ADVERTISEMENT

കഴിഞ്ഞ 4 പതിറ്റാണ്ടിലെ കേരളത്തിന്റെ ധനസ്ഥിതിയും ബജറ്റും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഒരുവശത്ത് ഭരണച്ചെലവ് കുത്തനെ ഉയരുന്നു. ഭരണച്ചെലവിൽ മുഖ്യം ശമ്പളവും പെൻഷനുമാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൂട്ടാൻ ഫലപ്രദമായ നടപടിയില്ല. എപ്പോഴെങ്കിലും അങ്ങനെയൊരു ശ്രമം നടത്തിയാൽ ഉദ്യോഗസ്ഥരുടെ സംഘടിതശക്തി അതിനെ ചെറുത്തുതോൽപിക്കും.

ശമ്പള പരിഷ്കരണം 5 വർഷത്തിലൊരിക്കൽ എന്നതുമാറ്റി 10 വർഷത്തിലൊരിക്കലാക്കാനും വിവിധ വകുപ്പുകളിൽ പണിയില്ലാതിരിക്കുന്നവരെ പുനർവിന്യസിപ്പിക്കാനും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും ഒട്ടേറെ സമിതികൾ ശുപാർശ നൽകിയതാണ്. എന്നാൽ, പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ശുപാർശകളിൽ തിരക്കിട്ടു നടപടിക്കു തയാറാകുന്ന സർക്കാർ, ഇത്തരം നിർദേശങ്ങൾ കണ്ടില്ലെന്നു നടിക്കും.

ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഏകദേശം 5,000 ജീവനക്കാരുണ്ട്. മിക്ക വകുപ്പുകൾക്കും സെക്രട്ടേറിയറ്റിനു സമാന്തരമായി ഡയറക്ടറേറ്റുകൾ ഉണ്ട്. ഒരേ വിഷയത്തിലുള്ള ഫയലുകൾതന്നെ ഡയറക്ടറേറ്റിലും സെക്രട്ടേറിയറ്റിലും രൂപപ്പെടുന്നു. ഒരിടത്തു ചെയ്യേണ്ട ജോലി പല തട്ടിലായി മറ്റൊരിടത്തും ചെയ്യുന്നു. നിലവിലെ ഭരണസംവിധാനം പുനഃക്രമീകരിച്ച് ഇതിനു പരിഹാരം കാണാവുന്നതേയുള്ളൂവെങ്കിലും അതിനു നീക്കമില്ല.

സെക്രട്ടേറിയറ്റിൽ പണ്ട് അഡിഷനൽ സെക്രട്ടറിമാരുടെ എണ്ണം പരിമിതമായിരുന്ന കാലത്താണു സമയബന്ധിതമായി ഗ്രേഡ് പ്രമോഷൻ നൽകിയിരുന്നത്. എന്നാൽ, ഇപ്പോഴും അതു തുടരുകയാണ്. സെക്‌ഷൻ ഓഫിസർക്കു നിശ്ചിത വർഷം കഴിയുമ്പോൾ അണ്ടർ സെക്രട്ടറിയുടെ ഗ്രേഡ് കിട്ടും. അണ്ടർ സെക്രട്ടറിക്കു ഡപ്യൂട്ടി സെക്രട്ടറിയുടെ ഗ്രേഡും. അതങ്ങനെ അഡീഷനൽ, സ്പെഷൽ സെക്രട്ടറി വരെ നീളും. ഫയലുകളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് പോസ്റ്റുകൾ കൂട്ടുന്നതാണു മറ്റൊരു രീതി. അതുകൊണ്ടുതന്നെ സെക്രട്ടേറിയറ്റിൽ 45 വയസ്സിൽ തന്നെ ഒരാൾ അഡിഷനൽ സെക്രട്ടറിയായി മാറുന്നു. ഓരോ വകുപ്പിലും അഞ്ചും ആറും അഡിഷനൽ സെക്രട്ടറിമാർ.

113 പൊതുമേഖലാ സ്ഥാപനങ്ങൾ; ഉൽപാദിപ്പിക്കുന്നത് നഷ്ടം

സംസ്ഥാനത്തെ 113 പൊതുമേഖലാ സ്ഥാപനങ്ങളിൽ 63 എണ്ണവും നഷ്ടത്തിലാണ്. 2020–21ൽ ലാഭമുണ്ടാക്കിയത് 50 സ്ഥാപനങ്ങൾ മാത്രമാണെന്നാണ് ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ട്. ആകെ നഷ്ടമാകട്ടെ, 2019–20ലെ 2,621.99 കോടിയിൽനിന്ന് 2020–21ൽ 6,569.25 കോടിയായി. ഇതേ സാഹചര്യം തന്നെയാണു സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോർഡുകളിലും. തൊഴിലാളി ക്ഷേമത്തിനു പദ്ധതികൾ വേണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെങ്കിലും പലപ്പോഴും ഇത്തരം ബോർഡുകൾ നടത്തിക്കൊണ്ടുപോകാനുള്ള കാശുപോലും ക്ഷേമനിധി ബോർഡിലെ അംഗങ്ങളിൽനിന്നു ലഭിക്കാറില്ല. സർക്കാർ സഹായം നൽകിയാണ് ഇവയുടെ പ്രവർത്തനം.

പാർട്ടി നേതാക്കളെ കുടിയിരുത്താനുള്ള ലാവണമായി ക്ഷേമനിധി ബോർഡുകളും കോർപറേഷനുകളും മാറി. ബോർഡുകളുടെ ഭരണച്ചെലവുകൾ അംഗങ്ങൾ നൽകുന്ന അംശദായത്തിന്റെ നിശ്ചിത ശതമാനമായി നിജപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാനാകില്ല. തൊഴിൽ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോർഡുകളെ സംയോജിപ്പിച്ച് 11 ആക്കാൻ തീരുമാനിച്ച് ഉത്തരവിറങ്ങിയെങ്കിലും നടപ്പാകാത്തത് ഇവയിലെ പദവികൾ രാഷ്ട്രീയക്കാർക്ക് ആവശ്യമായതിനാലാണ്. ഏതാനും വർഷങ്ങൾക്കിടെ മുന്നണി വിപുലമാക്കി കൂടുതൽ ഘടകകക്ഷികളെ കുടക്കീഴിലാക്കിയ എൽഡിഎഫിന് ഇതൊട്ടും എളുപ്പവുമല്ല.

കരാറിൽനിന്നു പിൻവാങ്ങി; നഷ്ടം 367 കോടി

ധൂർത്തു വഴി മാത്രമല്ല, ലാഭകരമായ കരാറുകൾ വേണ്ടന്നു വച്ചാലും ഖജനാവ് ചോരും. കഴിഞ്ഞ ജൂലൈ 20ന് സംസ്ഥാന വൈദ്യുതി ബോർഡും നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനും തമ്മിൽ ഒപ്പുവയ്ക്കേണ്ട കരാർ, നിശ്ചയിച്ച സമയത്തിന് 2 മണിക്കൂർ മുൻപു സർക്കാർ വേണ്ടെന്നുവച്ചു. 2026 മുതൽ സംസ്ഥാനത്തിനു പ്രതിവർഷം 400 മെഗാവാട്ട് വൈദ്യുതി, യൂണിറ്റിന് 3.06 രൂപ നിരക്കിൽ ഒഡീഷയിലെ പണിപൂർത്തിയായി വരുന്ന അവരുടെ താപവൈദ്യുതി നിലയത്തിൽനിന്നു വാങ്ങാനുള്ളതായിരുന്നു കരാർ. സംസ്ഥാന സർക്കാർ ഇപ്പോൾ വാങ്ങുന്ന വൈദ്യുതിയെക്കാൾ യൂണിറ്റിനു ശരാശരി ഒന്നേകാൽ രൂപ കുറവ്. പ്രതിവർഷം 367 കോടി രൂപ ലാഭമുണ്ടാക്കാമായിരുന്ന കരാർ.
എന്നാൽ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചെയ്തതു നോക്കൂ. കഴിഞ്ഞ മാർച്ച് 17ന് ശർമ കേന്ദ്ര ഊർജ മന്ത്രി പ്രഹ്ലാദ് ജോഷിക്കു കത്തെഴുതി. ‘‘പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ ഒഡീഷയിൽ 30,000 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയം സ്ഥാപിക്കുന്നതായി അറിഞ്ഞു. ഞങ്ങളു‍ടെ വൈദ്യുതി കമ്മി നികത്താൻ 600 മെഗാവാട്ട് ഈ പ്ലാന്റിൽനിന്ന് അനുവദിക്കാൻ അപേക്ഷ’’ ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

series-4

എന്തുകൊണ്ടാണു കേരളം ഈ വിലകുറഞ്ഞ വൈദ്യുതി വേണ്ടെന്നുവച്ചത്? വൈദ്യുതി ബോർഡ് വിശദീകരണം നൽകിയിട്ടില്ല. അവസാന നിമിഷം എന്തുകൊണ്ട് കരാർ ഉപേക്ഷിച്ചെന്ന് നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷനെ അറിയിച്ചുമില്ല. സർക്കാർ ഖജനാവിനു കോടികളുടെ നഷ്ടം വരുത്തി രണ്ടുവർഷം കഴിഞ്ഞും ഉയർന്ന നിരക്കിൽതന്നെ വൈദ്യുതി വാങ്ങണമെന്ന് ആർക്കാണു ശാഠ്യം?. ആർക്കാണ് അതിന്റെ ലാഭം?

സർക്കാർചെലവിൽ ‘പാർട്ടി’

പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് മൈതാനത്തു സിപിഎംവക ചരിത്രപ്രദർശനമുണ്ടായിരുന്നു. തൊട്ടടുത്തു പൊലീസ് മൈതാനത്തു സർക്കാർവക പ്രദർശന– വിപണനമേളയും. രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് 2021 മേയ് 20ന്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മേള നടത്താൻ തീരുമാനിച്ചപ്പോൾ കണ്ണൂരിൽ അതു പാർട്ടി കോൺഗ്രസ് കൊഴുപ്പിക്കാൻ കൂടിയാക്കി. ഏത് ഏതിന്റെ ആഘോഷമാണെന്ന്, കാണുന്നവർക്കു തിരിച്ചറിയാൻപോലും പറ്റാത്തവണ്ണം ഇടകലർന്നായിരുന്നു രണ്ടാഘോഷവും.

കണ്ണൂരിൽ മാത്രമല്ല, എറണാകുളം ഒഴികെയുള്ള 13 ജില്ലകളിലും വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണനമേളകളും അനുബന്ധ പരിപാടികളും സർക്കാർ ഒരുക്കിയിരുന്നു. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തുടങ്ങുന്നതിന് 3 നാൾ മുൻപു തുടങ്ങി പാർട്ടി കോൺഗ്രസ് സമാപിക്കുന്ന ദിവസം കൊടിയിറങ്ങിയ (ഏപ്രിൽ 3 മുതൽ 14 വരെ) മെഗാ എക്സിബിഷനുവേണ്ടി ചെലവാക്കിയ തുക എത്രയെന്ന കണക്ക് ഇപ്പോഴും ആർക്കുമറിയില്ല. നിയമസഭയിൽ ഇതെക്കുറിച്ചു ഡോ.എം.കെ മുനീർ ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘‘മേള നൽകുന്ന സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2022 ഏപ്രിൽ മൂന്നിനു കണ്ണൂരിൽ പ്രദർശന– വിപണന മേളയുടെ ഉദ്ഘാടനം നടത്തിയത്...’ ചെലവിട്ട പണത്തിന്റെ കണക്കു ചോദിച്ചപ്പോൾ പതിവു മറുപടി തന്നെ ‘‘വിവരങ്ങൾ ലഭ്യമായിട്ടില്ല’’

ദേ കിടക്കുന്നു, നാലരക്കോടിയുടെ വണ്ടികൾ

തിരുവനന്തപുരം ചാക്കയിലെ അഗ്നിരക്ഷാ നിലയത്തിൽ ചെന്നാൽ ഒരു കാഴ്ച കാണാം. 25 മൊബൈൽ ടാങ്ക് യൂണിറ്റുകൾ ഷാസി മാത്രമായി ഈ വളപ്പിൽ കിടക്കുന്നു. അഗ്നിരക്ഷാ സേനയെ ആധുനികവൽക്കരിക്കാനെന്നു പറഞ്ഞു വാങ്ങിയ ടാങ്ക് യൂണിറ്റുകൾ കഴിഞ്ഞ 7 മാസത്തിലധികമായി ഈ കിടപ്പാണ്. ഒന്നിന് 18 ലക്ഷം രൂപവച്ച് നാലരക്കോടി നൽകി പല ജില്ലകളിലേക്കായി വാങ്ങിയതാണിവ. എന്തുകൊണ്ട് ഓടിക്കുന്നില്ല എന്നു ചോദിച്ചാൽ ഉത്തരം സിംപിൾ: ഷാസി മാത്രമേയുള്ളൂ, വാഹനം ആയിട്ടില്ല. ഈ 25 ടാങ്ക് യൂണിറ്റുകൾക്കും ബോഡി കെട്ടണം. ഒന്നിന് 27 ലക്ഷം രൂപ വച്ച് 6.75 കോടി രൂപയ്ക്കു ഹരിയാനയിലെ കമ്പനിക്ക് ടെൻഡർ കൊടുത്തിട്ട് 3 മാസം കഴിഞ്ഞു. കമ്പനി ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കമ്പനിയുടെ എംഡി മരിച്ചതാണത്രേ കാരണം. ബോഡി കെട്ടാൻ കമ്പനിക്കാർ ഇന്നു വരും, നാളെ വരുമെന്നു കാത്തിരിക്കുകയാണ് അഗ്നിരക്ഷാ സേന.

series-5
തിരുവനന്തപുരം ചാക്കയിലെ അഗ്നിരക്ഷാ നിലയത്തിൽ 7 മാസത്തിലേറെയായി ഒതുക്കിയിട്ടിരിക്കുന്ന പുതിയ ടാങ്ക് യൂണിറ്റുകൾ.

അഗ്നിരക്ഷാ സേനയ്ക്ക് വാഹനങ്ങളുടെ ദൗർലഭ്യമില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. ഇപ്പോൾ വാങ്ങുന്നതൊക്കെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണത്രേ. 20 വാട്ടർ ടാങ്കറുകൾ വാങ്ങിയത് അടുത്തിടെയാണ്. ഇങ്ങനെ ആധുനികവൽക്കരണത്തിന്റെ പേരിൽ വാങ്ങിക്കൂട്ടുന്നതല്ലാതെ ഉപയോഗത്തിനു കിട്ടുന്നില്ലെന്നാണ് ചാക്കയിലെ അഗ്നിരക്ഷാ നിലയത്തിലെ കാഴ്ച തെളിയിക്കുന്നത്. അത്യാവശ്യത്തിനു വാങ്ങിയതാണെങ്കിൽ ഇങ്ങനെ വെറുതേ ഇടുമോ? അത്യാവശ്യമില്ലെങ്കിൽ ഈ പ്രതിസന്ധിക്കാലത്തു നാലരക്കോടി രൂപ ധൂർത്തടിക്കണോ?

ജില്ലാ ആസ്ഥാനത്ത് മാത്രമല്ല സിറ്റിങ്: മനുഷ്യാവകാശ കമ്മിഷൻ

ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമല്ല, ആവശ്യാനുസരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിങ് നടത്താറുണ്ടെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇടുക്കി ജില്ലയിലെ തൊടുപുഴ, കട്ടപ്പന, ദേവികുളം, മൂന്നാർ തുടങ്ങിയ ഇടങ്ങളിൽ സിറ്റിങ്ങും ബോധവൽക്കരണ സെമിനാറുകളും നടത്തിയിട്ടുണ്ട്. മറ്റു ജില്ലകളിലും ഇതുപോലെ സംഘടിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ മൂന്നാർ, മറയൂർ, ഇടമലക്കുടി, ദേവികുളം, കട്ടപ്പന, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലെ സാധാരണക്കാരിൽ നിന്നാണു കമ്മിഷനു കൂടുതൽ പരാതികൾ ലഭിക്കുന്നത്. കിലോമീറ്ററുകൾ അകലെയുള്ള പരാതിക്കാർക്കു ജില്ലാ ആസ്ഥാനത്ത് എത്താനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണ് സിറ്റിങ് മൂന്നാറിലോ കട്ടപ്പനയിലോ നടത്തുന്നത്. മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെയുള്ള കമ്മിഷനുകൾക്കു തിരുവനന്തപുരം പട്ടത്തു നിർമിക്കുന്ന കെട്ടിട സമുച്ചയം ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് മനസ്സിലാകുന്നത്. കെട്ടിടം പൂർത്തിയായാൽ കമ്മിഷൻ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു.

അത്താഴം നടക്കട്ടെ; പക്ഷേ, സർ...

മാസത്തിൽ ഒരു തവണ ഓരോ മന്ത്രിയുടെയും വീട്ടിൽ മറ്റു മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും പഴ്സനൽ സ്റ്റാഫിനുമായി നടത്തുന്ന അത്താഴ വിരുന്നിന് 3 ലക്ഷം രൂപയോളമാണു ചെലവ്. ജനങ്ങൾക്ക് ഒരുതരത്തിലും ഗുണമുണ്ടാകാത്ത ഇത്തരം കാര്യങ്ങൾക്ക് എന്തിനാണു ജനങ്ങളുടെ പണം സർക്കാർ ചെലവിടുന്നത്? ഇൗ ചെലവ് ഒഴിവാക്കിയാൽ സർക്കാരിനു വൻതുക ലാഭിക്കാമെന്നല്ല. ചെലവുചുരുക്കൽ എന്നത് ഒരു നടപടി മാത്രമല്ല; ഒരു സന്ദേശം കൂടിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും മുണ്ടുമുറുക്കിയുടുത്താൽ ഉദ്യോഗസ്ഥരും അതിനു തയാറാകും. താഴെത്തട്ടിലുള്ള പഞ്ചായത്തംഗം വരെ ചെലവുചുരുക്കും. അതു ഖജനാവിൽ പ്രതിഫലിക്കും.

കാർ വാങ്ങാനും വീടുവയ്ക്കാനും പണം വാരിക്കോരി ചെലവിടുന്ന സർക്കാർ, ഏറ്റവും കൂടുതൽ ധനസഹായം ആവശ്യമുള്ള രോഗികൾക്കും പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവർക്കും പണം എത്തിക്കുന്ന കാര്യത്തിൽ പിശുക്കു കാട്ടും. 2018,2019 പ്രളയങ്ങളെത്തുടർന്ന് നവകേരളം കെട്ടിപ്പടുക്കാൻ 4,912 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ചെലവിട്ടത് 4,140 കോടി രൂപ മാത്രം. ബാക്കി 772 കോടി രൂപ ചെലവഴിക്കാതെ

ധൂർത്തിനെ പിടിച്ചുകെട്ടിയില്ലെങ്കിൽ...

ഇൗ വർഷത്തെ സംസ്ഥാന ബജറ്റിലെ കണക്കുകളനുസരിച്ച് വരവും ചെലവും തമ്മിലെ അന്തരം 39,117 കോടി രൂപയാണ്. ചെലവു നടത്താൻ ഇത്രയും തുകകൂടി കണ്ടെത്തേണ്ടി വരും. കേന്ദ്രത്തിന്റെ കർശന ഇടപെടൽ കാരണം, 39,117 കോടിയുടെ പകുതി മാത്രമേ കേരളത്തിന് ഇത്തവണ കടമെടുക്കാൻ കഴിയൂ. വരുമാനം കൂട്ടുകയും ചെലവു ചുരുക്കുകയുമല്ലാതെ വഴിയില്ല.

ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചും നികുതിപിരിവ് ഉൗർജിതമാക്കിയും വരുമാനം കൂട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ചെലവുചുരുക്കാനും ധൂർത്തു നിയന്ത്രിക്കാനും നടപടിയില്ല. സാമ്പത്തിക ബാധ്യത വരുന്ന ഫയലുകളില്ലെല്ലാം ധനവകുപ്പ് വിയോജിപ്പു രേഖപ്പെടുത്തും. അതു വകവയ്ക്കാതെ മന്ത്രിസഭാ യോഗത്തിൽ ഫയലെത്തിച്ചു പാസാക്കും. ഇതാണ് ഇപ്പോഴത്തെ രീതി.

(പരമ്പര അവസാനിച്ചു)

റിപ്പോർട്ടുകൾ: ജയചന്ദ്രൻ ഇലങ്കത്ത്, ഷില്ലർ സ്റ്റീഫൻ, ജോജി സൈമൺ.

ഏകോപനം: വി.ആർ.പ്രതാപ്

Content Highlight: Kerala Government, White Elephant Projects, Financial Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com