ജീവനെടുക്കുന്ന ബാങ്ക് ക്രമക്കേട്

HIGHLIGHTS
  • കരുവന്നൂർ ബാങ്കിന്റെ ക്രൂരത നാടിനെ ഞെട്ടിക്കുന്നു
philomina
(1) പ്രാണനെടുത്ത നിസ്സഹകരണം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപകനായ ദേവസി (വലത്) ഭാര്യ ഫിലോമിനയുടെ മൃതദേഹം ബാങ്കിന്റെ ഹെഡ് ഓഫിസിനു മുൻപിൽ വച്ച് പ്രതിഷേധിക്കുന്നു. മകൻ ഡിനോയാണ് ഇടത്തേയറ്റത്ത്. ചിത്രം: വിഷ്ണു വി. നായർ ∙ മനോരമ (2) ഫിലോമിന
SHARE

തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം സമയത്തു ലഭിക്കാത്തതിനാൽ നിക്ഷേപകന്റെ ഭാര്യ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതി നാടിനെ ഞെട്ടിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി 300 കോടിയോളം രൂപയുടെ തിരിമറി നടത്തിയതിനെത്തുടർന്ന് ബാങ്ക് പ്രതിസന്ധിയിലായെന്ന ആരോപണത്തിന്റെ സാഹചര്യത്തിൽ ഈ സംഭവം കൂടുതൽ ഗൗരവമാനം കൈവരിക്കുന്നു. 

എത്രയോ നിക്ഷേപകർ ബാങ്കിലിട്ട പണം അത്യാവശ്യസമയത്തുപോലും തിരികെനൽകാത്ത കരുവന്നൂർ ബാങ്കിന്റെ ക്രൂരതകളിൽ ഇനി ഫിലോമിന എന്ന എഴുപതുകാരിയുടെ മുറിഞ്ഞുപോയ ആയുസ്സുമുണ്ടാകും. 80 വയസ്സുള്ള ഭർത്താവ് ദേവസിയുടെ ഹൃദയസങ്കടവുമുണ്ടാകും. 40 വർഷം മുംബൈയിൽ ജോലിചെയ്തു ഫിലോമിനയും ദേവസിയും സമ്പാദിച്ച 30 ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിക്ഷേപമായി ഉണ്ടായിട്ടും ഫിലോമിനയുടെ ജീവൻ രക്ഷിക്കാൻ ആ പണം ഉപകരിച്ചില്ല. മകന്റെ ചികിത്സയ്ക്കായി കഴിഞ്ഞ മാസം ഒന്നര ലക്ഷം രൂപ ബാങ്ക് നൽകിയതുതന്നെ നാളുകളുടെ അലച്ചിലിനുശേഷമാണ്. ഫിലോമിന ആശുപത്രിയിലായശേഷം ഒരു രൂപ പോലും ബാങ്ക് നൽകിയില്ല. ദിനംപ്രതി വൻതുകയുടെ മരുന്ന് ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു. കുറച്ചു പണമെങ്കിലും തിരികെ കിട്ടാനായി ദേവസി പലതവണ ബാങ്കിൽ കയറിയിറങ്ങിയിരുന്നു. ഇത്രയും രൂപ ബാങ്കിലുണ്ടായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിക്കുകയാണ് ദേവസി. ഫിലോമിനയുടെ മരണശേഷമാണ് 2 ലക്ഷം രൂപ ബാങ്ക് വീട്ടിലെത്തിച്ചുകൊടുത്തത്. 

ഇത് ആദ്യ സംഭവമല്ലെന്നുകൂടി ഓർക്കണം. കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധിയോടു ബന്ധപ്പെട്ടുള്ള മൂന്നാമത്തെ മരണമാണിത്. നിക്ഷേപം ഉടൻ തിരിച്ചുകൊടുക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൺസോർഷ്യമുണ്ടാക്കി പ്രശ്നം പരിഹരിക്കുമെന്നു നിയമസഭയിലും പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, സ്വന്തം അധ്വാനം നിക്ഷേപിച്ചൊരു വീട്ടമ്മ വിദഗ്ധ ചികിത്സയ്ക്കു പണം കിട്ടാതെ മരിച്ചുവെന്നതു  ഭരണസമിതിക്കുനേരെ ഗൗരവമുള്ള ചോദ്യചിഹ്നമുയർത്തിയിരിക്കുകയാണ്. 

വിയർത്തു പണിയെടുത്തും മുണ്ടുമുറുക്കിയുടുത്തു മിച്ചംവച്ചുമൊക്കെ ഉണ്ടാക്കിയ പണം വളരെ എളുപ്പത്തിൽ രാഷ്ട്രീയക്കാരുടെ കീശയിലേക്കു പോയതു ഞെട്ടലോടെ തിരിച്ചറിയുന്നവരുടെയും വായ്പ എടുത്തതിന്റെ പലമടങ്ങു തുകയുടെയും എടുക്കാത്ത വായ്പയുടെയും പേരിൽ ജപ്തി നോട്ടിസ് കൈപ്പറ്റിയവരുടെയുമെ‍ാക്കെ നെഞ്ചുരുക്കം ഉത്തരവാദപ്പെട്ടവർ അറിയുന്നില്ലെന്നാണോ? കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്നത് അതാണു ചൂണ്ടിക്കാണിക്കുന്നത്. 

കോട്ടയം തോടനാൽ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞ് തിരികെനൽകാതിരിക്കുന്നതു വിശ്വാസവഞ്ചനയും ചതിയുമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഈയിടെ വ്യക്തമാക്കിയതു കരുവന്നൂർ സംഭവത്തോടു ചേർത്ത് ഓർമിക്കാവുന്നതാണ്. വാർധക്യകാലത്തെ അല്ലലുകൾ ഒഴിവാക്കാൻ ദമ്പതികൾ ചേർന്നു നിക്ഷേപിച്ച തുകയും പലിശയും രണ്ടു മാസത്തിനകം കൊടുത്തുതീർക്കണമെന്നാണു കമ്മിഷൻ സഹകരണ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവു നൽകിയത്. 

സമർപ്പിതസേവനംകൊണ്ടും പ്രവർത്തനമികവുകൊണ്ടും മാതൃക കാണിക്കുന്ന സഹകരണ ബാങ്കുകൾക്കുകൂടി ചീത്തപ്പേരുണ്ടാക്കുകയാണു കരുവന്നൂരിലേതുപോലെയുള്ള ബാങ്ക് ക്രമക്കേടുകൾ. ഈ പരമ്പരയിൽ ഒടുവിലായി, ആലപ്പുഴ കുമാരപുരം സഹകരണ ബാങ്ക് നാരകത്തറ ശാഖയിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേടു നടന്നതായി ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയിരിക്കുകയാണ്. ക്രമക്കേടു പുറത്തുവരുമെന്നറിഞ്ഞ് ബാങ്ക് ചുമതലക്കാർ തിടുക്കത്തിൽ ചില ഇടപാടുകൾ ക്രമപ്പെടുത്തിയതായി പറയുന്നുണ്ട്. ജനശ്രദ്ധയിലെത്തിയ പാലക്കാട് കണ്ണമ്പ്ര സഹകരണ ബാങ്കിലെ വൻക്രമക്കേടും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു. 

ജനകീയതയിലൂന്നിയ സഹകരണ മേഖല നിലനിൽക്കേണ്ടതു കേരളത്തിന്റെയാകെ ആവശ്യമാണ്. കരുവന്നൂർ ബാങ്കിൽ നടന്നതുപോലെയുള്ള തട്ടിപ്പുകൾ ആവർത്തിക്കുന്നതു നമ്മുടെ അഭിമാനമായ ഒരു പ്രസ്ഥാനത്തിന്റെ തകർച്ചയ്ക്കു കാരണമായേക്കുമെന്നു സർക്കാരും സിപിഎം അടക്കമുള്ള രാഷ്ട്രീയകക്ഷികളും തിരിച്ചറിയേണ്ടതുണ്ട്. സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയെ തകർക്കുന്നവർ മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്നും നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും കരുവന്നൂർ തട്ടിപ്പിന്റെ ആവർത്തനങ്ങൾ ഉണ്ടാവില്ലെന്നും ഉറപ്പുനൽകുന്ന നടപടികളാണു സർക്കാരിൽനിന്നുണ്ടാകേണ്ടത്. നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണമേഖലയ്ക്ക് ഇനിയെങ്കിലും ഒരു കളങ്കവുമുണ്ടാവാതിരിക്കാൻ പ്രാപ്തമായ നടപടികളാവണം അത്.

English Summary: Karuvannur Bank Depositor Death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}