ജാർഖണ്ഡിൽനിന്ന് മലയാളിമാതൃക

HIGHLIGHTS
  • കുളവാഴ ഉൽപന്നങ്ങളിലൂടെ കോടികളുടെ വരുമാനം
water-hyacinth-mat
SHARE

അതിഥിയായി വന്നു, ആതിഥേയരെ കീഴടക്കി– ഇതാണ് ആമസോൺ നദീതടത്തിൽനിന്ന് എങ്ങനെയോ കേരളത്തിലും വന്നുചേർന്ന കുളവാഴയുടെ ആക്രമണചരിത്രം. കുളവാഴയുടെ ജലതാണ്ഡവം ഇവിടെ മത്സ്യസമ്പത്തിനെയും ജലഗതാഗതത്തെയുമെ‍ാക്കെ ബാധിച്ച സാമൂഹികവിപത്തായി മാറുകയായിരുന്നു. എന്നാൽ, ജലകേരളത്തെ പതിറ്റാണ്ടുകളായി ശ്വാസംമുട്ടിക്കുന്ന കുളവാഴ നിർമാർജനം ചെയ്യാൻ പല പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. പുനരുപയോഗസാധ്യതകളിലൂടെയും നമുക്കധികം മുന്നോട്ടുപോകാനായില്ല. ഈ സാഹചര്യത്തിലാണ്, കുളവാഴ കൊണ്ടുണ്ടാക്കിയ ടേബിൾ മാറ്റ് അടക്കമുള്ള ഉൽപന്നങ്ങൾ ജാർഖണ്ഡിൽ കോടികളുടെ വരുമാനമായി മാറുകയാണെന്നും അതിന്റെ അമരത്തുള്ളതു മലയാളിയാണെന്നുമുള്ള നല്ല വിശേഷം മലയാള മനോരമ ‘ഞായറാഴ്ച’ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ വർഷം ജാർഖണ്ഡിൽനിന്നു മാത്രമായി 2.3 കോടിയോളം രൂപയുടെ രാജ്യാന്തര കച്ചവടമാണു നടന്നതെന്നറിയുമ്പോഴാണ് ‘ശല്യ’മെന്നു നാം ശപിക്കുന്ന കുളവാഴയുടെ വില മനസ്സിലാവുക. ഇസാഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സെഡാർ (കമ്യൂണിറ്റി എന്റർപ്രൈസ് ഡവലപ്മെന്റ് ആൻഡ് റിസോഴ്സ്) എന്ന കമ്പനിയുടെ എംഡി അലോക് തോമസ് പോളിന്റെ നേതൃത്വത്തിലാണു ജാർഖണ്ഡിൽ കുളവാഴയെ വരച്ചവരയിൽ നിർത്തി വലിയ വരുമാനം നേടുന്നത്. ആയിരക്കണക്കിനുപേർക്കു തെ‍ാഴിൽ നൽകാനുമാവുന്നു. 

ലോകമെമ്പാടുമുള്ള ഫർണിച്ചർ സ്റ്റോർ ആയ ‘ഐക്കിയ’യുടെ പിന്തുണയിലാണ് ഇതിനുള്ള സാധ്യത സെഡാർ തിരിച്ചറിയുന്നത്. ജാർഖണ്ഡിലെ ജലാശയങ്ങളെല്ലാം കുളവാഴ കീഴടക്കിയിരുന്നു. കുളവാഴയിൽനിന്ന് ഉൽപന്നങ്ങളുണ്ടാക്കി കോടികൾ കൊയ്യുന്ന വിയറ്റ്നാമിന്റെ കഥയറിഞ്ഞ സെഡാർ സാരഥികൾ, ഇതു ശേഖരിച്ച് ഉണക്കി, കേടാകാത്തവിധം പ്രോസസ് ചെയ്ത് ഉൽപന്നങ്ങളാക്കിയാൽ ഗ്രാമീണ ജനതയ്ക്കു വരുമാനമുണ്ടാക്കിക്കൊടുക്കാമെന്നു കണ്ടെത്തി. തമിഴ്നാട്ടിലും വൈകാതെ സമാനപദ്ധതി ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണു സെഡാർ.

കുളവാഴ നിർമാർജനത്തിനും അതിന്റെ പുനരുപയോഗ സാധ്യതകൾ കണ്ടെത്താനുമെ‍ാക്കെ കേരളം ചെലവാക്കിയ സമയവും പണവും കുറച്ചെ‍ാന്നുമല്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് മുതൽ തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ച പണമുൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ. മാറിമാറിവന്ന സർക്കാരുകൾ പല പദ്ധതികൾ ആസൂത്രണം ചെയ്തു. കുളവാഴയിൽനിന്ന് ഇന്ധനം, ഇഷ്ടിക, വളം, കരകൗശല വസ്തുക്കൾ എന്നിവയെല്ലാം നിർമിക്കാനുള്ള പരിപാടികൾ തുടങ്ങിവച്ചു. പക്ഷേ, ഒന്നും ഒരിടത്തും എത്തിയില്ല. പൂർണമായി നിർമാർജനം ചെയ്യാനുമായില്ല. കേരളത്തിന്റെ ഒരു പരിപാടിക്കും തുടർച്ചയുണ്ടായില്ലെന്നു പറയാം. സർക്കാരും തദ്ദേശസ്ഥാപനങ്ങളും തമ്മിൽ ഏകോപനവുമുണ്ടായില്ല.

കുളവാഴയുടെ പുനരുപയോഗസാധ്യതകൾ പല രാജ്യങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ടു നിർമിക്കുന്ന ഗൃഹോപകരണങ്ങൾ രാജ്യാന്തര വിപണിയിൽ വിസ്മയം തീർക്കുന്നു. ജലശുചീകരണത്തിനും കുളവാഴ പ്രയോജനപ്പെടുത്തുന്നുണ്ട്. യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായശാലകളിലെയും മറ്റും മലിനജല സംസ്കരണ പ്ലാന്റുകളുടെ ഭാഗമായാണു കുളവാഴ ഉപയോഗിക്കുന്നത്. ഇതിൽനിന്നു ബയോഗ്യാസും വൈദ്യുതിയും ഉണ്ടാക്കുന്നതു കേരളവും പരീക്ഷിച്ചതാണ്. നിലവിൽ കുളവാഴ ഉപയോഗിച്ച് ഏറ്റവുമധികം നിർമിക്കുന്നതു പേപ്പറുകളാണ്. ഇന്ത്യയിൽതന്നെ ചില ചെറിയ പ്ലാന്റുകൾ കുളവാഴ പേപ്പറുകൾ ഉണ്ടാക്കുന്നുണ്ട്.

കേരളത്തിന് ഉപയോഗപ്പെടുത്താവുന്ന പ്രധാനരീതി ജൈവവളം നിർമാണമാണ്. ഇപ്പോൾതന്നെ ഇതു നിർമിക്കുന്നുണ്ട്. പക്ഷേ, ചില വ്യക്തികളിലോ ചെറുസംഘങ്ങളിലോ മാത്രം അത് ഒതുങ്ങിനിൽ‌ക്കുന്നു. വളർത്തുമൃഗങ്ങളുടെ തീറ്റയാക്കാൻ അനുയോജ്യമാണു കുളവാഴയെന്നു വിദഗ്ധർ പറയുന്നുണ്ട്. കുളവാഴ പൾപ്പ് ഉണ്ടാക്കി, അതുപയോഗിച്ചു വിവിധ കരകൗശല വസ്തുക്കൾ മുതൽ ചിത്രരചനയ്ക്കുള്ള ക്യാൻവാസ് വരെ നിർമിച്ചും കേരളത്തിൽ പരീക്ഷിക്കുന്നു.

ജാർഖണ്ഡിനു മാത്രമല്ല, കേരളത്തിനും കുളവാഴയിൽനിന്നു കോടികളുണ്ടാക്കാം എന്നതിൽ സംശയമില്ല. പക്ഷേ, അതിനുള്ള ഇച്ഛാശക്തിയുണ്ടാകണം.

Content Highlight: Water hyacinth value added products, Business model

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}