ADVERTISEMENT

ബവ്റിജസ് മദ്യശാലയിൽ ക്യൂ നിൽക്കുക എന്നതു പൊലീസ് ആസ്ഥാനത്തോ ചുരുങ്ങിയപക്ഷം പൊലീസ് സ്റ്റേഷനിലെങ്കിലുമോ പോകുന്നത്ര അന്തസ്സുള്ള കാര്യമാണെന്ന് ഏറ്റവും നന്നായി അറിയുന്നതു കേരള സർക്കാരിനാണ്.

പൊലീസ് സ്റ്റേഷനിൽ അറ്റൻഷനായി നിൽക്കുന്ന ക്രമസമാധാനങ്ങൾ ബവ്റിജസ് ശാലയിൽ കുപ്പിയിലാക്കിവച്ചിരിക്കുന്നു എന്നതാണൊരു വ്യത്യാസം. പ്ലാസ്റ്റിക് കുപ്പിയിൽ പാടില്ല, ചില്ലുകുപ്പിയിൽതന്നെ മദ്യം വിൽക്കണം എന്ന വ്യവസ്ഥ വന്നതിനാൽ മദ്യവ്യവസായത്തിൽ പൊട്ടിത്തെറികൾക്കു സാധ്യതയേറിയിട്ടുണ്ട്. സ്ഫോടനാത്മകം എന്നു പത്രക്കാർക്കു പറയാം. 

രാഷ്ട്രീയ ഇന്ധനമുപയോഗിക്കുന്ന സ്ഫോടനങ്ങളൊഴികെ മറ്റൊന്നിനും കേരളത്തിൽ അനുവാദമില്ല. അതുകൊണ്ടാണ് ക്രമവും സമാധാനവും കുറ്റാന്വേഷണവും ജയിൽ സംരക്ഷണവുമൊക്കെ ഉറപ്പാക്കാൻ പൊലീസ് നേതൃത്വമുള്ളതുപോലെ ബവ്കോ ഭരിക്കാനും സീനിയർ പൊലീസ് തന്നെ വേണ്ടിവരുന്നത്. 

മദ്യത്തോടും മദ്യശാലകളോടും ദ്രാവകാർഥികൾക്കു ബഹുമാനം തോന്നണമെങ്കിൽ ബവ്കോ തലപ്പത്ത് ഐപിഎസ് മുദ്രയുള്ള പൊലീസ് തന്നെ വേണമെന്നു സർക്കാരിനു ബോധ്യമുണ്ട്. 

ഈയിടെയുണ്ടായ പൊലീസ് അഴിച്ചുപണിയിൽ ബവ്കോ മാനേജിങ് ഡയറക്ടർ സ്ഥാനം അനുവദിച്ചുകിട്ടിയത് എഡിജിപി യോഗേഷ് ഗുപ്തയ്ക്കാണ്. ഇതുവരെ ഡിഐജി റാങ്കിലുള്ളയാളായിരുന്നു എംഡി. ഇത്തവണ, എംഡി സ്ഥാനം എഡിജിപി റാങ്കിലേക്ക് ഉയർത്തി ഉത്തരവായി. 

പുതിയ മദ്യശാലകൾ ധാരാളമായി തുറക്കുന്നതു പരിഗണിച്ചാവും റാങ്ക് ഉയർത്തൽ എന്നുവേണം വിചാരിക്കാൻ. യോഗേഷ് ഗുപ്ത നേരത്തേ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ എഡിജിപിയായിരുന്നു. റെക്കോർഡുകൾ പരിശോധിച്ചപ്പോൾ ബവ്കോ ശാലകളിൽനിന്നു പലതരം ക്രൈം ഉണ്ടാവാം എന്നു കണ്ടെത്തിയിരിക്കണം. 

ലോകത്തൊരിടത്തും മദ്യം വിൽക്കുന്ന ജോലി പൊലീസിനില്ലെന്നാണ് അപ്പുക്കുട്ടൻ പരിശോധിച്ച റെക്കോർഡുകളിൽ കാണുന്നത്. എംഡി സ്ഥാനം എഡിജിപി റാങ്കിലേക്ക് ഉയർത്തിയതോടെ മദ്യത്തിനു ലഹരി വർധിച്ചുവെന്നു കരുതുന്നവരുണ്ട്. 

എല്ലാ മദ്യക്കുപ്പിക്കും അടപ്പുവേണ്ടേ എന്ന ചോദ്യംപോലെ ലഹരിയുള്ളതാണ് എഡിജിപി മുകളിലുള്ളതിനാൽ ബവ്കോ ശാലകളിൽ ജോലി ചെയ്യുന്നവർക്കൊരു തൊപ്പിയെങ്കിലും അവകാശപ്പെട്ടതല്ലേ എന്നതും. ഐപിഎസ് എഡിജിപി വിൽക്കുന്ന ദ്രാവക ലഹരിയുടെ പേരിൽ പൊതുജനത്തെ ഊതിക്കാനും കേസെടുക്കാനും കീഴ്റാങ്കുകാർക്ക് അധികാരമുണ്ടോ എന്ന ചോദ്യം വാതകരൂപത്തിൽ പരക്കുന്നുണ്ട്. 

എന്തായാലും ബവ്കോ ശാലയിലെത്തുന്ന ദ്രാവകാർഥികൾ കൗണ്ടറിലെത്തിയാലുടൻ ഒരു സല്യൂട്ടടിക്കണം എന്നാണ് അപ്പുക്കുട്ടന്റെ നിർദേശം.  സല്യൂട്ടിന്റെ ഒരു പാതി എഡിജിപിക്കും മറ്റേപ്പാതി കുപ്പിക്കും.

 

English Summary: Tharangangalil panachi, Kerala State Beverages Corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com