ADVERTISEMENT

പുതിയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിനു മുന്നോടിയായി, ചില സംസ്ഥാനങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ മാർഗങ്ങൾ തേടിത്തുടങ്ങി. ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ വിദ്യാലയങ്ങളിൽ വ്യാപകമായ അധ്യാപകരുടെ ആൾമാറാട്ടം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സ്ഥിരം അധ്യാപകരാരും പഠിപ്പിക്കാനെത്താത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ സ്കൂളുകൾ പുതിയ വിദ്യാഭ്യാസനയം നടപ്പാകുന്നതോടെ ബുദ്ധിമുട്ടിലാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. സ്ഥിരം അധ്യാപകർക്കു പകരം വ്യാജ അധ്യാപകർ പള്ളിക്കൂടങ്ങളിലെത്തുന്ന ദുഷ്പ്രവണത തടയാനാണു പ്രധാനമന്ത്രിയുടെ നിർദേശം.

സ്കൂളുകളിലെ സ്ഥിരം അധ്യാപകരുടെ ഫോട്ടോ സഹിതമുള്ള തിരിച്ചറിയൽ വിവരങ്ങൾ ഓരോ ക്ലാസ് മുറിയിലും പ്രദർശിപ്പിക്കണമെന്നു പ്രധാനമന്ത്രി ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിൽ നിർദേശിച്ചു. ഫോട്ടോയിൽ കാണുന്ന ആളല്ല ക്ലാസെടുക്കാൻ എത്തുന്നതെങ്കിൽ രക്ഷിതാക്കൾക്കു വിദ്യാഭ്യാസവകുപ്പ് അധികൃതരെ ഫോണിൽ വിളിച്ചു പരാതി അറിയിക്കാം. പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡുകളിലെ കുഴികളുടെയും മറ്റും ഫോട്ടോ എടുത്ത് അയയ്ക്കാൻ ഗ്രാമീണരോടു മോദി നടത്തിയ അഭ്യർഥനയ്ക്കു വൻ പ്രതികരണം ലഭിച്ചുവെന്നാണു മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ഫോൺ വഴി പ്രധാനമന്ത്രിക്കു പരാതി നൽകാമെന്ന വിവരം ടിവിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ചതോടെ പ്രധാനമന്ത്രിയുടെ പോർട്ടലിൽ ഫോട്ടോകൾ വന്നു നിറഞ്ഞു. റോഡ് തകർച്ചയ്ക്ക് ഉത്തരവാദികളായ എൻജിനീയർമാരും കരാറുകാരും ശിക്ഷിക്കപ്പെടുമെന്നായപ്പോൾ ഗ്രാമീണപാതകളുടെ സ്ഥിതിയും മെച്ചപ്പെട്ടു.

തൊഴിൽസ്ഥലത്തെ ആൾമാറാട്ടം ഉത്തരേന്ത്യയിൽ വ്യാപകമായ പ്രതിഭാസമാണ്. അധ്യാപകരടക്കം സർക്കാർ ജീവനക്കാർ, തങ്ങൾക്കിഷ്ടമില്ലാത്ത സ്ഥലത്താണു നിയമനം ലഭിക്കുന്നതെങ്കിൽ ജോലിയെടുക്കാൻ പകരക്കാരെ അയയ്ക്കും. ഇതിനായി പകരക്കാർക്കു ശമ്പളത്തിന്റെ ഒരു വിഹിതം നൽകും. ഉൾനാടൻ പട്ടണങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായതിനാൽ പകരക്കാരെ കണ്ടെത്തുക എളുപ്പമാണ്. വ്യാജന്മാർക്കു ചേരുന്ന വിധം മാറ്റിമറിച്ച തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിക്കൊടുക്കുന്ന കേന്ദ്രങ്ങളുമുണ്ട്. ഗ്രാമീണമേഖലകളിൽ മേലധികാരികൾ ഇല്ലാത്തതും അധികം ജീവനക്കാരില്ലാത്തതുമായ ഓഫിസുകളിലാണ് ആൾമാറാട്ടം കൂടുതലും. ഒരധ്യാപകൻ മാത്രമുള്ള സ്കൂളുകളിലും ഒരു ഡോക്ടർ മാത്രമുള്ള പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഇതു വ്യാപകമാണ്.

മൂന്നോ നാലോ ജീവനക്കാർ മാത്രമുള്ള സ്ഥാപനങ്ങളിൽപോലും സ്ഥിതി വ്യത്യസ്തമല്ല. പൊതുജനങ്ങളുടെ ജാഗ്രത കാര്യമായി ഇല്ലാത്ത മേഖലകളിൽ സ്ഥിരം ജീവനക്കാരും അധ്യാപകരും വല്ലപ്പോഴുമാണ് എത്തുക. മേലധികാരികളുടെ പരിശോധന നടന്നാൽ രക്ഷപ്പെടാൻ അവധി അപേക്ഷകൾ മുൻകൂറായി തയാറാക്കിവച്ചിട്ടുണ്ടാവും. സാധാരണ സർക്കാർ ഓഫിസുകളിൽ ഇടയ്ക്കെങ്കിലും അധികൃതരുടെ പരിശോധനകൾ നടക്കാറുണ്ടെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്കൂളുകളിലും ആരുടെയും ശ്രദ്ധ ചെല്ലാറില്ല. മിക്കവാറും സ്ഥലങ്ങളിൽ രക്ഷിതാക്കൾ അവരുടെ നിത്യജീവിതപ്രശ്നങ്ങളുടെ നടുവിലായിരിക്കും. അതിനിടെ, സ്കൂളിൽ എത്തുന്നത് അവിടേക്കു നിയമിക്കപ്പെട്ട യഥാർഥ അധ്യാപകനാണോ എന്നു നോക്കാൻ അവർക്കു കഴിയാറുമില്ല.

∙ അവർ കൃഷിയിടങ്ങളിൽ ജോലിയിലാണ്

ജാർഖണ്ഡിലെ മാവോയിസ്റ്റ് മേഖലകളിൽ നിയമിതരായ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർപോലും ഒപ്പിടാൻ പകരക്കാരെ വച്ചിരിക്കുകയാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. ബിഹാറിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിയമിതരായ നല്ലൊരു ശതമാനം ഡോക്ടർമാരും നഴ്സുമാരും മാസത്തിലൊരിക്കലാണ് ക്ലിനിക്കിലെത്തുന്നതെന്ന് ഒരു മന്ത്രിതന്നെ ഒരിക്കൽ വെളിപ്പെടുത്തി. അവരെല്ലാം കൃഷിയടക്കം മറ്റു ജോലികളിൽ ഏർപ്പെട്ടുകൊണ്ടാണു ശമ്പളം വാങ്ങുന്നത്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും പല ജില്ലകളിലും ജയിൽവാസത്തിനു ശിക്ഷിക്കപ്പെടുന്നവർ തടവിൽ കിടക്കാൻ പകരക്കാരെ അയയ്ക്കുന്ന പ്രവണതയും വ്യാപകമാണ്. ജയിൽ അധികൃതരുടെയും പൊലീസിന്റെയും ഒത്താശയോടെയാണിത്. ഒരു ഭൂവുടമയോ ബിസിനസുകാരനോ ശിക്ഷിക്കപ്പെട്ടാൽ അയാളുടെ പേരിൽ മറ്റൊരാളായിരിക്കും ജയിലിൽ പോകുക. ഇങ്ങനെ പോകുന്നവരുടെ കുടുംബങ്ങളുടെ സംരക്ഷണം ഭൂവുടമ ഏറ്റെടുക്കും. പക്ഷേ, യുപിയിലെ ജയിലുകളിൽ ബയോ മെട്രിക് തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തിയതോടെ ഇത്തരം ആൾമാറാട്ടം ഇല്ലാതായെന്നാണു പൊലീസ് വകുപ്പ് അവകാശപ്പെടുന്നത്.

എന്നാൽ, ബെംഗളൂരുവിലെ അതീവ സുരക്ഷാ ജയിലിലെ അഴിമതി ഈയിടെ കർണാടകയിൽ വെളിച്ചത്തു വന്നതു ഡിഐജി ഡി.രൂപ നടത്തിയ പരിശോധനയിലാണ്. വി.കെ.ശശികല ജയിൽവാസത്തിനിടെ അനധികൃതമായ പുറത്തുപോയി വന്നതായി പരിശോധനയിൽ കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ടാത്തലവന്മാർ ജയിലിൽ കിടക്കാൻ പകരക്കാരെ വിടുന്നുവെന്നും ഇതിനു ജയിൽ അധികൃതർ കൂട്ടുനിൽക്കുന്നുവെന്നും നാലുവർഷം മുൻപ് വെളിപ്പെടുത്തിയത് പഞ്ചാബിലെ ജയിൽ മന്ത്രിതന്നെയാണ്.

സ്ഥിരം അധ്യാപകരുടെ ഫോട്ടോ ക്ലാസ്മുറിയിൽ പ്രദർശിപ്പിക്കുന്നത് ആൾമാറാട്ടം തടയുമോ? അധ്യാപകർക്കുതന്നെയും ജോലിക്കു പ്രചോദനം നൽകുന്ന നടപടികളും പ്രധാനമന്ത്രി ഇതിനൊപ്പം സ്വീകരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടം മെച്ചപ്പെടുത്തണം. കുട്ടികൾക്കു ശരിയായ അധ്യാപകരെയാണു കിട്ടുന്നതെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

പക്ഷേ, ഇതിനിടെ ഒന്നിനു പിറകെ മറ്റൊന്നായി പല സംസ്ഥാനങ്ങളിലും അധ്യാപക നിയമനവിവാദം ഉയരുന്നുണ്ട്. ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട 273 അധ്യാപകരെ പിരിച്ചുവിടാൻ ഈയിടെയാണു കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടാണു ഹരിയാനയിൽ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയും കൂട്ടാളികളും ജയിൽശിക്ഷ അനുഭവിക്കുന്നത്.

എന്നിട്ടും ഹരിയാനയിൽ കൂടുതൽ അധ്യാപക നിയമനത്തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പരീക്ഷയെഴുതാൻ വിദ്യാർഥികൾ ആൾമാറാട്ടം നടത്തിയത് അടക്കം ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമീപകാലത്ത് യുപിയിൽ ഒരു സർവകലാശാലയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. എൻഡിഎ സർക്കാരുകൾ ഭരിക്കുന്ന ബിഹാർ, യുപി, ഹരിയാന എന്നിവിടങ്ങളിൽ സ്കൂളുകളിലെ ആൾമാറാട്ടക്കാരെ പുറത്താക്കി അവിടങ്ങളിൽ ശുദ്ധികലശം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുൻകയ്യെടുക്കേണ്ടിവരും

English Summary: Impersonation of Teachers in North India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com