ADVERTISEMENT

ണക്കാക്കിയതിന്റെ 60 ഇരട്ടിവരെ ചെലവഴിച്ചിട്ടും, പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ ജലസേചന പദ്ധതികൾ. എട്ടുകോടി രൂപ അടങ്കലിൽ 43 വർഷം മുൻപ് തുടങ്ങിയ ബാണാസുരസാഗർ പദ്ധതിക്കായി ഇതുവരെ ചെലവാക്കിയത് 480 കോടി

നികുതിയിനത്തിൽ സർക്കാർ നമ്മളിൽനിന്നു ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന പണം എങ്ങനെ ചോരുന്നു എന്നറിയാൻ ജലസേചന പദ്ധതികൾ മാത്രം നോക്കിയാൽ മതി. 5 പതിറ്റാണ്ടായി മുപ്പതിലേറെ ജലസേചന പദ്ധതികൾവഴി ചോർന്നതു കോടികൾ. 5 വർഷംകൊണ്ടു പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതികൾ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പാതിവഴിയിലാണ്. ഈ പദ്ധതികളെല്ലാം കേരളത്തിൽ കൃഷി വളർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചവയാണ്. എന്നാൽ, കൃഷി വളർന്നില്ല; തളർന്നതേയുള്ളൂ. വളർന്നതു കരാറുകാരും എൻജിനീയർമാരും മാത്രം.

ഇടമലയാർ, കാരാപ്പുഴ, ബാണാസുരസാഗർ തുടങ്ങിയ പദ്ധതികൾ നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ല. 1974ൽ മൂവാറ്റുപുഴ പദ്ധതി തുടങ്ങുമ്പോൾ അടങ്കൽ 21 കോടി രൂപയായിരുന്നു. 2015ൽ പദ്ധതി ഭാഗികമായി പൂർത്തിയായപ്പോൾ 945 കോടിയായി. അടങ്കലിന്റെ 45 ഇരട്ടി. ഇടമലയാർ പദ്ധതി 1981ൽ തുടങ്ങുമ്പോൾ അടങ്കൽ 17 കോടി രൂപ. ഇനിയും പൂർത്തിയാകാത്ത പദ്ധതിക്ക് 2018 വരെ ചെലവഴിച്ചത് 460 കോടിയിലേറെ രൂപ: അടങ്കലിന്റെ 27 ഇരട്ടി. 2025ൽ കമ്മിഷൻ ചെയ്യുമ്പോൾ ഇനി എത്ര കോടി കൂടി വേണ്ടിവരുമെന്ന് ഊഹിക്കാനേ കഴിയൂ.

1976ൽ തുടങ്ങിയ കാരാപ്പുഴ ജലസേചന പദ്ധതിയുടെ അടങ്കൽ 7.5 കോടി രൂപയായിരുന്നു. ഇതുവരെ ചെലവഴിച്ചത് 300 കോടിയിലേറെ രൂപ. ഏറക്കുറെ 40 ഇരട്ടി. ബാണാസുര സാഗർ പദ്ധതിയുടെ കാര്യത്തിൽ റെക്കോർഡ് ആണ്. 1979ൽ 8 കോടി രൂപ അടങ്കലിൽ തുടങ്ങിയ പദ്ധതി 43 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. 2021 മാർച്ച് 31 വരെ 480 കോടി രൂപ ചെലവായി. ലക്ഷ്യമിട്ടതിന്റെ 60 ഇരട്ടിത്തുക. ഡസൻ കണക്കിനു വരുന്ന മറ്റു പദ്ധതികളുടെ എസ്റ്റിമേറ്റ് തുകയും പുതുക്കിയ തുകയും തമ്മിലുള്ള അന്തരം കണ്ടാൽ ജനം ഞെട്ടും. ആളോഹരി കടം എങ്ങനെ ഒരു ലക്ഷം രൂപയായി എന്നറിയാൻ പാഴൂർപടിക്കൽ കവടി നിരത്തേണ്ട കാര്യമില്ല.

ഇല്ലാത്ത പദ്ധതി ഡിസൈൻ ചെയ്യാൻ 56 പേർ

തലസ്ഥാനത്തു ജലസേചന വകുപ്പിന്റെ കീഴിൽ ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച് ബോർഡ് (ഐഡിആർബി) എന്നൊരു സ്ഥാപനമുണ്ട്. വൻകിട ജലസേചന പദ്ധതികൾക്കു വേണ്ടി ഡാമും മറ്റും രൂപകൽപന ചെയ്യുകയാണു ദൗത്യം. എന്നാൽ, ഇപ്പോൾ വൻകിട ജലസേചന പദ്ധതികളൊന്നും സർക്കാർ ആസൂത്രണം ചെയ്യുന്നില്ല. പക്ഷേ, ചീഫ് എൻജിനീയറുടെ കീഴിൽ 7 എക്സിക്യൂട്ടീവ് എൻജിനീയർമാരും 14 അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർമാരും മറ്റു 35 പേരും ഇവിടെയുണ്ട്. ജലസേചന സെക്രട്ടറി ഇവരുടെ ഒരു വർഷത്തെ സംഭാവനയുടെ കണക്കെടുത്തപ്പോൾ മിക്കവർക്കും കാര്യമായ പണിയൊന്നുമില്ല. ഇവരെ വീട്ടിലിരുത്തി ശമ്പളം അവിടെ എത്തിച്ചാൽ സർക്കാരിനു ലാഭം അതാണത്രേ.

ചെറിയ ജലസേചന പദ്ധതികളുടെയും തടയണകളുടെയും രൂപകൽപനയാണ് ഇപ്പോൾ ചെയ്യുന്നത്. ഫീൽഡിൽ‌നിന്നു നൽകുന്ന വിവരങ്ങൾ വച്ച് ഓഫിസിലിരുന്ന് ഡിസൈൻ തയാറാക്കും. ഒടുവിൽ പണിയാൻ ചെല്ലുമ്പോൾ 7 മീറ്റർ ആഴം പറഞ്ഞിടത്തു 14 മീറ്റർ ഉണ്ടാകും. ജലസേചന വകുപ്പിൽ പണി പൂർത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെ തണലിൽ കാര്യമായ പണിയില്ലാതെ ഇങ്ങനെ ഒട്ടേറെ എൻജിനീയർമാരുണ്ട്. ഇവരെ ഇവിടെനിന്നു മാറ്റാൻ പലരും വിചാരിച്ചിട്ടു നടന്നില്ല. സംഘബലം തന്നെ കാരണം.

ഒരുവശത്ത് മിന്നൽ; മറുവശത്ത് പമ്മൽ

മിന്നൽ സന്ദർശനം നടത്തി വൈറലാകുന്ന മന്ത്രിമാർ ഒരു വശത്ത്. പദ്ധതികൾ പരമാവധി വൈകിപ്പിച്ചു ഖജനാവ് മുടിക്കുന്ന ഉദ്യോഗസ്ഥർ മറുവശത്ത്. ഒരു സാംപിൾ ഇതാ... തിരുവനന്തപുരം നഗരത്തിലും സമീപത്തെ 4 പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിനു നെയ്യാർ ഡാമിൽ ശുദ്ധീകരണ പ്ലാന്റ് തുടങ്ങാൻ 2019ൽ തീരുമാനിച്ചതാണ്. അന്നു കണക്കാക്കിയ ചെലവ് 55.90 കോടി രൂപയായിരുന്നു. നിർമാണത്തിനു സ്ഥലം കണ്ടെത്താനായില്ലെന്നു പറഞ്ഞ് കരാർ റദ്ദാക്കി. തുടർന്നു പുതിയ കരാർ വിളിച്ചു.

ഒന്നര വർഷം കഴിഞ്ഞപ്പോൾ കരാർ തുക 91 കോടിയായി ഉയർന്നു. എസ്റ്റിമേറ്റ് തുകയെക്കാൾ 40% അധികം. 76 കോടിക്കു പണി പൂർത്തിയാക്കാമോയെന്നു ജല അതോറിറ്റി ചോദിച്ചെങ്കിലും കരാറുകാരൻ മെരുങ്ങിയില്ല. ക്വാളിറ്റി ആൻഡ് കോസ്റ്റ് ബേസ്ഡ് സിസ്റ്റം(ക്യുസിബിസി) വഴിയുള്ള കരാറായതിനാൽ കൂടുതൽ പേർക്കു ടെൻഡറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചില്ലെന്നു പരാതി വന്നതോടെ ക്യുസിബിസി നിർത്തലാക്കി. പുതിയ കരാർ വിളിക്കാൻ ജല അതോറിറ്റി ഉന്നതർക്കു താൽപര്യമില്ല.

നിലവിൽ 91 കോടിയിൽ ഉറച്ചുനിൽക്കുന്നയാൾക്കു കരാർ കൊടുക്കാനാണ് അവർക്കിഷ്ടം. എസ്റ്റിമേറ്റ് തുകയെക്കാൾ 10% വരെ അധികമായാൽ കരാർ ഉറപ്പിക്കാൻ ജല അതോറിറ്റിക്കാകില്ല. ഇവിടെ 40% അധികമായതിനാൽ ഫയൽ സർക്കാരിനു വിടണം. അതോടെ പദ്ധതി വീണ്ടും നീളും. കരാർതുക പിന്നെയും 10% വർധിക്കും. ഒടുവിൽ അതു 120 കോടി രൂപ വരെയെങ്കിലും എത്തുമെന്നാണ് എൻജിനീയർമാരുടെതന്നെ കണക്ക്. അതായത്, ആദ്യം ലക്ഷ്യമിട്ട തുകയുടെ ഇരട്ടിയിലേറെ.

ഡിജിപി വീടുവച്ചു; സർക്കാർ വെള്ളപൂശി

പൊലീസ് ഉദ്യോഗസ്ഥർക്കു ക്വാർട്ടേഴ്സ് നിർമിക്കാൻ നൽകിയ പണംകൊണ്ട് ഡിജിപിക്കു വില്ല പണിത വഴിവിട്ട ഇടപാട് ഒടുവിൽ സർക്കാർ ക്രമപ്പെടുത്തി നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ നിശിതമായി വിമർശിച്ച ഇടപാടാണ് അന്വേഷണം പോലും വേണ്ടെന്നുവച്ച് സർക്കാർ കഴിഞ്ഞ ദിവസം ക്രമപ്പെടുത്തി നൽകിയത്. ഇൗ ഇടപാടിനുമേൽ നിയമസഭയും തുടർ‌നടപടി സ്വീകരിച്ചിട്ടില്ല.

series-2

പൊലീസ് ഉന്നതർ നടത്തിയ വഴിവിട്ട ഇടപാടുകൾ സിഎജി കണ്ടെത്തിയാൽപോലും ഒരു ചുക്കും സംഭവിക്കാനില്ലെന്നതിന്റെ ഉദാഹരണമാണു സർക്കാർ നടപടി. സിഎജി റിപ്പോർട്ടുകളിലെ കണ്ടെത്തൽ വിജിലൻസിനെക്കൊണ്ട് അന്വേഷിപ്പിക്കാൻ പോലും സർക്കാർ തയാറല്ല. പൊലീസുകാർക്കു സ്റ്റാഫ് ക്വാർട്ടേഴ്സ് നിർ‌മിക്കാൻ സർക്കാർ അനുവദിച്ച 4.33 കോടി രൂപയാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാലത്ത് അദ്ദേഹത്തിന് ഒൗദ്യോഗിക വില്ല പണിയാൻ ഉപയോഗിച്ചത്. സീനിയർ ഉദ്യോഗസ്ഥർക്കുള്ള 2 വില്ലകൾകൂടി ഇതിനൊപ്പം നിർമിച്ചിരുന്നു.

പൊലീസിന്റെ വെടിയുണ്ട കാണാതായതും ആഡംബര വാഹനങ്ങൾ വാങ്ങിയതും അടക്കമുള്ള ക്രമക്കേടുകൾ ആഭ്യന്തര അന്വേഷണം നടത്തി സർക്കാർ വെള്ളപൂശി. വില്ലകൾ പണിത നടപടി ക്രമപ്പെടുത്തിയതോടെ ആ ഇടപാടിലും തുടർനടപടി അവസാനിച്ചു.

സ്വപ്നയ്ക്ക് കൊടുത്ത 16 ലക്ഷം എവിടെ?

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ ഇടപെട്ടു സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചെന്നു കണ്ടെത്തിയതു മറ്റാരുമല്ല, സർക്കാർ നിയോഗിച്ച, ചീഫ് സെക്രട്ടറി തലവനായ സമിതിയാണ്. അന്നു കൺസൽറ്റൻസി കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) വഴി നിയമനം ലഭിച്ച സ്വപ്നയ്ക്കു ശമ്പളം നൽകാൻ ആകെ ചെലവിട്ടത് 19.06 ലക്ഷം രൂപ. നടപടി തെറ്റാണെന്നു കണ്ടെത്തിയിട്ടും ആ പണം തിരിച്ചു പിടിക്കാൻ സർക്കാർ തയാറായിട്ടില്ല.

ജനങ്ങളുടെ പണം ഇഷ്ടക്കാർക്കു വാരിക്കോരി കൊടുക്കുന്നതിലെ ധൃതിയും ആവേശവും അതു തിരികെ ഇൗടാക്കാൻ കാണിക്കാത്തതെന്താണ്? പണം നൽകാൻ കഴിയില്ലെന്നാണ് സ്പേസ് പാർക്ക് നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെഎസ്ഐടിഐഎൽ) പിഡബ്ല്യുസി അറിയിച്ചത്.

സ്വർണക്കടത്തിൽ സ്വപ്ന പ്രതിയാകുകയും ജോലിയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ലുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തര നടപടി കൈക്കൊള്ളണമെന്നു ധനകാര്യപരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ടിന്മേൽ സർക്കാർ മൗനം പാലിക്കുകയാണ്. റിപ്പോർട്ടിലെ ഇൗ വാചകമാണ് അതിനു കാരണം. ‘‘പിഡബ്ലുസിയിൽനിന്നു തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ, അന്നത്തെ എംഡി: സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്നു തുല്യമായി ഈടാക്കണം.’’

നാളെ: നടപ്പാക്കാനുള്ളതല്ല റിപ്പോർട്ടുകൾ

റിപ്പോർ‌ട്ടുകൾ: ജി.വിനോദ്, എ.എസ്.ഉല്ലാസ്, എസ്.വി.രാജേഷ്.
ഏകോപനം: വി.ആർ.പ്രതാപ്

Content Highlight: Kerala Government, White Elephant Projects, Financial Crisis, Corruption in irrigation projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com