ADVERTISEMENT

‍ഭരണഘടനയോട് കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിക്ക് ആ ഭരണഘടനയെക്കുറിച്ച് എന്തും വിളിച്ചുപറയാമോ? ഭരണകർത്താക്കളുടേത് ജനവിരുദ്ധ തീരുമാനങ്ങളാണെങ്കിൽ അതിനു ഭരണഘടനയെ പഴിക്കുന്നതെന്തിന്? ജനങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള ആത്യന്തിക ആശ്രയമാണത്. 

ഭരണഘടനയെക്കുറിച്ച് കേരളത്തിന്റെ സാംസ്കാരിക മന്ത്രി പറഞ്ഞ അഭിപ്രായങ്ങൾ കേവലം അ‍ജ്ഞതയുടെ പ്രകടനം മാത്രമല്ല, നഗ്നമായ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്. ഇന്ത്യൻ ഭരണഘടനയോടു കൂറുപുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്തുകൊണ്ടാണ് ഓരോ മന്ത്രിയും അധികാരമേൽക്കുന്നത്. പലരും കരുതുന്നതു പോലെ സത്യപ്രതിജ്ഞ എന്നതു കേവലം ചടങ്ങു മാത്രമല്ല. അതു ഭരണഘടനാപദവി ഏറ്റെടുക്കുന്നവർ രാജ്യത്തോടും ജനങ്ങളോടും ചെയ്യുന്ന വാഗ്ദാനമാണ്. അതിനാലാണു ഭരണഘടനയുടെ മൂന്നാം പട്ടികയിലെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും കോടതികൾപോലും വലിയ പ്രാധാന്യം നൽകുന്നത്. സത്യപ്രതിജ്ഞയിലെ പിഴവുകളുടെ പേരിലും സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പേരിലും അധികാരം ഒഴിയേണ്ടി വന്നവർ ഏറെയുണ്ട്.

എന്നാൽ, ഈ സാങ്കേതികത്വത്തിനും നിയമ വിഷയത്തിനുമപ്പുറം മന്ത്രിയുടെ പ്രസംഗത്തിലെ വിചിത്രമായ വാദങ്ങൾ മാത്രം മതി അദ്ദേഹത്തിന് ഈ പദവിക്കുള്ള അർഹതയെക്കുറിച്ചു സംശയിക്കുവാൻ. യഥാർഥത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ഇന്ത്യൻ ഭരണഘടന തൊഴിലാളികളുടെ അവകാശങ്ങളെ അംഗീകരിക്കുന്നില്ലെന്നും മറിച്ച് തൊഴിലാളി ചൂഷണത്തെയാണ് അംഗീകരിക്കുന്നതെന്നുമുള്ള അഭിപ്രായം വിചിത്രവും അടിസ്ഥാനരഹിതവുമാണ്. രാജ്യത്തു കുത്തകകൾ വളരുന്നതിനു ഭരണഘടന കാരണമായി എന്നുവരെ മന്ത്രി പറഞ്ഞുവച്ചിരിക്കുന്നു! കേന്ദ്ര സർക്കാർ നടത്തുന്നതായി മന്ത്രി പറയുന്ന ജനവിരുദ്ധ തീരുമാനങ്ങൾക്കുപോലും അദ്ദേഹം ഭരണഘടനയെ ആണു കുറ്റം പറയുന്നത്. 

kaleeswaram-raj
അഡ്വ. കാളീശ്വരം രാജ്

ഭരണഘടനാ നിർമാണസഭയിൽ നടന്ന സംവാദങ്ങൾ ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യുന്ന ഒരാൾക്ക് ആ ചർച്ചകൾ എത്രമാത്രം ബഹുസ്വരവും ജനാധിപത്യപരവും ആയിരുന്നു എന്നു മനസ്സിലാകും. നിർദേശിക്കപ്പെട്ട ഓരോ അനുച്ഛേദത്തെയും കുറിച്ച് ഭരണഘടനാ നിർമാതാക്കൾ ആഴത്തിൽ ചിന്തിച്ചു. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ വിപ്ലവകരവും ജനകീയവുമായ പരിഷ്കരണങ്ങൾ നടത്തിയതിനാലാണ് ഇന്ത്യൻ ഭരണഘടന ഒരു ലോകോത്തര രാഷ്ട്രീയ രേഖയായി തീർന്നത്. 

ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നം ഭരണഘടനാ മൂല്യങ്ങളുടെ നിഷേധവും നിരാകരണവുമാണെന്നു മന്ത്രിയുടെ തന്നെ പാർട്ടി നേതാക്കൾ (ശരിയായി) ഉന്നയിക്കുന്ന ആക്ഷേപമാണ്. വ്യക്തിസ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും പോലെയുള്ള മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നുവെന്നതാണു സമകാലിക ഇന്ത്യൻ യാഥാർഥ്യം. ഇവ യഥാർഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുള്ള തത്വങ്ങളാണ്. പലപ്പോഴും കേന്ദ്രത്തിലും കേരളത്തിലും മാറി മാറി വന്ന സർക്കാരുകൾ ഇപ്പറഞ്ഞ തത്വങ്ങളെ മാത്രമല്ല, പൗരന്റെ മൗലികാവകാശങ്ങളെയും മതനിരപേക്ഷത, ഫെഡറലിസം പോലെയുള്ള അടിസ്ഥാന ആശയങ്ങളെയും അട്ടിമറിച്ചു. ഇത്തരം സന്ദർഭങ്ങളിൽ ചിലപ്പോഴെല്ലാം കോടതികൾ ഇടപെട്ടു; മറ്റു ചിലപ്പോൾ ഇടപെടാതിരിക്കുകയും ചെയ്തു. ഇതൊന്നും പക്ഷേ, ഭരണഘടനയുടെ കുഴപ്പമല്ല. അതു കൈകാര്യം ചെയ്തവരുടെ കുഴപ്പമാണ്. ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യങ്ങളിൽ പലേടത്തും ജനാധിപത്യക്രമം അതിന്റെ ശരിയായ അർഥത്തിൽ ഏറെക്കാലം നിലനിന്നില്ല എന്നും ഓർക്കണം. 

‘മനുഷ്യ നിർമിത സ്ഥാപനങ്ങൾക്ക്് എത്തിച്ചേരാൻ കഴിയുന്നത്ര അനശ്വരതയിലേക്ക്’ ഒരു ജനതയെ നയിക്കാനാണു ഭരണഘടന സൃഷ്ടിക്കപ്പെടുന്നതെന്ന് യുഎസ് ചീഫ് ജസ്റ്റിസായിരുന്ന ജോൺ മാർഷൽ അഭിപ്രായപ്പെടുകയുണ്ടായി. ‘വരാനിരിക്കുന്ന യുഗങ്ങൾക്കു വേണ്ടി’യാണവ രചിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാതി ചിന്തയിലും നിരക്ഷരതയിലും ചൂഷണത്തിലും അഭിരമിച്ചു കഴിഞ്ഞ ഒരു വലിയ ജനതയെ രാഷ്ട്രീയമായി ശാക്തീകരിക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ ഭരണഘടന ചെയ്തത്. ഇതേ ഭരണഘടനയുടെ വ്യവസ്ഥകളെ വ്യാഖ്യാനിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലെയുള്ള ന്യായാധിപർ ഇന്ത്യയിൽ ഒരു സോഷ്യലിസ്റ്റ് നീതി ശാസ്ത്രം പടുത്തുയർത്തിയത്. തൊഴിലാളികൾക്കും കർഷകർക്കും അധഃസ്ഥിതർക്കും വേണ്ടിയുള്ള വിധിന്യായങ്ങൾ ഇതേ ഭരണഘടനയുടെ ചുവടുപിടിച്ചാണു സൃഷ്ടിക്കപ്പെട്ടത്. 

മൗലികാവകാശ സംരക്ഷണത്തിനായി ഇന്ത്യൻ പൗരന്മാർ ആത്യന്തികമായി ആശ്രയിക്കുന്നതും ഭരണഘടനയെന്ന രാഷ്ട്രീയ പ്രമാണത്തെ തന്നെയാണ്. അധികാരവർഗം ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായി പ്രവർത്തിച്ചേക്കും എന്നതു കൊണ്ടാണു ഭരണഘടന ആവശ്യമായി വരുന്നത്. എന്നിട്ടും ഇത്തരം വിചിത്രമായ വാദഗതികൾ കേരളം പോലൊരു സംസ്ഥാനത്തെ മന്ത്രിയിൽ നിന്നു കേൾക്കേണ്ടിവരുന്നത് അത്യന്തം നിർഭാഗ്യകരമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണു മന്ത്രി തന്നെ അദ്ദേഹത്തിന്റെ സ്ഥാനത്തെത്തിയത്. ഇക്കാര്യത്തിൽ മന്ത്രി സ്വന്തം നിലപാട് തിരുത്തി പരസ്യപ്രസ്താവന നടത്തുക തന്നെ വേണം. 

(സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ് ലേഖകൻ )

English Summary: Shocking Saji Cheriyan's Anti-Constitution speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com