കെ‍ാപ്ര സംഭരണം നിഷ്ഫലമാകരുത്

HIGHLIGHTS
  • സംഭരണം തുടരണം, കൂടുതൽ സംഭരണകേന്ദ്രങ്ങൾ വേണം
copra
ഫയല്‍ചിത്രം
SHARE

ആറു മാസം മുൻപു നാഷനൽ അഗ്രികൾചറൽ കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) വഴി കേന്ദ്ര സർക്കാർ ആരംഭിച്ച കൊപ്ര സംഭരണം ഫലം കണ്ടില്ല. നാഫെഡിന്റെ കർശന മാനദണ്ഡങ്ങൾ സംഭരണത്തിനു തിരിച്ചടിയാവുകയായിരുന്നു. നമ്മുടെ കേരകർഷകർ തുടർച്ചയായി നിർഭാഗ്യ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ഈ ആഘാതംകൂടി ഉണ്ടാവുന്നത്.

സംസ്ഥാനത്തു നാഫെഡ് വഴിയുള്ള കൊപ്ര സംഭരണം തിങ്കളാഴ്ചയാണ് അവസാനിച്ചത്. കേരളത്തിൽ കൊപ്ര വില ഇടിഞ്ഞ സാഹചര്യത്തിലാണ് നാഫെ‍ഡ് വഴി സംഭരിക്കാൻ കേന്ദ്രം സംസ്ഥാന കൃഷിവകുപ്പിനു നിർദേശം നൽകിയത്. ഫെബ്രുവരിയിൽ സംഭരണം ആരംഭിച്ചു. ആറു മാസംകൊണ്ട് 50,000 ടൺ സംഭരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സംഭരിച്ചത് 116 ടൺ മാത്രം. 

സർക്കാർ ഇടപെട്ടിട്ടും സംഭരണ നടപടികൾ ഫലം കാണാത്തതു കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചിരിക്കുന്നു. കേരഫെഡ്, മാർക്കറ്റ്ഫെഡ് എന്നിവയെയാണു സംഭരണത്തിനുള്ള നോഡൽ ഏജൻസികളായി സർക്കാർ നിശ്ചയിച്ചത്. എന്നാൽ, കൊപ്രയിൽനിന്ന് ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കു സംഭരണത്തിന് അനുമതി നൽകില്ലെന്നു നാഫെഡ് അറിയിച്ചതോടെ കേരഫെഡ് പുറത്തായി. ആവശ്യത്തിനു സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതും കർഷകർക്കു കനത്ത തിരിച്ചടിയായി.

തേങ്ങ ഉണക്കി കൊപ്രയാക്കി വിൽക്കുന്ന കർഷകർ കേരളത്തിൽ കുറവാണ്. കർഷകർ പച്ചത്തേങ്ങ വിൽക്കുകയും കച്ചവടക്കാർ ഇത് ഉണക്കി കൊപ്രയാക്കുകയും ചെയ്യുന്നതാണു പെ‍ാതുരീതി. അതുകൊണ്ടുതന്നെ, കൊപ്ര സംഭരണം നടത്തുന്ന സഹകരണ സംഘങ്ങൾ കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കി സർക്കാർ ഏജൻസികൾക്കു കൈമാറുകയാണു നേരത്തേ ചെയ്തിരുന്നത്. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സഹകരണ സംഘങ്ങൾക്കു തേങ്ങ ഉണക്കി കൊപ്രയാക്കുന്ന ഡ്രയർ സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇതു സാധിച്ചിരുന്നത്. എന്നാൽ, വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സംഘങ്ങൾ കൊപ്ര സംഭരണം നടത്തരുതെന്ന നിബന്ധന വന്നതോടെ ഇത്തരം സംഘങ്ങളിൽ ഭൂരിഭാഗവും അതിൽപെട്ടു. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ഓരോ സഹകരണ സംഘങ്ങൾ മാത്രമാണ് ഇത്തവണ സംഭരണം നടത്തിയത്.

മിൽ കൊപ്ര കിലോഗ്രാമിന് 96 രൂപ ഉണ്ടായിരുന്ന സമയത്താണ് 105.90 രൂപ നിരക്കിൽ നാഫെഡ് കൊപ്ര സംഭരണം ആരംഭിച്ചത്. വടകര മാർക്കറ്റിലെ ഇന്നലത്തെ വില കിലോഗ്രാമിന് 88 രൂപയാണ്. സംഭരണം ആരംഭിച്ച് ആറു മാസത്തിനിടെ വില വീണ്ടും ഇടിഞ്ഞതിനാൽ താങ്ങുവില നൽകിയുള്ള സംഭരണം തുടരണമെന്നാണു കർഷകരുടെ ആവശ്യം. സംഭരണം നീട്ടണമെന്നു മാർക്കറ്റ്ഫെഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നീട്ടാനുള്ള നടപടികൾ സംസ്ഥാന കൃഷിവകുപ്പും ആരംഭിച്ചിട്ടുണ്ട്. പക്ഷേ, നിബന്ധനകളിൽ ഇളവുനൽകി കൂടുതൽ സംഭരണകേന്ദ്രങ്ങൾ തുറന്നാൽ മാത്രമേ കർഷകർക്കു ഗുണമുണ്ടാകൂ. 

ഇതിനിടെ, കേരഫെഡിന്റെ നേതൃത്വത്തിൽ ജൂൺ 7 മുതൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചിട്ടുണ്ടെങ്കിലും തേങ്ങ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർഷകരെ വലയ്ക്കുന്നു. കിലോഗ്രാമിന് 32 രൂപയ്ക്കാണു സംഭരിക്കുന്നത്. എന്നാൽ, കർഷകരുടെ വാർഷിക ഉൽപാദനത്തിന്റെ ആറിലൊന്നു മാത്രമേ ഒരു തവണ സംഭരണകേന്ദ്രത്തിൽ സ്വീകരിക്കൂ. ഒരു തെങ്ങിൽനിന്നു വർഷം 50 തേങ്ങ ലഭിക്കുമെന്നു കണക്കാക്കിയാണു ശേഖരിക്കാവുന്ന തേങ്ങയുടെ എണ്ണം നിശ്ചയിക്കുന്നത്. എന്നാൽ, ശരാശരി 100 മുതൽ 150 തേങ്ങ വരെ ഒരു തെങ്ങിൽനിന്നു ലഭിക്കുമെന്നു കർഷകർ പറയുന്നു. 

കർഷകർക്ക് എത്ര തെങ്ങുണ്ടെന്നതിനു കൃഷിഭവനിൽനിന്നുള്ള സാക്ഷ്യപത്രം സഹിതമാണു തേങ്ങ സംഭരണകേന്ദ്രത്തിലെത്തിക്കേണ്ടത്. മുൻപു കൃഷിഭവനുകളിലാണു തേങ്ങ സംഭരിച്ചിരുന്നത്. ഇപ്പോൾ കൃഷിഭവനിൽ പോയി സാക്ഷ്യപത്രം വാങ്ങി സംഭരണകേന്ദ്രങ്ങളിലെത്തണം. കൃഷിഭവനുകളുടെ നാലിലൊന്നു സംഭരണകേന്ദ്രങ്ങൾ പോലും ജില്ലകളിലില്ല. കിലോഗ്രാമിനു വിപണിവിലയെക്കാൾ 7–8 രൂപ അധികം ലഭിക്കുമെങ്കിലും പലപ്പോഴും സംഭരണകേന്ദ്രങ്ങളിൽ തേങ്ങയെത്തിക്കാനുള്ള വാഹനവാടക ഇതിലേറെ വരുമെന്നു കർഷകർ പറയുന്നു. 

സംഭരണത്തിലടക്കം കേരകർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ ആവശ്യമാണ്. കൂടുതൽ നഷ്ടത്തിലേക്കും നിരാശയിലേക്കും നമ്മുടെ കർഷകർ കൂപ്പുകുത്തിക്കൂടാ.

English Summary: Copra procurement in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}