ADVERTISEMENT

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും, തങ്ങൾക്കെതിരായ കേസുകൾ വാദിക്കാൻ പുറത്തുനിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നതിനു ലക്ഷങ്ങൾ ചെലവഴിക്കാൻ സർക്കാരിനു മടിയില്ല. സർക്കാരിനായി വാദിക്കാൻ അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ ഏകദേശം 140 പേർ ഹൈക്കോടതിയിൽ ഉള്ളപ്പോഴാണ് ഈ ധൂർത്ത്.

മുൻമന്ത്രി തോമസ് ഐസക്കിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരെ വാദിക്കുക ഡൽഹിയിൽനിന്നുള്ള അഭിഭാഷകർ. അതിനു സാമ്പത്തിക പ്രതിസന്ധി സർക്കാരിനു തടസ്സമേയല്ല. എത്ര കോടിയും പൊടിപൊടിക്കും. 

കിഫ്ബി മസാല ബോണ്ടിന്റെ പേരിലാണ് തോമസ് ഐസക്കിനെതിരായ ഇഡി നോട്ടിസ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്തു കേസ് ബെംഗളൂരുവിലേക്കു മാറ്റാൻ സുപ്രീം കോടതിയിൽ ഇഡി ഹർജി നൽകിയിരിക്കുകയാണ്. കേരളത്തിൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണു വാദം. ഇതിനെ പ്രതിരോധിക്കാനും ഇനി അഭിഭാഷകർ വിമാനത്തിൽ പറന്നിറങ്ങും.  അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ 21 സ്പെഷൽ ഗവ. പ്ലീഡർമാരും 112 സീനിയർ ഗവ. പ്ലീഡർമാരും സർക്കാരിനു വേണ്ടി  കേസുകൾ വാദിക്കാൻ ഹൈക്കോടതിയിൽ ക്യൂ നിൽക്കുകയാണെന്നോർക്കണം. പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലും (ഡിജിപി) അഡീ‍ഷനൽ ഡിജിപിയും വേറെയുമുണ്ട്. അങ്ങനെ ഏകദേശം 140 പേർ.

സർക്കാർ വാദിയോ പ്രതിയോ ആകുന്ന കേസുകളിൽ സർക്കാരിനു വേണ്ടി വാദിക്കാനാണ് ഇവർക്കെല്ലാം  മാസംതോറും ലക്ഷങ്ങൾ ശമ്പളം നൽകുന്നത്. കാറും അനുബന്ധ സൗകര്യങ്ങളും വേറെ. ഇനി ഇവിടെ കേസ് തോറ്റാൽ സുപ്രീം കോടതിയിൽ വാദിക്കാൻ സ്റ്റാൻഡിങ് കോൺസൽ എന്ന പേരിൽ സർക്കാർ അഭിഭാഷകരുമുണ്ട്. ഇവരിലൊന്നും വലിയ വിശ്വാസമില്ലാത്തതിനാലാകണം വേണ്ടപ്പെട്ട കേസുകൾ വാദിക്കാൻ കോടികൾ ഫീസ് നൽകി പുറമേയുള്ള അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത്. 

അവർ വാദിച്ചെടുത്തു, 9 കോടി 

പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമുള്ള 6 വർഷം സർക്കാരിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായതിന് ഇറക്കുമതി അഭിഭാഷകർക്കു നൽകിയ ഫീസ് 8.73 കോടി രൂപ ! ഒരാൾക്ക് 22 ലക്ഷം കൊടുക്കാനുണ്ട്. മറ്റൊരാളുടെ ഫീസ് കണക്കുകൂട്ടുന്നതേയുള്ളൂ. 19 കേസുകളിലാണു പുറമേനിന്ന് അഭിഭാഷകരെത്തിയത്. വിമാന യാത്രക്കൂലി ഇനത്തിൽ ചെലവിട്ടത് 24.94 ലക്ഷം രൂപ. ഹോട്ടൽ വാടക 8.60 ലക്ഷം വേറെ. 

പെരിയയിൽ യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ മുടക്കിയത് 88 ലക്ഷം രൂപ. ഇതേ ആവശ്യത്തിനു മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ മുടക്കിയത് 86.40 ലക്ഷം രൂപ. രാജ്യസഭയിലേക്കുള്ള 3 ഒഴിവുകൾ നികത്താനുള്ള വോട്ടവകാശം കഴിഞ്ഞ നിയമസഭയിലെ അംഗങ്ങൾക്കു നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ 60 ലക്ഷം രൂപ കൊടുത്തു. സിപിഎം നേതാവ് എസ്.ശർമയായിരുന്നു പരാതിക്കാരൻ.

12 അഭിഭാഷകർക്ക്‌ നൽകിയത് 8.73 കോടി

പല്ലവ് സിസോദിയ:            1.78 കോടി രൂപ

ഹരിൻ പി.റാവൽ:               1.68 കോടി 

രഞ്ജിത് കുമാർ:                 1.45 കോടി 

വിജയ് ഹൻസാരിയ:         64.40 ലക്ഷം 

ജയദീപ് ഗുപ്ത:                         61.50 ലക്ഷം 

മനീന്ദർ സിങ്:                     60 ലക്ഷം 

സി.എസ്.വൈദ്യനാഥൻ:   60 ലക്ഷം 

വികാസ് സിങ്:                     56 ലക്ഷം 

കെ.വി.വിശ്വനാഥൻ:        55 ലക്ഷം 

എൻ.വെങ്കിട്ടരാമൻ:       20 ലക്ഷം 

പ്രഭാസ് ബജാജ്:                 3 ലക്ഷം 

എൻ.എസ്.നാപ്പിനായി:    2 ലക്ഷം 

madhu
കൊല്ലപ്പെട്ട മധു. ചിത്രം∙ മനോരമ

എന്താ സർ, മധു മനുഷ്യനല്ലേ?

അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചുകൊന്ന മധുവിന്റെ കേസിൽ മറ്റൊരു (അ)നീതി

രാഷ്ട്രീയക്കേസുകളിലെ പ്രതികളെ രക്ഷിക്കാൻ സർക്കാർ ചെലവിൽ ലക്ഷങ്ങൾ മുടക്കി അഭിഭാഷകരെ നിയോഗിക്കുമ്പോഴും അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കാര്യത്തിൽ മറ്റൊരു നീതിയാണ്. ഈ കേസിൽ സർക്കാർ നിയോഗിക്കുന്ന നാലാമത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇപ്പോഴുള്ളത്. ഇദ്ദേഹത്തിനോ മുൻപുണ്ടായിരുന്നവർക്കോ സൗകര്യങ്ങളൊന്നും നൽകിയില്ല. ഓണറേറിയവും കിട്ടാനുണ്ട്. 

തൊട്ടുമുൻപുണ്ടായിരുന്ന പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ പൊലീസ് വാഹനത്തെയാണ് ആശ്രയിച്ചിരുന്നത്. താമസിക്കാൻ ഗെസ്റ്റ് ഹൗസും. രേഖകളുടെ പകർപ്പെടുക്കാൻ മാത്രം ഒരു ലക്ഷം രൂപയോളം ചെലവു വന്നിട്ടുണ്ടാവുമെന്നാണു കണക്കാക്കുന്നത്. 

ഇപ്പോഴത്തെ പ്രോസിക്യൂട്ടർ പാലക്കാട് സ്വദേശിയായതിനാൽ മണ്ണാർക്കാട് പട്ടികജാതി–വർഗ സ്പെഷൽ കോടതിയിലെ വിചാരണ കഴിഞ്ഞാൽ പാലക്കാട്ടേക്കു പോകുകയാണ്. തങ്ങളോടു വിവേചനമാണെന്നു മധുവിന്റെ കുടുംബവും കുറ്റപ്പെടുത്തിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുകയുമാണ്. ഫലപ്രദമായി ഇടപെടാൻ സർ‌ക്കാരിനു സമയമില്ല; മധു പാർട്ടിക്കാരനല്ലല്ലോ !

350 കോടി ചെലവിട്ടു; ഇ–ഹെൽത്ത് എവിടെ?  

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 350  കോടിയോളം രൂപ ചെലവിട്ടു നടപ്പാക്കാൻ തീരുമാനിച്ച പദ്ധതിയാണ് ഇ–ഹെൽത്ത്. കംപ്യൂട്ടറുകളും ഉപകരണങ്ങളും വാങ്ങിക്കൂട്ടുകയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയോഗിക്കുകയും ചെയ്തെങ്കിലും ഇത്രയും വർഷത്തിനുശേഷവും പദ്ധതി എങ്ങുമെത്തിയില്ല. ഒപി ടിക്കറ്റ് മുതൽ ആരോഗ്യവകുപ്പിലെ എല്ലാ രേഖകളും ഡിജിറ്റൽ ആക്കാനാണു പദ്ധതിയിട്ടത്.എന്നാൽ, അന്നു വാങ്ങിയിട്ട കംപ്യൂട്ടറുകൾ ഉൾപ്പെടെ ഇപ്പോൾ നശിച്ചുകഴിഞ്ഞു. ഇവ നന്നാക്കാനുള്ള കരാർപോലും ആരുമായും ഇല്ലെന്നാണ് അറിയുന്നത്. ഡപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരെല്ലാം മാതൃവകുപ്പുകളിലേക്കു തിരിച്ചുപോകാനുള്ള ശ്രമത്തിലാണ്. പദ്ധതിക്കായി പ്രഖ്യാപിച്ച 350 കോടിയിൽ എത്ര ചെലവായെന്നും വ്യക്തതയില്ല. 

നഷ്ടം 2.50 ലക്ഷം;വാദിക്കാൻ 16.50 ലക്ഷം!

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകനുവേണ്ടി സർക്കാർ ചെലവാക്കിയത് 16.50 ലക്ഷം രൂപ. 

2015ൽ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം സഭയ്ക്കുള്ളിൽ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നായിരുന്നു കേസ്. മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെ.ടി.ജലീൽ, ഇ.പി.ജയരാജൻ എന്നിവർ ഉൾപ്പെട്ട ഇൗ കേസ് പിൻവലിക്കണമെന്നു വാദിക്കാൻ സുപ്രീം കോടതിയിൽ അഭിഭാഷകൻ രഞ്ജിത്കുമാറിനെയാണു ചുമതലപ്പെടുത്തിയത്. ഫീസ് 16.50 ലക്ഷം രൂപ.  

സുപ്രീംകോടതി, മുല്ലപ്പെരിയാർ ഡാം
സുപ്രീംകോടതി, മുല്ലപ്പെരിയാർ ഡാം

നമ്മൾ വാദിച്ചു, അവർ ജയിച്ചു; ചെലവ് 6.34 കോടി

2009 മുതൽ 2021 ഓഗസ്റ്റ് 31 വരെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച കേസ് നടത്തിപ്പിനു ചെലവഴിച്ചത് 6.34 കോടി രൂപ. ഇതിൽ 5.03 കോടി രൂപയും വക്കീൽ ഫീസായിരുന്നു. ഇതെല്ലാമായിട്ടും കേസിൽ അനുകൂല വിധി കിട്ടിയതു തമിഴ്നാടിന് ! 10 പേരാണു കേരളത്തിനായി സുപ്രീം കോടതിയിൽ ഹാജരായത്. ഏറ്റവും മുതിർന്ന അഭിഭാഷകൻ മാത്രം 1.82 കോടി രൂപ വാങ്ങി. 

എല്ലാവരും ചേർന്നു യാത്രാ‍ബത്ത ഇനത്തിൽ (ടിഎ) 56,55,057 രൂപയും ഉന്നതാധികാര സമിതി സന്ദർശനത്തിന്റെ പേരിൽ 58,34,739 രൂപയും ഓണറേറിയം ഇനത്തിൽ 16,41,500 രൂപയും കൈപ്പറ്റിയെന്നാണു കണക്ക്. 

lunch-school
Creative: Manorama

നമുക്ക് ഉച്ചക്കഞ്ഞിയിൽ ചെലവു ചുരുക്കാം

ഒരു സ്കൂൾ കുട്ടിക്ക് ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് 8 രൂപ മാത്രമാണു സർക്കാർ വിഹിതം. സ്കൂളിൽ കുട്ടികളുടെ എണ്ണം നൂറ്റൻപതിലേറെയാണെങ്കിൽ വിഹിതം 7 രൂപയായും അഞ്ഞൂറിലേറെയാണെങ്കിൽ 6 രൂപയായും കുറയും. 

അരി സർക്കാർ നൽകുമെങ്കിലും മറ്റു വിഭവങ്ങളെല്ലാം സർക്കാർ മാനദണ്ഡമനുസരിച്ച് ഈ തുച്ഛമായ തുകയിൽ ഒരുക്കണം. ചോറിനൊപ്പം ദിവസവും 2 കറി വേണം. ആഴ്ചയിൽ 2 ദിവസം 150 മില്ലിലീറ്റർ പാൽ, ഒരു ദിവസം മുട്ട എന്നിവയും നൽകണം. പാചകവാതകച്ചെലവും കണ്ടെത്തണം. സ്കൂൾ അധികൃതർ സ്വന്തം നിലയ്ക്ക് അധികതുക കണ്ടെത്തണമെന്നു ചുരുക്കം. വൻ സാമ്പത്തിക ബാധ്യതയാണ് പ്രധാനാധ്യാപകരുടെയും ചുമതലപ്പെട്ട അധ്യാപകരുടെയും തലയിലാകുന്നത്.  ഒരു വശത്തു സർക്കാർ ധൂർത്ത് അനുസ്യൂതം തുടരുമ്പോഴും സാമാന്യനീതിക്കു നിരക്കാത്ത വിധം സർക്കാർ ചെലവു ചുരുക്കുന്ന ചില മേഖലകളുണ്ട്. അതിൽ പ്രധാനമാണ് പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി. വർഷങ്ങൾക്കു മുൻപാണ് ഈ കുറഞ്ഞ വിഹിതം നിശ്ചയിച്ചത്. 

സ്കൂളുകളിൽ ഉച്ചഭക്ഷണം ഒരുക്കുന്ന പാചകത്തൊഴിലാളികളുടെ കാര്യവും കഷ്ടമാണ്. 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്ന കണക്കാണു സർക്കാരിന്റേത്. സ്കൂൾ തുറന്നു രണ്ടു മാസമായിട്ടും ഇവർക്കു പ്രതിഫലം ലഭിച്ചിട്ടില്ല. 14,000 പേരാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഏറെയും സ്ത്രീകൾ.സേവന–വേതന വ്യവസ്ഥയില്ലാതെ, തുച്ഛമായ ഓണറേറിയം മാത്രം ലഭിക്കുന്ന കാൽലക്ഷത്തോളം അങ്കണവാടി ജീവനക്കാരുടെയും പതിനായിരത്തോളം ആശാ വർക്കർമാരുടെയും അവസ്ഥയും ഇതു തന്നെ. ഇവർക്കു തുച്ഛവേതനം സമയത്തു നൽകാനും സർക്കാരിന്റെ കയ്യിൽ പണമില്ല. 

റിപ്പോർ‌ട്ടുകൾ: സി.കെ.ശിവാനന്ദൻ, ജി.വിനോദ്, രമേശ് എഴുത്തച്ഛൻ, അനീഷ് നായർ, എസ്.വി.രാജേഷ്, ജോജി സൈമൺ, കെ.പി.സഫീന. ഏകോപനം: വി.ആർ.പ്രതാപ്

English Summary: Kerala govt spends big to hire lawyers from outside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com