ADVERTISEMENT

സ്വപ്നപദ്ധതി എന്ന വിശേഷണത്തിൽ ആരുടെ സ്വപ്നം എന്ന ചോദ്യം മറഞ്ഞുകിടക്കുന്നുണ്ട്. അങ്ങനെയൊന്നു നടപ്പാക്കുന്നതു ജനങ്ങളുടെ ചെലവിലാവുകയും അതിന്റെ തിക്തഫലം ജനങ്ങൾതന്നെ സഹിക്കേണ്ടിവരികയും ചെയ്യുമ്പോൾ പദ്ധതിയിൽനിന്നു സ്വപ്നം ചോർന്നുപോകുന്നു. സിൽവർലൈൻ വേഗറെയിൽ പദ്ധതിയുടെ കാര്യത്തിൽ ഇതാണു സംഭവിച്ചിരിക്കുന്നത്. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നു ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വരത്തിൽ പറഞ്ഞ സർക്കാർ ഇപ്പോൾ സമ്മതിക്കുന്നു: പദ്ധതി കേന്ദ്രാനുമതിയോടെ മാത്രമേ നടപ്പാക്കാൻ കഴിയൂ. എങ്കിൽ, സിൽവർലൈനിന്റെ പേരിലുള്ള കല്ലിടലും സമരഭൂമികളിൽ പൊലീസ് നടത്തിയ നരനായാട്ടും എന്തിനായിരുന്നു എന്ന ചോദ്യം റെയിൽപാതപോലെ നീണ്ടുകിടക്കുന്നു. 

ഏതെങ്കിലുമൊരു വികസന പ്രവർത്തനം ജനങ്ങളുടെ പദ്ധതിയായി‌ അംഗീകരിക്കപ്പെടണമെങ്കിൽ അക്കാര്യം ആദ്യംതന്നെ ജനങ്ങൾക്കു ബോധ്യപ്പെടണം. ഈ പ്രാഥമിക തത്വം സർക്കാരിനോ അതിനെ നയിക്കുന്ന മുന്നണിക്കോ മനസ്സിലാക്കാനായില്ല എന്നു കരുതണം. സിൽവർലൈൻ നടപ്പാക്കാൻവേണ്ടി രൂപം നൽകിയ കെ റെയിൽ കമ്പനിയിൽനിന്ന് 20.5 കോടി രൂപ പ്രതിഫലംപറ്റി തയാറാക്കി സമർപ്പിച്ച വിശദ പദ്ധതിരേഖ(ഡിപിആർ)യിൽ തുടങ്ങുന്നു പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം, ഉയർന്ന പദ്ധതിച്ചെലവ്, ഭീമമായ വിദേശവായ്പ എന്നിങ്ങനെ എല്ലാ വെല്ലുവിളികളെക്കുറിച്ചും പരാമർശിക്കുന്നുണ്ട് ഡിപിആറിൽ. കൺസൽറ്റൻസിയെ ഉപയോഗിച്ചു സർക്കാർ തയാറാക്കിയ ഈ ആധികാരിക രേഖ തന്നെയാണു പദ്ധതിയെ എതിർക്കുന്നവരും ആധാരമാക്കിയത്. 

ഈ രേഖപ്രകാരം 63,940 കോടി രൂപയുടെ പദ്ധതിയിൽ 33,670 കോടി വിദേശ വായ്പയാണ്. കേരളത്തിന്റെ ആകെ കടം ഇപ്പോൾത്തന്നെ 3,32,291 കോടി രൂപയാണ്. ഏതു പദ്ധതിയുടെ പേരിലാണെങ്കിലും വീണ്ടും കടമെടുക്കുമ്പോൾ ആ സാമ്പത്തിക ബാധ്യത മുഴുവൻ വന്നുവീഴുന്നതു ജനങ്ങളുടെമേലാണ്. ലക്ഷക്കണക്കിനു ടൺ പ്രകൃതി വിഭവങ്ങൾ ആവശ്യമായതിനാൽ പരിസ്ഥിതിയെക്കുറിച്ചും ആശങ്കയുയർന്നു. വികസന പ്രവർത്തനങ്ങളെല്ലാം മരവിപ്പിക്കുന്ന ബഫർ സോൺ ആയിരക്കണക്കിനു കുടുംബങ്ങളുടെ പേടിസ്വപ്നമായി മാറി.

ഈ ആശങ്കകൾക്കു മീതെയാണു സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ കെ റെയിൽ നാടുനീളെ സർവേക്കല്ലിടാനിറങ്ങിയത്. അതാകട്ടെ ജനങ്ങളുമായി നേരിട്ടുള്ള ഏറ്റുമുട്ടലായി മാറി. 190 കിലോമീറ്റർ ദൂരത്തിൽ 6300 കല്ലുകൾ സ്ഥാപിച്ചപ്പോഴേക്കും 60 കേസുകളിലായി അഞ്ഞൂറിലേറെപ്പേരെ പ്രതിചേർത്തു. സ്ത്രീകൾപോലും അറസ്റ്റിലായി ജയിലിൽ കഴിയേണ്ടിവന്നു. സ്വന്തം മണ്ണിൽനിന്നു കുടിയിറക്കപ്പെടുന്നതിനെതിരെ സമരം ചെയ്തതിനു മക്കളുടെ മുൻപിൽ മാതാപിതാക്കളെ വലിച്ചിഴച്ചു. പൊലീസ് പിന്മാറിയിടത്ത് ആ റോൾ ഭരണകക്ഷി പ്രവർത്തകർ ഏറ്റെടുത്തു. 

പദ്ധതിക്കു കേന്ദ്രാനുമതി ലഭിക്കുന്നതിനു മുൻപ് എന്തിനാണ് ഈ തിടുക്കമെന്നു ഭരണമുന്നണിയിൽപെട്ടവർ പോലും സർക്കാരിനോടു ചോദിച്ചതാണ്. തത്വത്തിൽ അംഗീകാരം ലഭിച്ചതിനാൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ കഴിയുമെന്നായിരുന്നു സർക്കാരിന്റെ വാദം. സാമൂഹികാഘാത പഠനം നടത്താനോ അതിരടയാളക്കല്ലിടാനോ അനുമതി നൽകിയിട്ടില്ലെന്നു പലവട്ടം കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. കല്ലിടാൻ കാണിച്ച തിടുക്കത്തിന്റെയും അതിന്റെ പേരിലുള്ള സംഘർഷത്തിന്റെയും പേരിൽ കോടതി പലവട്ടം സർക്കാരിനെ വിമർശിച്ചു. എന്നാൽ, ഒരടി പോലും പിന്നോട്ടുവയ്ക്കാൻ വിസമ്മതിച്ച സർക്കാർ, പ്രകോപനങ്ങൾ തുടരുകയാണു ചെയ്തത്. 

സിൽവർലൈൻ വലിയ വികസന പദ്ധതിയായി ഉയർത്തിക്കാട്ടി നേരിട്ട തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ ജനങ്ങളുടെ എതിർപ്പിന്റെ ശക്തി ഒരു പരിധിവരെ സർക്കാരിനു ബോധ്യമായിട്ടുണ്ടാകണം. ഡിപിആർ സമർപ്പിച്ചു രണ്ടു വർഷം പിന്നിട്ടിട്ടും അനുമതി നൽകാത്ത കേന്ദ്രസർക്കാരിലുള്ള പ്രതീക്ഷയും ഒരുപക്ഷേ, അസ്തമിച്ചിരിക്കാം. എന്നാൽ, ഈ തിരിച്ചറിവിലെത്തുമ്പോഴേക്കും കെ റെയിലിന്റെ പ്രവർത്തനത്തിനും സിൽവർലൈൻ പദ്ധതിയുടെ നടത്തിപ്പിനുമായി 90 കോടിയോളം രൂപ സർക്കാർ ചെലവാക്കിക്കഴിഞ്ഞു. സാമൂഹികാഘാത പഠനത്തിനു വിജ്ഞാപനമിറങ്ങിയ കഴിഞ്ഞ ഡിസംബർ മുതൽ ഏഴു മാസം കേരളം യുദ്ധക്കളമാകുകയും ചെയ്തു. 

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഒരിടത്തും സർവേക്കല്ലിട്ടിട്ടില്ല. കേരളത്തെ സംഘർഷഭൂമിയാക്കിയ സാമൂഹികാഘാത പഠനത്തിന്റെ കാലാവധി കഴിഞ്ഞിട്ടും സമയം നീട്ടിക്കൊടുക്കാൻ പുതിയ വിജ്ഞാപനമിറക്കിയിട്ടുമില്ല. കല്ലിടാൻ എതിർപ്പുള്ളിടത്തു ജിയോ ടാഗിങ് നടത്താനുള്ള തീരുമാനവും നടപ്പായിട്ടില്ല. ഇതെല്ലാം പിന്മാറ്റത്തിന്റെ സൂചനകളായിത്തന്നെ കാണണം. 

എത്ര വലിയ ഭൂരിപക്ഷമുണ്ടായാലും ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ വൻപദ്ധതികൾ നടപ്പാക്കാനാവില്ല എന്ന ബോധ്യം ഇപ്പോൾ സർക്കാരിനുണ്ടായിട്ടുണ്ടെന്നു കരുതണം. പിന്മാറില്ലെന്നും നടപ്പാക്കുമെന്നും സിപിഎം നേതാക്കൾ കയ്യടിക്കുവേണ്ടി ഇപ്പോഴും ആവർത്തിക്കുന്നുണ്ടെങ്കിലും വെല്ലുവിളിക്കുന്നത്ര എളുപ്പമല്ല കാര്യങ്ങളെന്നു സർക്കാർ മനസ്സിലാക്കിയിരിക്കുന്നു. കേന്ദ്രാനുമതി ലഭിക്കാതെ പദ്ധതി നടപ്പാക്കാനാവില്ലെന്നു പണ്ടേ അറിയാമായിരുന്നിട്ടും സ്വന്തം ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കാൻ തയാറായതിനു സർക്കാർ ഉത്തരം പറയേണ്ടതുണ്ട്.

Content Highlights: Silverline Project, Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com