ചെറിയ പാർട്ടിയുടെ വലിയ തലവേദന

fadnavis-shinde-pti
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വാർത്താ സമ്മേളനത്തിനിടെ ( (ഫയൽചിത്രം- PTI Photo/Shashank Parade)
SHARE

കൂട്ടുകക്ഷി ഭരണം എപ്പോഴും വെല്ലുവിളിയാണ്. ചെറിയ പാർട്ടിയുടെ നേതാവാണു ഭരണത്തലവനെങ്കിൽ പറയുകയും വേണ്ട. മഹാരാഷ്ട്ര മുഖ്യമന്ത്രി  ഏക്നാഥ് ഷിൻഡെ നേരിടുന്നതും ഈ വെല്ലുവിളി. മുൻ മുഖ്യമന്ത്രികൂടിയായ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഷിൻഡെയും ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോൾ ഇരുവരുടെയും  ശരീരഭാഷകൂടി ഇപ്പോൾ വിലയിരുത്തപ്പെടുന്നു

മഹാരാഷ്ട്രയിലെ പുതിയ ഭരണപങ്കാളികളായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചു വാർത്താ സമ്മേളനത്തിനെത്തുമ്പോൾ ശ്രദ്ധയാകർഷിക്കുന്നത് ഇരുവരുടെയും ശരീരഭാഷയാണ്. ഷിൻഡെയുടെ ഭരണ പരിചയക്കുറവ് അപ്പോൾ വെളിവാകുകയും ചെയ്യുന്നു. അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്നെങ്കിലും, ഇപ്പോൾ ഫഡ്നാവിസിനു വിമത ശിവസേനാ നേതാവാണു മുഖ്യമന്ത്രിയെന്നത് അവഗണിക്കാനാവില്ല. എന്നിട്ടും ഷിൻഡെ അമിതമായി സംസാരിക്കുന്നെന്നു തോന്നിയാൽ ഉടൻ ഫഡ്നാവിസ് ഇടയ്ക്കു കയറും. അല്ലെങ്കിൽ ഷിൻഡെ സംസാരിച്ചുകൊണ്ടിരിക്കെ, അനിഷ്ടത്തോടെ ഫഡ്നാവിസ് ചെറുകുറിപ്പുകൾ ഷിൻഡെക്കു കൈമാറും. മഹാരാഷ്ട്രയുടെ ഭരണകാര്യങ്ങളിൽ നല്ല അറിവുള്ള ഫഡ്നാവിസിനു തന്റെ കാഴ്ചപ്പാടു കൂടി അവതരിപ്പിക്കാനുള്ള വ്യഗ്രതയുണ്ട്. ഫഡ്നാവിസ്, ഉദ്ധവ് താക്കറെ എന്നിവർക്കു കീഴിൽ നഗരവികസനം, ഗതാഗതം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത പരിചയമേ ഷിൻഡെക്കുള്ളൂ. ഭരണത്തിന്റെ ആദ്യ രണ്ടാഴ്ച പിന്നിട്ടപ്പോൾ ഈ പരിചയക്കുറവു ഷിൻഡെക്കു വിനയായിട്ടുണ്ട്. പുതിയ കൂട്ടുകക്ഷി സർക്കാരിൽ ഉദ്യോഗസ്ഥവൃന്ദം അധികാരകേന്ദ്രമായി ഫഡ്നാവിസിനെയാണു കാണുന്നത്. ഷിൻഡെ പക്ഷത്തിനുള്ളതിന്റെ ഇരട്ടിയിലേറെ എംഎൽഎമാർ ബിജെപിക്കുണ്ടെന്നതും മറ്റൊരു ഘടകമാണ്. 

കൂട്ടുകക്ഷി സർക്കാരിനെ നടത്തിക്കൊണ്ടുപോകുന്നതു കടുത്ത വെല്ലുവിളിതന്നെയാണ്. ചെറുകക്ഷിയുടെ നേതാവാണു തലവനെങ്കിൽ ദൗത്യം കൂടുതൽ സങ്കീർണമാകും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പുവരെ ഷിൻഡെതന്നെ സർക്കാരിനെ നയിക്കുമെന്ന ഉറപ്പു ബിജെപി നൽകിയിട്ടുണ്ടെങ്കിലും ഓരോ തിരിവിലും ബിജെപിയുടെ നേർക്കു നോക്കേണ്ട സ്ഥിതിയാണു ഭരണനേതാവിനുള്ളത്. ഷിൻഡെയെ റബർ സ്റ്റാംപാക്കിവച്ച് ഫഡ്നാവിസിലൂടെ സർക്കാരിന്റെ പൂർണ നിയന്ത്രണമാണു ബിജെപിയുടെ താൽപര്യമെന്ന സൂചനകളും ഇതിനിടെ ഉയരുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ മഹാ അഘാഡി സർക്കാർ റദ്ദാക്കിയ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫഡ്നാവിസിന്റെയും അഭിമാന പദ്ധതികൾ പുനഃസ്ഥാപിച്ചതായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം. തന്റെ വിഭാഗത്തിന്റെ ഏതെങ്കിലും പ്രത്യേക വികസന പദ്ധതിക്കായി ഷിൻഡെ ആവശ്യമുയർത്തിയതുമില്ല. 

വലിയ കക്ഷിയുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ചെറുകക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകുന്ന സന്ദർഭങ്ങളിൽ അപകർഷതാബോധം അവരെ ബാധിക്കാറുണ്ട്. ചരൺ സിങ്, ചന്ദ്രശേഖർ, എച്ച്.ഡി.ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ എന്നീ പ്രധാനമന്ത്രിമാരുടെ കീഴിലുള്ള കേന്ദ്ര സർക്കാരുകൾക്ക് ഇക്കാരണത്താൽ ഹ്രസ്വായുസ്സായിരുന്നു. ചരൺ സിങ്ങിനാകട്ടെ സ്വന്തം സർക്കാരിന്റെ വിശ്വാസവോട്ട് സഭയിൽ തേടാനുള്ള അവസരംപോലും ലഭിച്ചില്ല. പുറമേ നിന്നുള്ള പിന്തുണയ്ക്കൊടുവിൽ കോൺഗ്രസ് കൈവിട്ടതോടെ നാലു മാസത്തിനുശേഷം ചന്ദ്രശേഖർ രാജിവച്ചൊഴിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ഐഎംഎഫിന്റെ സുപ്രധാനമായ റിപ്പോർട്ട് തന്നെയോ ധനമന്ത്രി യശ്വന്ത് സിൻഹയെയോ അറിയിക്കാതെ, സാമ്പത്തിക ഉപദേഷ്ടാവായിരുന്ന മൻമോഹൻ സിങ് കോൺഗ്രസ് അധ്യക്ഷൻ രാജീവ് ഗാന്ധിക്കാണു നൽകിയതെന്ന ആരോപണവും പിന്നീടു ചന്ദ്രശേഖർ ഉന്നയിക്കുകയുണ്ടായി. ദേവെഗൗഡയ്ക്കും ഗുജ്റാളിനും ഇതു തന്നെയായിരുന്നു അവസ്ഥ. കോൺഗ്രസ് അധ്യക്ഷൻ സീതാറാം കേസരി ഇരുവർക്കുമുള്ള പിന്തുണ പാതിവഴിയിൽ പിൻവലിച്ചു.

സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവായി ന്യൂനപക്ഷ സർക്കാരുകളെ നയിച്ച പി.വി.നരസിംഹറാവുവിനും അടൽ ബിഹാരി വാജ്പേയിക്കും മൻമോഹൻ സിങ്ങിനും സമ്മിശ്ര അനുഭവങ്ങളാണുള്ളത്. വിജയങ്ങൾക്കൊപ്പം ഒരിക്കലെങ്കിലും അകത്തെയും പുറത്തെയും പിന്തുണക്കാരിൽനിന്ന് അവർ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. 1993ൽ അണ്ണാഡിഎംകെ പിന്തുണ പിൻവലിച്ചപ്പോൾ റാവു ഭീഷണി നേരിട്ടെങ്കിലും പിളർപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും പിന്തുണ സംഘടിപ്പിച്ച് 1996 വരെ ഭരണത്തിൽ തുടർന്നു. 1999ൽ വീണ്ടും അണ്ണാ ഡിഎംകെ പിന്തുണ പിൻവലിച്ചപ്പോൾ വാജ്പേയിയുടെ സർക്കാർ ഒരു വോട്ടിനാണു താഴെ വീണത്. 

പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ വിജയം നേടിയ വാജ്പേയി, കാലാവധി തികയ്ക്കുകയും ചെയ്തു. 2008ൽ യുഎസുമായുള്ള ആണവക്കരാറിന്റെ പേരിൽ ഇടതുകക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ഒന്നാം  മൻമോഹൻ സിങ് സർക്കാർ വീഴാൻപോയതാണ്. പിടിച്ചുനിന്നതു കോൺഗ്രസിനു മറ്റു ചില കക്ഷികളുടെ പിന്തുണ ഉറപ്പാക്കാനായതുകൊണ്ടുമാത്രം. യുപിഎയ്ക്കു തനിച്ചു ഭൂരിപക്ഷം ലഭിച്ചതിനാൽ രണ്ടാം മൻമോഹൻ സിങ് സർക്കാർ കാലാവധി തികയ്ക്കുകയും ചെയ്തു.

മുഖ്യ പ്രതിപക്ഷകക്ഷിയെ അധികാരത്തിൽനിന്നു പുറത്തുനിർത്താൻ സംസ്ഥാനതലത്തിലും വലിയകക്ഷികൾ മറ്റുകക്ഷികളെ പിന്തുണയ്ക്കാറുണ്ട്. 2018ൽ ജനതാദൾ (എസ്) നേതാവ് എച്ച്.ഡി.കുമാരസ്വാമിയെ കർണാടക മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് പിന്തുണ നൽകിയെങ്കിലും ബന്ധം നന്നായില്ല. 

ബിഹാറിൽ ഇപ്പോൾ ജെഡിയു മൂന്നാമത്തെ വലിയ കക്ഷിയാണ്. സഖ്യകക്ഷിയായ ബിജെപിയെക്കാൾ സീറ്റു കുറവുമാണ്. എന്നാൽ, ജെഡിയു നേതാവായ നിതീഷ് കുമാറാണു മുഖ്യമന്ത്രി. വലിയ സഖ്യകക്ഷിയുടെ ആവശ്യങ്ങൾ സമർഥമായി കൈകാര്യം ചെയ്തും ഉദ്യോഗസ്ഥവൃന്ദത്തെ അടക്കിനിർത്തിയും ഭരണം മുന്നോട്ടുകൊണ്ടുപോകാൻ നിതീഷിനു കഴിയുന്നു. സ്വന്തം കക്ഷി അംഗങ്ങളുടെ അച്ചടക്കവും അദ്ദേഹം ഉറപ്പുവരുത്തുന്നു. ഇക്കാരണത്താൽ ജെഡിയു അംഗങ്ങളെ അടർത്തിമാറ്റാനോ വിമതരെ പ്രോത്സാഹിപ്പിക്കാനോ ബിജെപി അവിടെ ശ്രമിക്കുന്നില്ല. ബിഹാറിലെ ഒരു വിഭാഗം ബിജെപി നേതാക്കൾക്കു നിതീഷിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റണമെന്നു താൽപര്യമുണ്ടെങ്കിലും പാർട്ടി ഹൈക്കമാൻഡ് സന്നദ്ധമല്ല. മുൻപു ബിജെപിയോടു പിണങ്ങി എൻഡിഎ വിട്ട നിതീഷ് രാഷ്ട്രീയ ജനതാദളും കോൺഗ്രസുമായി സഖ്യമുണ്ടാക്കി ബിഹാറിൽ ഭരണം പിടിച്ചതാണ്. 

പക്ഷേ, ബിഹാറിൽ നിതീഷിന് അനുവദിക്കുന്ന പ്രാധാന്യമോ മേധാവിത്വമോ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെക്കു നൽകാൻ തയാറുമല്ല ബിജെപി.

English Summary: Maharashtra Political crisis, Eknath Shinde

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS