ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാർഥിയായതിനെ സിപിഐയുടെ രാഷ്ട്രീയപ്രമേയംതന്നെ വിമർശിച്ചതോടെ  ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ നീറിനിൽക്കുന്ന ഏറ്റവും വലിയ തർക്കവിഷയം പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ഇടതു– ജനാധിപത്യ ദേശീയചേരി രൂപപ്പെടുമോ എന്ന ചോദ്യത്തിന്റെ ഉത്തരം വയനാട് നൽകുമെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്.

കോൺഗ്രസുമായി തൊട്ടുകൂടായ്മ സിപിഎം പ്രകടിപ്പിക്കുമ്പോൾ, ബിജെപിക്കു മറുമരുന്ന് കോൺഗ്രസ് മാത്രമേയുള്ളൂവെന്നു വിശ്വസിക്കുകയും വാദിക്കുകയും ചെയ്ത സിപിഐയിൽ നിന്നാണ് ഈ വ്യത്യസ്ത സ്വരം. വർഷാവസാനം വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ കരടു രാഷ്ട്രീയപ്രമേയത്തിൽ ‘വയനാട്’ കടന്നുവന്നതോടെ, ആ ദേശീയ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ കാര്യമായ ചർച്ച ഉയരുമെന്നും വ്യക്തമായിരിക്കുന്നു. കോൺഗ്രസിനെ സിപിഐ പ്രണയിക്കുകയാണെന്ന സിപിഎമ്മിന്റെ പരിഹാസം കേട്ടിട്ടും അവരെ  ചേർത്തുപിടിച്ച തങ്ങൾക്കെതിരെയാണു രാഹുൽ വയനാട്ടിൽ അവതരിച്ചത് എന്ന സത്യം സിപിഐ മറക്കില്ല. കേരളത്തിൽ സിപിഐ മത്സരിക്കുന്ന നാലു ലോക്സഭാ സീറ്റുകളിൽ ഒന്നാണു വയനാട്.

ഇടതിന് വേണ്ട, കോൺഗ്രസിനു വേണം 

എൽഡിഎഫിനെതിരെ രാഹുൽ രംഗത്തുവന്നതു രണ്ടു നഷ്ടങ്ങൾ ഉണ്ടാക്കിയെന്നാണു സിപിഐ അനുമാനം: അത് ഇടതുപക്ഷത്തിന്റെ കേരളത്തിലെ സാധ്യതകൾക്കു ദോഷം ചെയ്തു, ഇടത് – ജനാധിപത്യ കക്ഷികളുടെ ദേശീയ ഐക്യത്തെ തടസ്സപ്പെടുത്തി. ഇതേ വാദങ്ങൾ 2024ലും പ്രസക്തമാണ്. അതുകൊണ്ടു തന്നെയാണു വയനാട്ടിൽ രാഹുൽ രണ്ടാമതും മത്സരിക്കുമോ എന്നതു പ്രതിപക്ഷ ഐക്യത്തെ ബാധിക്കുന്ന പ്രശ്നമായി മാറാവുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച്, രാജ്യത്തെ അവരുടെ ഏക ശക്തികേന്ദ്രമാണു കേരളം. ഇന്ത്യയിൽ ബിജെപിയെ തോൽപിക്കാൻ ശ്രമിക്കേണ്ട കോൺഗ്രസ് കേരളത്തിലെത്തി തങ്ങളെ ഞെരുക്കുന്നത് അവർ ഒട്ടും അംഗീകരിക്കില്ല. 2024ലെ  പ്രതിപക്ഷ ഐക്യത്തിനായി സോണിയ ഗാന്ധിക്കു മുന്നിൽ സീതാറാം യച്ചൂരിയും ഡി.രാജയും വച്ചിരിക്കുന്ന ഉപാധി രാഹുൽ കേരളത്തിൽ മത്സരിക്കാൻ പാടില്ല എന്നതുതന്നെ.

അതേസമയം, 2019ലെ വലിയ മുന്നേറ്റം 2024ലും യുഡിഎഫിന് ആവർത്തിക്കാൻ രാഹുലിന്റെ സാന്നിധ്യം കോൺഗ്രസിനു കേരളത്തിൽ  അനിവാര്യവുമാണ്. വയനാട്ടിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് യുഡിഎഫിനു നൽകിയ ഊർജവും ആവേശവും ചെറുതല്ല. വയനാട് രാഹുലിനു സുരക്ഷിത സീറ്റുമാണ്. ഈ ഭിന്ന രാഷ്ട്രീയതാൽപര്യങ്ങളുടെ ഏറ്റുമുട്ടലാണു സിപിഐയുടെ പ്രമേയത്തോടെ പരസ്യമായത്. 

എംപിയായ രാഹുൽ 

എംപി എന്ന നിലയിൽ രാഹുൽ നിലവിൽ വയനാടിനു കൊടുക്കുന്ന പ്രാധാന്യവും പരിഗണനയും എന്താണെന്ന ചോദ്യത്തിനും ഇതോടെ പ്രസക്തിയേറി. രണ്ടു മാസത്തിലൊരിക്കൽ മണ്ഡലത്തിലെത്തുന്ന രാഹുൽ മൂന്നു നാലു ദിവസം അവിടെ ചെലവഴിക്കാറുണ്ട്. കൽപറ്റയിൽ എസ്എഫ്ഐക്കാർ തകർത്ത ഓഫിസ് കൂടാതെ കോഴിക്കോട് മുക്കത്തും അദ്ദേഹത്തിന് എംപി ഓഫിസുണ്ട്. മണ്ഡലത്തിലുള്ളപ്പോൾ, രാവിലെ ഒരു മണിക്കൂറോളം അദ്ദേഹം സന്ദർശകർക്കായി മാറ്റിവയ്ക്കുന്നു. എംപിമാർക്കുള്ള വികസന ഫണ്ടിന്റെ വിനിയോഗ ചർച്ചകളിൽ തുടർന്നു സജീവമായി പങ്കെടുക്കും. രാഹുലിന്റെ മണ്ഡലമായതുകൊണ്ടുതന്നെ ഫണ്ട് ഒരു പ്രശ്നമല്ല. കോൺഗ്രസിന്റെ ചില രാജ്യസഭാ എംപിമാരുടെ ഫണ്ട് വരെ വയനാട്ടിലേക്ക് എത്തുന്നു. പൊതുപരിപാടികളിലും യാത്രകളിലും സ്വതസിദ്ധ നിഷ്കളങ്കതയോടെ ജനങ്ങളുമായി അദ്ദേഹം ഇടപഴകുന്നു. രാജ്യത്തു മറ്റൊരു എംപിയും നടപ്പാക്കാത്ത ഭവനനിർമാണ പദ്ധതിക്കും രാഹുൽ മുൻകയ്യെടുക്കുന്നു. 

തന്റെ തിരക്കോ അസാന്നിധ്യമോ വയനാടിനെ ഒരു തരത്തിലും ബാധിക്കാത്ത വിധത്തിൽ ആത്മാർഥതയോടെയും ഉത്തരവാദിത്തത്തോടെയുമാണു രാഹുൽ പ്രവർത്തിക്കുന്നതെന്നു ജില്ലയിൽ നിന്നുള്ള എംഎൽഎ കൂടിയായ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്. വയനാട്ടിലെ ജനങ്ങളോടു കാണിക്കുന്ന താൽപര്യം കണക്കിലെടുക്കുമ്പോൾ അവിടെത്തന്നെ അദ്ദേഹം മത്സരിക്കുമെന്നാണു വിശ്വസിക്കുന്നതെന്നും സിദ്ദിഖ് പറയുന്നു.

എന്നാൽ, കർഷകരെ പ്രഹരിക്കുന്ന മോദിയുടെ നയങ്ങൾക്കെതിരെ വയനാടിന്റെ ശബ്ദമാകാൻ പാർലമെന്റിലോ പുറത്തോ രാഹുലിനു കഴിയുന്നില്ലെന്നാണു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. ‘‘പാർലമെന്റിൽ അദ്ദേഹത്തിന്റെ ശബ്ദം ശ്രദ്ധിക്കുമെങ്കിലും അവിടെ  കൃത്യമായി ഹാജരാകാറില്ല. മോദിക്കു മുന്നിൽ ഒരു ബദലായി കേരളത്തെ ചൂണ്ടിക്കാണിക്കാൻ കഴിയുമെങ്കിലും സങ്കുചിതമായ ഇടതുവിരുദ്ധ വീക്ഷണം മൂലം അതിനും കൂട്ടാക്കുന്നില്ല’’. വയനാട്ടിലെ ജനങ്ങൾക്കു ദൈനംദിന പ്രശ്നങ്ങൾ എംപിക്കു മുന്നിൽ പറയാൻ കഴിയുന്നില്ലെന്നു സിപിഐ അസി.സെക്രട്ടറി സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാത്രമാണ് എംപിയെ കാണാൻ അവസരം ലഭിക്കുന്നതെന്നും സത്യൻ പറഞ്ഞു.

പ്രമേയത്തിലെ നയംമാറ്റം 

ഇടതു– പുരോഗമന– ജനാധിപത്യ ചേരിയുടെ തിരിക്കുറ്റി കോൺഗ്രസ് ആയിരിക്കണമെന്ന അഭിപ്രായംതന്നെ സിപിഐ ഉപേക്ഷിച്ചതു പുതിയ രാഷ്ട്രീയ പ്രമേയത്തിൽ ദർശിക്കാം. കോൺഗ്രസിന്റെ മതനിരപേക്ഷ– സാമ്പത്തിക നിലപാടുകളിൽ വിശ്വാസം നഷ്ടപ്പെട്ടെന്നാണു പ്രമേയം പറഞ്ഞുവയ്ക്കുന്നത്. വീഴ്ചകളുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ മതനിരപേക്ഷ കക്ഷി കോൺഗ്രസാണ് എന്ന പഴയ അഭിപ്രായത്തിൽ പിടിച്ചുതൂങ്ങാൻ പാർട്ടിയില്ല. സ്വയം ശക്തിപ്പെടുക, ഇടതുപക്ഷ ഐക്യം ഉറപ്പിക്കുക, എല്ലാ ബിജെപി വിരുദ്ധ ശക്തികളെയും ഏകോപിപ്പിക്കുക എന്നീ ആഹ്വാനങ്ങളാണു കരടുപ്രമേയം മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ, അവസാന ലക്ഷ്യത്തിന് ഉത്തരം വയനാട് നൽകും.

Content Highlight: Kerala Politics, CPI, CPM, Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com