ADVERTISEMENT

40 വാഹനങ്ങളുടെ സുരക്ഷയിൽ മുഖ്യമന്ത്രി എന്തിനിങ്ങനെ പായുന്നുവെന്ന് ഘടകകക്ഷിയായ സിപിഐതന്നെ ചോദിക്കുന്നു. കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട അതേ മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ കമ്മിഷനെ വച്ചത്. ക്ലിഫ് ഹൗസ് വളപ്പിൽ പശുത്തൊഴുത്തിന് മുടക്കിയ 42.90 ലക്ഷം രൂപ കൊണ്ട് 10 പാവങ്ങൾക്കു വീടുവച്ച് കൊടുക്കാമായിരുന്നില്ലേയെന്നും ചോദ്യമുയരുന്നു. ഒരു പദ്ധതി പോലും നടപ്പാക്കാത്ത കെ–റെയിലിനെ അഞ്ചു വർഷമായി തീറ്റിപ്പോറ്റുന്നതോ കോടികൾ ചെലവഴിച്ചും.

‘‘കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണന കാരണം അങ്ങേയറ്റം സമ്മർദം നിറഞ്ഞ സാമ്പത്തികാവസ്ഥയിലാണ് ഇപ്പോൾ കേരളം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 23,000 കോടി രൂപയുടെ കുറവുണ്ടാകും. പാവപ്പെട്ടവർക്കുള്ള ക്ഷേമപദ്ധതികൾ, ഭവന നിർമാണം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്’’. - കഴിഞ്ഞ 21നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞതാണിത്. അതിനു 3 ദിവസം മുൻപ് ഇടതുമുന്നണിയിലെ തന്നെ എംഎൽഎയായ കെ.ബി.ഗണേഷ്കുമാർ നിയമസഭയിൽ പറഞ്ഞതു കേൾക്കാം...

‘‘ഒന്നാം പിണറായി സർക്കാർ തുടങ്ങിവച്ചതാണ് ‘നമ്മളെല്ലാം നെൽപാടത്തേക്ക്’ പദ്ധതി. എത്ര നെൽപാടങ്ങളിൽ ഇപ്പോൾ കൃഷിയുണ്ട് ? കൊട്ടാരക്കരയിൽ നെൽക്കൃഷി വികസനത്തിന് അഡീഷനൽ ഡയറക്ടർ ഇരിപ്പുണ്ട്. എന്നാൽ, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലോ തൊട്ടടുത്ത 2 പഞ്ചായത്തിലോ നെൽക്കൃഷിയേയില്ല. പന്തളത്തു കരിമ്പുകൃഷി പ്രോൽസാഹിപ്പിക്കാൻ ഒരു ഡപ്യൂട്ടി ഡയറക്ടറും സ്റ്റാഫും ഓഫിസുമുണ്ട്. അവിടെയാകട്ടെ കരിമ്പുകൃഷിയുമില്ല. ഖജനാവിനെ ഇങ്ങനെ ധൂർത്തടിക്കാൻ അനുവദിക്കരുത്. 

എന്റെ നാട്ടിൽ ഒരു ബ്ലോക്കിൽ നെൽക്കൃഷിക്ക് 30 ലക്ഷം രൂപ അനുവദിച്ചു. 3 വർഷംകൊണ്ട് 30 ലക്ഷവും ചെലവിട്ടു. കൊയ്തെടുത്ത നെല്ല് എവിടെയെന്നു വിളവെടുപ്പു ചടങ്ങിൽ ചോദിച്ചപ്പോൾ കുടുംബശ്രീക്കാർ പറഞ്ഞു, അതാണ് എംഎൽഎ ഇപ്പോൾ കുടിച്ച പാൽപായസമെന്ന്. എല്ലാ കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരും ചേർന്നു കുടിച്ച പായസത്തിൽ 30 ലക്ഷം രൂപ പോയി. ഇതു ഖജനാവിലെ പണമാണ്.’’

balagopal-ganesh
കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേഷ്‌കുമാർ

ഇനി റിസർവ് ബാങ്ക് പറയട്ടെ...

‘‘ശ്രീലങ്കയിലെ പ്രതിസന്ധി നമ്മെ ഓർമിപ്പിക്കുന്നതു പൊതുകടം പരിധിവിടാതെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയാണ്. കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലടക്കം കടബാധ്യതയുടെ തോത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തെക്കാൾ ഉയർന്നു. ഗുരുതര സ്ഥിതിയാണിത്. അനാവശ്യ ചെലവുകൾ അടിയന്തരമായി വെട്ടിക്കുറയ്ക്കേണ്ടതുണ്ട്.’’

(ആർബിഐ ഡപ്യൂട്ടി ഗവർണർ മൈക്കിൾ ദേബബ്രത പത്രയുടെ നിർദേശപ്രകാരം ഒരു സംഘം സാമ്പത്തിക ശാസ്ത്രജ്ഞർ തയാറാക്കിയ ലേഖനത്തിൽനിന്ന്)

വരവു കുറഞ്ഞാലെന്താ, ചെലവു കൂടുന്നുണ്ടല്ലോ

ഇത്രയും കാലം കേന്ദ്രത്തിൽനിന്നുള്ള ജിഎസ്ടി നഷ്ടപരിഹാരത്തെയും കടമെടുപ്പിനെയും നാം ഏറെ ആശ്രയിച്ചു. എന്നാൽ, ഇനി ജിഎസ്ടി നഷ്ടപരിഹാരമില്ല. കടമെടുപ്പിനുമേൽ കേന്ദ്ര നിയന്ത്രണവും വന്നു. ഇപ്പോഴാണു സ്വന്തം നിലയ്ക്കു വരുമാനം കൂട്ടാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. അപ്പോഴും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ സർ‌ക്കാർ ഒരു ചുക്കും ചെയ്യുന്നില്ല. ക്ഷേമ പെൻഷൻ വിതരണം വരെ പ്രതിസന്ധിയിലേക്കു നീങ്ങുമ്പോഴും ആർഭാടത്തിനു കുറവില്ല. പണ്ടത്തെപ്പോലെ ഭരണം വഴിതെറ്റുമ്പോൾ ജനങ്ങളുടെ മനസ്സറിഞ്ഞ് ഇടപെടാനും ഉപദേശിക്കാനും തിരുത്താനും പാർട്ടി തയാറുമല്ല.

ഒന്നും ചെയ്തില്ലെങ്കിലെന്താ, കോടികൾ ചെലവാക്കിയില്ലേ ?

സംസ്ഥാനത്തെ റെയിൽ പദ്ധതികളുടെ ആസൂത്രണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ചതാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ–റെയിൽ). കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി 2017 ജനുവരിയിൽ രൂപീകരിച്ച കമ്പനി 5 വർഷത്തിനിടെ ഒരു പദ്ധതി പോലും നടപ്പാക്കിയിട്ടില്ല. സർക്കാർ കണക്കുപ്രകാരം ഒരു മാസം െക–റെയിലിന്റെ ഓഫിസ് പ്രവർത്തിപ്പിക്കാനും ശമ്പളം നൽകാനുമുള്ള ചെലവ് 46 ലക്ഷം രൂപയാണ്. 5 വർഷം കൊണ്ടു ചെലവിട്ടത് 27.60 കോടി രൂപ. കമ്പനി ഏറ്റവുമധികം ശ്രദ്ധ കൊടുത്ത സിൽവർലൈൻ പദ്ധതിയും ഒടുവിൽ അന്ത്യശ്വാസം വലിക്കുകയാണ്.

കേന്ദ്ര അംഗീകാരം ലഭിക്കാത്ത പദ്ധതിക്കു സ്ഥലമേറ്റെടുക്കലിനു ജീവനക്കാരെ വിന്യസിച്ചതിനും ഓഫിസ് പ്രവർത്തിപ്പിച്ചതിനുമായി ഒരുവർഷത്തെ ചെലവ് 13.50 കോടി രൂപ. ഈ ഉദ്യോഗസ്ഥരിൽ മിക്കവരും ഡപ്യൂട്ടേഷനിലായതിനാൽ സ്വാഭാവികമായും ശമ്പളം കൊടുക്കേണ്ടതാണല്ലോ എന്നു ചോദിക്കാം. എന്നാൽ, അതെല്ലാം ക്രിയാത്മകമായി ജോലി ചെയ്യുന്നതിനുള്ള ശമ്പളമാണെന്നും, അംഗീകാരം കിട്ടാത്ത പദ്ധതിയുടെ പേരിൽ നടത്തിയ ചെലവല്ലെന്നുമാണു മറുപടി. ഇതിനെല്ലാം പുറമേയാണു സിൽവർലൈൻ പദ്ധതിക്കായി ഇതുവരെ ചെലവിട്ട 48.25 കോടി രൂപ. ഇതിൽ 20.5 കോടി കൺസൽറ്റൻസി ചാർജ് മാത്രമാണ്. അങ്ങനെ ആകെ 90 കോടി രൂപ  പദ്ധതിക്കായി മുടക്കിക്കഴിഞ്ഞു.

മുഖ്യമന്ത്രി പറയാത്തത് അൻ‌വർ വെളിപ്പെടുത്തി; വെറും 4 കോടി !

2020ൽ രണ്ടാം ലോകകേരള സഭ ബഹിഷ്കരിക്കാൻ പ്രതിപക്ഷം മുന്നോട്ടുവച്ച പ്രധാന കാരണം പരിപാടിയുടെ ധൂർത്തായിരുന്നു. 2018ൽ ആദ്യ ലോകകേരള സഭയ്ക്കു ചെലവായത് 2.03 കോടി രൂപ. 2020ൽ ധൂർത്ത് ചർച്ചയായപ്പോൾ ചെലവ് സർക്കാർ 1.11 കോടിയിൽ ഒതുക്കി. കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധികൂടി നിലനിൽക്കുമ്പോഴാണു കഴിഞ്ഞമാസം മൂന്നാം ലോകകേരള സഭ നടന്നത്. ചെലവ് എത്രയെന്ന നിയമസഭയിലെ ചോദ്യത്തിന് ‘ക്രോഡീകരിച്ചു വരുന്നതേയുള്ളൂ’ എന്നു മുഖ്യമന്ത്രിയുടെ മറുപടി.

money-helicopter
Creative: Manorama

എന്നാൽ, ഭരണപക്ഷത്തെ പി.വി.അൻവർ കഴിഞ്ഞദിവസം നിയമസഭയിൽ വെളിപ്പെടുത്തി– ‘മൂന്നാം ലോക കേരള സഭയ്ക്കു ചെലവായതു 4 കോടി രൂപ’. അൻവറിന്റെ കണക്കിൽ ഒരു മലയാളിക്കു ചെലവ് 1.14 രൂപ മാത്രം. ഇതിനെയൊക്കെ ധൂർത്തെന്നു പറയാമോ എന്നും ചോദിച്ചു. മുഖ്യമന്ത്രിക്കു പോലും ‘കിട്ടാത്ത’ കണക്ക് അൻവറിന് എങ്ങനെകിട്ടി ? കണക്കു ശരിയാണെങ്കിൽ, രണ്ടാം ലോകകേരള സഭയെ അപേക്ഷിച്ച് ചെലവ് നാലിരട്ടിയായി.

പറക്കാത്ത ഹെലികോപ്റ്ററിൽ 22 കോടി പാറിപ്പറന്നു

വ്യോമനിരീക്ഷണം, മാവോയിസ്റ്റ് നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവർത്തനം, അതിർത്തി, തീര, വനമേഖലകളുടെയും വിനോദസഞ്ചാര മേഖലയുടെയും നിരീക്ഷണം, അടിയന്തരഘട്ടത്തിൽ പൊലീസിന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്ര’– കോടികൾ നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ഈ ആവശ്യത്തിനൊക്കെയെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. കോവിഡ് പ്രതിസന്ധിക്കിടെ 2020ൽ ടെൻഡർ പോലുമില്ലാതെ മാസം 1.44 കോടി രൂപ നിരക്കിൽ ഒരു വർഷത്തേക്കാണു വാടകയ്ക്കെടുത്തത്. 

ലോക്നാഥ് ബെഹ്റ ഡിജിപിയായി വിരമിക്കുന്നതിനു തൊട്ടുമുൻപു നക്സൽ മേഖല കാണാനായി വയനാട്ടിലേക്കൊന്നുപറന്നു. ആദ്യ ആറു മാസം മറ്റു പല കാര്യങ്ങൾക്കായി ആകെ പറന്നത് അഞ്ചുവട്ടം. കോവിഡ് പ്രതിസന്ധി കാരണം അവസാനത്തെ അഞ്ചു മാസം ഉപയോഗിച്ചില്ല. 

ഒരു വർഷത്തിനിടെ 240 മണിക്കൂർ പറക്കേണ്ട ഹെലികോപ്റ്റർ പറന്നതു സർക്കാർ കണക്കുപ്രകാരം 105.3 മണിക്കൂർ മാത്രം. വാടകയും ചെലവും പാർക്കിങ് ഫീസും എല്ലാമായി മൊത്തം ചെലവിട്ടത് 22.22 കോടി രൂപ!

വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ വാടക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ. 3 വർഷത്തേക്കാണു കരാർ. വിവാദം ഭയന്ന് സർക്കാർ കരാർ ഉറപ്പിച്ചുനൽകിയിട്ടില്ല.

ആകെ കടം– 3,32,291 കോടി 

കയറിക്കയറിയിങ്ങനെ 20 വർഷം കൊണ്ട് കടം 13 ഇരട്ടി 

വർഷം    കടബാധ്യത 

2021–22 3.32 ലക്ഷം  കോടി 

2020–21 2.96 ലക്ഷം  കോടി 

2019–20 2.60 ലക്ഷം  കോടി 

2018–19 2.35 ലക്ഷം  കോടി 

2017–18 2.14 ലക്ഷം  കോടി 

2016–17 1.89 ലക്ഷം  കോടി 

2015–16 1.60 ലക്ഷം  കോടി 

2014–15 1.42 ലക്ഷം  കോടി

2013–14 1.24 ലക്ഷം കോടി 

2012–13 1.08 ലക്ഷം കോടി 

2011–12 93,211 കോടി 

2010–11 82,486 കോടി 

2009–10 75,055 കോടി 

2008–09 66,304 കോടി 

2000–01 25,754 കോടി 

എവിടെ നിന്നെല്ലാം കടം വാങ്ങി

 

വിപണി വായ്പ                                           –1,85,207 കോടി 

പിഎഫ് തുടങ്ങിയവ                                    –98,094 കോടി 

നാഷനൽ സോഷ്യൽ സെക്യൂരിറ്റി ഫണ്ട്           -21,095 കോടി 

കേന്ദ്ര വായ്പയും മുൻകൂറും                          - 17,397 കോടി 

ബാങ്ക് വായ്പ                                            - 5,861 കോടി 

നിക്ഷേപം സ്വീകരിക്കൽ                               - 4,509 കോടി 

ആകസ്മിക ഫണ്ട്                                       -100 കോടി 

police-guest-house
Creative: Manorama

കരുതൽ ഫണ്ട്                                             - 17 കോടി 

എത്ര ഗെസ്റ്റ് ഹൗസ് വേണം കേരള പൊലീസിന്

മൂന്നു നീന്തൽ‌ക്കുളത്തിൽ തീരുന്നതല്ല പൊലീസിലെ ധൂർത്ത്. ഐപിഎസുകാർക്കു മാത്രമായി വഴുതക്കാട്ടുള്ള ഗെസ്റ്റ് ഹൗസായ ‘പിടികോം’ അഥവാ പൊലീസ് ട്രെയ്നിങ് കോളജ് ഓഫിസേഴ്സ് മെസ്, ഡിജിപിയുടെ ഔദ്യോഗിക വസതിയാക്കാൻ നിർമിച്ചതായിരുന്നു. ഹോർമിസ് തരകൻ ഡിജിപിയായിരിക്കെ കുറച്ചുനാൾ താമസിച്ചു. അതിനുശേഷം രമൺ ശ്രീവാസ്തവയെത്തി. വീട് താമസിക്കാൻ പറ്റിയതല്ലെന്നു ജ്യോത്സ്യൻ പറഞ്ഞതോടെ ഗെസ്റ്റ് ഹൗസാക്കി. 4 കിടപ്പുമുറികളുണ്ടായിരുന്ന വീട്ടിൽ 6 എസി മുറികൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ശംഖുമുഖം കടൽത്തീരത്ത് മറ്റൊരു പൊലീസ് െഗസ്റ്റ്ഹൗസായ സേഫ് ഹൗസിൽ 4 എസി മുറികളുണ്ട്. രണ്ടിടത്തും എല്ലാ ജോലിയും ചെയ്യുന്നത് പൊലീസുകാർ തന്നെ.

ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും 4 സ്വീറ്റുകളടക്കം 6 മുറികൾ പൊലീസുകാർക്കായുണ്ട്. സർക്കാരിന്റെ മറ്റു വകുപ്പുകളും ഇതുപോലെ തുടങ്ങിയാൽ ഖജനാവിൽ വല്ലതും ബാക്കി കാണുമോ?

റിപ്പോർട്ടുകൾ: ജി. വിനോദ്, ജോജി സൈമൺ,

ഏകോപനം:  വി.ആർ. പ്രതാപ്

English Summary: Kerala's financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com