ADVERTISEMENT

ഷംസീറിക്കയുടെ ഗവേഷണഫലം കേട്ടപ്പോൾ പ്രതിപക്ഷം അന്ധാളിച്ചുപോയി. ഇത് ഒരു പാരയാണോ?. നമ്മുടെ മുഖ്യൻ പ്രകാശം പരത്തുന്ന മനുഷ്യനാണത്രേ! അതു കേട്ടതും നിയമസഭയിൽ ഭരണപക്ഷം ആദ്യം ആർത്തട്ടഹസിച്ചു. പിന്നെയായിരുന്നു സംശയം. പരക്കുക എന്ന വാക്കാണു പ്രതിപക്ഷത്തെ ഞെട്ടിച്ചത്. രോഗങ്ങൾ പരക്കുന്നതായി പറയും. ഹോട്ടൽ തൊഴിലാളികളും തടവുകാരും ചപ്പാത്തി പരത്തും. അവയൊക്കെ കഴിഞ്ഞാ‍ൽ പരത്തൽ പ്രക്രിയ നടക്കുന്നതു പ്രകാശത്തിലേയുള്ളൂ.

പ്രതിപക്ഷം ഓർത്തെടുത്തു. മുൻപ് ഒരു വിദ്വാൻ ഈ വാക്കെടുത്ത് ഒരു കളി കളിച്ചതല്ലേ? ഹൈക്കോടതിയിലെ ഒരു ജഡ്ജി പ്രകാശം പരത്തിയിരുന്നതായി കണ്ടെത്തിയത് എം.വി.ജയരാജനല്ലേ? ആ ഒറ്റവാക്ക് ഏതാ? ശുംഭൻ! അപ്പോൾ ഷംസീറിക്ക കലിപ്പ് തീർത്തതാണോ?. രണ്ടാമതും എംഎൽഎ ആയ തന്നെ വെട്ടി കന്നിക്കാരെ വരെ മന്ത്രിയാക്കിയതിന്.

ഷംസീറിക്ക കഴിഞ്ഞാൽ മുഖ്യൻ പ്രകാശം പരത്തുന്ന വിവരം അറിയാവുന്ന ഒരാൾ കൂടി ഉണ്ടാകണം ഈ മണ്ണിൽ. എകെജി സെന്ററിലെ തൂണിൽ ബോംബ് എന്നു പറയപ്പെട്ട പടക്കം എറിഞ്ഞ ആൾ. രാത്രി 11.25ന് ആയിരുന്നു ബോംബേറ്. ക്ലിഫ് ഹൗസിൽ പ്രകാശം ഉറങ്ങാൻ കിടക്കുന്ന നേരത്ത്! പ്രകാശം ഇല്ലാത്തതിനാൽ സിസിടിവിയിൽ ചിത്രം കൃത്യമായി തെളിഞ്ഞതുമില്ല.

1983ൽ കെഎസ്‌യുക്കാർ എകെജി സെന്ററിലേക്കു കല്ലെറിഞ്ഞിട്ടുണ്ട്, പകൽ 12ന്. അതും സെക്രട്ടേറിയറ്റ് യോഗം നടക്കുമ്പോൾ. സഖാക്കൾ കൂട്ടത്തോടെ തെരുവിലിറങ്ങി. അവരുടെ കല്ലേറിൽ മന്ത്രി അഹമ്മദിന്റെ മൂക്കു മുറിഞ്ഞു. അങ്ങനെ മൂക്കിനു താഴെ നടക്കുന്ന പ്രശ്നങ്ങൾ അന്ന് അദ്ദേഹവും കണ്ടത്രേ. അതിനുശേഷം കോൺഗ്രസുകാരുടെ പ്രതിഷേധം ഇങ്ങോട്ടു വന്നിട്ടില്ല. സഖാക്കളാകട്ടെ ഇന്ദിരാഭവനിൽ ഇടയ്ക്കിടെ ആക്രമണം നടത്തി സമാധാനത്തോടെ കഴിയുകയായിരുന്നു.

പെട്ടിക്കടകളിൽപോലും കൃത്യതയുള്ള ക്യാമറകൾ ഘടിപ്പിക്കും. വിവാഹത്തിൽ മാത്രമല്ല, സിസിടിവിയിലും ആഡംബര ഭ്രമമുള്ളവരല്ല കമ്യൂണിസ്റ്റുകൾ. നമുക്കും സിസിടിവി ഉണ്ടെന്നു കാണിക്കാൻ വേണ്ടിമാത്രം ചെലവുകുറഞ്ഞ ഒരെണ്ണം സ്ഥാപിച്ചു. തൊട്ടടുത്തുവന്നു കൊഞ്ഞനം കാണിക്കുന്നവരെപ്പോലും ഈ ക്യാമറ ഒപ്പിയെടുക്കില്ല. ക്യാമറയ്ക്കൊരു കുഴപ്പമെന്നു പറയാൻ അതുമാത്രമേയുള്ളൂ. ബാക്കിയെല്ലാം പെർഫെക്ട്.

ബോംബ് പൊട്ടിയതും അതാ ഇ.പി.സഖാവ് ഹാജർ. കായിക വകുപ്പിന്റെ മന്ത്രിയായിരുന്നല്ലോ. അക്കാലത്തെ അതേ കുതിപ്പ്. സ്ഫോടനവും സഖാവിന്റെ വരവും തമ്മിലുള്ള സമയവ്യത്യാസം തിട്ടപ്പെടുത്താനാകുന്നില്ല. അതിനു പറ്റിയ മെഷീൻ കിട്ടുമോ? അന്വേഷിക്കുകയാണു പൊലീസുകാർ. പാർട്ടിക്കൊരു പ്രശ്നം വന്നാൽ ആദ്യം ഓടിയെത്തുന്ന സഖാവ്. പണ്ടേ ജയരാജന്റെ പ്രത്യേകതയാണത്. സെന്ററിന്റെ ഉയർന്ന നിലയിൽ ഇരുന്നു വായിക്കുകയായിരുന്നു ശ്രീമതി ടീച്ചർ. കെട്ടിടം കിടുങ്ങിയപ്പോൾ നിലത്തു വീഴാത്തതു ഭാഗ്യമെന്നേ ടീച്ചർക്കു പറയാനുള്ളൂ. തൂണാക്രമണത്തിൽ മൂന്നു മെറ്റൽ കഷണങ്ങൾ ഇളകിത്തെറിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ സ്ഫോടനത്തിന്റെ ആഘാതം ക്രമേണ കുറയുന്നുണ്ട്.

ആദ്യം കോൺഗ്രസിന്റെ മുതുകിലാണു ജയരാജൻ ഏണി ചാരിയത്. പിന്നെ അദ്ദേഹംതന്നെ അത് എടുത്തുമാറ്റി. സൈബർ സഖാക്കൾക്കും എന്തോ ഒരു ഉത്സാഹക്കുറവ്. അവർക്കുതന്നെ സംശയം, പീഡനക്കേസുകളിൽ ടീച്ചർ തയാറാക്കിയ റിപ്പോർട്ടുകൾ വായിച്ചു സ്വയം ഞെട്ടിയതാണോ? പാർട്ടി ചാനലിലെ വാർത്തയും നേതാക്കളുടെ വരവുമൊക്കെ കണക്കുകൂട്ടി നോക്കിയവർ പറയുന്നു, സ്ഫോടനം ഒരു മിനിറ്റ് വൈകിയെങ്കിൽ ഡിഫിയുടെ പ്രകടനം നേരത്തേ നടന്നേനെ! ടൈമിങ്ങിനാണ് മാർക്ക്. ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർ പരിഹസിക്കും. അതൊന്നും കേട്ടാൽ വല്ലാതങ്ങു കിടുങ്ങുന്നവരല്ല സഖാക്കൾ. മുന്നോട്ടങ്ങനെ മുന്നോട്ട്...

∙ നിലവിളക്ക് ഇരുന്നിടത്ത് നിലവിളി കേട്ടാൽ

ധനം ചോദിച്ച് ഇനം തിരിച്ചറിഞ്ഞവരാണു മുൻകാല കമ്യുണിസ്റ്റ് നേതാക്കൾ. 1964, പാർട്ടി നെടുകെ പിളർന്ന കാലം. മധ്യനിരക്കാർ ഏതു ചേരിയിലെന്നു മുതിർന്ന നേതാക്കൾക്കു തിട്ടമില്ല. കൂറ് വലതൻ സിപിഐയോടോ? അതോ, ഇടതൻ സിപിഎമ്മിനോടോ? അതിനുള്ള കോഡ് ആയിരുന്നത്രേ ‘25 രൂപ’! കൃഷ്ണയ്യർ ഏതു ചേരിയിലെന്ന് അഴീക്കോടൻ രാഘവനു സംശയം. വീട്ടിൽചെന്ന് 25 രൂപ ചോദിച്ചു. കാശു കൈകാര്യം ചെയ്യുന്നതു ഗുമസ്തനാണല്ലോയെന്ന് അയ്യർ. അഴീക്കോടൻ ഉറപ്പിച്ചു, സ്വാമി വലത്തേ ഇരിക്കൂ. വിശ്വനാഥ മേനോന്റെ വീട്ടിൽചെന്ന് അച്യുതമേനോനും ചോദിച്ചു, 25 രൂപ. ഇല്ലെന്നു പറഞ്ഞതോടെ വിശ്വന്റെ വഴി ഇടത്താണെന്നു നിശ്ചയിച്ചു.

കാലമേറെ കഴിഞ്ഞെങ്കിലും നോട്ടിലേക്കുള്ള നോട്ടം വിട്ടിട്ടില്ല സഖാക്കൾ. അതാണു പയ്യന്നൂരിൽ പാർട്ടിക്കുള്ളിലെ വിമ്മിട്ടങ്ങൾ. ഓഫിസ് നിർമാണം, തിരഞ്ഞെടുപ്പ്, രക്തസാക്ഷി കുടുംബസഹായം എന്നിവയ്ക്കുവേണ്ടി പിരിച്ചതു ലക്ഷങ്ങൾ. കിട്ടിയതെല്ലാം പക്ഷേ അക്കൗണ്ടിലില്ല. ഏരിയ സെക്രട്ടറി കുഞ്ഞുകൃഷ്ണൻ കണക്കെടുത്തു. അതു നേതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. തിരഞ്ഞെടുപ്പു ഫണ്ടിനു രണ്ടുതരം രസീതു കുറ്റികൾ.

cpm-fund-04

യഥാർഥ രസീതിൽ ‘ഇടത്’ ജനാധിപത്യമുന്നണി; വ്യാജനിൽ ‘ഇടതു’ ജനാധിപത്യമുന്നണി. മലയാള ഭാഷയിലെ ചന്ദ്രക്കല, ഉ അടയാളങ്ങൾവരെ തട്ടിപ്പിനായി ഉപയോഗിക്കാമെന്നു കണ്ടുപിടിച്ച ആ വലിയ മനസ്സുണ്ടല്ലോ, അതിനെ നമിക്കാതിരിക്കാൻ കഴിയുമോ? ധനരാജിന്റെ രക്തസാക്ഷി ഫണ്ടിലേക്കു പിരിച്ചതു 85 ലക്ഷം രൂപ. കുടുംബത്തിനു നൽകിയതു 43 ലക്ഷം രൂപ. ബാക്കി 42 ലക്ഷം എവിടെ? രക്തസാക്ഷികൾ പാർട്ടിയുടെ സ്വത്താണെന്നേ സഖാക്കൾ പറയാറുള്ളൂ. അതിന്റെ പൊരുൾ മനസ്സിലാക്കാൻ കുഞ്ഞുകൃഷ്ണൻ വൈകിയോ?

പാർട്ടിക്കു സ്വന്തമായി കോടതിയും ജഡ്ജിയും മാത്രമല്ല, കഴുമരം വരെ ഉണ്ട്. കുഞ്ഞുകൃഷ്ണന്റെ കുറ്റപത്രം പാർട്ടിക്കോടതി പരിശോധിച്ചു. ജില്ലാ സെക്രട്ടേറിയറ്റി‍ൽ ആയിരുന്ന എംഎൽഎ മധുസൂദനനെ ഇതാ ജില്ലാ കമ്മിറ്റിയിലേക്ക് ഇറക്കിവച്ചിരിക്കുന്നു. ഡസ്കിൽ ഇരുന്ന മധു ഇനി ബെഞ്ചിൽ. വാദിയായ കുഞ്ഞുകൃഷ്ണനെയും തെറിപ്പിച്ചു.

ഇതെന്തു നീതിയെന്നു നിങ്ങൾക്കു തോന്നിയിരിക്കാം. അങ്ങനെ തോന്നാൽ അടുത്തകാലത്തെങ്ങാനും നീതി നടപ്പാക്കിയതായി അറിയാമോ? നിലവിളക്ക് ഇരുന്നിടത്തു നിലവിളി എന്നപോലെ കുഞ്ഞുകൃഷ്ണന്റെ കസേര മറ്റൊരാൾക്കു സമ്മാനിച്ചു. പു‍ഞ്ചിരിച്ച കുഞ്ഞുകൃഷ്ണൻ ചെങ്കൊടി ഭാരവാഹിത്വം ഉപേക്ഷിച്ചു വീട്ടിലേക്കു വിട്ടു. ആ പ്രദേശങ്ങളിൽ ആയുസ്സിൽ ഭയമുള്ളവർ ഇങ്ങനെ ചെയ്യുന്നതാണത്രേ പതിവ്. കുഞ്ഞുകൃഷ്ണൻ പോയതും പാർട്ടി മറ്റൊരു കണക്ക് അവതരിപ്പിച്ചു. അതനുസരിച്ചു നയാ പൈസ നഷ്ടമായിട്ടില്ല.

മാവോയുടെ കാലത്തു മിന്നിത്തിളങ്ങിയ സഖാവായിരുന്നു കാങ് ഷെങ്. 1975ൽ ഈ സഖാവ് മരിച്ചു. അതിനുശേഷം പാർട്ടി അദ്ദേഹത്തിനെതിരെ ചില കുറ്റങ്ങൾ കണ്ടെത്തി, 1980ൽ. പാർട്ടി വിരുദ്ധരുമായി കൈകോർത്തുവത്രേ. അല്ലെന്നു വാദിക്കാൻ പ്രതിയില്ലല്ലോ. അടിയന്തരമായി പാർട്ടിക്കോടതി ചേർന്നു. വിചാരണയ്ക്കൊടുവിൽ 5 വർഷം മുൻപു മരിച്ച കാങ്ങിനെ പുറത്താക്കി! പാർട്ടിയുടെ കണക്കുനോക്കൽ മാത്രമല്ല, ചൈനയുടെ ചരിത്രവും വായിച്ചിട്ടുണ്ട് കുഞ്ഞുകൃഷ്ണൻ.

സ്റ്റോപ് പ്രസ്

എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പിരിച്ചുവിട്ട കമ്മിറ്റിയിലെ അംഗങ്ങളും അഡ്ഹോക് കമ്മിറ്റിയിൽ.

വാഴ വയ്ക്കാനറിയാവുന്നവർ ചിലരെങ്കിലും വേണ്ടേ...

Content Highglights: CPM, AKG Centre Attack, EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com