ADVERTISEMENT

75% മാർക്കിൽ കൂടുതൽ വാങ്ങുന്ന പത്താംക്ലാസ് വിദ്യാർഥികൾക്ക് 10,000 രൂപയും 85% മാർക്കിൽ കൂടുതൽ വാങ്ങുന്ന 12–ാം ക്ലാസ് വിദ്യാർഥികൾക്ക് 25,000 രൂപയും കേന്ദ്രസർക്കാർ സ്കോളർഷിപ് നൽകുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ. അതിന് അപേക്ഷിച്ചിരുന്നോ? ഇല്ലെങ്കിൽ മുനിസിപ്പൽ ഓഫിസിലേക്കു പോവുക, ഫോം ചോദിച്ചു വാങ്ങുക, അപേക്ഷിക്കുക. പിന്നെ ഒരുകാര്യം, ഈ വിവരം എല്ലാവരോടും പറയണം.’’

ഈ സന്ദേശം ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയവരാകും നമ്മളിൽ പലരും. ആർക്കെങ്കിലുമൊക്കെ ഉപകരിക്കട്ടെ എന്ന നമ്മുടെ നല്ല മനസ്സുകൊണ്ടു ഷെയറും ചെയ്തിട്ടുണ്ടാകും! സംഗതി വ്യാജമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്ത്യയിൽ ഇപ്പോൾ പരീക്ഷാഫലങ്ങളുടെ സീസണാണ്. ഈ സീസണിൽ പതിവായി വരുന്ന നൂറുകണക്കിനു വ്യാജ സന്ദേശങ്ങളിലൊന്നാണ് ഇതും. സന്ദേശം കണ്ട് ഒട്ടേറെപ്പേർ അന്വേഷണവുമായി വരുന്നുവെന്നു പല നഗരസഭാ ഓഫിസുകളിലെയും അധികൃതർ പരാതിപ്പെടുന്നു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെയും മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെയും പേരിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച സ്കോളർഷിപ്പുകൾ എന്ന പേരിലാണ് ഈ പ്രചാരണം നടക്കുന്നത്. സത്യത്തിൽ 3– 4 വർഷമായി ഓരോ പരീക്ഷാഫല സീസണിലും പ്രചരിക്കുന്ന വ്യാജ സന്ദേശമാണിത്. കേന്ദ്രത്തിന് ഇത്തരമൊരു പദ്ധതിയില്ലെന്നു സർക്കാർവൃത്തങ്ങൾതന്നെ മുൻപും വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നിട്ടും, ഇത്തവണയും സാധനം കറങ്ങിത്തിരിഞ്ഞു നമ്മുടെ ഫോണിലെത്തി. അടുത്ത സീസണിലും വരുമെന്നു കരുതിയിരിക്കാം!

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം 5 ലക്ഷം വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകുന്നുവെന്ന പഴയ തട്ടിപ്പും ഇപ്പോൾ വീണ്ടും പ്രചരിക്കുന്നുണ്ട്. നമ്മുടെ വ്യക്തിവിവരങ്ങൾ കൈക്കലാക്കാനുള്ള തന്ത്രമാണിത്.  വ്യാജ സ്കോളർഷിപ്പുകളും സമ്മാനപദ്ധതികളും സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന പലതരം മെസേജുകൾ സമൂഹമാധ്യമങ്ങളിലുണ്ട്. 

കേന്ദ്രസർക്കാരിന്റെ വിവിധ സ്കോളർഷിപ് പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നാഷനൽ സ്കോളർഷിപ് പോർട്ടൽ പരിശോധിക്കാം: www.scholarships.gov.in

waterfall

ഒരു വിഡിയോ ഉണ്ടെങ്കിൽ!

പരീക്ഷാഫലക്കാലത്തിനൊപ്പം മഴക്കാലവുമാണല്ലോ കേരളത്തിൽ. സ്വാഭാവികമായും മഴയുടെയും പ്രളയത്തിന്റെയുമൊക്കെ പല വിഡിയോകൾ സമൂഹമാധ്യമങ്ങളി‍ൽ വരും. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം പ്രചരിച്ച ഒരു വിഡിയോയിൽനിന്നുള്ള ദൃശ്യമാണ് ഇത്. അടിമാലി– മൂന്നാർ റോഡിലെ കല്ലാർ, വയനാട് പാൽച്ചുരം, നിലമ്പൂരിലെ നാടുകാണി തുടങ്ങി കേരളത്തിലെ പലയിടങ്ങളിലേത് എന്ന പേരിൽ പ്രചരിച്ച ദൃശ്യം ശരിക്കും എവിടെനിന്നുള്ളതാണ്? വിഡിയോയിൽനിന്നുള്ള സ്ക്രീൻഷോട്ട് ദൃശ്യംവച്ച് ഇന്റർനെറ്റിൽ സേർച് ചെയ്താൽ സംഗതി വെറും ലോക്കലല്ല എന്നു മനസ്സിലാകും. മഹാരാഷ്ട്രയിലെ അംബോലി വെള്ളച്ചാട്ടം എന്ന പേരിലും വിഡിയോ കുറെ കറങ്ങിയിട്ടുണ്ട്. എന്നാൽ, കുലംകുത്തിയൊഴുകുന്ന ഈ വെള്ളച്ചാട്ടം ഗുജറാത്തിലെ ദാങ് ജില്ലയിലുള്ളതാണെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിവരം ഇന്റർനെറ്റിൽ ലഭ്യമാണ്. കഴിഞ്ഞദിവസങ്ങളിൽ ഗുജറാത്തിലും കൊടുംമഴയായിരുന്നു. ഒരു വിഡിയോകൊണ്ട് എവിടെയെല്ലാം വെള്ളച്ചാട്ടമുണ്ടാക്കാമെന്നതിന്റെ ഉദാഹരണമാണിത്!

സമാനമായ രീതിയിലായിരുന്നു പട്ടാമ്പിയിൽ ഭാരതപ്പുഴ നിറഞ്ഞു കവിഞ്ഞ് പാലം മൂടിയ വിഡിയോയും. ലോകമെങ്ങും മലയാളി വാട്സാപ് ഗ്രൂപ്പുകളിൽ വിഡിയോ എത്തിയതോടെ, പട്ടാമ്പിയിലെ പരിചയക്കാരുടെ ഫോണുകളിലേക്ക് അന്വേഷണമായി. പട്ടാമ്പിക്കാർ അമ്പരന്നുവത്രേ. 2018ലെ പ്രളയകാലത്ത് ഭാരതപ്പുഴ കരകവിഞ്ഞപ്പോഴത്തെ വിഡിയോയാണ് 2022ലെ പ്രളയമായി പ്രചരിച്ചത്. പഴയ വിഡിയോകൊണ്ടു പുതിയ വെള്ളപ്പൊക്കമുണ്ടാക്കിയ കഥയാണിത്!

tweet

തിരുത്തിന് സല്യൂട്ട്

യഥാർഥ മനുഷ്യർ നൃത്തം ചെയ്യുന്ന വിഡിയോകൾ ഷാങ്ഹായ് ഡിസ്നിവേൾഡിലെ റോബട്ടുകളുടെ നൃത്തം എന്ന പേരിൽ കുറെക്കാലമായി പലരും പ്രചരിപ്പിച്ചു വരുന്ന കാര്യം ഈ പംക്തിയുടെ കഴിഞ്ഞ ലക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ.  കുറച്ചുകാലം മുൻപ് അത്തരമൊരു വിഡിയോ പ്രമുഖ നടനും പാർലമെന്റ് അംഗവുമായ ശത്രുഘ്നൻ സിൻഹ ഷെയർ ചെയ്ത കാര്യവും പംക്തിയിൽ സൂചിപ്പിച്ചിരുന്നു. മനോരമയിൽ ആ വിഡിയോയുടെ യാഥാർഥ്യത്തെക്കുറിച്ചു വന്ന വിവരം ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന്, നൃത്ത വിഡിയോയെക്കുറിച്ചുള്ള വസ്തുത താൻ മനസ്സിലാക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റോബട്ടുകളുടെ നൃത്തമെന്നു ധരിച്ചു ഷെയർ ചെയ്ത പഴയ ട്വീറ്റ് പിൻവലിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുത്താനുള്ള സന്നദ്ധതയ്ക്ക് അദ്ദേഹത്തിന് അഭിവാദ്യം.

Content Highlight: Fake News, Fact Check, Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com