ADVERTISEMENT

പൗരന്മാർ ബോധപൂർവം നിസ്സഹായരാകുന്ന അവസ്ഥ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന സുപ്രധാന വെല്ലുവിളിയാണെന്നു മഹാത്മാഗാന്ധിയുടെ പ്രപൗത്രനും ചിന്തകനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി. 

തിരഞ്ഞെടുപ്പു വരുമ്പോൾ വോട്ടു ചെയ്യുന്നതു മാത്രമാണു ജനാധിപത്യമെന്നാണു നമ്മളിലധികവും വിശ്വസിക്കുന്നത്. അതു ശരിയല്ല. വെറുപ്പിന്റെ രാഷ്ട്രീയമാണു രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. ഗാന്ധിജി ബ്രിട്ടിഷുകാരോട് ഇന്ത്യ വിടാൻ ആഹ്വാനം ചെയ്ത ‘ക്വിറ്റ് ഇന്ത്യ’ സമരത്തിന്റെ 80–ാം വാർഷികദിനമാണ് ഈ മാസം 9ന്. അന്നു ‘വെറുപ്പിന്റെ രാഷ്ട്രീയം ഇന്ത്യ വിടുക’ എന്ന ക്യാംപെയ്ൻ രാജ്യത്തു നടക്കണം. 

കൊച്ചിയിൽ വിവിധ പരിപാടികൾക്കെത്തിയ തുഷാർ ഗാന്ധി ‘മനോരമ’യോട് സംസാരിക്കുന്നു: 

? സ്വാതന്ത്ര്യസമരത്തിന്റെ യഥാർഥ ചരിത്രവും സ്വാതന്ത്ര്യസമര സേനാനികളുടെ സഹനവും പുതുതലമുറ മനസ്സിലാക്കുന്നുണ്ടോ.

നിർഭാഗ്യവശാൽ ഇല്ല. ഇന്നു പഠിപ്പിക്കുന്ന ചരിത്രം രാഷ്ട്രീയ ഉദ്ദേശ്യങ്ങളോടെ ആവിഷ്കരിക്കപ്പെട്ടതാണ്. അജൻഡയ്ക്ക് അനുയോജ്യമായി ചരിത്രം തയാറാക്കി പഠിപ്പിക്കുന്നു. അതു പ്രചരിപ്പിക്കുന്നു. സമൂഹം അതിനെ പ്രതിരോധിക്കുന്നില്ല. സ്വാതന്ത്ര്യലബ്ധിക്കുമുൻപ് ഇന്ത്യയിലുണ്ടായിരുന്നതു ചോദ്യം ചെയ്യാനറിയാവുന്ന ജനതയായിരുന്നു. അംഗീകരിക്കാനാകാത്ത കാര്യങ്ങൾ നിരസിക്കാനും അവർക്കു ശേഷിയുണ്ടായിരുന്നു. അതിനാലാണു സ്വാതന്ത്ര്യസമരം വിജയിച്ചതും. ഇന്ന് എല്ലാ രാഷ്ട്രീയനീക്കങ്ങളെയും നാം ഔദ്യോഗികമായി കാണുന്നു, നിസ്സഹായരായി അംഗീകരിക്കുന്നു. ജനാധിപത്യത്തിൽ ജനവികാരവും ചിന്താശക്തിയുമാണു പരമപ്രധാനമെന്ന കാര്യം പൗരന്മാർതന്നെ മറക്കുന്നു.  

? വെറുപ്പിന്റെ രാഷ്ട്രീയം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്.

വെറുപ്പിന്റെ വ്യാപനമാണ് ഇന്ന് എല്ലാ രംഗത്തും. എന്നാൽ, ഇതു തങ്ങളെ ബാധിക്കുന്നില്ലെന്ന തരത്തിലാണു സമൂഹം പെരുമാറുന്നത്. വെറുപ്പിന്റെ വ്യാപനത്തെ പ്രതിരോധിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. വെറുപ്പ് അർബുദമായി സമൂഹത്തെ കാർന്നുതിന്നുന്നു. നമ്മുടെതന്നെ സർവനാശത്തിന് അതു കാരണമാകുമെന്നു നമുക്കു ബോധ്യപ്പെടുന്നില്ല. വെറുപ്പിനെ എതിർക്കണമെങ്കിൽ നമ്മളിൽ പരസ്പരം അംഗീകരിക്കൽ, മനസ്സിലാക്കൽ, സ്നേഹം എന്നിവയുണ്ടാകണം. 

? സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികമാണല്ലോ ഇത്.

75 വർഷം മുൻപു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഗാന്ധിജി പറഞ്ഞത് ഇതു വെറും രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്നാണ്. പട്ടിണിയിൽനിന്നും ദാരിദ്ര്യത്തിൽനിന്നും നിരക്ഷരതയിൽനിന്നും മോചനം നേടാൻ നമുക്ക് ഇനിയുമായിട്ടില്ല. ഒരു വ്യക്തി ഈ നിലകളിലെല്ലാം ശാക്തീകരിക്കപ്പെടാത്തിടത്തോളം സ്വാതന്ത്ര്യമെന്നതു നിരർഥകമാണ്. കലണ്ടർ നോക്കിയുള്ള ആഘോഷത്തോടു യോജിപ്പില്ല.

? ദേശീയപതാക എല്ലാ വീടുകളിലുമെന്ന ക്യാംപെയ്നെക്കുറിച്ച്. 

വീട്ടിൽ ദേശീയപതാക പാറിക്കുകയും സമൂഹമാധ്യമ പ്രൊഫൈൽ ത്രിവർണമാക്കുകയും ചെയ്താൽ നിങ്ങൾ ദേശസ്നേഹിയായി. അങ്ങനെ ചെയ്യുന്നതിലൂടെ നാം പറഞ്ഞുവയ്ക്കുന്നതെന്താണ്? വീട്ടിൽ ദേശീയപതാക പാറിക്കാത്തവർ ദേശദ്രോഹികളാണെന്നോ? സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക പറത്താതിരുന്നവർ അതു പറയുന്നതിൽ വൈരുധ്യവുമുണ്ട്. ദേശീയപതാക എന്നെ സംബന്ധിച്ച് ഒരു വികാരമാണ്.  ഹൃദയത്തിന്റെ ഭാഗമാണ്. ഞാൻ ആദരവോടെ കണ്ട്, പാവനമായി സൂക്ഷിക്കുന്ന, ഖാദിയിൽ നെയ്തെടുത്ത ത്രിവർണപതാക. യന്ത്രത്തിലുണ്ടാക്കിയതല്ല അത്. സിന്തറ്റിക്, പ്ലാസ്റ്റിക് പതാകകളല്ല എന്റെ ദേശീയപതാക. ചൈനീസ് നൂലിലും മാഞ്ചസ്റ്ററിൽനിന്നുള്ള പോളിയസ്റ്ററിലും നിർമിച്ച പതാക വച്ചാകരുത് ദേശസ്നേഹം കാണിക്കൽ. കഴിഞ്ഞ വർഷംതന്നെ ഓർഡർ നൽകിയിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ ഖാദി കേന്ദ്രങ്ങൾ നൂറുകണക്കിനു പതാകകൾ ഉണ്ടാക്കുമായിരുന്നു. അത്തരത്തിൽ ഖാദിയും ദേശീയ പ്രസ്ഥാനവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തെ ഉയർത്തിപ്പിടിക്കാമായിരുന്നു.

? ഇന്ത്യയിൽ വിദ്യാഭ്യാസം ശരിയായ ദിശയിലാണോ. 

അല്ല. ഇന്നത്തെ വിദ്യാഭ്യാസ രീതി പുതുതലമുറയെ ഇടുങ്ങിയ മനസ്സുള്ളവരാക്കുന്നു. ദീർഘവീക്ഷണത്തോടെ ചിന്തിക്കാനോ പ്രവർത്തിക്കാനോ അവർക്കു കഴിയുന്നില്ല. ജീവിതത്തിന്റെ ഉദ്ദേശ്യം തന്നെ മാറി. പരീക്ഷ ഒരു മത്സരമായി. ജയിക്കണം, ജോലി നേടണം. കുറുക്കുവഴികൾ ഉപയോഗിച്ചാണെങ്കിൽ അങ്ങനെ. ധാർമികത കൈവിടാതെ വെല്ലുവിളികൾ നേരിടാൻ പൗരനെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസം. 

? കസ്തൂർബയെക്കുറിച്ചുള്ള പുസ്തകത്തെപ്പറ്റി. 

മഹാത്മാഗാന്ധിയുടെ നിഴലിൽനിന്നു കസ്തൂർബാ ഗാന്ധിയെ പുറത്തുകൊണ്ടുവരണമെന്ന നിർബന്ധത്തിൽ എഴുതിയതാണു ‘ദ് ലോസ്റ്റ് ഡയറി ഓഫ് കസ്തൂർ, മൈ ബാ.’ വളരെ വ്യത്യസ്തവും പ്രചോദനകരവുമായ വ്യക്തിത്വം അവർക്കുണ്ട്. ശ്രീമതി ഗാന്ധിയെക്കുറിച്ചല്ല, കസ്തൂർബയെക്കുറിച്ചാണ്  ആ പുസ്തകം. ഗാന്ധിജിയെന്ന പ്രകാശഗോപുരത്തിനു സമീപത്തായതിനാൽ അദ്ദേഹവുമായി അടുപ്പമുള്ളവർപോലും കസ്തൂർബയിലെ വ്യക്തിത്വത്തെ ശരിക്കു മനസ്സിലാക്കിയില്ല. അവരുടെ വ്യക്തിത്വം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ എങ്ങനെ സ്വാധീനിച്ചു എന്നതും വൈകാതെ എഴുതും.

English Summary: Interview with Tushar Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com