ADVERTISEMENT

വൈദ്യുതി ഭേദഗതി ബിൽ നിലവിലെ സബ്സിഡികൾ ഇല്ലാതാക്കുകയോ നിരക്കു വർധനയിലേക്കു നയിക്കുകയോ ചെയ്യില്ലെന്നു കേന്ദ്ര ഊർജമന്ത്രി ആർ.കെ. സിങ് ‘മനോരമ’യോട്. ക്രോസ് സബ്സിഡിയും ആനുകൂല്യങ്ങളുമൊക്കെ അതേപടി തുടരും. കർഷകർക്ക് ഇപ്പോൾ ലഭിക്കുന്ന അതേ നിരക്കിൽ വൈദ്യുതി ലഭിക്കും. സബ്സിഡി വർധിപ്പിക്കുന്നതിന് ഒരു സംസ്ഥാനത്തിനും തടസ്സമുണ്ടാകില്ല. എതിർക്കുന്നവർ ബിൽ കൃത്യമായി വായിച്ചിട്ടുണ്ടാകില്ല. ഇനി വായിച്ചിട്ടുണ്ടെങ്കിലും തെറ്റിദ്ധാരണ പരത്തുകയെന്ന ഉദ്ദേശ്യമാകാം കാരണം. വിവാദമായ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ ആർ.കെ. സിങ് സംസാരിക്കുന്നു. എതിര്‍പ്പിനു പിന്നില്‍ പ്രാദേശിക കുത്തക നഷ്ടപ്പെടുമെന്നു ഭയക്കുന്ന കമ്പനികളാകാമെന്നും ആര്‍.കെ. സിങ് പറഞ്ഞു.

? വൈദ്യുതി വിതരണ മേഖലയിൽ കൂടുതൽ സ്വകാര്യ കമ്പനികൾ വരുമെന്ന ആശങ്കയെക്കുറിച്ച്.

ഒന്നിലധികം കമ്പനികൾക്ക് ഒരേ പ്രദേശത്തു വിതരണം നടത്താൻ 2003ലെ വൈദ്യുതി നിയമം അനുമതി നൽകുന്നുണ്ട്. അതുകൊണ്ട് ഇതൊരു പുതിയ കാര്യമല്ല. ഭേദഗതിയിലൂടെ നടപടിക്രമങ്ങൾ ലളിതമാക്കുക മാത്രമാണു ചെയ്യുന്നത്. പലപ്പോഴും കമ്പനികൾ നൽകുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാതെ അനിശ്ചിതമായി വൈകിക്കുന്ന നിലയുണ്ട്. ഭേദഗതിയനുസരിച്ച് അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ സംസ്ഥാന റെഗുലേറ്ററി അതോറിറ്റി അതിൽ തീരുമാനമെടുത്തിരിക്കണം. ഇല്ലെങ്കിൽ തനിയെ അനുമതി ലഭിച്ചതായി കണക്കാക്കും.

? ബില്ലിനെതിരെ ഇത്രയും പ്രതിഷേധം ഉയരാൻ കാരണമെന്തായിരിക്കും.

നിലവിൽ ഡൽഹി, കൊൽക്കത്ത അടക്കം പല മെട്രോ നഗരങ്ങളിലും സ്വകാര്യ കമ്പനികൾക്കാണു നിശ്ചിത പ്രദേശത്തെ കുത്തക. കൂടുതൽ കമ്പനികൾ അതേ സ്ഥലത്തേക്കു വരുന്നത് ഇത്തരം കമ്പനികളുടെ കുത്തക അവസാനിപ്പിക്കും. ഇതവർ ആഗ്രഹിക്കുന്നില്ല. ഒപ്പം നഗരമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവ വാണിജ്യ, വ്യവസായ ഉപയോക്താക്കളിൽ നിന്ന് ക്രോസ് സബ്സിഡി ഇനത്തിൽ വലിയ തുക സ്വന്തമാക്കുന്നുണ്ട്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഈ അധികതുക മറ്റു ഗ്രാമീണ പ്രദേശങ്ങളിൽ വൈദ്യുതി നൽകാനായി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന ഏജൻസിക്കു നൽകണം. ഇതൊക്കെയാകാം ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു കാരണം.

? പുതിയ ഭേദഗതിയിലെ വ്യവസ്ഥകൾ വൈദ്യുതി നിരക്ക് വർധനയിൽ കലാശിക്കില്ലെന്നു പറയുന്നതിന്റെ കാരണം.

കൂടുതൽ കമ്പനികൾ വരുന്നതനുസരിച്ചു മത്സരം വർധിക്കും. മത്സരം വർധിക്കുമ്പോൾ വില കുറയുകയും കാര്യക്ഷമത കൂടുകയുമല്ലേ ചെയ്യുക? ‍ഒന്നിലധികം കമ്പനികൾ ഒരു സ്ഥലത്തു വിതരണത്തിനു വന്നാൽ നിലവിൽ സംസ്ഥാന റെഗുലേറ്ററി അതോറിറ്റികൾ നിരക്കിന്റെ പരിധി (സീലിങ് പ്രൈസ്) നിശ്ചയിക്കും. എന്നാൽ, വമ്പൻ കമ്പനികൾക്ക് ഒരു പ്രദേശത്തെ മത്സരം ഇല്ലാതാക്കാൻ തീർത്തും കുറഞ്ഞ തുകയിൽ വിതരണം നടത്തി ബാക്കി കമ്പനികളെ തുരത്താം. ഇതു തടയാൻ ഭേദഗതി ബില്ലിലൂടെ അടിസ്ഥാന വില (ഫ്ലോർ റേറ്റ്) കൂടി നിശ്ചയിക്കുകയാണ്. ഒരു കമ്പനിക്കു നിശ്ചിത നിരക്കിലും താഴെ വിൽക്കാനാവില്ലെന്ന് ഇതുവഴി ഉറപ്പാക്കും.

? എല്ലാവർക്കും വൈദ്യുതി നൽകാനുള്ള ബാധ്യത പൊതുമേഖലയ്ക്കു മാത്രമായി മാറില്ലേ. പുതിയ സ്വകാര്യ കമ്പനികൾ ലാഭമേറിയ നഗരമേഖലകളിലെ വിതരണം മാത്രമെടുത്താൽ പൊതുമേഖലാ വിതരണ കമ്പനികൾ നഷ്ടത്തിലാകില്ലേ.

എല്ലാ മേഖലയിലും വൈദ്യുതി നൽകണമെന്ന യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ പുതിയ കമ്പനികൾക്കും ബാധകമായിരിക്കും. ഇഷ്ടമുള്ളവർക്കും ഇഷ്ടമുള്ളയിടത്തും മാത്രം വൈദ്യുതി നൽകിയാൽ മതിയെന്ന് ഒരു കമ്പനിക്കും തീരുമാനിക്കാനാവില്ല. അതുകൊണ്ട് ലാഭമേറിയ മേഖലകളിൽ മാത്രമായി കമ്പനികൾ പരിമിതപ്പെടില്ല.

? സ്വകാര്യകമ്പനികൾക്കു സ്വന്തം മുതൽമുടക്കില്ലാതെ, പൊതുപണമുപയോഗിച്ച് നിർമിച്ച വിതരണശൃംഖല ഉപയോഗിക്കാൻ അവസരം തുറന്നിടുകയാണ്. ശൃംഖലയുടെ പരിപാലനച്ചുമതല പൊതുമേഖലയുടെ മാത്രം ബാധ്യതയാകുമെന്ന വിമർശനമുണ്ട്.

കമ്പനികൾക്കു വിതരണശൃംഖല ഉപയോഗിക്കാൻ നൽകുന്നതു സൗജന്യമായിട്ടല്ല. ഇതിനു വീലിങ് ചാർജ് ഈടാക്കും. ഇതിൽ പരിപാലനത്തിനുള്ള തുകയടക്കം ഉൾപ്പെടും. നിലവിൽ വിതരണശൃംഖലയുള്ള വിതരണ കമ്പനികൾക്കു വരുമാനം വർധിക്കും. നിലവിലുള്ള അടിസ്ഥാനസൗകര്യത്തിന്റെ പരമാവധി ഉപയോഗം ഉറപ്പാക്കുകയെന്ന ലക്ഷ്യവും ഇതിലുണ്ട്.

? വൈദ്യുതി ഭേദഗതി ബില്ലിനെതിരെ കഴിഞ്ഞ വർഷം കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും എതിർത്തിരുന്നു.

ഇതുസംബന്ധിച്ച കൂടിയാലോചനാ യോഗങ്ങളിൽ ചില സംസ്ഥാനങ്ങൾ എതിർപ്പു രേഖപ്പെടുത്തിയിരുന്നു. വൈദ്യുതി വിതരണ മേഖലയിലെ ലൈസൻസ് സംവിധാനം നീക്കുന്നതിനെതിരെയായിരുന്നു (ഡീലൈസൻസിങ്) പ്രധാന എതിർപ്പ്.
ഇത് ഇന്നലെ അവതരിപ്പിച്ച ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന പ്രതിപക്ഷവാദം തെറ്റാണ്.

English Summary: Minister of Power RK Singh on Electricity Amendment Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com