ADVERTISEMENT

മുഖ്യൻ ഇങ്ങനെ ചാടിക്കടിക്കുമെന്നു കിറ്റുമന്ത്രി സ്വപ്നത്തിൽപോലും വിചാരിച്ചതല്ല. വെളുക്കാൻ തേച്ചത് അക്ഷരംപ്രതി പാണ്ടായി. മുഖ്യന്റെ ചോദ്യം: ഞാൻ ചെയ്തതു മോശം ആണെന്നിരിക്കട്ടെ. അത് പുറത്തറിയിച്ചതല്ലേ വലിയ മോശം? വായുംപിളർന്നിരുന്നു സിപിഐ മന്ത്രിമാർ. മോശത്തിൽ വലുതും ചെറുതും ഉണ്ടോ? വലുപ്പച്ചെറുപ്പം നോക്കുന്നതു കമ്യൂണിസ്റ്റ് രീതിയാണോ? കാനാത്മാവായ മുഖ്യന്റെ മുഖത്തുനോക്കി ചോദിക്കാനാകില്ല. കാനം കഴുക്കോൽ ഊരി അടിക്കും. മിണ്ടാതിരുന്നാൽ അഞ്ചാണ്ട് ഇരിക്കാം. 

ശ്രീറാം വെങ്കിട്ടരാമനാണു പാരയായത്. പഴിയേറെ കേട്ട ഐഎഎസ് സിങ്കം ആരോഗ്യവകുപ്പിൽ ഒതുങ്ങിക്കഴിഞ്ഞ കാലത്തിനിടെ ഒരുനാൾ പെട്ടെന്ന് ആലപ്പുഴയിൽ കലക്ടർ. അതും ഒരു വച്ചുമാറ്റം. ആലപ്പുഴയിൽ കലക്ടറായ ഭാര്യ എറണാകുളത്തിന്. പകരം ശ്രീറാം ആലപ്പുഴയിൽ. എന്താണെന്നറിയില്ല, ആ നിയമനം അങ്ങോട്ടു കലങ്ങിയില്ല. ജനം എതിരായി, ശ്രീറാം പതിരായി. 

പത്നി എറണാകുളം കലക്ടറാകയാൽ എറണാകുളത്ത് എവിടെയെങ്കിലും ഇനി ശ്രീറാമിനെ അരിയിട്ടു വാഴിക്കണം. അരിക്കച്ചവടത്തിന്റെ ആസ്ഥാനമായ സപ്ലൈകോ തന്നെയാകട്ടെയെന്ന് ഉന്നതതല തീരുമാനം. അവിടെയിരുന്ന് ഓണക്കിറ്റുകൾ തുന്നിക്കെട്ടട്ടെ. ഇത്തവണ മലയാളികൾക്കു ശ്രീറാം ഓണം. അരനാഴിക കടന്നില്ല‌ ചീഫ് സെക്രട്ടറിയുടെ ഉത്തരവു വരാൻ. പക്ഷേ, അറിയേണ്ട വകുപ്പു മന്ത്രി അനിൽ ഇതൊന്നും അറിഞ്ഞില്ല. അഭിപ്രായം ചോദിക്കാത്തതു പോട്ടെ, തീരുമാനം അറിയിക്കുകയെങ്കിലും വേണ്ടേ? പിറ്റേന്നു പത്രം തുറക്കേണ്ടിവന്നു മന്ത്രി വിവരം അറിയാൻ. ആണൊരുത്തൻ എന്നു പറഞ്ഞിട്ടു കാര്യമെന്ത്, പാർട്ടി സിപിഐ ആയിപ്പോയില്ലേ! 

ഉള്ളിലെ അഗ്നി പേനയിൽ നിറച്ചു കിറ്റുമന്ത്രി കത്തെഴുതി. സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്കിൽ നിന്നിറങ്ങിയ കത്തു തീപ്പന്തംപോലെ മുഖ്യന്റെ നോർത്ത് ബ്ലോക്കിലേക്കു കുതിച്ചു. അതിനിടെ എവിടെയോ ചോർന്നു. എവിടെ? എങ്ങനെ? അതൊന്നും ആർക്കും തിട്ടമില്ല. ചോർന്നെന്നു മാത്രം അറിയാം. സംഗതി നാട്ടിലാകെ പാട്ടായി. എന്നിട്ടും അനിലിന്റെ ഉള്ളിലെ അഗ്നി ശമിച്ചില്ല. മന്ത്രിസഭായോഗം ആരംഭിച്ചപ്പോൾ മുതൽ ആ നിമിഷം എപ്പോൾ വരുമെന്ന് അനുനിമിഷം ആലോചനയിലായിരുന്നു മുഖ്യൻ. ചർച്ചകൾ ഏതാണ്ടു തീർന്നപ്പോൾ തല ചൊറിഞ്ഞുകൊണ്ട് അനിൽ പറഞ്ഞു: സീയെമ്മേ, ലോ ശ്രീറാമിനെ എന്റെ വഹുപ്പിൽ വച്ചപ്പോ...ഒരു വാക്ക്...ഒരേയൊരു വാക്ക്... എനിക്കു സഹിക്കണില്ല സീയെമ്മേ...

മുഖ്യന്റെ ഉള്ളിലെ തിര ഒരുമിച്ച് അലയടിച്ചു. തനിക്കുള്ള കത്തു നാട്ടുകാരുടെയെല്ലാം വിലാസത്തിൽ അയച്ചിട്ട് ഇവിടെ വന്നിരുന്നിട്ടു വീണ്ടും....മോശം കാര്യമല്ലേ നിങ്ങൾ ചെയ്തത്? 

തെയ്യംകെട്ടി നിൽക്കുന്നതിനിടെ തുള്ളൽപനി വന്നാൽ! മുഖ്യൻ നിന്നു കത്തിയപ്പോൾ അനിൽമന്ത്രി അന്ധാളിച്ചു. മോശത്തിനെതിരെ മിണ്ടിയ മന്ത്രി ഇപ്പോൾ പരമ മോശക്കാരൻ. ‍ഇങ്ങോട്ട് അടിക്കാൻ വരുന്നവരെ ആദ്യംതന്നെ അങ്ങോട്ടുകയറി അടിക്കുന്ന മുഖ്യന്റെ തന്ത്രത്തിൽ അടിപടലം വീണുപോയി സിപിഐ മന്ത്രിമാർ. ചിഞ്ചുറാണിയുടെ ക്ഷീരവകുപ്പ് മേധാവിയായി മുൻപു ശിവശങ്കറിനെ നിയമിച്ചു. ചിഞ്ചുവിനെ മുഖ്യൻ മുൻകൂറായി അറിയിച്ചോ? ചിഞ്ചു കത്തെഴുതിയോ? എഴുതാത്ത കത്ത് ചോർന്നോ?

അനിലിന്റെയുള്ളിൽനിന്ന് ഇങ്ങനെ പലതും തികട്ടി വന്നതാണ്. കാനശകാരം ഓർത്തപ്പോൾ ഒന്നും കണ്ഠത്തിനിപ്പുറം വന്നില്ല. അനിലിന്റെ ദുരിതാവസ്ഥ കണ്ടു വിഷണ്ണയായ ചിഞ്ചു നെടുവീർപ്പിട്ടു. എന്നിട്ട് ആത്മാവ് കുറവും കഥ കൂടുതലുമുള്ള ആ പുസ്തകം വായിക്കാൻ തുടങ്ങി: അശ്വത്ഥാമാവ് വെറും ഒരു ആന! 

Aazhchakurippukal Column

ഓരോരോ യോഗങ്ങൾ

അടിയന്തരാവസ്ഥക്കാലത്ത് യൂത്ത് കോൺഗ്രസുകാർ രണ്ടു വഴിക്കായിരുന്നല്ലോ. സുധീരൻജിയുടെ ഔദ്യോഗിക കഷണവും മുല്ലപ്പള്ളിജി മുതലായവർ നയിച്ച വിമത കഷണവും. ഔദ്യോഗിക കഷണം കലാസാംസ്കാരിക സംഘടന രൂപീകരിച്ചു: യുവപ്രതിഭ. സമാന്തരർ അമാന്തിച്ചില്ല. അവരും രൂപീകരിച്ചു, യുവഭാവന. എഴുത്തുകാർക്കു നിന്നുതിരിയാൻ നേരം ഉണ്ടായിരുന്നില്ല. ഇരുകഷണങ്ങളും അവരെ എഴുന്നള്ളിച്ചു കൊണ്ടുപോകും. സാംസ്കാരികം വിളമ്പി വിളമ്പി വീടുവയ്ക്കാനുള്ള പണം സ്വരൂപീച്ചവരുണ്ട് എഴുത്തുകാരിൽ. രണ്ടു സംഘടനയുടെയും സമ്മേളനത്തിനു പ്രസംഗിക്കാൻ പോയ എഴുത്തുകാരനോട് ഒരാൾ ചോദിച്ചു: താങ്കൾ ചെയ്യുന്നതു ശരിയാണോ? മറുപടി ഇങ്ങനെ: പ്രതിഭ ഉണ്ടെങ്കിലേ ഭാവന ഉണ്ടാകൂ! 

യൂ.കോ എന്നും എപ്പോഴും ഇങ്ങനെയൊക്കെത്തന്നെ. ഇപ്പോൾ പുതിയ പദ്ധതിയിട്ടിരിക്കുന്നു: ഒരു വീട്ടിൽ ഒരു ശിബിരം! ജൂലൈ ആദ്യം പാലക്കാട്ടു നടന്ന ത്രിദിന ശിബിരം എല്ലാവരെയും ഞെട്ടിച്ചു. വൻ സെറ്റപ്പ് ആയിരുന്നു. ഫോട്ടോ ഷൂട്ട് ആയിരുന്നു മുഖ്യ അജൻഡ. മരത്തണലിൽ യോഗം, വിളക്കുകാലിന്റെ ചുവട്ടിൽ യോഗം, ഉണ്ടോണ്ടിരിക്കുമ്പോൾ യോഗം, ഉറങ്ങാൻ കിടക്കുമ്പോൾ യോഗം. യുവാക്കളെ വെറുതേ ആകർഷിച്ചിട്ടു കാര്യമില്ല. ഹഠാദാകർഷിക്കണം. അതിനായിരുന്നു വ്യത്യസ്തമായ യോഗങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ നാലു പുത്തൻ കിട്ടാനുള്ള പന്തൽ കരാറുകാരന്റെ യോഗം!

പ്രസിഡന്റ് വയറ്റിൽ ഇടിക്കുന്നത്, വൈസ് പ്രസിഡന്റുമാർ ചെവിയിൽ നുള്ളുന്നത്, അംഗങ്ങളെ ചേർത്തുപിടിക്കുന്നത്.... സമൂഹമാധ്യമങ്ങളിൽ പരന്നു പ്രവഹിച്ച ഫോട്ടോകൾ കാണേണ്ടതു തന്നെ. ശരിക്കുള്ള ഫോട്ടോ മാത്രം ആരും എടുത്തില്ലത്രേ, കാലുവാരുന്നതിന്റെ! സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ ഹാളിൽ ഉണ്ടായിരുന്നതു പകുതിയോളം പേർ. സംഘടന ഉണ്ടെങ്കിലല്ലേ റിപ്പോർട്ടിനു പ്രസക്തിയുള്ളൂ എന്നൊന്നും ചോദിക്കരുത്. എങ്കിലും, കറകൾ കഴുകിക്കളഞ്ഞിട്ടുതന്നെ കാര്യം. അതിനുവേണ്ടി കഴിഞ്ഞദിവസം മറ്റൊരു ചിന്തൻ ശിബിരം സംഘടിപ്പിച്ചു തൃശൂരിൽ. ഉച്ചയ്ക്കു രണ്ടിനു തുടങ്ങി രാത്രി എട്ടിന് അവസാനിച്ചു. അരശിബിരമെന്നു വിളിക്കാമത്രേ. പ്രശ്നങ്ങൾ ഓരോന്നായി പരിഗണിച്ച്, അതിന്റെ കാരണങ്ങൾ തിരഞ്ഞ്, പരിഹാരം നിർദേശിച്ച്... അതാണല്ലോ ശിബിരം. യൂത്ത് കോൺഗ്രസിന് അത്തരം നിർബന്ധങ്ങളൊന്നുമില്ല. അഞ്ചാളെ കിട്ടിയാൽ ശിബിരമായി. അഞ്ചാളെ കിട്ടണം. അതിനാണു പ്രയാസം.

പ്രഫഷനൽ കോൺഗ്രസ് നേതാവ് ഡോ.ലാൽ ആയിരുന്നു തൃശൂരിലെ മുഖ്യ പ്രഭാഷകൻ. അത്യാസന്ന നിലയിൽ കഴിയുന്ന സംഘടനയല്ലേ.  ഡോക്ടറുടെ സേവനം അത്യാവശ്യം തന്നെ. ചോദ്യോത്തര പരിപാടിയായിരുന്നു കിടിലോഗ്രൻ. ഏതാനും പേരെ ചോദ്യങ്ങൾ പഠിപ്പിച്ചു സദസ്സിൽ വിന്യസിച്ചു. അതിൽപെടാത്ത ചിലർ ചോദ്യങ്ങളുമായി എണീറ്റു. ദഹിക്കാത്ത ചോദ്യങ്ങൾ. മറുപടി പറഞ്ഞാൽ തിരിച്ചടിക്കും. ചിലപ്പോൾ സ്റ്റേജിനു പിന്നിലൂടെ ഓടി മതിലു ചാടിക്കടക്കേണ്ടിവരും. അതിനാൽ ഇടയ്ക്കു കയറി ചോദിച്ചവരോടു പിന്നീട് അവസരം തരാമെന്നു പറഞ്ഞ് അടുത്തയാളിലേക്ക്. അതേ, പഠിപ്പിച്ചുവിട്ട ആളിലേക്ക്. ശിബിരത്തിൽനിന്നു മറ്റൊരു ഭീഷണി ഉയർന്നിട്ടുണ്ട്: ദുരിതാശ്വാസ പ്രവർത്തനത്തിനു യൂത്ത് ബ്രിഗേഡ് രൂപീകരിക്കും. ഇങ്ങനെ എത്രയെത്ര പദ്ധതികൾ, എന്തെന്തു പരിപാടികൾ. ഒരെണ്ണമെങ്കിലും ലക്ഷ്യത്തിൽ എത്തിയോ എന്നു ചോദിക്കരുത്.

സ്റ്റോപ് പ്രസ്

പിണറായിയുടെ രണ്ടാം മന്ത്രിസഭയിൽ പരിചയസമ്പന്നരില്ലെന്ന് സിപിഐ നേതാവ് സി.ദിവാകരൻ.

പരിചയക്കുറവുള്ളവർ ചുറ്റും നിന്നാൽ മതിയല്ലോ.

Content Highlight: GR Anil displeasure over Sriram Venkitaraman's Appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com