മഴക്കാലമാണ്; കരുതിയിരിക്കാം

HIGHLIGHTS
  • വാഹന– വൈദ്യുതി അപകടങ്ങൾ പെരുകുന്നതിനെതിരെ ജാഗ്രത വേണം
Rain/Kochi
കൊച്ചി രാജ്യാന്തര വിമാനത്താവള റോഡിലെ കനത്ത മഴയിലൂടെ നടന്നു പോകുന്ന അമ്മയും കുട്ടിയും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കൊടുംമഴക്കാലം ജീവനെടുക്കുന്ന അപകടങ്ങളുടെ കൂടി കാലമാകുന്നു. റോഡപകടങ്ങളും വൈദ്യുത ലൈൻ പെ‍ാട്ടിയുണ്ടാകുന്ന ദുരന്തങ്ങളും പഴക്കംചെന്ന കെട്ടിടങ്ങൾ ഇടിഞ്ഞുവീണുണ്ടാകുന്ന അപകടങ്ങളുമെ‍ാക്കെ ഈ മഴവേളയുടെ ശാപങ്ങളാണ്. അങ്ങേയറ്റത്തെ ജാഗ്രത കെ‍ാണ്ടുവേണം ഈ അപകടഭീഷണികൾ കേരളം തരണംചെയ്യേണ്ടത്.

മഴക്കാലത്തു വാഹനാപകടങ്ങൾ ഇരട്ടിയോളമായി വർധിക്കുമെന്നാണു കണക്ക്. എന്നാൽ, ഇതനുസരിച്ചുള്ള ഇരട്ടി ശ്രദ്ധയും മുൻകരുതലും വാഹനമോടിക്കുന്നവരുടെ ഭാഗത്തുനിന്നു പലപ്പോഴുമുണ്ടാകുന്നില്ല എന്നതു നിർഭാഗ്യകരമാണ്. റോഡിന്റെ ശോച്യാവസ്ഥ, അധികൃതരുടെ അനാസ്ഥ, മഴ സൃഷ്‌ടിക്കുന്ന കെണികൾ എന്നിങ്ങനെ പല കാരണങ്ങൾ റോഡപകടങ്ങൾക്കു ചൂണ്ടിക്കാട്ടാമെങ്കിലും വാഹനം ഓടിക്കുന്നവരുടെ ഒരു നിമിഷത്തെ അശ്രദ്ധയും അലസതയുംകൊണ്ടും എത്രയോ ദുരന്തങ്ങളാണു വന്നുചേരുന്നത്. 

മഴക്കാലത്തു വാഹനം തെന്നുന്നതിനും നിയന്ത്രണം വിടുന്നതിനുമെല്ലാം സാധ്യതയേറെയാണ്. റോഡിന്റെ ഉപരിതലത്തിലെ ജലപാളി, വെള്ളം നിറഞ്ഞ കുഴികൾ തുടങ്ങിയവയെല്ലാം അപകടം വരുത്തിവയ്‌ക്കുന്നതിനാൽ വളരെ കരുതലോടെയേ സഞ്ചരിക്കാവൂ. വാഹനങ്ങളുടെ ടയർ, ബ്രേക്ക് എന്നിവ പരിശോധിച്ചു സുരക്ഷ പതിവായി ഉറപ്പുവരുത്താനും മറന്നുകൂടാ. രണ്ടുപേർക്കു മാത്രം യാത്ര ചെയ്യാനുള്ള വാഹനത്തിൽ കൂടുതൽ ഭാരം കയറ്റുന്നതും മൂന്നും നാലും പേർ യാത്രചെയ്യുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ഇരുചക്രവാഹനക്കാർക്കു ഹെൽമറ്റ് നിർബന്ധമാണെങ്കിലും പലരും അതു ധരിക്കാത്തതു മറ്റൊരു നിർഭാഗ്യം. 

കനത്ത മഴ കൂടിയാകുമ്പോൾ റോഡുപോലും വ്യക്‌തമായി കാണാനാവാതെ വാഹനയാത്രക്കാർ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. വാഹനങ്ങൾ പെരുകുകയും നിലവിലുള്ള റോഡുകൾ പോലും അപകടക്കെണികൾ നിറഞ്ഞതാകുകയും ചെയ്യുമ്പോൾ റോഡ് ഉപയോഗം പരമാവധി കരുതലോടെയേ പാടുള്ളൂ; അപകടം കൂടി സഹയാത്ര ചെയ്യുന്ന മഴക്കാലത്തു വിശേഷിച്ചും. കനത്തമഴയിൽ അപകടഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ അതീവശ്രദ്ധയോടെ വേണം വാഹനങ്ങളിൽ സഞ്ചരിക്കേണ്ടത്. മഴക്കാലത്തു റോഡുകളിൽ അപകടഭീഷണി വർധിക്കുന്ന ഇടങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ ഇല്ലാത്തതുകെ‍ാണ്ടുമാത്രം എത്രയോ ദുരന്തങ്ങൾ ഇവിടെയുണ്ടായിട്ടുണ്ടെന്നതുകൂടി ഓർമിക്കാം. റോഡിലെ സുരക്ഷാ മുൻകരുതൽ നടപടികൾക്കുള്ള പ്രോട്ടോക്കോൾ വിദേശരാജ്യങ്ങളിൽ കൃത്യമായി പാലിക്കപ്പെടാറുണ്ട്; ലംഘിക്കപ്പെട്ടാൽ മാതൃകാപരമായ നടപടികളെടുക്കാറുമുണ്ട്. 

റോഡപകടങ്ങൾ പോലെ വൈദ്യുതി അപകടങ്ങളും ക്രൂരമായി പെയ്യുന്ന മഴക്കാലമാണിത്. അതുകൊണ്ടുതന്നെ ഈ വേളയിൽ വൈദ്യുതിക്കാര്യത്തിൽ ഇരട്ടി സുരക്ഷയാണ് അധികൃതരുടെയും ഉപയോക്‌താക്കളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതെങ്കിലും പലപ്പോഴും അതല്ല സംഭവിക്കുന്നത്. പൊട്ടിവീഴുന്ന വൈദ്യുതക്കമ്പിയിൽനിന്നു ഷോക്കേറ്റുള്ള ദാരുണ മരണങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും പതിവാണ്. വൈദ്യുത ലൈനിൽ പണിയെടുക്കുന്നവരുടെ ജീവൻ നഷ്‌ടപ്പെടുന്ന സംഭവങ്ങളും വർധിച്ചുവരുന്നു. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും ചട്ടങ്ങളുടെ പാലനവും പോകട്ടെ, ജീവൻ കാത്തുസൂക്ഷിക്കുന്നതിൽ വേണ്ട കേവലശ്രദ്ധയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാവുന്നതാണു പല മരണങ്ങളും.

കെ‍ാടുംമഴ നാശംവിതയ്ക്കുന്ന ഈ വേളയിൽ ആ ചോദ്യം ആവർത്തിക്കാതെ വയ്യ: ഏറെ മുറിവേൽപിച്ച കഴിഞ്ഞ ദുരന്തങ്ങളിൽനിന്നു കേരളം പഠിച്ച പാഠമെന്താണ്? ഭാവിയിൽ സംഭവിക്കാനിടയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ എന്തെല്ലാം തയാറെടുപ്പുകളാണു നാം നടത്തേണ്ടത്? കേരളം എത്രത്തോളം പ്രളയസാധ്യതയുള്ള നാടാണെന്നും അതിന്റെ ആഘാതം എത്ര കനത്തതാവുമെന്നും കഴിഞ്ഞ അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. തുടർച്ചയായ പ്രളയങ്ങളും ഉരുൾപൊട്ടലുമൊക്കെയുണ്ടായിട്ടും കേരളത്തിലെ കാലാവസ്ഥാ വിശകലനം ഇപ്പോഴും പരിമിതികൾക്കു നടുവിൽത്തന്നെ. 

ദുരനുഭവങ്ങളുടെ വാർഷികാവർത്തനങ്ങൾ ഇനിയെങ്കിലും നമ്മെ ആത്മപരിശോധനയിലേക്കും കുറ്റമറ്റ കർമപദ്ധതികളിലേക്കും പരമാവധി ജാഗ്രതയിലേക്കും കൊണ്ടുപോയില്ലെങ്കിൽ വരുംതലമുറയോടുകൂടി കേരളം മറുപടി പറയേണ്ടിവരും.

English Summary: Rain alert in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}