ADVERTISEMENT

നല്ല ഐശ്വര്യമുള്ള മാന്യദേഹമായിരുന്നു മെന്റർ. മിടുമിടുക്കൻ. വിവരവും വിവേകവുമുള്ളവൻ. തികഞ്ഞ ബുദ്ധിശാലി. 

ഗ്രീക്ക് ഇതിഹാസ കാവ്യമായ ഒഡീസ്സിയിലെ കഥാപാത്രമാണ് ശ്രീമാൻ മെന്റർ. ഇത്തക്ക എന്ന രാജ്യത്തെ രാജാവായിരുന്ന ഒഡീസ്സിയസിന്റെ കഥയാണ് ഗ്രീസിന്റെ വിശ്വമഹാകവി ഹോമർ ഒഡീസ്സിയിൽ പറയുന്നത്. രാജാവ് ട്രോജൻ യുദ്ധത്തിനു പുറപ്പെടുമ്പോൾ മകൻ ടെലമക്കസിനെ നോക്കാനുള്ള ചുമതല മെന്റർ അവർകളെ ഏൽപിച്ചു; പയ്യൻ നന്നായി വരട്ടെ എന്ന ചിന്തയിൽ. രാജകൊട്ടാരത്തിന്റെ ഭരണം ഏൽപിച്ചുകൊടുത്തതും അദ്ദേഹത്തെത്തന്നെ. 

ഗ്രീക്കുകാർക്കു യുദ്ധത്തിന്റെയും പ്രായോഗിക ബുദ്ധിയുടെയും ദേവതയാണ് അഥീന. ആതൻസ് നഗരത്തിന് ആ പേരുണ്ടായത് അഥീനയിൽനിന്നാണ്. 

അഥീനാദേവി ടെലമക്കസിന്റെ സഹായത്തിനെത്തുന്നുണ്ട് ഒഡീസ്സിയിൽ. മെന്ററിലൂടെയായിരുന്നു അഥീനയുടെ ഇടപെടൽ.

വിവേകിയായ മാർഗദർശി എന്ന അർഥത്തിൽ മെന്റർ എന്ന പദം ഉണ്ടായി വന്നത് ഒഡീസ്സിയിലെ മെന്ററിൽനിന്നാണ്. അഥീനാദേവിയുടെ ഇടപെടൽ മെന്റർ എന്ന വാക്കിനൊരു ദൈവിക സ്പർശംകൂടി നൽകുന്നതിനാൽ ഒരാൾ ആരുടെയെങ്കിലും മെന്ററാണെന്നു പറയുന്നത് അഭിമാനകരമായ കാര്യമാണ്. 

മെന്ററാകുന്നതും മെന്ററുണ്ടായിരിക്കുന്നതും ആക്ഷേപകരമാണെന്നു പറഞ്ഞ ഒരേയൊരാൾ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയാണ്. അഥീനാദേവിയോടു പ്രത്യയശാസ്ത്രപരമായ വിയോജിപ്പുള്ളതിനാലാവണം മുഖ്യമന്ത്രി മെന്റർ അവർകളെ തള്ളിപ്പറഞ്ഞതെന്ന് അപ്പുക്കുട്ടൻ വിചാരിക്കുന്നു; അല്ലെങ്കിൽ ഒറിജിനൽ മെന്ററെ പരിചയമില്ലാത്തതുകൊണ്ട്.

സകലമാന നേതാക്കളും ഗ്രീക്ക് പുരാണേതിഹാസങ്ങൾ വായിച്ചിരിക്കണമെന്ന് നമുക്കാർക്കും വാശിപിടിക്കാനാവില്ലല്ലോ.

 

 

English Summary: Mentor allegations kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com