ADVERTISEMENT

കഴിഞ്ഞ രണ്ടു ദശാബ്ദമായി വ്യവസായങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു തിരിഞ്ഞുനിന്നിട്ടില്ല തമിഴ്നാട്. 10 വർഷത്തെ ഇടവേളയ്ക്കുശേഷം, കഴിഞ്ഞവർഷം മേയിൽ ഡിഎംകെ അധികാരത്തിൽ വന്നതോടെ ആ വാതിലുകൾ കൂടുതൽ വിശാലമായി. തമിഴ്നാട്ടിൽനിന്ന് ഇപ്പോൾ സെമി കണ്ടക്ടറുകൾ മുതൽ ഇലക്ട്രിക് വാഹന ഘടകങ്ങൾ വരെയാണു ലോകവിപണിയിലെത്തുന്നത്.

രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ (സെസ്) പ്രവർത്തിക്കുന്ന ഏക സംസ്ഥാനം ഡിഎംെക അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേർക്കു തൊഴിലവസരങ്ങളും ഉണ്ടായി. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ (ഇൗസ് ഓഫ് ഡൂയിങ് ബിസിനസ്) 97% സ്കോർ നേടി മൂന്നാം സ്ഥാനത്തേക്കു തമിഴ്നാട് ഉയർന്നു. 2030 ആകുമ്പോഴേക്കും ഒരു ട്രില്യൻ ഡോളർ (80 ലക്ഷം കോടിയോളം രൂപ) സമ്പദ്‌വ്യവസ്ഥ എന്ന വളർച്ചാലക്ഷ്യം കൈവരിക്കാൻ ഇൗ വർഷം ഏകദേശം 23 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളുമായാണ് സ്റ്റാലിൻ സർക്കാർ മുന്നോട്ടുപോകുന്നത്. ആകെ 46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു പ്രതീക്ഷ.

എന്തുകൊണ്ട് നിക്ഷേപം തമിഴ്നാട്ടിലേക്ക് ?

വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച് 37,220ൽ ഏറെ വ്യവസായശാലകളുണ്ട് തമിഴ്നാട്ടിൽ. വാഹനം മുതൽ വിമാനഘടകങ്ങൾ വരെ ഇവിടെ ഉൽപാദിപ്പിക്കുന്നു. എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്പനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് ‘കേൾക്കാനുള്ള മനസ്സും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികൾക്കുണ്ട്’ എന്ന മറുപടിയാണ് അവർ നൽകിയത്. വ്യവസായ പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തീരുമാനം വേഗത്തിലാണ്. കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്പദ്‌വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും കൂട്ടി. കൂടാതെ, വ്യവസായനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള മത്സരശേഷി തമിഴ്നാട് എപ്പോഴും നിലനിർത്തുന്നുണ്ടെന്നു വ്യവസായികളും സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോൾ തമിഴ്നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയിൽ കൂടുതൽ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണ്; അതിനോടാണ് ഇപ്പോൾ താൽപര്യവും. സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈൽ ഫോൺ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിർമിക്കുന്ന വൻകിടക്കാരുമായി ധാരണയായിക്കഴിഞ്ഞു. ഇതുകൂടാതെ 20,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ലൈഫ് സയൻസ് പോളിസിയും റിസർച് ആൻഡ് ഡവലപ്മെന്റ് (ആർ ആൻഡ് ഡി) പോളിസിയും സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കി.

car
വിദേശത്തേക്ക് അയയ്ക്കാൻ ചെന്നൈ തുറമുഖത്ത് എത്തിച്ച കാറുകൾ (ഫയൽചിത്രം)

ലൈഫ് സയൻസ് വ്യവസായ സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും പ്രാദേശിക ഉൽപാദനശേഷിയും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുടെയും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതിയും വർധിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽ പാർക്കുകൾ, മെഡിക്കൽ ഉപകരണ ഫാക്ടറികൾ, മെഡിക്കൽ ടെക്‌സ്‌റ്റൈൽ പാർക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനു മൂലധന സബ്‌സിഡി, ഭൂമി തുടങ്ങിയവ നൽകാനും പദ്ധതികൾക്കു സുസ്ഥിര ധനസഹായം ലഭ്യമാക്കാനുമാണ് ലൈഫ് സയൻസ് നയം നിർദേശിക്കുന്നത്.

സർക്കാർ, സ്വകാര്യ മേഖലകളിലെ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും എണ്ണം വർധിപ്പിക്കാനും കൂടുതൽ പേറ്റന്റുകൾ നേടാനും ലക്ഷ്യമിട്ട് ഗവേഷണ പാർക്കുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ഇന്നവേഷൻ ഹബ്ബുകൾ തുടങ്ങിയവ സ്ഥാപിക്കാൻ ആർ ആൻഡ് ഡി നയം ശുപാർശ ചെയ്യുന്നു. തമിഴ്‌നാട് സ്റ്റാർട്ടപ്പ് ആൻഡ് ഇന്നവേഷൻ മിഷൻ വഴി ചെറിയ പട്ടണങ്ങൾ പോലും പ്രാദേശിക സ്റ്റാർട്ടപ്പ് ഹബ്ബുകളായി മാറും.

‘ഗൈഡൻസ്’ കുതിപ്പേകി; സ്റ്റാലിനുണ്ട് മുന്നിൽ

തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്‌സ്‌പോർട് പ്രമോഷൻ ബ്യൂറോ പേരു മാറി ‘ൈഗഡൻസ്’ എന്നു ചുരുങ്ങിയപ്പോൾ വിശാലമായ അവസരങ്ങൾക്കൂടി തമിഴ്നാട് തുറന്നിട്ടു. നിക്ഷേപ പ്രോത്സാഹനത്തിനും ഏകജാലക സൗകര്യത്തിനും വേണ്ടി 1992ൽ സ്ഥാപിതമായ സർക്കാർ നോഡൽ ഏജൻസിയാണ് ‘ഗൈഡൻസ്’. വ്യവസായം നടത്താൻ നിക്ഷേപകരെ എളുപ്പവും ചെലവു കുറഞ്ഞതുമായ വഴികളിലൂടെ ഗൈഡൻസ് നയിക്കും. മുഴുവൻ ടീമിനെയും ഏകോപിപ്പിച്ച് അവരുടെ ലക്ഷ്യത്തിന്റെ കയ്യെത്തും ദൂരത്തെത്തിക്കും. വ്യവസായ വകുപ്പിനു കീഴിലാണു പ്രവർത്തനം. വ്യവസായ മന്ത്രി തങ്കം തെന്നരശും മാനേജിങ് ഡയറക്ടർ പൂജ കുൽക്കർണിയുമാണു ഗൈഡൻസിന്റെ അമരക്കാർ.

ഓരോ വകുപ്പിന്റെയും പ്രവർത്തനം കൃത്യമായി വിലയിരുത്തിയും നിരീക്ഷിച്ചും നേതൃത്വം നൽകിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുന്നിൽതന്നെയുണ്ട്. വിവിധ മേഖലകളിലായി ഈ വർഷം 5 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കു ഗൈഡൻസ് സൗകര്യമൊരുക്കിയിട്ടുണ്ട്. നിക്ഷേപകർക്ക് ആവശ്യമായ തരത്തിൽ തമിഴ്‌നാട്ടിലെ ആവാസവ്യവസ്ഥയെ മാറ്റിയെടുക്കാൻ കഴിവുള്ള സ്ഥാപനമായി ഗൈഡൻസ് മാറിയതോടെ സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്കുണ്ടായ പുരോഗതി അമ്പരപ്പിക്കുന്നതാണ്.

വികസനം ജനത്തിനൊപ്പം

വികസന വാതിൽ തുറന്നു കൊടുക്കുമ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങളും പരിസ്ഥിതി മലിനീകരണവും ശ്രദ്ധാപൂർവം സർക്കാർ വീക്ഷിക്കുന്നു. ജനങ്ങളോട് ഏറ്റുമുട്ടി വികസനം വേണ്ടെന്ന നിലപാടാണു മുഖ്യമന്ത്രിക്കും. ചെമ്പ് സംസ്കരണ പ്ലാന്റായ തൂത്തുക്കുടി സ്റ്റെർലൈറ്റ് അടച്ചുപൂട്ടാനും അസംസ്കൃത എണ്ണ പര്യവേക്ഷണത്തിനെത്തിയ കമ്പനി ശുദ്ധജല സ്രോതസ്സുകളും കൃഷിസ്ഥലവും ഉപയോഗശൂന്യമാക്കിയപ്പോൾ പദ്ധതി ഉപേക്ഷിക്കാനും സർക്കാർ അധികം ആലോചിച്ചില്ല.

ഫോഡ് തമിഴ്നാട് പ്ലാന്റ് പൂട്ടാൻ തീരുമാനിച്ചപ്പോൾ തൊഴിലാളികളുടെ താൽപര്യം പരമാവധി സംരക്ഷിക്കാനും സർക്കാർ ഒപ്പം നിന്നു. ഫോഡിന്റെ പ്ലാന്റ് മറ്റൊരു കമ്പനിക്കു കൈമാറാനുള്ള നീക്കങ്ങളും സജീവമാണ്. വൈദ്യുത വാഹന നിർമാണ യൂണിറ്റ് ഇവിടെയെത്തിക്കാനുള്ള ശ്രമമാണു പുരോഗമിക്കുന്നത്.

പോരുണ്ട്; പക്ഷേ...

കേന്ദ്ര സർക്കാരിനോടു വിവിധ വിഷയങ്ങളിൽ പല്ലും നഖവും ഉപയോഗിച്ച് എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അതൊന്നും സംസ്ഥാനത്തിന്റെ വരുമാനത്തെയും വികസനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടതെല്ലാം തമിഴ്നാട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര മൊത്ത വരുമാന(ജിഡിപി)ത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നതിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാടിനെ കേന്ദ്രത്തിനും കൈവിടാനാകില്ല. 2021ലെ കയറ്റുമതി ശേഷി സൂചികയിലും ദേശീയ ലോജിസ്റ്റിക് സൂചികയിലും നാലാം സ്ഥാനത്താണു തമിഴ്നാട്. ബിസിനസ് റിഫോം ആക്‌ഷൻ പ്ലാൻ (ബിആർഎപി) റാങ്കിങ്ങിൽ 14–ാം സ്ഥാനത്തുനിന്ന് ഇത്തവണ 3–ാം സ്ഥാനത്തെത്തി.

tamil nadu

തമിഴ്നാട് തിളങ്ങുന്നത് ഇങ്ങനെ

ഓട്ടമൊബീൽ
∙ രാജ്യത്തെ 10 മോട്ടർ ഹബ്ബുകളിൽ ഒന്ന്
∙ രാജ്യത്തെ ഏറ്റവും വലിയ ടയർ ഉൽപാദകർ
∙ ഓരോ വർഷവും 1.71 ദശലക്ഷം കാറുകളുടെ ഉൽപാദനം
∙ ഓരോ മിനിറ്റിലും 3 കാറുകൾ നിർമിക്കുന്നു
∙ ഓരോ 2 മിനിറ്റിലും ഒരു ട്രക്ക് പുറത്തിറക്കുന്നു
∙ ഓരോ 6 സെക്കൻഡിലും ഒരു മോട്ടർ ബൈക്ക് നിർമിക്കുന്നു

വൈദ്യുത വാഹനങ്ങൾ
∙ രാജ്യത്തെ ആദ്യ വൈദ്യുത വാഹനം നിർമിക്കപ്പെട്ടതു ഹ്യുണ്ടായിയുടെ തമിഴ്നാട് പ്ലാന്റിൽ
∙ ഹൊസൂർ, ധർമപുരി, കൃഷ്ണഗിരി മേഖല ആസ്ഥാനമാക്കി വൈദ്യുത വാഹന ഹബ്
∙ വൈദ്യുത വാഹന ഘടകനിർമാണത്തിനു കൂടുതൽപേർ രംഗത്ത്
∙ സെമി കണ്ടക്ടർ ഉൽപാദനം തമിഴ്നാട്ടിലേക്ക്

എയ്റോസ്പേസ്
∙ രാജ്യത്തെ ആദ്യ പ്രതിരോധ ഇടനാഴി ശ്രീപെരുംപുത്തൂരിൽ പുരോഗമിക്കുന്നു
∙ 120ൽ ഏറെ വ്യോമയാന ഘടക നിർമാതാക്കളുടെ സാന്നിധ്യം
∙ 700ൽ ഏറെ ഘടക വിതരണക്കാരുടെ ശൃംഖല

ഊർജോൽപാദനം
∙ കാറ്റിൽനിന്ന് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം (16 ജിഗാ വാട്ട്)
∙ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ലോകത്ത് 9–ാം സ്ഥാനം

ഇലക്ട്രോണിക്സ്
∙ ഉൽപാദനത്തിൽ രാജ്യത്തു രണ്ടാം സ്ഥാനം
∙ രാജ്യത്തെ ആകെ ഇലക്ട്രോണിക്സ് ഉൽപാദനത്തിന്റെ 20‍% തമിഴ്നാട്ടിൽ
∙ 800 ഏക്കറിലേറെ സ്ഥലത്തു പ്രത്യേക സാമ്പത്തിക മേഖല (സെസ്)

*അവലംബം – നാഷനൽ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഏജൻസി

Content Highlight: Foreign Investment Flow into Tamil Nadu, MK Stalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com