ഈ നന്ദിക്കെന്തെ‍ാരു സ്നേഹത്തെളിച്ചം

HIGHLIGHTS
  • കരിപ്പൂർ അപകടം: രക്ഷാദൗത്യത്തിന് നന്ദിമുദ്രയായി ആശുപത്രിക്കെട്ടിടം
karipur-plane-accident
കരിപ്പൂരിൽ അപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നതിന്റെ ദൃശ്യം. (ഫയൽചിത്രം)
SHARE

ഒരു നന്ദിവാക്കിനു ചിലപ്പോൾ ജീവിതത്തോളം വിലയുണ്ടാകും. അമൂല്യമായ ആ നന്ദിയുടെ പ്രകാശനമുഹൂർത്തമാണ് കരിപ്പൂരിൽ നാളെ. 

രണ്ടു വർഷം മുൻപുണ്ടായ കരിപ്പൂർ വിമാനാപകടത്തിൽ തെളിഞ്ഞ സഹജീവിസ്നേഹമുദ്രകൾകണ്ടു കേരളം കൈകൂപ്പുകയുണ്ടായി. ഒരുമയാണു കേരളത്തിന്റെ അതിജീവനമന്ത്രമെന്ന മഹാവിളംബരമായിരുന്നു അത്. സമർപ്പിതരായ എത്രയോപേരുടെ സ്നേഹം കൈകോർത്തു നിന്നപ്പോൾ, ഒട്ടും വൈകാതെ രക്ഷാപ്രവർത്തനം നടന്നപ്പോൾ, അപകടത്തിൽ പരുക്കേറ്റ പല യാത്രക്കാരുടെയും ജീവിതമാണു പ്രകാശിച്ചത്. നാളെ, ദുരന്തത്തിന്റെ വാർഷികത്തിൽ, അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും പരുക്കേറ്റവരും നന്ദിവാക്കുകളുമായി കരിപ്പൂരിലെത്തുകയാണ്, ഒരു വലിയ സമ്മാനവുമായി.

കോവിഡ് വ്യാപനം രൂക്ഷമായ വേളയായിട്ടും അതിന്റെ ഭീതിയില്ലാതെ, കണ്ടെയ്ൻമെന്റ് സോൺ ആയിരുന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയ നാടിന് ആരോഗ്യരക്ഷയാണ് അവർ സമ്മാനിക്കുന്നത്. ക‍െ‍ാണ്ടോട്ടി നഗരസഭയിലെ ചിറയിൽ ചുങ്കം പിഎച്ച്‌സിക്കു പുതിയ കെട്ടിടം നിർമിച്ചു നൽകുന്നതിലൂടെ നന്ദിപ്രകാശനത്തിനുതന്നെ അപൂർവമായെ‍ാരു സൗന്ദര്യമുണ്ടാകുന്നു. കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ആലോചനയിലാണ്, അപകട സ്ഥലത്തുനിന്നു 300 മീറ്റർ മാത്രം അകലെയുള്ള പിഎച്ച്‌സിക്കു കെട്ടിടം നിർമിക്കുക എന്ന തീരുമാനത്തിലെത്തിയത്. നാട്ടുകാർക്കു മുഴുവൻ ആശ്വാസമാകുംവിധം സർക്കാരിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വൻതുക ചെലവാക്കി കെട്ടിടം നിർമിച്ചുകെ‍ാടുക്കുമ്പോൾ സമാനതകളില്ലാത്ത ആദരം കൂടിയാകുന്നു അത്.

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടത് 2020 ഓഗസ്റ്റ് ഏഴിനാണ്. 190 പേർ ഉണ്ടായിരുന്ന വിമാനത്തിലെ പൈലറ്റും കോ പൈലറ്റുമുൾപ്പെടെ 21 പേർ മരിച്ചു. നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം പരക്കെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പരുക്കേറ്റവരെയും വിമാനത്തിൽ കുടുങ്ങിയവരെയുമൊക്കെ വാരിയെടുത്ത് ആശുപത്രിയിലേക്കോടുമ്പോൾ, കയ്യിൽ കിടക്കുന്നയാളുടെ ജീവന്റെ തുടിപ്പു നിലനിർത്തുക മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സംഭവം നടന്ന് ആദ്യ മണിക്കൂറുകളിൽത്തന്നെ പരുക്കേറ്റവരെ ആശുപത്രികളിലേക്കെത്തിക്കാനായതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനത്തിനു തുടക്കമിട്ടതു നാട്ടുകാരായിരുന്നു. 

കെ‍ാണ്ടോട്ടിയിലെയും പരിസരപ്രദേശത്തെയും എത്രയോ പേരാണ് അന്നു രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. വിമാനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ച്, കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിലെത്തിക്കാൻ അവർ ഒട്ടും വൈകിയില്ല. സഹായത്തിനും രക്തം നൽകാനുമായി ഒട്ടേറെ യുവാക്കൾ അതിനകം നേരിട്ട് ആശുപത്രികളിൽ എത്തിയിരുന്നു. വിമാനത്തിൽനിന്നു യാത്രക്കാരെ രക്ഷപ്പെടുത്താൻ ഒരു കൂട്ടർ, അവരെ ആശുപത്രികളിൽ എത്തിക്കാൻ വാഹനവുമായി മറ്റൊരു കൂട്ടർ, ആ വാഹനങ്ങൾക്കു വഴിയൊരുക്കാൻ റോഡിനിരുവശവും കൈകോർത്തു നിന്നവർ, ആശുപത്രികളിൽ എന്തു സഹായത്തിനും തയാറായി നിൽക്കുന്നവർ.. എന്നിങ്ങനെ അപകടം നടന്ന് കുറച്ചു സമയത്തിനുള്ളിൽ കൃത്യമായ സംവിധാനം നാട്ടുകാർ സൃഷ്ടിച്ചെടുത്തതിലുള്ളത് അദ്ഭുതപ്പെടുത്തുന്ന ജാഗ്രതയും ആദരണീയമായ സഹജീവിസ്നേഹവുമാണ്. 

മലബാറിന്റെ വികസന സ്വപ്നങ്ങൾക്കു ചിറകു നൽകി കോഴിക്കോട് രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായതിനു പിന്നിൽ നാട്ടുകാരുടെ ത്യാഗത്തിന്റെ ഏറെ കഥകളുണ്ട്. ഇതിനകം 12 ഘട്ടങ്ങളിലായി നടന്ന വികസന പ്രവർത്തനങ്ങൾക്കായി സ്ഥലം വിട്ടുനൽകിയിട്ടുണ്ട്, നാട്ടുകാർ. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കു സർവീസ് നടത്താൻ വീണ്ടും അനുമതി നൽകിക്കൊണ്ടു കേന്ദ്ര സർക്കാരിൽനിന്നൊരു പ്രഖ്യാപനം മലബാർ ഏറെനാളായി പ്രതീക്ഷിക്കുകയാണ്.

കരിപ്പൂർ വിമാനാപകടത്തിന്റെ തലേന്ന് ഉരുൾപെ‍ാട്ടലുണ്ടായ ഇടുക്കി രാജമല പെട്ടിമുടിയിൽ നടന്ന രക്ഷാദൗത്യത്തിന്റെ മഹനീയതയും ഓർമിക്കാതെവയ്യ. വൈദ്യുതിയും മൊബൈൽ സിഗ്നലും നിലച്ചതിനാൽ ദുരന്തം പുറംലോകമറിഞ്ഞതുതന്നെ പിറ്റേദിവസമാണ്. തോരാമഴയും വീണ്ടും ഉണ്ടായേക്കാവുന്ന മറ്റൊരു മണ്ണിടിച്ചിലും വകവയ്ക്കാതെ ദുരന്തഭൂമിയിലേക്കിറങ്ങാൻ നാട്ടുകാർ ഉൾപ്പെടെയുള്ളവർ കാണിച്ച സന്മനസ്സ് കേരളത്തിനുതന്നെ മാതൃകയാണ്. അതിനു മുൻപും നാട്ടുകാരുടെ പങ്കാളിത്തത്തോടെ, ആദരണീയമായ പല രക്ഷാപ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. 

ദൈവത്തെക്കുറിച്ചു പറയാനാവശ്യപ്പെട്ടപ്പോൾ മറുപടിയായി സ്വയം പൂവിട്ട മരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗ്രീക്ക് ചിന്തകനും എഴുത്തുകാരനുമായ നിക്കോസ് കസൻദ്‌സാക്കിസ്. ഹൃദയം വഴികാണിക്കുന്ന ചില രക്ഷാദൗത്യങ്ങൾക്കും നിർമലവും നിസ്വാർഥവുമായ പൂവിരിയലിന്റെ തെളിച്ചമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}