ADVERTISEMENT

‘ആയാറാം–ഗയാറാം’സംസ്കാരത്തിനു തടയിടാൻ കൊണ്ടുവന്ന കൂറുമാറ്റ നിരോധനനിയമത്തിന്റെ പ്രസക്തിയില്ലായ്മ മഹാരാഷ്ട്രയിലൂടെ വീണ്ടും വെളിവായിരിക്കുന്നു. മുൻപ് ‘റീട്ടെയ്ൽ’ കൂറുമാറ്റങ്ങളായിരുന്നെങ്കിൽ ഇപ്പോൾ കൂട്ടത്തോടെയുള്ള ചാട്ടങ്ങളായെന്നുമാത്രം. ഭരണകക്ഷിക്ക് മേൽക്കൈ നൽകുന്ന ഈ നിയമം അതേസമയം, ജനപ്രതിനിധികളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങുമിടുന്നു

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാർ അട്ടിമറിക്കപ്പെട്ട സംഭവം രാഷ്ട്രീയ നിരീക്ഷകർക്കു പല പാഠങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ട പ്രധാന സംഗതി, ഭരണഘടനയുടെ പത്താം ഷെഡ്യൂൾ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന കൂറുമാറ്റ നിരോധനനിയമത്തിന്റെ പ്രസക്തിയില്ലായ്മയെയും സമ്പൂർണ പരാജയത്തെയും ഈ സംഭവം സ്ഥിരീകരിക്കുന്നു എന്നതാണ്.

ഇംഗ്ലിഷിലെ ഒരു പഴഞ്ചൊല്ല് ഇങ്ങനെയാണ്: നരകത്തിലേക്കുള്ള പാത നല്ല ഉദ്ദേശ്യങ്ങൾകൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കും. 1985ൽ 52–ാം ഭരണഘടനാ ഭേദഗതിയായി കൊണ്ടുവന്ന കൂറുമാറ്റനിരോധന നിയമം ഇതിന് ഒന്നാന്തരം ഉദാഹരണമാണ്. അധികാരത്തിനും പണത്തിനുംവേണ്ടി സഭയിൽ അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന ‘ആയാറാം–ഗയാറാം’സംസ്കാരത്തിനു തടയിടുക എന്നതായിരുന്നു നിയമത്തിന്റെ ഉന്നം. 1967നും 1985നും ഇടയിൽ ഇന്ത്യ കണ്ടതു വിവിധ സംസ്ഥാന സർക്കാരുകളും രണ്ടു കേന്ദ്ര സർക്കാരുകളും ചീട്ടുകോട്ടപോലെ നിലംപൊത്തുന്നതാണ്. ജനങ്ങൾ‌ തിരഞ്ഞെടുക്കുന്ന സർക്കാരിന്റെ സ്ഥിരത ഉറപ്പാക്കണം, ഏതു പാർട്ടിയുടെ പ്ലാറ്റ്ഫോമിൽ നിന്നാണോ മത്സരിച്ചത് ആ പാർട്ടിയോടു തിരഞ്ഞെടുക്കപ്പെടുന്ന അംഗം വിധേയത്വം പുലർത്തണം, വോട്ടർമാരുടെ തീരുമാനം കൂറുമാറ്റത്തിലൂടെ വഞ്ചിക്കപ്പെടരുത് തുടങ്ങിയ നല്ല മൂല്യങ്ങളിൽ ഊന്നിയുള്ള ഉന്നതമായ ആശയമായിരുന്നു കൂറുമാറ്റ നിരോധന നിയമം. നിയമം അവതരിപ്പിച്ചപ്പോൾത്തന്നെ എല്ലാ കോണുകളിൽനിന്നും ഗംഭീര പിന്തുണ അതിനു കിട്ടുകയും വലിയ ആവേശത്തോടെ തന്നെ പാസാക്കുകയും ചെയ്‌തു.

Shashi Tharoor
ശശി തരൂർ

എന്നാൽ, എപ്രകാരമാണ് അതു പ്രയോഗത്തിൽ വന്നത്? മുൻ വർഷങ്ങളിൽ നമ്മൾ ഉത്തരാഖണ്ഡിലും മണിപ്പുരിലും ഗുജറാത്തിലും ഇപ്പോൾ മഹാരാഷ്ട്രയിലും കണ്ടതുപോലെ, കൂറുമാറ്റം തടയപ്പെട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ‘റീട്ടെയ്ൽ’ കൂറുമാറ്റങ്ങൾക്കു പകരം ഹോൾസെയിൽ കൂറുമാറ്റങ്ങൾ അരങ്ങത്തുവന്നു എന്നതാണു വ്യത്യാസം. 2003ലെ 91–ാം ഭരണഘടനാ ഭേദഗതിയിലൂടെ, അയോഗ്യത വരാതെ മറുകണ്ടം ചാടാൻ മൂന്നിൽ രണ്ടുഭാഗം എംഎൽഎമാർ ഉണ്ടാകണം എന്ന നില വന്നു. അതോടെ കൂറുമാറ്റത്തിന്റെ വിലയും കുതിച്ചുയർന്നു. നല്ല ജനസ്വാധീനമുള്ള പാർട്ടിക്ക്, ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും എംഎൽഎയാക്കാമെന്ന വാഗ്ദാനം നൽകി മറ്റു പാർട്ടികളിലെ ചെറുസംഘം എംഎൽഎമാരെ എളുപ്പത്തിൽ വലയിലാക്കാൻ കഴിയും എന്ന അവസ്ഥയും വന്നു. 

സ്പീക്കറുടെ മേലുള്ള സ്വാധീനം നിമിത്തവും ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാരം കൈവശമുള്ളതിനാലും നിയമം പ്രയോഗിക്കുന്നതിൽ ഭരണകക്ഷിക്കു വലിയ മേൽക്കൈ ലഭിക്കുന്നു. വഞ്ചിക്കപ്പെടുന്ന പ്രതിപക്ഷ പാർട്ടികളുടെ പരാതികൾ അനന്തമായി വച്ചുതാമസിപ്പിക്കാനുള്ള അധികാരമാണ് ഇതിൽ മുഖ്യം. ഒരു തീരുമാനവും എടുക്കാതെ മാസങ്ങളോളം (ചിലപ്പോൾ വർഷങ്ങൾ തന്നെ) മാറ്റിവച്ച്, കൂറുമാറ്റക്കാരന്റെ കസേര സംരക്ഷിക്കാൻ ഭരണപക്ഷത്തിനാവും.

ഈ നിയമം സാമാജികരുടെ വ്യക്തിപരമായ ശബ്ദങ്ങളെ അടിച്ചമർത്തുന്നു എന്നതാണു മറ്റൊരു പ്രധാന ദുരന്തം. എത്ര അപ്രധാനമായ ബിൽ ആണെങ്കിലും പാർലമെന്റിൽ പാർട്ടികൾ വിപ്പ് പുറപ്പെടുവിക്കുന്നതിനാൽ സത്യസന്ധമായ വിയോജിപ്പുകൾക്കുള്ള സാധ്യതകളെ പൂർണമായി അടയ്ക്കുകയാണ് ഈ നിയമം. വിപ്പ് ലംഘിക്കുക എന്നത് അച്ചടക്കനടപടി മാത്രമല്ല, അയോഗ്യത വരെ ക്ഷണിച്ചുവരുത്തും. കഷ്ടപ്പെട്ടു ജയിച്ചെത്തിയ സാമാജികൻ അയാളുടെ കസേര ഇളകാൻ ഇഷ്ടപ്പെടില്ലല്ലോ. സ്വന്തം ബോധ്യങ്ങൾക്കു പാർട്ടി നിലപാടിനു പിന്നിലേ സ്ഥാനമുള്ളൂ എന്നു വരുന്നു. രണ്ടു പാർലമെന്റ് സഭകളിലും തീക്ഷ്ണമായ വാദമുഖങ്ങൾ അവതരിപ്പിക്കുന്ന ഏറെപ്പേരുണ്ടാകും. പക്ഷേ, ആ തീക്ഷ്ണത സ്വന്തം പാർട്ടിയുടെ നിലപാട് അവതരിപ്പിക്കുമ്പോഴേ കാണുകയുള്ളൂ.

ഫലമോ? ഓരോ വോട്ടെടുപ്പിലും ഓരോ എംപിയും പാർട്ടി വിപ്പിന്റെ കണക്കിൽ വരുന്ന വെറും എണ്ണം മാത്രമായി താണുപോകുന്നു. സ്വന്തമായി ബോധ്യവും കഴിവും മനസ്സാക്ഷിയുമുള്ള വ്യക്തി എന്ന നില നഷ്ടമാകുന്നു. ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലാത്ത പാർട്ടി എന്ന ഘടകത്തിന്റെ താൽപര്യങ്ങൾ വ്യക്തിയുടെ നിലപാടുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കുന്നു. ഇതിനു മറ്റു ദോഷങ്ങളുമുണ്ട്. എല്ലാ എംപിമാരും എല്ലാ വിഷയങ്ങളും ആഴത്തിൽ പഠിച്ച് നിലപാട് എടുക്കേണ്ടതില്ല എന്നു വരുന്നു. നേതൃത്വത്തിൽ പങ്കാളിത്തമില്ലാതെ, പാർട്ടി പ്രതിനിധി മാത്രം ആയിരിക്കുന്നിടത്തോളം കാലം ഒരാളുടെ വ്യക്തിപരമായ നിലപാടുകൾക്കു തീരെ പ്രസക്തി ഇല്ലാതാകുന്നു.

പല വിധത്തിലും പല പാർലമെന്റ് നടപടികളിന്മേലുമുള്ള പരിഹാസമായി മാറുന്നു ഈ അവസ്ഥ. നമ്മുടെ പാർലമെന്ററി സംവിധാനം രൂപപ്പെടുത്തുന്നതിൽ ഒരു മാതൃകയായിരുന്ന ബ്രിട്ടനിലെ നടപടികൾ നോക്കുക. അവിടെ ഗവൺമെന്റ് ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ടു പോകണോ എന്ന അടിസ്ഥാനപരമായ പ്രശ്നത്തിന്മേൽ വോട്ടെടുപ്പു നടന്നപ്പോൾപോലും ഒരു കക്ഷിയും വിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. അതുപോലെ, ഇറാഖ് യുദ്ധത്തിൽ അമേരിക്കയെ ബ്രിട്ടൻ പിന്തുണയ്ക്കണോ എന്ന കാര്യത്തിലും വിപ്പ് ഉണ്ടായിരുന്നില്ല. ഇരുപക്ഷത്തെയും എംപിമാർക്കു സ്വതന്ത്രമായും സത്യസന്ധമായും വിയോജിപ്പു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. കൂറുമാറ്റ നിരോധനനിയമം വന്ന ശേഷം ഇപ്രകാരമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ എംപിക്ക് അന്യമാണ്.

പാർലമെന്റിൽ എന്റെ സഹപ്രവർത്തകനായ മനീഷ് തിവാരി 2010ൽ കൊണ്ടുവരികയും പിന്നീട് 2020ൽ പുനരവതരിപ്പിക്കുകയും ചെയ്ത ഭേദഗതി ബിൽ ശ്രദ്ധേയമാണ്. അതു പാസാകുകയാണെങ്കിൽ സർക്കാരിന്റെ സ്ഥിരതയെ ബാധിക്കുന്ന കാര്യങ്ങളിൽ മാത്രമേ വിപ്പുകൾ പുറപ്പെടുവിക്കാനാകൂ– ബജറ്റ് ബില്ലോ അവിശ്വാസ പ്രമേയമോ പോലുള്ളവയിൽ മാത്രം. തീർച്ചയായും ആ ബിൽ പാസാകാനുള്ള സാധ്യത പൂജ്യമാണ്. കാരണം, എളുപ്പത്തിൽ കൃത്രിമം കാണിക്കാനാവുന്ന ഈ സ്ഥിതി തുടരാൻ മാത്രമേ അധികാര വ്യവസ്ഥ താൽപര്യപ്പെടുകയുള്ളൂ.

Falguni Nayar, managing director and CEO of Nykaa, an online marketplace for beauty and wellness products, attends the company's IPO listing ceremony at the National Stock Exchange in Mumbai on November 10, 2021. (Photo by Punit PARANJPE / AFP)
ഫാൽഗുനി നയ്യാർ

 

ലോകത്തിനു മുന്നിലെ ഇന്ത്യൻ മുഖങ്ങൾ

കഴിഞ്ഞയാഴ്ച യുകെയിൽ നടന്ന, ഇന്ത്യ– ബ്രിട്ടൻ ബന്ധങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ പ്രാധാന്യമുള്ള വാർഷിക സമ്മേളനമായ ഇന്ത്യ ഗ്ലോബൽ ഫോറത്തിൽ നാലു ദിവസം പങ്കെടുക്കാനുള്ള അവസരം എനിക്കു ലഭിച്ചു.

ബ്രിട്ടിഷ് സർക്കാർ ഈ സമ്മേളനത്തെ വലിയ പ്രാധാന്യത്തോടെയാണു കണ്ടത്. അതിനാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വലിയ സംഘം കാബിനറ്റ് മന്ത്രിമാരെയാണു സമ്മേളനത്തിലേക്കു നിയോഗിച്ചത്. അതിൽ ഇന്ത്യൻ വംശജരായ ധനമന്ത്രി ഋഷി സുനക്, ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ എന്നിവരുമുണ്ടായിരുന്നു. (കഴിഞ്ഞദിവസം മന്ത്രി ഋഷി സുനക്കും പിന്നാലെ ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും രാജിവച്ചു). സാധാരണ, ഇന്ത്യ രണ്ടോ മൂന്നോ മന്ത്രിമാരെ ഈ സമ്മേളനത്തിലേക്ക് അയയ്ക്കാറുണ്ട്. എന്നാൽ, നിയോഗിക്കപ്പെട്ട വിദേശകാര്യമന്ത്രി ജയ്ശങ്കറിനും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിക്കും അവസാനനിമിഷം ദൗത്യം റദ്ദാക്കേണ്ടി വന്നു. മുണ്ടുടുത്തു വന്ന രാജീവ് ചന്ദ്രശേഖർ മാത്രമായിരുന്നു ഒടുവിൽ ഇന്ത്യൻ വേദിയിൽ ഉണ്ടായിരുന്നത്. 

ഇന്ത്യൻ പ്രതിനിധികളിൽ ഏറെയും വ്യവസായികളും സംരംഭകരുമായിരുന്നു. നൂറുകോടിയിലധികം ഡോളർ മൂല്യം കൽപിക്കുന്ന (യൂണികോൺ) പതിനാലോളം സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ തലവന്മാരും ഇതിൽ ഉൾപ്പെടുന്നു. പ്രതിഭാശാലികളായ ഈ ചെറുപ്പക്കാരാണ് (ഇവരിൽ ഒരു വനിതയും– ഫാൽഗുനി നയ്യാർ) മോദി സർക്കാർ പുറംലോകത്തെ കാണിക്കാൻ താൽപര്യപ്പെടുന്ന ‘ന്യൂ ഇന്ത്യ’യുടെ പതാകാവാഹകർ. 

മിക്കപ്പോഴും ഭരണകക്ഷിയുടെ ഇന്ത്യയിലെ മുഖം ന്യൂനപക്ഷങ്ങൾക്കെതിരെ തീതുപ്പുന്ന, കാവിയുടുത്ത സ്വയംപ്രഖ്യാപിത ആധ്യാത്മിക വേഷങ്ങളാണെങ്കിൽ, ലോകത്തിനു മുന്നിൽ ഇത്തരക്കാരെ നിരത്താനല്ല സർക്കാർ ആഗ്രഹിക്കുന്നത്. പകരം, ആശയങ്ങളും താൽപര്യങ്ങളുമുള്ള ബ്രിട്ടിഷ് സംരംഭകർക്ക് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന അവസരങ്ങൾ അവതരിപ്പിക്കാൻ നമുക്ക് ഇത്തരം ചെറുപ്പക്കാരും വിജയികളുമായ പ്രതിഭകളുണ്ട്. അവരുടെ ഉത്സാഹം നിറഞ്ഞ പാനൽ ചർച്ചകൾ സ്വന്തം ബിസിനസ് ലക്ഷ്യങ്ങൾക്കപ്പുറം, സംരംഭകർക്ക് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ഭാവി സൗകര്യങ്ങൾകൂടി പ്രഖ്യാപിക്കുന്നവയായിരുന്നു. നമ്മുടെ രാജ്യത്തിനുള്ളിലും ഇത്തരം നിലപാടാണു വേണ്ടതെന്നാണു സാധാരണ പൗരന്മാർ ആഗ്രഹിക്കുന്നതെന്നു സർക്കാർ തിരിച്ചറിഞ്ഞെങ്കിൽ! വിദ്വേഷ പ്രസംഗങ്ങൾക്കും ബുൾഡോസർ പ്രയോഗങ്ങൾക്കും പകരം തങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ചെറുപ്പക്കാരെ ക്ഷണിക്കുംവിധം വ്യവസായ തലവന്മാർ മുന്നിട്ടിറങ്ങുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ രാജ്യം എത്ര നന്നായേനെ!

 

English Summary: Shashi Tharoor on Maharashtra politics 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com