ADVERTISEMENT

∙ ജോർജ് ഓണക്കൂർ: കിഞ്ചിത്ത് ശേഷം അഥവാ ഇത്തിരി ബാക്കി എന്നാണു വൈലോപ്പിള്ളി കവിതയ്ക്കു പേരിട്ടത്. അതുകണ്ടു ഞാൻ കളിയാക്കി. പുസ്തകവും മടക്കി അദ്ദേഹം ഒരു പോക്കുപോയി. രാത്രിയായപ്പോൾ എന്റെ വീടിന്റെ വാതിലിൽമുട്ടി വൈലോപ്പിള്ളി. ‘ചെറുപ്പക്കാരൻ പറഞ്ഞതാ ശരി; ഞാൻ കവിതയുടെ പേരുമാറ്റി’. എഴുതിയിരിക്കുന്നതു ഞാൻ നോക്കി – മകരക്കൊയ്ത്ത്.

∙ ഹരീഷ് പേരടി: അബുദാബി എയർപോർട്ടിൽ വച്ച് കുറെ പാക്കിസ്ഥാനികൾ ചുറ്റും വന്നുനിന്നു, ഒപ്പം ഒരു ഫോട്ടോയെടുക്കണം എന്നു പറഞ്ഞ്. ഞാൻ ഞെട്ടിപ്പോയി. ഇവർക്ക് എന്നെ എങ്ങനെ അറിയാം? തമിഴ് സിനിമകളുടെ ഹിന്ദി റീമേക്കുകൾ അവർ കാണാറുണ്ട്. അങ്ങനെ അവർ തിരിച്ചറിഞ്ഞപ്പോൾ സന്തോഷം തോന്നി.

∙ സേതു: മാനേജ്മെന്റിൽ സർഗപരതയുണ്ട്, അതുപോലെ എഴുത്തിൽ മാനേജ്മെന്റും. എനിക്കറിയാത്ത ഏതൊക്കെയോ തലങ്ങളിൽ ഇവ പരസ്പരം പൂരിപ്പിക്കുന്നുമുണ്ട്. എന്നാലും ഒരു കാര്യത്തിൽ എനിക്കു ഖേദം ഉണ്ടായിരുന്നു, എഴുത്തുകാർ എന്നെ ബാങ്കുകാരനായി കണ്ടു, ബാങ്കുകാർ എഴുത്തുകാരനായും. അങ്ങനെ ചിലപ്പോഴെങ്കിലും അവിടെയും ഇവിടെയുമല്ലാത്ത സ്ഥലജലഭ്രമം.

∙ സെബാസ്റ്റ്യൻ പോൾ: ബിജെപിയുടെ ബുദ്ധിക്കു കൂർമത വർധിക്കുമ്പോൾ പ്രതിപക്ഷത്തിന്റെ അവസ്ഥയെന്താണ്? 2004ലെ പോലെ പ്രതിപക്ഷത്തെ സംയോജിപ്പിക്കാൻ ഇന്നൊരു സുർജിത്തില്ല. നിയമസഭാ തിരഞ്ഞെടുപ്പിനുപോലും സ്ഥാനാർഥികളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നിരിക്കെ രാഷ്ട്രപതിസ്ഥാനത്തേക്കു മത്സരിക്കാൻപോലും ആളില്ലല്ലോ. പാൻ ഇന്ത്യൻ അപ്പീലുള്ള ഒരു നേതാവ് പ്രതിപക്ഷത്തില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

∙ ആർ.ബി.ശ്രീകുമാർ: ഗുജറാത്തിൽ കലാപത്തിനു തൊട്ടുപിന്നാലെ ഇന്റലിജൻസ് വിഭാഗം മേധാവിയായ ആളാണു ഞാൻ. ഇന്റലിജൻസ് മേധാവി എന്നു പറഞ്ഞാൽ മുഖ്യമന്ത്രിയുടെ വലംകയ്യും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായിരിക്കും എന്നാണു വയ്പ്‌. എന്നാൽ, എന്റെ കൂറ് ഇന്ത്യൻ ഭരണഘടനയോടു മാത്രമാണ്. കോൺഗ്രസിന്റെയോ ബിജെപിയുടെയോ നിയമാവലികളല്ല, ഇന്ത്യൻ ഭരണഘടനയാണു ഞാൻ പിന്തുടരുന്നത്.

∙ ജോസി ജോസഫ്: നരേന്ദ്ര മോദി ചെയ്യുന്നതെല്ലാം അദ്ദേഹം അധികാരത്തിലെത്തുന്നതിനു മുൻപു പ്രതീക്ഷിച്ചതു മാത്രമാണ്. നിരാശപ്പെടുത്തുന്നത് ഇത്രയും ആസൂത്രിത അടിച്ചമർത്തലുകൾ ഉണ്ടാകുമ്പോൾ തെരുവിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷമില്ല എന്ന കാര്യമാണ്. ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ നിരാശ മോദിയല്ല, മോദിക്കെതിരെ തെരുവിലിറങ്ങാത്ത പ്രതിപക്ഷമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com