ADVERTISEMENT

ബിജെപി കേന്ദ്ര നേതൃത്വത്തിൽ വലിയ സ്വാധീനശക്തിയുള്ള  മുഖ്യമന്ത്രിമാരാണ് മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാനും അസമിലെ ഹിമന്ത ബിശ്വ ശർമയും. ക്ഷേമപദ്ധതികളിലൂടെ സ്വന്തമാക്കിയ ജനപ്രീതിയാണ് ചൗഹാന്റെ ശക്തിയെങ്കിൽ പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള മിടുക്കാണ് ഹിമന്തയുടെ ബലം.  

രാഷ്ട്രീയ തന്ത്രജ്ഞത മൂലം സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, ഡൽഹിയിലും ഇളക്കം തട്ടാത്ത സ്വാധീനശക്തിയുള്ള രണ്ടു ബിജെപി മുഖ്യമന്ത്രിമാരുണ്ട്- മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും. വ്യത്യസ്ത ശൈലികളാണ് ഇരുവരെയും ശ്രദ്ധേയരാക്കുന്നത്. പെൺകുട്ടികൾക്കും ഗർഭിണികൾക്കും വീട്ടമ്മമാർക്കും വേണ്ടി പ്രഖ്യാപിച്ച വൻ ക്ഷേമപദ്ധതികളാണു ശിവരാജ് സിങ് ചൗഹാനെ മധ്യപ്രദേശിൽ ജനപ്രിയനാക്കിയത്. 

ചൗഹാൻ ആർഎസ്എസ് പശ്ചാത്തലത്തിൽനിന്ന് ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് എത്തുകയായിരുന്നു. മൂന്നുവട്ടം ലോക്‌സഭാംഗമായിരുന്നു. 2005ൽ ആണ് ആദ്യം മുഖ്യമന്ത്രിയായത്. 2018ലെ തിരഞ്ഞെടുപ്പിൽ കമൽനാഥ് നയിച്ച കോൺഗ്രസിനോടു നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുംവരെ മുഖ്യമന്ത്രിയായി തുടർന്നു. എന്നാൽ, 2020ൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിഭാഗം അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയിൽ തിരികെയെത്തിച്ചു. ഇതിനു പ്രത്യുപകാരമായി സിന്ധ്യയ്ക്കു ബിജെപി കേന്ദ്രമന്ത്രി സ്ഥാനം നൽകി. സിന്ധ്യയുടെ അനുയായികൾക്കു സംസ്ഥാന മന്ത്രിസ്ഥാനങ്ങളും. 

വാജ്‌പേയിയുടെ കാലത്തെ ശൈലി പിന്തുടരുന്ന ശിവരാജ് സിങ് ചൗഹാൻ സംസ്ഥാന രാഷ്ട്രീയത്തിൽ ഒതുങ്ങിനിൽക്കുന്നു. 

അതേസമയം,  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ശൈലി മറ്റൊന്നാണ്. കഴിഞ്ഞ ഏഴു വർഷത്തിനിടെയുള്ള ഹിമന്തയുടെ രാഷ്ട്രീയ വളർച്ച അമ്പരപ്പിക്കുന്നതാണ്. ചൗഹാനെക്കാൾ 10 വയസ്സ് കുറവുള്ള ഹിമന്ത 2015ൽ കോൺഗ്രസ് വിട്ടാണു ബിജെപിയിലെത്തിയത്. ബിജെപി കേന്ദ്രനേതൃത്വത്തിന്, വിശേഷിച്ചും അമിത് ഷായ്ക്കു ഹിമന്തയുടെ ശൈലിയോടു വലിയ മതിപ്പാണുള്ളത്. അസമിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ആദ്യ ബിജെപി മന്ത്രിസഭയിൽ രണ്ടാമനായി പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്ത ഹിമന്ത, കഴിഞ്ഞ വർഷം രണ്ടാംവട്ടം ബിജെപി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയായി. രാഷ്ട്രീയനേതാവ് എന്ന നിലയിലും ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എന്ന നിലയിലുമുള്ള ദേശീയ ബന്ധങ്ങൾ പാർട്ടിക്കുള്ളിലെ ഹിമന്തയുടെ സ്വാധീനം  വിപുലമാക്കുന്നു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും മനസ്സറിഞ്ഞ് തന്ത്രങ്ങളൊരുക്കി അതു നടപ്പാക്കുന്നതിലൂടെയാണ് അദ്ദേഹം കേന്ദ്ര നേതൃത്വത്തിനു പ്രിയപ്പെട്ടവനായത്. 

അസമിലെ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാരിൽ 8 വർഷം ധനവകുപ്പും ആരോഗ്യവകുപ്പും കൈകാര്യം ചെയ്ത അദ്ദേഹം ഗൊഗോയിക്കെതിരെ കലാപം നയിച്ചാണു അനുയായികളുമായി ബിജെപിയിലെത്തിയത്. ഗൊഗോയിക്കെതിരെ ഒരുകെട്ടു പരാതികളുമായി ഹിമന്ത ഹൈക്കമാൻഡിനെ സമീപിച്ചെങ്കിലും രാഹുൽ ഗാന്ധി ചെവികൊടുത്തില്ല. സംസ്ഥാന കോൺഗ്രസിലെ നീറുന്ന പ്രശ്‌നങ്ങൾ താൻ ഉന്നയിച്ചപ്പോൾ രാഹുൽ വളർത്തുനായയ്ക്കു ബിസ്‌കറ്റ് കൊടുക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്നുവെന്നു ഹിമന്ത പിന്നീടു പറഞ്ഞു. 

കോൺഗ്രസ് മുക്ത ഭാരതത്തിനായുള്ള നരേന്ദ്ര മോദിയുടെ പോരാട്ടങ്ങളിലെ പടയാളിയാണു താനെന്നു ഹിമന്ത പ്രഖ്യാപിച്ചതും ബിജെപിക്ക് ആവേശം പകർന്നു.

ജാർഖണ്ഡിലെ ജെഎംഎം- കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ തങ്ങളുടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം ഹിമന്ത തുടങ്ങിയെന്നാണു കോൺഗ്രസിന്റെ ആരോപണം. ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎയുടെ  കാറിൽനിന്നു ബംഗാൾ പൊലീസ് 50 ലക്ഷം രൂപയുടെ നോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിന്റെ സംശയമുന നീളുന്നതും ഹിമന്തയുടെ നേർക്കാണ്. കാറിൽ കോൺഗ്രസ് എംഎൽഎയ്‌ക്കൊപ്പം മറ്റു രണ്ട് എംഎൽഎമാരും ഉണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയിൽ ഹിമന്തയെ കാണാൻ പോകാൻ തന്നെ ഈ മൂന്നുപേരും ക്ഷണിച്ചതായി മറ്റൊരു എംഎൽഎ ആരോപിക്കുകയും ചെയ്തു. 

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രംഗത്തിറങ്ങിയ ശിവസേനാ വിമത എംഎൽഎമാരെ ഗുജറാത്തിലെ ബിജെപി താവളത്തിൽനിന്നു കൊണ്ടുപോയതു വളരെ അകലെയുള്ള ഗുവാഹത്തിയിലേക്കാണ്. ഇതിനു രണ്ടു കാരണങ്ങളുണ്ട്- മഹാരാഷ്ട്രയോട് അടുത്ത കേന്ദ്രത്തിൽ കഴിയവേ ചില എംഎൽഎമാർക്ക് ഉദ്ധവ് പക്ഷത്തേക്കു മടങ്ങിയാലോ എന്ന ചിന്ത ശക്തമായെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഹിമന്തയ്ക്കുള്ള വൈഭവമാണ്. താൻ ഈ വിഷയത്തിൽ ഇടപെട്ടില്ലെന്നും ഗുവാഹത്തിയിലെ ഹോട്ടൽ ബില്ലുകൾ എംഎൽഎമാർ സ്വന്തം കയ്യിൽനിന്നാണു കൊടുത്തതെന്നും അസം മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും എല്ലാവർക്കും വ്യക്തമായ ഒരു കാര്യമുണ്ട്- ഏക്‌നാഥ് ഷിൻഡെയും ഡൽഹിയും തമ്മിലുള്ള ആശയവിനിമയത്തിനു സൗകര്യമൊരുക്കിയത് അസം മുഖ്യമന്ത്രിയാണ്. ബംഗാളിലെ ബിജെപി നേതാവും ബോളിവുഡ് മുൻ താരവുമായ മിഥുൻ ചക്രവർത്തി ഈയിടെ അവകാശപ്പെട്ടത് 33 തൃണമൂൽ എംഎൽഎമാർ താനുമായി ആശയവിനിമയത്തിലാണെന്നാണ്. ഇവിടെയും സംശയമുന ഹിമന്ത ശർമയുടെ നേർക്കാണ്.

2002ൽ അസമിൽ മന്ത്രിയായ കാലംമുതൽ ഹിമന്ത എല്ലാ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിക്കാൻ തുടങ്ങിയെന്നാണ് അനുയായികൾ പറയുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളെ തങ്ങളുടെ കീഴിൽ ഉറപ്പിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെയാണു ബിജെപി ഹിമന്തയെ എൻഡിഎയുടെ വടക്കുകിഴക്കൻ മേഖലാ കൺവീനറായി നിയോഗിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓരോ എംഎൽഎയുടെയും പൂർണ വിവരങ്ങൾ അദ്ദേഹം തയാറാക്കി സമർപ്പിച്ചതു മോദിയുടെയും അമിത് ഷായുടെയും മതിപ്പിനു കാരണമായി. ത്രിപുരയിലെ കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത ഹിമന്തയുടെ തന്ത്രമാണു 2018ൽ അവിടെ സിപിഎം ഭരണത്തിന് അന്ത്യം കുറിച്ചത്.

പ്രതിപക്ഷ സർക്കാരുകൾക്കെതിരായ രാഷ്ട്രീയതന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ മാത്രമല്ല, ബിജെപിയുടെ ഹിന്ദുത്വ അജൻഡ കർശനമായി നടപ്പാക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനാണ്. അസമിൽ ഹിമന്ത സർക്കാർ ഒട്ടേറെ മദ്രസകളെ സ്‌കൂളുകളാക്കി മാറ്റി. മുസ്‌ലിംകൾ കുടുംബാസൂത്രണം നടത്തണമെന്ന് ആവശ്യപ്പെടുന്ന ഹിമന്ത, പൗരത്വനിയമം അസമിൽ പൂർണമായി നടപ്പാക്കുമെന്നും പ്രഖ്യാപിക്കുന്നു. 

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെയുള്ള പടനീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹൈദരാബാദിൽ നടത്തിയ റാലിയിൽ പ്രസംഗിക്കാൻ കേന്ദ്രനേതൃത്വം നിയോഗിച്ചത്  ഈ രണ്ടു മുഖ്യമന്ത്രിമാരെയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ഹൈദരാബാദിൽ തീപ്പൊരി പ്രസംഗം നടത്തി മടങ്ങിയപ്പോൾ, അസം മുഖ്യമന്ത്രി ശ്രദ്ധിച്ചതു തെലങ്കാനയിലെ പുതിയ പിസിസി അധ്യക്ഷൻ രേവന്ത റെഡ്ഡിയുടെ കീഴിൽ കോൺഗ്രസ് എത്രമാത്രം ശക്തി നേടുന്നുവെന്നു പഠിക്കാനാണ്. പ്രതിപക്ഷ പാർട്ടികളെ അസ്ഥിരപ്പെടുത്താനുള്ള ഹിമന്തയുടെ ഈ മിടുക്കാണ് ബിജെപിയുടെ ദേശീയ ആസ്ഥാനത്ത് അദ്ദേഹത്തിന്റെ മൂല്യമുയർത്തുന്നത്.

Content Highlights: Politics, BJP, Shivraj Singh Chouhan, Himanta Biswa Sarma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com