ADVERTISEMENT

ശ്രീലങ്കയിലെ ദുരിത സാഹചര്യം എളുപ്പത്തിൽ പരിഹരിക്കപ്പെടുമെന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. ആറു തവണ പ്രധാനമന്ത്രിയായ റനിൽ വിക്രമസിംഗെയെ ബുധനാഴ്ച ശ്രീലങ്കൻ പാർലമെന്റ് പ്രസി‍ഡന്റായി തിരഞ്ഞെടുത്തു. എന്നാൽ, മാസങ്ങളായി തുടരുന്ന സാമ്പത്തിക ‌കെടുതിയിൽനിന്നു കരകയറാനോ ചിതറിപ്പോയ ഒരു ജനതയുടെ മുറിവുണക്കാനോ ഈ തിരഞ്ഞെടുപ്പിനാവുമെന്ന് ഒട്ടും തീർച്ചയില്ല. 

സുന്ദരവും ഒരിക്കൽ സമൃദ്ധി നിറഞ്ഞിരുന്നതും പല കാര്യങ്ങളിലും കേരളത്തെ ഓർമിപ്പിക്കുന്നതുമായ ഈ ദേശം എങ്ങനെയാണ് ഈ അവസ്ഥയിലേക്കു വീണുപോയത്? ശ്രീലങ്കയുടെ ഈ പതനം രാഷ്ട്രീയവും സാമ്പത്തികവുമായ പിടിപ്പുകേടിന്റെ പാഠപുസ്തകമാണ്. പ്രത്യേകിച്ച്, നമ്മൾ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾ ജാഗ്രതയോടെ വായിക്കേണ്ട ഗുണ(ദോഷ)പാഠം. 

Shashi Tharoor PTI
ശശി തരൂർ. PTI Photo/Atul Yadav

ഒറ്റക്കുടുംബത്തിൽ അധികാരം കേന്ദ്രീകരിക്കപ്പെട്ടതു തന്നെയാണ് ആദ്യത്തെ പ്രശ്നം. സ്വന്തം കൂട്ടുകക്ഷികളാൽ‌തന്നെ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട മഹിന്ദ രാജപക്സെ, രണ്ടു വർ‌ഷം മുൻപു വീണ്ടും തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായി വന്നത് ഒരു തവണ കൂടി പ്രസി‍ഡന്റാവാൻ ഭരണഘടന അനുവദിക്കാതിരുന്നതുകൊണ്ടാണ്. എന്നാൽ, പ്രസി‍ഡന്റ് പദവി ഒഴിഞ്ഞുകിടക്കാതിരിക്കാൻ അദ്ദേഹം വളരെയെളുപ്പത്തിൽ ഒരു പരിഹാരം കണ്ടുപിടിച്ചു: ആ പണിക്കു സ്വന്തം സഹോദരൻ ഗോട്ടബയയെ അവരോധിച്ചു. മാത്രമല്ല, കൂടുതൽ രാജപക്സെമാരെ ഭരണകൂടത്തിൽ കുത്തിനിറയ്ക്കുകയും ചെയ്തു. സഹോദരൻ ബേസിലിനെ ധനമന്ത്രിയാക്കി, മറ്റൊരു സഹോദരൻ ചമലിനെ സ്പീക്കറാക്കി. മകൻ നമലിനെ സ്പോർട്സ്, യുവജനകാര്യ മന്ത്രിയാക്കി. അവിടെയും നിർത്തിയില്ല രാജപക്സെമാർ. ചമലിന്റെ മകൻ ശശീന്ദ്രയ്ക്കു കൃഷിവകുപ്പു കൊടുത്തു. മഹിന്ദയുടെ ഭാര്യാസഹോദരൻ നിശാന്ത വിക്രമസിംഗെയെ ശ്രീലങ്കൻ എയർലൈൻസിന്റെ തലവനുമാക്കി. മഹിന്ദയുടെ മറ്റൊരു മകൻ യോഷിതയ്ക്കു പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്ന തന്ത്രപ്രധാനമായ കസേരയും കൊടുത്തു. ഇന്ത്യയിൽ കുടുംബാധിപത്യ രാഷ്ട്രീയം എന്ന സങ്കൽപത്തിനെതിരെ പലരും നിരാശ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ലങ്കയിലെ അവസ്ഥ എല്ലാ പരിധികളും വിട്ടുള്ളതായിരുന്നു. 

പ്രതിപക്ഷം പൂർണമായും നാനാവിധമായിരുന്നത് ഈ സ്ഥിതി സൃഷ്ടിക്കുന്നതിനു സഹായകമായി. ഒറ്റക്കുടുംബം ഒരു രാജ്യത്തിന്റെ അധികാരം മുഴുവൻ കൈക്കലാക്കുന്നതു തടയാൻ അവർക്കാവുമായിരുന്നില്ല. എന്നാൽ, രാജപക്സെമാർ രാഷ്ട്രീയ മേധാവിത്വത്തോടൊപ്പം സാമ്പത്തിക പിടിപ്പുകേടുകൂടി അലങ്കാരമാക്കി മാറ്റുന്നത് പൊതുജനം അന്ധാളിപ്പോടെയാണു കണ്ടത്. അടച്ചു തീർക്കാനാവാത്ത കടങ്ങൾ പെരുകി ഈ വർഷം ആദ്യം 5400 കോടി ഡോളറിലെത്തി. ഇതിനിടെ, ഇതിൽ ഏതോ ഒരു രാജപക്സെയ്ക്ക് ചെലവു കുറയ്ക്കാൻ ‘ഒന്നാന്തരം’ ഒരാശയം കിട്ടി: വ്യാപകമായി ജൈവകൃഷി തുടങ്ങിയാൽ ചെലവേറിയ രാസവളം ഇറക്കുമതി കുറയ്ക്കാം! ജൈവകൃഷിയുടെ പ്രയോഗവും സാമ്പത്തികശാസ്ത്രവുമൊന്നും പഠിക്കാൻ മിനക്കെടാതെ ഒറ്റയടിക്കു രാജ്യത്തിന്റെ കൃഷിവ്യവസ്ഥ അട്ടിമറിച്ചു. അതുമൂലം രാജ്യത്തിന്റെ വളം ഇറക്കുമതി വൻതോതിൽ ഇല്ലാതായി, ഇറക്കുമതിച്ചെലവും വൻതോതിൽ കുറഞ്ഞു. എന്നാൽ, ഇതു കാർഷികോൽപാദനത്തിനു കടുത്ത ആഘാതമായി. ലങ്കൻ ജനതയുടെ നിത്യഭക്ഷണമായ അരിയുടെ ഉൽപാദനം കുത്തനെ താഴുകയും ഭക്ഷ്യവിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. അതേസമയം തന്നെ, രാസവളം ഇല്ലാതായതോടെ ശ്രീലങ്കയുടെ കയറ്റുമതി വരുമാനത്തിന്റെയും വിദേശനാണ്യ ശേഖരത്തിന്റെയും പ്രധാന സ്രോതസ്സായ തേയിലയുടെ ഉൽപാദനവും ഇടിഞ്ഞുതാണു. ജൈവകൃഷി പ്രകൃതിക്കും കഴിക്കുന്നവർക്കും നല്ലതാണെങ്കിലും രാസവളം ഉപയോഗിച്ചുള്ള ഉൽപാദനത്തെക്കാൾ വളരെ കുറവായിരിക്കും ജൈവകൃഷിയിൽനിന്നുള്ള വിളവെടുപ്പ് എന്ന കാര്യം മനസ്സിലാക്കാൻ ഒരു രാജപക്സെയും ശ്രമിച്ചില്ല. 

ദിനേശ് ഗുണവർധന (ചിത്രം: Ishara S. KODIKARA / AFP)
ദിനേശ് ഗുണവർധന (ചിത്രം: Ishara S. KODIKARA / AFP)

ഈ സാമ്പത്തിക തിരിച്ചടികൾക്കു സമാന്തരമായി സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമായുണ്ടായ രണ്ടു സംഭവങ്ങൾ ശ്രീലങ്കയുടെ പ്രധാനവരുമാനമാർഗമായ ടൂറിസം ഇല്ലാതാക്കി. ഭീകരർ പള്ളികളിൽ നടത്തിയ ‘ഈസ്റ്റർ ‍ഞായർ ബോംബ് സ്ഫോടനങ്ങൾ’ ആയിരുന്നു ആദ്യത്തേത്. ഇതു പാശ്ചാത്യ വിനോദസഞ്ചാരികളെ ഭയപ്പെടുത്തിയകറ്റി. ഇതിനു പിന്നാലെ കോവി‍ഡാണ് രണ്ടാമതു പ്രതിസന്ധി സൃഷ്ടിച്ചത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഭരണകൂടം കാട്ടിയ പിടിപ്പുകേട്, രോഗം ദ്വീപു മുഴുവൻ പടരാനും ടൂറിസം നിശ്ചലമാകാനും ഇടയാക്കി. ഇതിനൊക്കെ മുകളിലുള്ള മറ്റൊരു പ്രഹരമായിരുന്നു പ്രവാസിസമൂഹം രാജ്യത്തേക്കയയ്ക്കുന്ന പണത്തിന്റെ തോത് കോവിഡ് ലോക്‌ഡൗൺ മൂലം കുത്തനെ ഇടിഞ്ഞത്. രാജ്യത്തേക്കു പണം ആകർഷിക്കാനുള്ള ശ്രമത്തിൽ മറ്റൊരു മണ്ടത്തരം കൂടി സർക്കാർ ചെയ്തു: 6 ശതമാനം പലിശയ്ക്കു യുഎസ് ഡോളർ ബോണ്ടുകൾ ഇറക്കി. ഡോളർ നിക്ഷേപങ്ങൾക്കു ലോകത്ത് എവിടെയും നൽകുന്നതിനെക്കാൾ കൂടിയ പലിശ!

ചൈനയിൽനിന്നു വിവേകരഹിതമായി വാങ്ങിക്കൂട്ടിയ കടം തിരിച്ചടയ്ക്കാൻ കഴിയില്ലെന്നു വന്നതോടെ, മഹിന്ദയുടെ സ്വന്തം മണ്ഡലത്തിൽ പണിതുകൊണ്ടിരുന്ന സ്വപ്നപദ്ധതിയായ ഹംബൻതോട്ട തുറമുഖം ചൈനയ്ക്കു കൈമാറുന്ന നിലയിലെത്തി. ഇതിനൊക്കെ നടുവിൽ ധനമന്ത്രിക്ക് ഒരു വെളിപാടുമുണ്ടായി– ധനികരായ വോട്ടർമാരെ കയ്യിലെടുക്കാൻ ആദായനികുതി വെട്ടിക്കുറച്ചു. 

ഈ തീരുമാനങ്ങളുടെയും സംഭവങ്ങളുടെയുമൊക്കെ പരിണതഫലം ആർക്കും ഊഹിക്കാവുന്നതായിരുന്നു. സർക്കാരിനു വരുമാനമേ ഇല്ലാതായി, വിദേശനാണ്യ ശേഖരം മൂക്കുകുത്തി. ഇന്ധനവും പെട്രോളിയം ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യാൻ കഴിയാതായി. അധികം വൈകാതെ പെട്രോൾ പമ്പുകളിലും ഭക്ഷണവിൽപനശാലകളിലും നീണ്ട ക്യൂ ഉണ്ടായിത്തുടങ്ങി. സർക്കാർ കൂടുതൽ നോട്ട് അച്ചടിക്കാൻ തുടങ്ങിയതോടെ പണപ്പെരുപ്പം പ്രതിവർഷം 50 ശതമാനത്തിനു മുകളിൽ എന്ന നിലയിലെത്തി. (പണപ്പെരുപ്പം 10 ശതമാനത്തിലെത്തിയാൽതന്നെ ഇന്ത്യക്കാർക്കുള്ള ആശങ്ക ഓർക്കണം.) സാധാരണ ലങ്കൻ പൗരൻ പകച്ചുനിന്നു: കീശയിൽ പണമില്ല, ജോലിയില്ല, യാത്രയ്ക്കു പെട്രോളില്ല, കയ്യിലെ കാശിനനുസരിച്ചു വാങ്ങാൻ ഭക്ഷണവുമില്ല. അസ്വസ്ഥതയും നിരാശയും നാടെങ്ങും പരന്നു. ലക്ഷക്കണക്കിനു പൗരൻമാർ പൊതുസ്ഥലങ്ങൾ കയ്യേറുകയും സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജപക്സെ കുടുംബത്തെ ലങ്കയിൽനിന്ന് ഓടിച്ചുവിടുന്നതുവരെയെത്തി കാര്യങ്ങൾ. 

പുതിയ പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് അടിസ്ഥാനപരമായ സാമ്പത്തിക ദുരന്തത്തിന് ഒരു ഉടൻ പരിഹാരമല്ല. പിടിച്ചു നിൽക്കാൻ മാസം നൂറു കോടി ഡോളറെങ്കിലും കരുതൽ ധനമായി വേണ്ടിടത്ത്, ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ കയ്യിൽ 250 ലക്ഷം ഡോളറേയുള്ളൂ. ശ്രീലങ്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ തിരുവനന്തപുരത്തു വരേണ്ട നിലയിലാണ് രാജ്യത്തെ ഇന്ധനക്ഷാമം. ഇന്ത്യ കൈ അയച്ച് അനുവദിച്ച 380 കോടി ഡോളർ അടിയന്തര സഹായം മൂന്നോ നാലോ മാസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള ഇന്ധന, ഭക്ഷ്യ, മരുന്ന് ഇറക്കുമതിക്കു മാത്രമേ തികയുകയുള്ളൂ. ആദ്യം സഹായാഭ്യർഥനയുമായി രാജ്യാന്തര നാണ്യനിധിയെ (ഐഎംഎഫ്) സമീപിക്കാൻ ഭരണകൂടം മടിച്ചെങ്കിലും ഇപ്പോൾ നിവൃത്തിയില്ലാതെ അവർക്കു മുന്നിൽ തലകുമ്പിട്ടു നിൽക്കുകയാണ്. കടുത്ത ഉപാധികളോടെ മാത്രമേ അവിടെ നിന്നുള്ള സഹായം വരികയുള്ളൂ. അതു തുടർന്നും കൂടുതൽ ജനരോഷത്തിനു കാരണമായേക്കാം.

ഒരു കണ്ണുനീർത്തുള്ളിയുടെ ആകൃതിയിലുള്ള അയൽദേശം. സുന്ദരമെങ്കിലും, ഇപ്പോൾ ഇരുൾ തിങ്ങിയ ദ്വീപ്. അവിടത്തെ ജനതയുടെ നീണ്ട സഹനത്തിന് അറുതിവരുമെന്നും നിലവിലെ ദുരവസ്ഥ അവർ തരണം ചെയ്യുമെന്നും നമുക്കു പ്രതീക്ഷിക്കാം.

വാൽക്കഷണം: ഇന്ത്യ 2023 ആകുമ്പോഴേക്കും ജനസംഖ്യയിൽ ചൈനയെ കവച്ചുവയ്ക്കും എന്നാണു കരുതുന്നതെന്ന് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നു. ഈ ദിനം കണക്കുകൂട്ടലുകൾ തെറ്റിച്ച് അടുത്തടുത്തുവരികയാണ്! 2034ൽ ഇതു സംഭവിക്കുമെന്നായിരുന്നു രണ്ടു ദശകം മുൻപത്തെ പ്രവചനം. പിന്നീടത് 2026ൽ എന്നായി. ഇപ്പോൾ 2023ലും. ആഗോള നിലവാരത്തിൽ ഇന്ത്യയുടെ മോശപ്പെട്ട ഒരു ഒന്നാം റാങ്ക് ആയിരിക്കുമത്. ജനസംഖ്യാ പെരുപ്പത്തിന്റെ ‌ചിത്രം കൂടുതൽ കുഴഞ്ഞതും ആശങ്കപ്പെടുത്തുന്നതുമാണ്. അടുത്തയാഴ്ച നമുക്ക് ഇക്കാര്യം ചർച്ച ചെയ്യാം.

 

Content Highlight: Shashi Tharoor, Sri Lanka, Dinesh Gunawardena, Ranil Wickremesinghe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com