ADVERTISEMENT

അടുത്ത തിരഞ്ഞെടുപ്പിൽ ഹിമാചലിലും രാജസ്ഥാനിലും കോൺഗ്രസിനെയും ബിജെപിയെയും നയിക്കുന്നത് രാജകുടുംബാംഗങ്ങളായ പ്രതിഭ സിങ്ങും വസുന്ധര രാജെയും. എന്നാൽ, പ്രാദേശിക പാർട്ടികളെ രാജകീയ പ്രൗഢിയോടെ നയിക്കുകയാണ് ബംഗാളിലെ മമത ബാനർജിയും യുപിയിലെ മായാവതിയും കശ്മീരിലെ മെഹബൂബ മുഫ്തിയും

ഹിമാചൽ പ്രദേശിൽ കോൺഗ്രസിന്റെ ശക്തനായ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിങ് മുൻപ് ലോക്സഭയിൽ അധികമാരും അറിയാത്ത ഒരു എംപിയായിരുന്നു. പക്ഷേ, ഒരു വർഷത്തിനിടെ സ്ഥിതി മാറി. മണ്ഡി ലോക്സഭാ മണ്ഡലം ഭരണകക്ഷിയായ ബിജെപിയിൽനിന്നു തിരിച്ചുപിടിച്ചശേഷം പ്രതിഭ സിങ്ങിന്റെ പ്രാധാന്യമുയർന്നു. ആറു വട്ടം മുഖ്യമന്ത്രിയായിരുന്ന ഭർത്താവിന്റെ പേരിലുള്ള സഹതാപ തരംഗമാണു വിജയത്തിനു കാരണമെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയനിഴലിൽനിന്ന് പിസിസി അധ്യക്ഷയായ പ്രതിഭ പുറത്തേക്കുവന്നു. 

ഈ വർഷാവസാനം നടക്കുന്ന ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നത് പ്രതിഭയെയാണ്. ഹിമാചലിൽ കോൺഗ്രസ് ഗ്രൂപ്പുവഴക്കിൽ ഭിന്നിച്ചുനിൽക്കുകയാണ്. മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ മികച്ച സംഘടനാബലത്തിനെതിരെ പാർട്ടിയെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ പ്രതിഭയ്ക്കു കഴിയുമെന്നാണു ഹൈക്കമാൻഡിന്റെ വിശ്വാസം. വീരഭദ്ര സിങ്ങിന്റെ അനുയായികളാണ് സംസ്ഥാന കോൺഗ്രസിലെ പ്രബലവിഭാഗം.  അവരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസമുള്ള പ്രതിഭ, മണ്ഡിയിലെ കൊട്ടാരം വിട്ട് തെരുവിലിറങ്ങിയിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തികളായ രജ്പുത്ത്, ബ്രാഹ്മണവിഭാഗങ്ങളെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെ അവർ കോൺഗ്രസിലെ മറ്റു ഗ്രൂപ്പുകളെയും കൂടെക്കൂട്ടി റാലികൾ സംഘടിപ്പിക്കുകയാണ്. രണ്ടുവട്ടം ബിജെപി മുഖ്യമന്ത്രിയായിരുന്ന ശാന്ത കുമാർ ഒഴികെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെല്ലാം രജ്പുത്ത് വിഭാഗത്തിൽനിന്നായിരുന്നു. ശാന്ത കുമാർ ബ്രാഹ്മണ സമുദായാംഗവും. സംസ്ഥാനത്തുനിന്നുള്ള ശക്തരായ ബ്രാഹ്മണനേതാക്കളിൽ  ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും കോൺഗ്രസിന്റെ കേന്ദ്രമന്ത്രിമാരായിരുന്ന സുഖ് റാം, ആനന്ദ് ശർമ എന്നിവരും ഉൾപ്പെടുന്നു.

1990നു ശേഷം ഹിമാചലിൽ ഒരു കക്ഷി തന്നെ തുടർച്ചയായി ഭരിച്ചിട്ടില്ല. ജയ്റാം ഠാക്കൂറിനെതിരായ ഭരണവിരുദ്ധവികാരം തനിക്കു ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് അറുപത്തിയാറുകാരിയായ പ്രതിഭ സിങ്. കഴിഞ്ഞ വർഷം നടന്ന മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടെങ്കിലും നരേന്ദ്ര മോദിക്ക് ജയ്റാം ഠാക്കൂറിൽ പൂർണവിശ്വാസമാണ്. 1990കളിൽ ഹിമാചലിന്റെ സംഘടനാച്ചുമതലയുണ്ടായിരുന്ന കാലത്തു മോദി തന്നെയാണു ഠാക്കൂറിനെ നേതൃപദവിയിലേക്കു കൊണ്ടുവന്നത്. കർണാടക, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരെ മാറ്റിയെങ്കിലും ഹിമാചലിൽ അതുണ്ടായില്ല.

പ്രതിഭയെ നേതാവായി തിരഞ്ഞെടുത്തതു ചിലർ അനിവാര്യതയായി കാണുമ്പോൾ, മറ്റു ചിലർ ഗതികേടായും വിലയിരുത്തുന്നുണ്ട്. എങ്കിലും, സമീപകാലത്തൊന്നും  വനിതയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നോട്ടുവയ്ക്കാൻ കോൺഗ്രസ് മുതിർന്നിട്ടില്ല. മറുവശത്തു ബിജെപിയിൽ സ്വന്തമായി അണികളും ശക്തമായ വ്യക്തിത്വവുമുള്ള ഏക വനിതാ നേതാവ് വസുന്ധര രാജെയാണ്. അവർ രണ്ടുവട്ടം രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്നു. ബിജെപി നേതാവായിരുന്ന ഭൈറോൺ സിങ് ഷെഖാവത്ത് ഉപരാഷ്ട്രപതിയായപ്പോൾ, എംഎൽഎ ആയി രാഷ്ട്രീയ ജീവിതം ആരംഭിച്ച വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാണു ബിജെപി പ്രചാരണം നടത്തിയത്. രണ്ടു തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലേക്കു നയിച്ച അവർ രണ്ടുവട്ടം പരാജയവുമറിഞ്ഞു. ഇപ്പോൾ കോൺഗ്രസിന്റെ ശക്തനായ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അഞ്ചാം മത്സരത്തിന് ഒരുങ്ങുന്നു. മണ്ഡി രാജകുടുംബത്തിലെ മഹാറാണിയാണു പ്രതിഭ. വസുന്ധരയാകട്ടെ ധോൽപുർ രാജകുടുംബത്തിലെയും. കുടുംബ രാഷ്ട്രീയ പാരമ്പര്യമാണ് ഇരുവർക്കുമുള്ളത്. വസുന്ധര രാജെയുടെ അമ്മ വിജയരാജെ സിന്ധ്യ ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു. വസുന്ധരയുടെ മകൻ ദുഷ്യന്ത് സിങ് ബിജെപി എംപിയാണ്. മറ്റൊരു കാര്യം, രാജകുടുംബാംഗമല്ലാത്ത ഒരു സ്ത്രീയെയും നിലവിൽ കോൺഗ്രസോ ബിജെപിയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നില്ല എന്നതാണ്.

അതേസമയം, പ്രാദേശിക രാഷ്ട്രീയകക്ഷികളിൽ രാജപാരമ്പര്യമില്ലാത്ത സ്ത്രീകൾ നേതാക്കളായി കരുത്തു തെളിയിക്കുന്നുമുണ്ട്. ബംഗാളിൽ മൂന്നാം വട്ടവും മുഖ്യമന്ത്രിയായ മമത ബാനർജി ഉദാഹരണം. മുൻ മുഖ്യമന്ത്രിയായ മായാവതിയാണു യുപിയിൽ ബഹുജൻ സമാജ് പാർട്ടിയെ നയിക്കുന്നത്. ജമ്മു കശ്മീരിൽ പിഡിപിയുടെ നേതൃത്വം മുൻമുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കാണ്. സ്ത്രീകൾക്കു കൂടുതൽ അവസരങ്ങൾ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തിലെ ബലതന്ത്രങ്ങളുടെ ഫലമായി ഈ വാഗ്ദാനം യാഥാർഥ്യമാക്കാൻ കഴിയാറില്ല. പക്ഷേ, പ്രതിഭ സിങ്ങും വസുന്ധര രാജെയും വിജയം നേടിയാൽ കൂടുതൽ വനിതാ നേതാക്കൾ സംസ്ഥാനങ്ങളിൽ നേതൃപദവിയിലേക്ക് ഉയർന്നു വരുമെന്നു പ്രത്യാശിക്കാം.

English Summary: Himachal Pradesh: Pratibha singh VS Vasundhara Raje

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com