ADVERTISEMENT

എല്ലാ മാറ്റങ്ങളിലുമെന്നതുപോലെ ഓരോ വ്യക്തിയിലും ഓരോ വീട്ടിലും അങ്ങനെ സമൂഹത്തിലും വേരുറപ്പിക്കുന്ന ഡിജിറ്റൽ ഡിസിപ്ലിൻ (സാങ്കേതികവിദ്യകളിലെ അച്ചടക്കം) അതാണു നമുക്കു വേണ്ടത്, അത്രയേ വേണ്ടൂ. ‘വെർച്വൽ’ മാത്രമല്ല ലോകമെന്ന തിരിച്ചറിവ്, യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുള്ള ജീവിതം – വ്യക്തിപരമായും വീട്ടിലും സമൂഹത്തിലും. യഥാർഥ ലോകവും വെർച്വൽ ലോകവും പക്വതയോടെ കൈകോർത്താൽ എല്ലാം റെഡി. അപ്പോൾ യാത്രയ്ക്കു തയാറല്ലേ, ഡിജിറ്റൽ അഡിക്‌ഷൻ (ഡിഎ) എന്ന ലോകത്തുനിന്ന് ഡിജിറ്റൽ ഡിസിപ്ലിൻ (ഡിഡി) ഉള്ള ലോകത്തേക്ക്. ഉറപ്പാണ് ആ ലോകം വളരെ സുന്ദരമാണ്, ഒട്ടും ബോറടിക്കില്ല!. കൊച്ചു കൊച്ചു മാറ്റങ്ങളിലൂടെയും പുതിയ തീരുമാനങ്ങളിലൂടെയും യാത്ര തുടങ്ങിയ ചില വീടുകളെ പരിചയപ്പെടാം.

ഇതും വീട്ടിൽ തന്നെ തുടങ്ങട്ടെ

‘ 2 വർഷത്തെ ഓൺലൈൻ ക്ലാസ് കഴിഞ്ഞതോടെ എപ്പോഴും മൊബൈൽ വേണമെന്നായിരുന്നു കുട്ടികൾക്ക്. അവരുടെ അമ്മ ഷൈനി ഗൾഫിലാണ്. അപ്പോൾ പിള്ളേരു വിഷമിക്കുമെന്നോർത്ത് മൊബൈൽ അങ്ങു കൊടുത്തേക്ക് എന്നൊക്കെ ചിലർ പറഞ്ഞു.’ പക്ഷേ, മൊബൈലിന്റെ അപ്പുറത്തും ലോകമുണ്ടല്ലോ എന്നുപറയുന്നു ഇലക്ട്രിക് വർക്കുകൾ ചെയ്യുന്ന ആലപ്പുഴ കറ്റാനം ഭരണിക്കാവ് കുന്നേൽ ഷൈജു ഏബ്രഹാം.

shyju
ഷൈജു ഏബ്രഹാമും ഷൈനിയും മക്കളായ ക്ലാര സൂസനും സിയോണ ആനിനുമൊപ്പം.

‘മക്കൾക്കു വേറെ ഒന്നും ഇഷ്ടമല്ലെന്നു നമ്മൾ തീരുമാനിക്കുന്നതാണു പ്രശ്നം. കളികളും ചിരികളും ചെറിയ കൃഷികളുമൊക്കെയായി ഞാനും മക്കളായ ക്ലാര സൂസനും (13) സിയോണ ആനും (6) അവരുടെ അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേർന്നു നല്ല രസത്തിൽ മുന്നോട്ടുപോകുകയാണ്. വീട്ടിലെ കാര്യങ്ങളിലെല്ലാം കുട്ടികളെയും കൂട്ടും. കുട്ടികൾക്കു മാതൃകയാകാനായി എന്റെ മൊബൈൽ ഫോൺ ഉപയോഗവും നന്നായി നിയന്ത്രിച്ചു. ഒരു മോൾക്കു തലവേദന കൂടിയപ്പോൾ ഡോക്ടർ ആദ്യം പറഞ്ഞത് മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാനാണ്. അതും ഞങ്ങൾക്കു പാഠമായി. പിള്ളേര് ആൾക്കാരെ കണ്ടും ഇടപെട്ടും നമ്മളൊരുമിച്ചു കളിച്ചും ഓരോ ജോലി ചെയ്തും വളരുമ്പോൾ അവർ കൂടുതൽ മിടുക്കരാകും, നമ്മളും’.

മാതാപിതാക്കൾക്കും വേണം ടൈംടേബിൾ

വീട്ടിൽ ഏറ്റവും അത്യാവശ്യമാണു തമാശയെന്ന് ആലുവ സ്വദേശിനിയായ അനില, ഭർത്താവ് ആന്റണി മുള്ളൂർ, മക്കളായ റിയ, മിയ എന്നിവർ ചിരിയോടെ പറയുന്നു. ‘‘ എല്ലാ വീട്ടിലുമെന്നതുപോലെ ഇവിടെയും മൊബൈലിനോടു കുട്ടികൾക്കു താൽപര്യം കൂടുതലുണ്ട്. പക്ഷേ, അതു നിയന്ത്രിച്ചു നിർത്തുകയാണ്. നമ്മൾ പണിയും തിരക്കുമെല്ലാം കഴിഞ്ഞ് കൂട്ടുകാരോട് ഒന്നു ചാറ്റ് ചെയ്തേക്കാമെന്നു വിചാരിക്കുന്ന സമയത്താകും ചിലപ്പോൾ കുട്ടികൾ സംസാരിക്കാനെത്തുക. അതുകൊണ്ട് ഇതെല്ലാം സമയപ്പടിയാക്കി. ഫോൺ ഉപയോഗിക്കാൻ അവർ അനുവാദം ചോദിക്കും. ഒരാൾ ആറിലും മറ്റേയാൾ രണ്ടിലുമാണ്. അവർക്കു ഫോൺ ചെയ്യാനും മെസേജ് ചെയ്യാനും അടിയന്തര ഘട്ടങ്ങളിൽ സഹായം തേടാനുമെല്ലാമുള്ള കാര്യങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ട്.

Antony-mulloor
ആന്റണി മുള്ളൂരും അനിലയും മക്കളായ റിയ, മിയ എന്നിവർക്കൊപ്പം.

വായന ശീലിപ്പിച്ചതുകൊണ്ട് കുട്ടികൾക്ക് അതു ഹരമാണ്. അതുപോലെ ക്രാഫ്റ്റുകളും പടം വരയും ഡാൻസും ഒക്കെയുണ്ട്. പീരീയഡ്സിനെക്കുറിച്ചും ജെൻഡർ ഇക്വാലിറ്റിയെക്കുറിച്ചും ഉൾപ്പെടെ എല്ലാം സംസാരിക്കുകയും ചർച്ച ചെയ്യുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് അവരുടെ കാഴ്ചപ്പാടിലുണ്ടാകുന്ന നല്ല മാറ്റത്തെ അടുത്തറിയാനാകുന്നുണ്ട്. കുട്ടികളോടുള്ള വാക്കു പാലിക്കുന്നതു പ്രധാനമാണ്. അവരെ പറഞ്ഞുപറ്റിക്കുന്നില്ലെന്നും അവരോട് ഒന്നു പറഞ്ഞതിനു ശേഷം നമ്മൾ മറ്റൊന്നു ചെയ്യുന്നില്ലെന്നുമുള്ള ബോധ്യം അവരിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്’. അനില പറയുന്നു.

കല, കളി വഴി പുറത്തേക്ക്

‘ ഇന്നത്തെ പാഠ്യപദ്ധതിയിൽ കളിക്കാനോ കലകളുമായി കൈകോർത്തു നടക്കാനോ ഉള്ള സാധ്യതകൾ കുറവാണ്. ഏറ്റവും കൂടുതൽ ഊർജം നമ്മളിലുള്ള സമയമാണു കുട്ടിക്കാലം. ആ സമയത്ത് സദാ പഠനം മാത്രമായിരിക്കുമ്പോൾ തലച്ചോർ വിനോദസാധ്യതകൾ തേടും. ഇപ്പോൾ അതു സ്വാഭാവികമായും മൊബൈലിൽ എത്തുകയും ചെയ്യുന്നു. അതിനുമപ്പുറമുള്ള ശാരീരികവും മാനസികവുമായ വിനോദങ്ങളിലേക്കും കളികളിലേക്കും ടീം വർക്കിലേക്കും നീങ്ങുമ്പോൾ മൊബൈൽ അടിമത്തം കുറയുകയും ചെയ്യും,’’ നാടക കലാകാരനും അധ്യാപകനുമായ മനോജ് സുനി അടിവരയിടുന്നു.

സ്ക്രീൻ കാഴ്ചയുടെ നല്ല ശീലങ്ങൾ‌

ഫോണിൽ വിഡിയോ കാണിച്ചു കൊടുത്തില്ലെങ്കിൽ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കില്ല’, പലരും പറയുന്നതാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോൾ സ്മാർട്ഫോൺ നോക്കുന്ന അമ്മമാരും അവരെ താലോലിക്കുമ്പോൾപോലും ഫോൺ നോക്കുന്ന അച്ഛന്മാരുമുണ്ട്. ഓർക്കുക, 
നിങ്ങളാണ് അവർക്കു ഡിജിറ്റൽ സ്ക്രീൻ 
തുറന്നു നൽകുന്നത്.

> 2 വയസ്സു വരെയുള്ള കുട്ടികൾ
∙ സ്മാർട്ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിങ്ങനെ ഒരു സ്ക്രീനും കാണിച്ചു കൊടുക്കരുത്.
∙ ഭക്ഷണം കഴിക്കാനോ കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാനോ ഫോണിൽ വിഡിയോ കാണിച്ചു കൊടുക്കരുത്.
∙ മുതിർന്ന കുടുംബാംഗങ്ങളോടു വിഡിയോ കോളിൽ കുറച്ചുനേരം സംസാരിക്കാനായി സ്ക്രീൻ സമയം നൽകുന്നതിൽ തെറ്റില്ല.

> 2 മുതൽ 5 വയസ്സുവരെ
∙ അനുവദിക്കാവുന്ന പരമാവധി സ്ക്രീൻ സമയം ഒരു മണിക്കൂർ. ഓരോ സെഷനും അരമണിക്കൂറിലേറെയാകരുത്.
∙ ഒരു സമയം ഒരു സ്ക്രീൻ മാത്രം കാണുക. ടിവി, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ ഒരേസമയം ഉപയോഗിക്കരുത്.
∙ ഉറങ്ങുന്ന സമയത്തു ഫോണിൽ വിഡിയോകൾ കാണിച്ചു കൊടുക്കരുത്.

> 5 മുതൽ 10 വയസ്സുവരെ
∙ പരമാവധി സ്ക്രീൻ സമയം 2 മണിക്കൂർ.
∙ വിദ്യാഭ്യാസം, പഠനം, സാമൂഹിക ആശയവിനിമയം എന്നിവയ്ക്കാവണം മുൻതൂക്കം. വിനോദത്തിനുവേണ്ടിയുള്ള സ്ക്രീൻ ഉപയോഗം കുറച്ചുമതി.
∙ കുട്ടികൾക്കു സ്വന്തമായി സ്മാർട് ഫോൺ വാങ്ങി നൽകരുത്. അച്ഛനമ്മമാരിൽ ആരുടെയെങ്കിലും ഫോൺ നൽകാം.
∙ ഫോൺ ഉപയോഗിക്കുന്ന സമയത്തു കുട്ടികൾക്കൊപ്പം ഒരുമിച്ചിരിക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം.

> 10– 18 വയസ്സു വരെ
∙ സ്ക്രീൻ സമയം കുട്ടികളിൽ വലിയ പ്രശ്നമാകുന്ന പ്രായം. തെറ്റായ രീതിയിലുള്ള സ്ക്രീൻ ഉപയോഗത്തിലേക്കും ഡിജിറ്റൽ അടിമത്തത്തിലേക്കും നയിക്കാം.
∙ അവരുടെ മറ്റ് ഉത്തരവാദിത്തങ്ങളെ മറികടക്കുന്ന വിധത്തിൽ സ്ക്രീൻ സമയം കൂടുകയാണെങ്കിൽ ശ്രദ്ധിക്കണം.
∙ കൗമാരപ്രായക്കാരുടെ ഫോൺ ഉപയോഗം രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണം.
* (അവലംബം: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി), ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) മാർഗ നിർദേശങ്ങൾ)

യാത്ര തുടങ്ങാം, ഒരുമിച്ച്

> ആദ്യഘട്ടം
∙ മൊബൈൽ കിടക്കയിൽ വച്ചുറങ്ങുന്ന ശീലത്തിനു ഗുഡ് ബൈ
∙ വാർത്തകൾ വായിക്കാനും അറിവു നേടാനും വിനോദത്തിനുമുള്ള ഓൺലൈൻ ടൈം, സോഷ്യൽ മീഡിയ ടൈം, യു ട്യൂബ് ടൈം എന്നിങ്ങനെ സമയം സെറ്റ് ചെയ്യാം, പാലിക്കാം
∙ പഠനത്തിനായി മൊബൈൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധ അതിൽ മാത്രമാകട്ടെ.
∙ ഉറങ്ങാൻ കിടക്കുമ്പോൾ അവസാനം ചെയ്യുന്നതും ഉണരുമ്പോൾ ആദ്യം ചെയ്യുന്നതും മൊബൈൽ നോട്ടം എന്നതു മായ്ചുകളയാം.

image

> രണ്ടാം ഘട്ടം
∙ മൊബൈലിനും ഇന്റർനെറ്റിനും അപ്പുറം ഹോബികളും ചങ്ങാത്തവും വളർത്താം
∙ ഇതുൾപ്പെടെയുള്ള സ്വയം പരിവർത്തനങ്ങൾ കുറിച്ചുവയ്ക്കാം.
∙ വീട്ടിൽ എല്ലാവരും ചേർന്നുള്ള ഫാമിലി ടൈമിനു തുടക്കം കുറിക്കാം.
∙ സ്കൂളിലും കോളജിലും ആക്ടിവിറ്റി ക്ലബ്ബുകൾ തുടങ്ങാം.

> മൂന്നാം ഘട്ടം
∙ സൈബർ കെണികളെക്കുറിച്ചു ബോധമുള്ളവരാകാം. ഈ ബോധ്യം മറ്റുള്ളവരിലേക്കു പകരാനുള്ള പ്രചാരണത്തിന്റെ ഭാഗമാകാം
∙ സൈബർ ഇടത്തിലെ പൊതുമര്യാദകൾ പഠിക്കാം, പങ്കുവയ്ക്കാം.
∙ ഡിജിറ്റൽ അഡിക്‌ഷൻ ഉള്ളവരെ കണ്ടെത്തുകയും ഇക്കാര്യം രക്ഷാകർത്താക്കളെയോ സ്കൂൾ അധികൃതരെയോ അറിയിച്ച് ശാസ്ത്രീയ പരിഹാരം തേടുകയും ചെയ്യാം.

മുന്നിൽ നടക്കാം നമുക്ക്
∙ മായ സൂസൻ ജേക്കബ്, കൗൺസലിങ് സൈക്കോളജിസ്റ്റ്, ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസ്, കോട്ടയം

അച്ഛനമ്മമാർ, സഹോദരങ്ങൾ, അധ്യാപകർ, രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, ചുറ്റും കാണുന്ന മുതിർന്നവർ – ആരെയാണു കുട്ടികൾ മൊബൈൽ ഉപയോഗത്തിൽ മാതൃകയാക്കുക? സ്റ്റേജിൽ പരിപാടികൾക്കിടയിൽ, ഭക്ഷണം കഴിക്കുമ്പോൾ, ഒരാൾ ക്ലാസെടുക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ എല്ലാം എല്ലാവരും മൊബൈൽ ഫോണിലാണ്. മറ്റൊരാളെ കേൾക്കാനോ ചുറ്റും നടക്കുന്നത് അറിയാനോ താൽപര്യപ്പെടാതെ ഫോണിൽ മുഴുകിയിരിക്കുന്നവരെ കണ്ടാണു കുട്ടികളും വളരുന്നത്. അതുകൊണ്ട് ഡിജിറ്റൽ ഡിസിപ്ലിൻ എന്നത് എല്ലാവരും പഠിക്കണം.

മൊബൈൽ കാണിച്ചു ഭക്ഷണം കഴിപ്പിക്കുന്നതുതന്നെ ആദ്യം നിർത്താം. കുഞ്ഞ് കരഞ്ഞേക്കാം, വാശി പിടിച്ചേക്കാം, ഭക്ഷണം കഴിക്കാതിരുന്നേക്കാം പക്ഷേ അത് ഒന്നോ രണ്ടോ ദിവസമേ ഉണ്ടാകൂ. വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും ഉണ്ടെങ്കിൽ അവർക്കുൾപ്പെടെ ഡിജിറ്റൽ ബോധവൽക്കരണം അനിവാര്യമാണ്. കാരണം അച്ഛനമ്മമാർ നിയന്ത്രിക്കാൻ ശ്രമിച്ചാലും അപ്പൂപ്പനും അമ്മൂമ്മയും കുട്ടികളെ അമിതമായി ലാളിക്കുകയും ഫോൺ ഉൾപ്പെടെ കൊടുക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.

പകരം മറ്റെന്ത് നൽകും
മിനോൺ ജോൺ, നടൻ, ചിത്രകാരൻ.

ചില ദിവസങ്ങളിൽ ഫോൺ പൂർണമായും മാറ്റിവച്ചു ജീവിതത്തിലെ ക്രിയേറ്റിവിറ്റി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ഞാൻ നടത്താറുണ്ട്. ഫോൺ ഉപയോഗിക്കാനാകാതെ നമ്മൾ ‘ബ്ലാങ്ക്’ ആയിപ്പോകും. ആ ശൂന്യത സർഗാത്മകമായി വിനിയോഗിക്കാൻ നമ്മൾ നിർബന്ധിതരാകും. അപ്പോൾ എന്തെങ്കിലുമൊരു പുതിയ കാര്യം ചെയ്യാൻ എനിക്കു കഴിയാറുണ്ട്.

കുട്ടികളുടെ കാര്യമെടുത്താൽ, നമ്മൾ നൽകുന്ന ലോകം അവർക്ക് അത്ര സന്തോഷമൊന്നും നൽകുന്നില്ല. നമ്മുടെ സമൂഹം ഒട്ടും ബാലസൗഹൃദമല്ല. അവിടെയാണു നമ്മൾ അവരോടു പറയുന്നത്– ‘നീ ഫോൺ ഉപയോഗിക്കരുത്. ഈ സമൂഹത്തിൽ ഇറങ്ങി ജീവിക്കണമെന്ന്’. ഫോൺ മാറ്റിവച്ചാൽ അതിനു പകരം അവർക്കു മറ്റെന്താണു നമ്മൾ നൽകുന്നത്?. നല്ല ഭക്ഷണം, ചുറ്റുപാട്, കളിയിടങ്ങൾ, നന്നായി ആശയവിനിമയം നടത്തുന്ന അച്ഛനും അമ്മയും കൂട്ടുകാരും, അവർക്കു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവസരം – ഇങ്ങനെയൊക്കെയാണെങ്കിൽ കുട്ടികൾ ഫോണിനു മാത്രമല്ല, ഒരു കാര്യത്തിനും അടിമപ്പെടില്ല. അതുറപ്പാണ്.

ഫോൺ ദുരുപയോഗത്തിൽ ശ്രദ്ധിക്കേണ്ടതു മുതിർന്നവർ
ഡോ. പി.എൻ.സുരേഷ് കുമാർ, പ്രഫസർ ഓഫ് സൈക്യാട്രി, ചൈതന്യ സെന്റർ ഫോർ ന്യൂറോസയൻസസ്, കോഴിക്കോട്

മൊബൈൽ ഫോണിന്റെ ഉപയോഗത്തെക്കാൾ ദുരുപയോഗത്തിൽ ശ്രദ്ധിക്കേണ്ടതു മുതിർന്നവരാണ്. അച്ഛൻ ഒരു വശത്തു മൊബൈലിൽ, അമ്മ വേറൊരു വശത്ത് മൊബൈലിൽ... മക്കളും ഫോണിൽ. എല്ലാവരുടെയും ഫോണിന് പാസ്‌വേഡും ലോക്കും. വീട്ടിലുള്ള സമയത്തു കുടുംബാംഗങ്ങൾ ഒരുമിച്ചു സംസാരിക്കുകയും കളിക്കുകയും തമാശ പറയുകയും തർക്കിക്കുകയുമൊക്കെ വേണം. അപ്പോൾ ഫോൺ മാറിയിരിക്കട്ടെ. കുട്ടികളെ വീട്ടുകാര്യങ്ങളിൽ ഉൾപ്പെടുത്തുകയും മൊബൈൽ പോലെയുള്ള തർക്ക വിഷയങ്ങളിൽ അവരോടു തന്നെ സംസാരിച്ചു സമയക്രമീകരണം ഏർപ്പെടുത്തുകയും ആകാം. അച്ഛന്റെയും അമ്മയുടെയും ഫോൺ മക്കൾക്കും അവരുടെ ഫോൺ അച്ഛനും അമ്മയ്ക്കും നോക്കാനാകുന്ന വിധം സുതാര്യത വേണം.

(പരമ്പര അവസാനിച്ചു )

തയാറാക്കിയത്: ഗായത്രി ജയരാജ്, വിനോദ് ഗോപി, ജോജി സൈമൺ, ജിക്കു വർഗീസ് ജേക്കബ്
സങ്കലനം: നിധീഷ് ചന്ദ്രൻ

Content Highlight: Mobile phone Addiction, Smartphone Addiction, Online Gaming, Smart Parenting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com