ADVERTISEMENT

മൂന്നാഴ്ച മുൻപ്, ജൂൺ 23ന്, ദേശീയ മാധ്യമങ്ങളിൽപോലും കാര്യമായി ഇടംകിട്ടാതെപോയ ഒരു സംഭവമുണ്ടായി. അഫ്ഗാനിസ്ഥാനിലെ എംബസിയിലേക്ക് ഇന്ത്യ ഒരു ‘സാങ്കേതിക സംഘ’ത്തെ അയച്ചു. ‘‘അവിടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാനും ഫലപ്രദമാക്കാനും കൂടാതെ അഫ്ഗാൻ ജനതയുമായുള്ള പരസ്പര ബന്ധം തുടരുന്നത‌ിനും’’ എന്നാണ് ഉദ്ദേശ്യമായി സൂചിപ്പിച്ചിരുന്നത്. ചുരുക്കത്തിൽ, ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എംബസി തുറന്നിരിക്കുന്നു.

ഇതെന്തായാലും നമ്മൾ അഫ്ഗാനിസ്ഥാനുമായി പൂർണ നയതന്ത്ര ബന്ധം പുനരാരംഭിച്ചിട്ടില്ല. സ്ഥാനപതിയെയും അയച്ചിട്ടില്ല, പ്രതിനിധി സംഘത്തെ ‘സാങ്കേതിക വിദഗ്ധർ’ എന്നു മാത്രമാണു നയപരമായി വിശേഷിപ്പിച്ചതും. ജൂൺ രണ്ടിനു നടന്ന ഉന്നതതല സന്ദർശനത്തിനു ശേഷമാണ് ഈ തീരുമാനം വന്നത്. അന്ന്, താലിബാൻ ഭരണം പിടിച്ച ശേഷം ആദ്യമായി ഒരു ഇന്ത്യൻ സംഘം അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇറാൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ ജോയിന്റ് സെക്രട്ടറി ജെ.പി.സിങ്ങിന്റെ നേത‍‍ൃത്വത്തിൽ കാബൂൾ സന്ദർശിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15 മുതൽ അവിടെ  ഭരണം നടത്തുന്ന താലിബാൻ നേതൃത്വവുമായി അവർ ചർച്ച നടത്തി. ഇന്ത്യ എംബസി തുറക്കണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. ഇന്ത്യൻ സംഘത്തിന് അവിടെ ബുദ്ധിമുട്ടോ ശത്രുതയോ നേരിടേണ്ടി വരില്ലെന്നും 1996 മുതൽ 2002 വരെ നിലനിന്ന താലിബാൻ ഭരണകാലത്തേതുപോലെ ഇന്ത്യൻ എംബസി അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് അവർ ഉറപ്പു നൽകിയെന്നും മനസ്സിലാക്കാം. 

വിദേശകാര്യ മന്ത്രാലയം വളരെ ശ്രദ്ധാപൂർവം, പല ഘടകങ്ങൾ മുൻനിർത്തിയാണ് ഈ നീക്കത്തെ വിശദീകരിക്കുന്നത്. ഒന്നാമത് ആ രാജ്യവുമായി നമുക്കുള്ള വികസന മേഖലയിലെ സഹകരണം. ഇന്ത്യ ഏറ്റവും കൂടുതൽ വികസന പദ്ധതികൾക്കു സഹായം നൽകിയിരിക്കുന്നത് അഫ്ഗാനിസ്ഥാനാണ്. (ഇന്ത്യൻ നികുതിദായകരുടെ 250 കോടി ഡോളറാണ് അവിടെ ചെലവിട്ടിരിക്കുന്നത്). പിന്നെ ആ രാജ്യവുമായി ദീർഘകാലമായി നമുക്കുള്ള ജീവകാരുണ്യപരമായ ബന്ധവും. ജൂൺ 22ന്, കഴിഞ്ഞ 20 വർ‌ഷത്തിനിടയിലെ ഏറ്റവും തീവ്രതയുള്ള ഭൂകമ്പം (റിക്ടർ സ്കെയിലിൽ 6.1) കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പഖ്തിക, ഖോസ്ത് പ്രവിശ്യകളിലുണ്ടായപ്പോൾ, ആദ്യം സഹായവുമായി മുന്നിട്ടിറങ്ങിയത് ഇന്ത്യയാണ്. 1000 പേർ മരിച്ച ഭൂകമ്പത്തെത്തുടർന്ന് ഇന്ത്യ 28 ടൺ ദുരിതാശ്വാസ സാമഗ്രികളും 20 ടൺ മരുന്നുമായി രണ്ടു വിമാനങ്ങളാണ് അയച്ചത്. 

shashi tharoor
ശശി തരൂർ. ചിത്രം: ജെ.സുരേഷ് ∙ മനോരമ

എന്നാൽ രാഷ്ട്രീയ, നയതന്ത്ര ബന്ധങ്ങളെപ്പറ്റിയോ പാക്കിസ്ഥാനുമായുള്ള അഫ്ഗാൻ ബന്ധം ഉയർത്തുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളിയെക്കുറിച്ചോ ഇന്ത്യ ഇതുവരെ ഒന്നും സൂചിപ്പിച്ചിട്ടില്ല. ഇന്ത്യൻ നീക്കത്തെ താലിബാൻ സ്വാഗതം ചെയ്തു. പക്ഷേ, അവർ കൂടുതൽ ആവശ്യങ്ങൾ ഉന്നയിക്കുന്നു. അഫ്ഗാൻ സൈനികർക്ക് ഇന്ത്യ മുൻപു നൽകിയിരുന്ന സൈനിക പരിശീലനം പുനരാരംഭിക്കണമെന്നു താലിബാൻ വിദേശകാര്യമന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനർഥം, പാക്കിസ്ഥാനു നിർണായക സ്വാധീനമുള്ളതെന്ന് ഇപ്പോഴും കരുതപ്പെടുന്ന താലിബാൻ സൈനികർക്ക് ഇന്ത്യ പരിശീലനം കൊടുക്കുക എന്നാണ്. പരിഗണിക്കാം എന്നൊക്കെ പറയാമെങ്കിലും ഇക്കാര്യം ഇന്ത്യൻ ഭരണകൂടത്തിനു ലളിതമായി കാണാൻ പറ്റുന്ന കാര്യമല്ല. 

കാബൂളിലേക്ക് ഇങ്ങനെയൊരു ‘സാങ്കേതിക സംഘ’ത്തെ അയയ്ക്കുന്നതു നയതന്ത്രപരമായ പരീക്ഷണമാണെന്നതിൽ തർക്കമില്ല: നീന്താൻ കുളത്തിൽ ചാടുംമുൻപ് വെള്ളത്തിന്റെ ചൂട് കാൽവിരൽകൊണ്ടു പരിശോധിക്കുംപോലെ! ഏറ്റവും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയുമാണ് അഫ്ഗാൻ ബന്ധം കൈകാര്യം ചെയ്യേണ്ടതെന്നു ന്യൂഡൽഹിക്കു ബോധ്യമുണ്ട്. തീർച്ചയായും ഈ തിരിച്ചുപോക്ക് ശരിതന്നെയാണ്. കഴിഞ്ഞ താലിബാൻ ഭരണകാലത്തു ചെയ്തതുപോലെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പൂർണമായ മാറിനിൽക്കൽ നമ്മുടെ താൽപര്യങ്ങളെ ബാധിക്കും. എന്നാൽ, നമ്മുടെ ആഭ്യന്തര സുരക്ഷാ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കാനുമാവില്ല. നമുക്കറിയാം, താലിബാൻ മുൻകാലത്തു പൂർണമായും ഐഎസിനു കീഴ്പെട്ടിരുന്ന സംഘടനയാണ്. പെട്ടെന്നു സൗഹൃദം സ്ഥാപിക്കാനൊരുങ്ങുന്നതു നമുക്കു ദോഷം വരുത്തുന്ന ശക്തികൾക്കു മുന്നിൽ നമ്മുടെ നില ദുർബലമാക്കും.

അഫ്ഗാനിസ്ഥാനിലെ സാമൂഹിക ജീവിതാവസ്ഥകളെയും നമുക്കു കണ്ടില്ലെന്നു നടിക്കാനാവില്ല. താലിബാന്റെ കുപ്രസിദ്ധി നേടിയ സ്ത്രീവിരുദ്ധ നയങ്ങളാണ് അഫ്ഗാനിസ്ഥാനിൽ തുടരുന്നത്. പെൺകുട്ടികൾക്ക് ആറാം ക്ലാസിനുമേൽ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നു. ആശുപത്രി സന്ദർശിക്കണമെങ്കിൽ പുരുഷൻ കൂടെയുണ്ടാകണം, മുൻപു ജോലിചെയ്തിരുന്ന സ്ഥാപനങ്ങളിൽപോലും അതു തുടരാൻ സ്ത്രീകൾക്കു സ്വാതന്ത്ര്യമില്ല തുടങ്ങിയ കാര്യങ്ങളെ ഇന്ത്യയ്ക്ക് അവഗണിക്കാനാവില്ല. നമ്മുടെ ദേശീയ താൽപര്യത്തിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നമ്മുടെ സാന്നിധ്യമുണ്ടാകണം. അതേസമയം, താലിബാൻ ഭരണകൂടത്തെ നിയമാനുസൃതമെന്ന് അംഗീകരിക്കുന്നതോ അവർ പിന്തുടരുന്ന തീവ്രവാദ, മധ്യകാല ആശയങ്ങൾക്കു ക്ലീൻചിറ്റ് നൽകുന്നതോ ആയ ഒരു നീക്കവും നമ്മുടെ ഭാഗത്തുനിന്നു സാധ്യവുമല്ല. 

എന്നാൽ, അവിടെ പകരം വന്നേക്കാവുന്ന ഭരണസംവിധാനം ഇതിലും വിനാശകരമായിരിക്കും എന്നതും കാണണം. ഇപ്പോഴത്തെ താലിബാൻ ഭരണകൂടം ഏറ്റവും രൂക്ഷമായ എതിർപ്പു നേരിടുന്നതു പുറത്താക്കപ്പെട്ട മതനിരപേക്ഷ, ലിബറൽ ശക്തികളിൽ നിന്നല്ല, മറിച്ച് താലിബാനിലും തീവ്രമായ ഇസ്‍ലാമിക് സ്റ്റേറ്റ്– ഖൊറസാൻ (ഐഎസ്–കെ) സംഘത്തിൽനിന്നാണ്. ഒട്ടേറെപ്പേരുടെ ജീവനെടുത്ത അടുത്ത സമയത്തെ സിഖ് ഗുരുദ്വാര ആക്രമണത്തിനു പിന്നിൽ ഇവരായിരുന്നു. അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന സിഖുകാരെയും ഹിന്ദുക്കളെയും അവർക്കു സംരക്ഷണം കൊടുക്കുന്നവരെയും തുരത്തുക എന്നതാണ് ഐഎസ്–കെയുടെ പ്രഖ്യാപിതനയം. ഈ ഉപഭൂഖണ്ഡത്തിൽ ഐഎസ്–കെ ഭീഷണിക്കു തടയിടാനുള്ള അവസാന പിടിവള്ളി താലിബാനാണെന്നതു മറ്റൊരു വൈരുധ്യവും!

ഇന്ത്യൻ നയതന്ത്രരംഗം നേരിടുന്ന സുപ്രധാന വെല്ലുവിളി ഇതുതന്നെയാണ്. നമ്മുടെ ചെറുപ്പക്കാരായ നയതന്ത്ര വിദഗ്ധർ അവസരത്തിനൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കാ‌ം.  

അടിതെറ്റിയ ശ്രീലങ്ക നമ്മുടെയും വേദന

ശ്രീലങ്കയിൽ നിന്നുള്ള കാഴ്ചകൾ, ചിന്താശേഷിയുള്ള ഓരോ ഇന്ത്യക്കാരനെയും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്. നമ്മുടെ രാജ്യത്തിന്റെ പടിവാതിൽക്കലുള്ള ഒരു ദേശം. കേരളത്തോടു വളരെ സാമ്യം പുലർത്തുന്ന ഭൂപ്രകൃതിയും ഭക്ഷണശീലങ്ങളും. രാമായണകാലം മുതലേ ഇന്ത്യക്കാരനു സുപരിചിതമായ ഒരു സംസ്കാരം. ഈ രാജ്യം രാഷ്ട്രീയ– സാമ്പത്തിക പ്രതിസന്ധികളിൽ‌പെട്ടുഴലുന്നതു തീർത്തും ഹൃദയഭേദകമാണ്. ഇനിയും ഇങ്ങനെ തുടരാനാവില്ലെന്നു ശ്രീലങ്കൻ ജനത രോഷത്തോടെ തീരുമാനിച്ചിരിക്കുകയാണ്. രണ്ടു പ്രധാനമന്ത്രിമാരുടെയും ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെയും വസതികൾക്കു തീയിട്ടുകൊണ്ട് അവർ തങ്ങളുടെ നയം വ്യക്തമാക്കിയിരിക്കുന്നു. 

2022 മേയ് 9ലെ ചിത്രം. അന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്സെയുടെ വീടിനു സമീപം പ്രതിഷേധക്കാരും സർക്കാർ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽനിന്ന്. (Photo by Ishara S. KODIKARA / AFP)
2022 മേയ് 9ലെ ചിത്രം. അന്ന് പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്സെയുടെ വീടിനു സമീപം പ്രതിഷേധക്കാരും സർക്കാർ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽനിന്ന്. (Photo by Ishara S. KODIKARA / AFP)

പ്രസിഡന്റ്, സ്ഥാനമൊഴിയുകയും രാജ്യത്തുനിന്നു മുങ്ങുകയും ചെയ്തിരിക്കുന്നു. ക്രമസമാധാന നിലയും ഭരണപ്രക്രിയയും തകർന്നു. രണ്ടു തലമുറകളായി രക്തരൂഷിതമായ ആഭ്യന്തര യുദ്ധവും ബോംബിങ്ങും വെടിവയ്പുകളുമൊക്കെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ജനത ഇപ്പോൾ ഇന്ധനം വാങ്ങാനോ ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനോ ശമ്പളം കൊടുക്കാനോ പോലും പണമില്ലാതെ അടിതെറ്റി വീണിരിക്കുന്നു. ഒരു സർവകക്ഷി സർക്കാരിനു യോജിപ്പോടെ മുന്നോട്ടു വന്ന് ഈ പ്രതിസന്ധിയിൽനിന്നു രാജ്യത്തെ കരകയറ്റാനാകുമോ എന്നത് ഇപ്പോഴും അവ്യക്തമാണുതാനും. ഈ പരീക്ഷണ വേളയിൽ ലങ്കൻ ജനതയ്ക്കു നല്ലതുവരട്ടെ എന്നുമാത്രം നമുക്ക് ആശംസിക്കാം, 

 

Content Highlight: Shashi Tharoor, Afghanistan, Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com