണ നൽകുകയും വേണം. എങ്കിൽ, പൊതുസമൂഹവും ആ ദൗത്യത്തിന്റെ കൂടെയുണ്ടാകും.

Content Highlight: AKG Centre attack, CPM, Kerala Politics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS