ADVERTISEMENT

കഴിഞ്ഞയാഴ്ച ഈ പംക്തിയുടെ വാൽക്കഷണത്തിൽ, 2023ൽ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കും എന്ന സ്വാഗതാർഹമല്ലാത്ത വാർത്ത നമുക്കു ലഭിച്ചതായി സൂചിപ്പിച്ചി‌രുന്നല്ലോ. മുൻകാല പ്രവചനങ്ങളിൽ പറയുന്നതിനെക്കാൾ വേഗത്തിൽ അവിടേക്കെത്തും എന്ന വിവരം ഇന്ത്യയെ സംബന്ധിച്ച് അസുഖകരമായ ഒരു ഒന്നാം റാങ്കാണ്. ജനസംഖ്യാ വിസ്ഫോടനം എന്ന മുറവിളി പല കോണുകളിൽ നിന്നു വരുന്നതിന് അടിസ്ഥാനമുണ്ടല്ലോ എന്ന തോന്നലാണ് ഈ വാർത്തയുണ്ടാക്കുന്നത്. അതെപ്പറ്റി ഈയാഴ്ച ചിന്തിക്കാം. 

അടുത്ത വർഷം തന്നെ ഇന്ത്യ ജനസംഖ്യയിൽ ചൈനയെ പിന്തള്ളും എന്ന കണക്ക് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട്സ് റിപ്പോർട്ട് (ഡബ്ല്യുപിപി) പുറത്തുവിട്ടത് ഈ മാസം ആദ്യമാണ്. മുപ്പതു വർഷം മുൻപ് ഡബ്ല്യുപിപി ഇറക്കിയ അനുമാനത്തിൽ പറഞ്ഞിരുന്നത് 2050ൽ ഇന്ത്യയിലെ ജനസംഖ്യ 153 കോടിയിൽ എത്തുമെന്നാണ്. പുതിയ വിവരമനുസരിച്ച്, ആ സംഖ്യയിലേക്കു നമ്മൾ അതിനുമുൻപുതന്നെ എത്തും. പല ടിവി ചാനലുകളും ഉച്ചത്തിൽ പ്രഖ്യാപിച്ചത് ഇന്ത്യ ജനസംഖ്യാ വിസ്ഫോടനത്തിന്റെ വക്കിലാണെന്നും ഇതിനു തടയിടാൻ കടുത്ത നിയമം വേണമെന്നുമാണ്. രാജ്യത്തു വർഗീയവിഷം പടരുന്ന ഈ സാഹചര്യത്തിൽ, ചിലർ എണ്ണം പെരുകുന്നതിനു പിന്നിൽ മുസ്‌ലിം സമൂഹമാണെന്നു കുറ്റപ്പെടുത്താനിറങ്ങി. 

ഹിന്ദുത്വ നിലപാടുള്ള ചില രാഷ്ട്രീയ നേതാക്കളാകട്ടെ, ജനസംഖ്യാ നിയന്ത്രണ നിയമംതന്നെ കൊണ്ടുവരണം എന്ന ആവശ്യമുന്നയിച്ചു. നാലു മക്കളുള്ള, അഭിനേതാവു കൂടിയായ ബിജെപി എംപി കുട്ടികളുടെ എണ്ണം രണ്ടാക്കി നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ കഴിഞ്ഞ വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുകയും ചെയ്തു!

എല്ലാവരും അഭിപ്രായ സംയമനം പാലിക്കേണ്ട സമയമാണിത്. ഒന്നാമത്, ഈ ചർച്ച അകാലത്തിലുള്ളതാണ്. ഓരോ പത്തു വർഷം കൂടുമ്പോഴും നടത്തേണ്ട ദേശീയ ജനസംഖ്യാ കണക്കെടുപ്പ് കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചിരിക്കുകയാണ്. അതിനാൽ 2021ലെ കണക്ക് ലഭ്യമല്ല. ജനസംഖ്യാ വിസ്ഫോടനം എന്ന ഊഹാപോഹവും ആശങ്ക പരത്തലും ഊതിപ്പെരുപ്പിച്ചതാണെന്ന് ഇതുകൊണ്ടുതന്നെ വ്യക്തം. എന്തെങ്കിലും തെളിവുകളുടെയോ ഡേറ്റായുടെയോ അടിസ്ഥാനത്തിലുള്ളതല്ല ഈ മുറവിളി. വാസ്തവത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ ജനസംഖ്യാ വർധന കൃത്യമായും താഴേക്കാണെന്നുള്ളതിനു കണക്കുകൾ സാക്ഷിയാണ്. 1972ൽ നമ്മുടെ ജനസംഖ്യാ വളർച്ച 2.3% ആയിരുന്നത് ഇപ്പോൾ ഒരു ശതമാനം ആണ്.

 ഉപകാരപ്രദമായ മറ്റൊരു അളവുകോലാണ് ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ). ഒരു ഇന്ത്യൻ വനിതയ്ക്ക് അവരുടെ പ്രത്യുൽപാദനക്ഷമതയുടെ കാലത്ത് എത്ര കുട്ടികൾ ജനിക്കുന്നു എന്ന ശരാശരിക്കണക്കാണിത്. 50 വർഷം മുൻപ് 5.4 ആയിരുന്നത് ഇന്ന് 2.1 ആയി കുറഞ്ഞു. അതിവേഗ ജനസംഖ്യാ വർധനയെ സൂചിപ്പിക്കുന്ന അക്കത്തിൽനിന്നു താഴ്ന്ന്, ജനന നിരക്കിലെ ‘പകരംവയ്ക്കൽ’ അവസ്ഥയായ ‘റീപ്ലെയ്സ്മെന്റ് ഫെർട്ടിലിറ്റി റേറ്റി’ലേക്ക് എത്തിയിരിക്കുന്നു എന്നർഥം. (അതായത് ജനസംഖ്യ പെരുകുന്ന സ്ഥിതി മാറി മരണത്തിനുപകരം ജനനം എന്ന സന്തുലിതാവസ്ഥ). ഈ ടിഎഫ്ആർ കണക്ക് 2100 ആകുമ്പോഴേക്കും 1.1 എന്ന പോയിന്റിൽ എത്തുമെന്നാണു ജനസംഖ്യാശാസ്ത്രജ്ഞരുടെ അനുമാനം. ആകെ ജനസംഖ്യ കാര്യമായി കുറയും എന്നു ചുരുക്കം. 

ഉദാഹരണത്തിന്, കേരളത്തിന്റെ കാര്യമെടുത്താൽ, 2021ലെ സെൻസസ് കണക്കിൽ ജനസംഖ്യ 2011ൽ ഉണ്ടായിരുന്നതിനെക്കാൾ താഴുമെന്നായിരുന്നു സൂചന. നമ്മുടെ സംസ്ഥാനത്തെ ടിഎഫ്ആർ രണ്ടിൽതാഴെ എത്തിക്കഴിഞ്ഞു. രാജ്യത്തെ യുവാക്കളുടെ എണ്ണം ആനുപാതികമായി കൂടുതലായതിനാൽ വരും വർഷങ്ങളിൽ ജനസംഖ്യ വർധിക്കുമെന്നതിൽ സംശയമില്ല. എന്നാൽ, ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ജനസംഖ്യ 160 കോടി എന്ന സ്ഥിരനില കൈവരിക്കുമെന്നാണ് അനുമാനം. 

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കണക്കുകൾ പൂർണമായും ‘മതനിരപേക്ഷ’മാണ് എന്നതാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ മേധാവിയായ പൂനം മുട്രേജ സൂചിപ്പിക്കുന്നത്, കഴിഞ്ഞ മുപ്പതു വർഷമായി ഇരുമതവിഭാഗങ്ങളുടെയും ടിഎഫ്ആർ കുത്തനെ താഴുന്നുവെന്നാണ്. 1992ലെയും ഇപ്പോഴത്തെയും കണക്കുകൾ താരതമ്യം ചെയ്താൽ ഹിന്ദുക്കളുടെ ടിഎഫ്ആർ 3.3ൽ നിന്ന് 1.94 ആയി, മുസ്‌ലിംകളുടേത് 4.4ൽ നിന്ന് 2.3 ആയി. ഈ കണക്കിൽ മുസ്‌ലിം ജനസംഖ്യാ വർധന ഹിന്ദുക്കളുടേതിനെക്കാൾ ഇപ്പോഴും കൂടുതലാണെന്നു വായിക്കാമെങ്കിലും വ്യത്യാസം നാമമാത്രമാണ്. പ്രാദേശികമായ വ്യത്യാസങ്ങളും പ്രകടം. ഉദാഹരണത്തിന്, തമിഴ്നാട്ടിലെ മുസ്‌ലിംകളുടെ ടിഎഫ്ആർ ബിഹാറിലെ ഹിന്ദുക്കളുടേതിനെക്കാൾ കുറവാണ്. 

അപ്പോൾ പിന്നെയെന്താണ് ഐക്യരാഷ്ട്ര സംഘടനയുടെ ‍ഡബ്ല്യുപിപി റിപ്പോർട്ടിന്റെ പ്രശ്നം? ജനങ്ങളുടെ ആകെ എണ്ണത്തിനല്ല യഥാർഥ പ്രസക്തി, മറിച്ച് ആ എണ്ണത്തിന്റെ വിഭജനത്തിനാണ്. ജനസംഖ്യാ ശാസ്ത്രജ്ഞർ ‘ഡിപ്പൻഡൻസി റേഷ്യോ’ എന്നൊരു കണക്കിനെപ്പറ്റി പറയാറുണ്ട്. ജനതയുടെ പരസ്പരാശ്രിത നില സൂചിപ്പിക്കുന്ന സംഖ്യയാണത്. ജോലി ചെയ്യാൻ ശേഷിയുള്ളവരെ ആശ്രയിച്ചുകഴിയുന്ന പ്രായക്കാരുടെ എണ്ണം. (14 വയസ്സിൽ താഴെ, 60നു മുകളിൽ എന്ന രണ്ടു വിഭാഗക്കാരാണിതിൽ വരിക– 60നും 65നും ഇടയിലുള്ളവരും ഇക്കാലത്തു ജോലി ചെയ്യുന്നവരുടെ പരിധിയിൽ വരുന്നുണ്ടെങ്കിലും.) ചൈനയുടെ കർക്കശവും കുപ്രസിദ്ധവുമായ ഒറ്റക്കുട്ടി നയത്തിന്റെ പ്രത്യാഘാതമായി വന്ന സാമൂഹികാവസ്ഥ, ഒരു കുട്ടി വളർന്ന് ജോലി ചെയ്ത് നാല് അപ്പൂപ്പനമ്മൂമ്മാരെ സഹായിക്കണം എന്നതാണ്. ഇന്ത്യൻ അവസ്ഥ  ഇതിലും മെച്ചപ്പെട്ടതാണ്, കണക്കുകളിലെ മാറ്റം സ്വാഗതാർഹവും. 

1991ൽ രണ്ടു വിഭാഗത്തിലുംപെട്ട 80% ആൾക്കാർ ജോലിചെയ്യാൻ ശേഷിയുള്ള 20% പേരെ ആശ്രയിച്ചു കഴിയുന്നു എന്നായിരുന്നു കണക്കെങ്കിൽ ഇന്ന് 57% പേരേ ആശ്രിതരുള്ളൂ, 43% ജോലിചെയ്യുന്ന പ്രായക്കാരാണ്. ജനസംഖ്യാകണക്കിൽ ഇത് ഇന്ത്യയ്ക്കു നല്ല വാർത്തയാണ്. ഒരു ദശകമായി ശുഭാപ്തി വിശ്വാസികളായ ജനസംഖ്യാ നിരീക്ഷകർ ആഗ്രഹിച്ചുകൊണ്ടിരുന്ന നില.

എന്നാൽ, ‘നല്ല വാർത്ത’യെന്ന ഈ വാദത്തിനു പിന്നിലും കാണാതെ പോകുന്ന വലിയ സാമൂഹിക പ്രശ്നങ്ങളുണ്ട്. ജോലി ചെയ്യാവുന്ന പ്രായത്തിലുള്ളവരെല്ലാം ജോലി ചെയ്യുന്നു എന്ന ഊഹത്തിലാണ് ഈ കണക്ക്. അടുത്തകാലത്തെ വസ്തുതകൾ പരിശോധിച്ചാൽ അതു സത്യമല്ല എന്നു മനസ്സിലാകും. 2021–22ൽ ഇന്ത്യയിലെ തൊഴിലില്ലായ്മ എന്നത്തേക്കാളും മോശമായ നിലയിലാണ്. കോവിഡ് ഒഴിഞ്ഞുപോകുന്ന പശ്ചാത്തലത്തിൽ ഈ സാമ്പത്തിക വർഷത്തെ സൂചികകളിൽ ചില മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, 15–64 പ്രായക്കാരിൽ 55% പേർക്കു മാത്രമേ താൽക്കാലികമായിട്ടെങ്കിലും തൊഴിലുള്ളൂ. ജനസംഖ്യാ ശാസ്ത്രജ്ഞർ കാണാതെപോകുന്ന ഒരു ആശ്രിതത്വനില ഇവിടെയുണ്ട്. 

അതായത്, നമ്മുടെ ജനസംഖ്യാ പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടതു ലോകത്ത് നമ്മൾ ഒന്നാമതാണോ അല്ലയോ എന്ന വെറും കണക്കുവച്ചു മാത്രമല്ല. ജോലിപ്രായക്കാർക്കെല്ലാം തൊഴിലവസരങ്ങൾ ലഭിക്കാനുതകുന്ന നിക്ഷേപ, സാമ്പത്തിക നില സൃഷ്ടിക്കുകയും നിലവാരമുള്ള വിദ്യാഭ്യാസ,    ആരോഗ്യ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുക എന്നതാണു മുഖ്യം. ജോലി ചെയ്യുന്നവർ അതിനു സാധിക്കാത്തവർക്കു താങ്ങും തണലും നൽകും. അവർക്ക് അതിനുള്ള സാഹചര്യം ലഭിക്കുമെങ്കിൽ എണ്ണത്തിനു പ്രസക്തിയില്ല. 

ദ്രൗപദി മുർമു
ദ്രൗപദി മുർമു (ഫയല്‍ ചിത്രം)

ഒന്നുചേർന്ന് ആദരിക്കാം

ഇന്ത്യയ്ക്കു പുതിയ രാഷ്ട്രപതിയെ ലഭിച്ചിരിക്കുന്നു– ആ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളായ ദ്രൗപദി മുർമു. ഇന്ത്യയിലെ ആദിമ നിവാസികളായ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയുമാണ്. അവരുടേതു പേരിനുമാത്രമുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നോ എന്നും സ്വന്തം വിഭാഗത്തിൽ നിന്നുള്ള ഒരാൾക്കു രാജ്യത്തെ ഉന്നതപദവി ലഭിച്ചതുകൊണ്ട് ഇവിടുത്തെ പട്ടികവർഗക്കാർക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നും മറ്റുമുള്ള രീതിയിൽ ഉയർന്നു വരുന്ന ചർച്ചകൾ തികച്ചും അനുചിതമാണ്. 

എളിയ നിലയിൽനിന്ന് ഉന്നതമായ രാഷ്ട്രപതിപദം വരെയെത്തിയ അവരുടെ ജീവിതയാത്ര ജനതയ്ക്കാകെ പ്രചോദകമാണെന്നതിലപ്പുറം, രാഷ്ട്രീയത്തിനതീതമായി രാഷ്ട്രപതിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതു നമ്മുടെ വ്യവസ്ഥാപിതമായ ദൗത്യമാണ്. സഹ രാഷ്ട്രീയ പ്രവർത്തകരോടുള്ള എന്റെ അഭ്യർഥന, രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും അവർ വഹിക്കുന്ന പദവിയെയും ആദരിക്കുന്നതിൽ എല്ലാവരും ഒന്നിച്ചു നിൽ‌ക്കണമെന്നാണ്.

English Summary: Shashi Tharoor on Population Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com