ADVERTISEMENT

റോഡിലെ കുഴി ഒരു ജീവൻകൂടി കവർന്നെടുത്തിരിക്കുന്നു. ഇടപ്പള്ളി– മണ്ണുത്തി ദേശീയപാതയിലെ നെടുമ്പാശേരിയിൽ, രണ്ടടിയോഴം ആഴമുള്ള കുഴിയിൽചാടിയ ബൈക്കിൽനിന്നു തെറിച്ചുവീണ എ.എ.ഹാഷിം ആണ് അപകടത്തിലെ ഇര. റോഡിൽ വീണ ഹാഷിമിന്റെ ശരീരത്തിലൂടെ മറ്റൊരു വാഹനം കയറിയിറങ്ങിപ്പോയി. ആരുടെയൊക്കെയോ അനാസ്ഥയ്ക്കു ജീവന്റെ വില കൊടുത്ത്, റോഡിലെ കുഴിയിൽ നിസ്സഹായതയോടെ അപകടത്തിൽപെടാനുള്ളതാണോ നമ്മുടെയൊക്കെ ജീവിതമെന്ന ചോദ്യം ഈ അപകടത്തിനുശേഷം ബാക്കിയാവുന്നു. 

ഓരോ വർഷവും ആയിരക്കണക്കിനുപേർ മോശം റോഡുകൾ മൂലം കേരളത്തിൽ അപകടത്തിൽപെടുന്നു. എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു ? നമ്മുടെ പാതകളിലെ പാതാളക്കുഴികൾ പകയോടെ ജീവനെടുത്തുകൊണ്ടിരിക്കുന്നത് അധികൃതർക്കു കണ്ടിരിക്കാനുള്ളതാണോ? റോഡിലെ കുഴികൾ യഥാസമയം മൂടുന്നതിൽ ഉത്തരവാദപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയുടെ ആഴം ഓർമിപ്പിക്കുകയാണ് സ്വന്തം മരണത്തിലൂടെ ഹാഷിം എന്ന അൻപത്തിരണ്ടുകാരൻ. നിരന്തര ശ്രദ്ധയും കൃത്യമായ ഇടപെടലുകളും ഉണ്ടെങ്കിൽ എത്രയോ കുടുംബങ്ങൾ അനാഥമാവാതെ നോക്കാൻ അധികൃതർക്കു കഴിയുമെന്ന ഓർമപ്പെടുത്തൽകൂടി ഈ മരണത്തിൽനിന്നു കണ്ടെടുക്കേണ്ടതുണ്ട്.  സംഭവത്തിൽ ദേശീയപാത അധികൃതർക്കും കരാറുകാരനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിനിടയാക്കിയ കുഴി ശനിയാഴ്ചതന്നെ തിരക്കിട്ടു മൂടി. ആഴ്ചകളായി ഇതു ഭീഷണാവസ്ഥയിൽ അവിടെയുണ്ടായിരുന്നിട്ടും എന്തുകൊണ്ട് മൂടാൻ തോന്നിയില്ല? ഒട്ടേറെപ്പേർ ഇതേ കുഴിയിൽ വീണിട്ടും ദേശീയപാതാ അധികൃതർ അതു കാണാതെപോയതു മാപ്പർഹിക്കാത്ത അനാസ്ഥതന്നെയാണ്. നെടുമ്പാശേരിയിൽ മാത്രമല്ല, ഇതേ റോഡിൽ സമീപത്തുള്ള കറുകുറ്റി ഭാഗത്തും നൂറിലേറെ കുഴികളുണ്ട്. അങ്കമാലി കോതകുളങ്ങരയിൽ 20 മീറ്റർ ദൂരത്തിൽമാത്രം 23 കുഴികളാണുള്ളത്. ഈ ദേശീയപാതയിൽ പലയിടത്തും മരണക്കുഴികളുടെ ഭീഷണി നിലനിൽക്കുന്നു.

കേരളത്തിലൂടെ പോകുന്ന പുതിയതും പഴയതുമായ എല്ലാ ദേശീയപാതകളുടെയും അവസ്ഥ ഇതൊക്കെത്തന്നെയാണ്. കോടിക്കണക്കിനു രൂപ ചെലവിട്ട്, എല്ലാ സംവിധാനങ്ങളോടെയുമാണ് ഇവയുടെ നിർമാണം. എന്നാൽ, കുഴികൾക്ക് ഒരു കുറവുമില്ല.  അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായാവും കുഴികളിൽ വീഴുന്നത്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപെടുന്നതിലേറെയും. അധികം പരപ്പില്ലാതെ, ആഴത്തിലുള്ള കുഴികളാണു ദേശീയപാതയിൽ അധികവും. കുഴിയിൽ വീഴാതെ വാഹനം പെട്ടെന്നു വെട്ടിക്കുമ്പോഴും അപകടങ്ങളുണ്ടാവാം. പണമില്ലാത്തതാണു പല റോഡുകളുടെയും മോശം അവസ്ഥയ്ക്കു കാരണമായി പറയുന്നതെങ്കിലും ദേശീയപാതയുടെ കാര്യത്തിൽ അങ്ങനെയല്ല.  

ദേശീയപാതകളുടെ പരിപാലനവും സമയത്തുള്ള അറ്റകുറ്റപ്പണികളും നിശ്ചിത കാലത്തേക്കു ദേശീയപാതാ അതോറിറ്റി കരാർ കൊടുത്തിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലെങ്കിലും കുഴിയുടെ കാര്യത്തിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തണം. ദേശീയപാതകളിൽ രൂപപ്പെടുന്ന കുഴികൾ അപ്പപ്പോൾ മൂടാൻ കരാറുകാരെ ചുമതലപ്പെടുത്തണം. ഉത്തരവാദിത്തം നിറവേറ്റാത്ത കരാറുകാരിൽനിന്ന് ഇത്തരം അപകടങ്ങളുടെ നഷ്ടപരിഹാരംകൂടി ഇൗടാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ പൊതുമരാമത്ത്് റോഡുകളിലെ കുഴികളും അടിയന്തരമായി മൂടിയേതീരൂ.

നെടുമ്പാശേരി സംഭവത്തെത്തുടർന്നു ദേശീയപാതയിലെ കുഴികൾ മൂടാൻ ഹൈക്കോടതി, ദേശീയപാതാ അതോറിറ്റിക്കു നിർദേശം നൽകിയിരിക്കുകയാണ്. 2019ൽ, കൊച്ചി പാലാരിവട്ടത്ത് റോഡിലെ കുഴി ജീവൻ കവർന്ന യുവാവിന്റെ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ലജ്ജിച്ചു തലതാഴ്ത്തുകയാണെന്നും ഹൈക്കോടതിക്കു പറയേണ്ടിവന്നതു നമുക്കു മറക്കാറായിട്ടില്ല. സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുമരാമത്ത് എൻജിനീയർമാർക്കു ഹൈക്കോടതിയുടെ രൂക്ഷവിമർശനമുണ്ടായതു കഴിഞ്ഞ ഡിസംബറിലാണ്. രാത്രി കുഴിയിൽവീണു മരിക്കാതെ ജനങ്ങൾക്കു വീട്ടിലെത്താനാകുമെന്ന ഉറപ്പുണ്ടാകണമെന്ന് അന്നു കോടതി ആവശ്യപ്പെട്ടിരുന്നു. എന്തുറപ്പാണു ജനങ്ങൾക്കു കിട്ടിയത് ? ആവശ്യമായിടങ്ങളിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിലും ഉറപ്പുണ്ടാവാൻ ഇനിയെത്ര അപകടങ്ങൾ കേരളം കാണേണ്ടിവരും?

ഇതിനെ‍ാക്കെപ്പുറമെയാണു ജനത്തെ മടുപ്പിക്കുന്ന ‘കുഴിരാഷ്ട്രീയം’. ആരോപണങ്ങൾക്കും അവകാശവാദങ്ങൾക്കുമപ്പുറത്ത്, ദേശീയപാതയാണെങ്കിലും പെ‍ാതുമരാമത്തു പാതയാണെങ്കിലും എത്രയുംവേഗം കുഴികളടച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കുകയാണു വേണ്ടതെന്ന ജനകീയാവശ്യമാണു ബന്ധപ്പെട്ടവർ തിരിച്ചറിയേണ്ടത്.

Content Highlight: Potholes Road Accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com