80 വർഷം മുൻപ് ബ്രിട്ടനോടു പറഞ്ഞു: ക്വിറ്റ് ഇന്ത്യ; ഇന്നു നമുക്കൊന്നായ് പറയാം.. ഹിറ്റാവണം ഇന്ത്യ!

PTI08_08_2022_000349A
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അഹമ്മദാബാദിൽ ഭീമൻ ദേശീയപതാകയുമായി സ്കൂൾ വിദ്യാർഥികൾ. ചിത്രം: പിടിഐ
SHARE

കോളനിഭരണത്തിൽനിന്ന് ഇന്ത്യ സ്വതന്ത്രമാകാൻ വഴിതുറന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിനു മഹാത്മാ ഗാന്ധി തുടക്കമിട്ടത് 1942 ഓഗസ്റ്റ് എട്ടിനായിരുന്നു. ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്തെ പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രസംഗത്തിൽ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനത്തിലൂടെ ഗാന്ധിജി പകർന്ന ആവേശം ബ്രിട്ടിഷ് ഭരണം അവസാനിപ്പിക്കാൻ ഒരു നിമിഷംപോലും വൈകിക്കൂടെന്ന ബോധ്യം ജനങ്ങൾക്കു നൽകി. സ്വയംഭരണത്തിലൂടെ സ്വന്തം ഭാവി രൂപപ്പെടുത്താനുള്ള ദൃഢനിശ്ചയം സമ്മാനിച്ച ഉണർവുമായി ഇന്ത്യൻ ജനതയുടെ കൂട്ടായ ഇച്ഛാശക്തിയാണ് പിന്നീടങ്ങോട്ടു കാണാനായത്. 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി അനിവാര്യമാക്കിയ നാഴികക്കല്ലുകളായിരുന്നു അവയെല്ലാം.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നിർണായകനിമിഷമായിരുന്ന ഗാന്ധിജിയുടെ ‘ക്വിറ്റ് ഇന്ത്യ’ ആഹ്വാനത്തിന്റെ ഈ എൺപതാം വാർഷികവേളയിൽ ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികവും നാം ആഘോഷിക്കുകയാണ്. നമ്മുടെ നേട്ടങ്ങളെക്കുറിച്ചു ചിന്തിക്കാനും പിന്നിട്ട നാഴികക്കല്ലുകളിൽ അഭിമാനം കൊള്ളാനും ഇനിയും മറികടക്കാനുള്ള വെല്ലുവിളികളെ കൈകാര്യം ചെയ്യാനുള്ള വഴികൾ ആലോചിക്കാനും ഈ സന്ദർഭം നമുക്ക് ഉപയോഗിക്കാം.

∙ വെളിച്ചം പകർന്ന് ഗാന്ധിജി

ബ്രിട്ടിഷ് സ്വേച്ഛാധിപത്യം ചെറുക്കാൻ അഹിംസ ആയുധമാക്കുകയും സിവിൽ നിസ്സഹകരണത്തിനൊപ്പം അതിനെ സ്വാതന്ത്ര്യസമരത്തിന്റെ ആധാരശിലകളിലൊന്നാക്കി മാറ്റിയെടുക്കുകയും ചെയ്തതിലൂടെ ഗാന്ധിജി ജനങ്ങൾക്കു നൽകിയത് എന്നും വഴിവെളിച്ചമാകുന്ന ധാർമിക തത്വജ്ഞാനം കൂടിയാണ്. രാജ്യമെമ്പാടുമുള്ള ജനലക്ഷങ്ങളെ ഊർജസ്വലരാക്കുന്നതിൽ അതു വിജയിക്കുകയും ചെയ്തു.

അഹിംസാമന്ത്രം നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളിൽ രൂഢമൂലമായതാണ്. ‘വന്ദേ മാതരം’, ‘ജയ് ഹിന്ദ്’, ‘ഇൻക്വിലാബ് സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ചർക്ക, രാഖി, ഉപ്പ്, ഖാദി തുടങ്ങിയ കരുത്തുറ്റ പ്രതീകങ്ങളും ജനങ്ങളെ ഒറ്റക്കെട്ടാക്കാൻ പങ്കുവഹിച്ചെന്നതും പ്രധാനമാണ്.

രാഷ്ട്രപിതാവിനു പിന്തുണയേകി പ്രമുഖ നേതാക്കളുടെ വലിയ നിരയും അത്രയൊന്നും അറിയപ്പെടാത്ത ആയിരക്കണക്കിനു സ്വാതന്ത്ര്യസമര സേനാനികളും ഉണ്ടായിരുന്നു. അവരിൽ പലരും രാജ്യത്തിനുവേണ്ടി ജീവൻ ബലി നൽകി.

രാജ്യം നേരിട്ട അതിക്രൂര അധിനിവേശങ്ങളുടെയും ഭിന്നിപ്പിച്ചുഭരിക്കുകയെന്ന കൊളോണിയൽ കൗശലത്തിന്റെയും കാലം ഇവിടത്തെ അനൈക്യത്തിന്റെയും ദുർബല പ്രതിരോധങ്ങളുടെയും കഥ പറയുന്നുണ്ട്. ധീരമായ ചെറുത്തുനിൽപുകളും രാജ്യസ്നേഹത്തിലൂന്നിയുള്ള ഉജ്വലപോരാട്ടങ്ങളും പ്രാദേശികമായി ഒതുങ്ങിപ്പോയി. എന്നിരിക്കിലും, അധിനിവേശ, സാമ്രാജ്യത്വ ശക്തികൾക്ക് ഇന്ത്യയുടെ പുരാതന സംസ്കൃതിയെ തകർക്കാനുള്ള കുതന്ത്രങ്ങളിലൊന്നും വിജയിക്കാനായില്ല. നമ്മുടെ സംസ്കൃതിയുടെ നൈരന്തര്യത്തിന്റെ കണ്ണി അത്രയ്ക്കു സുദൃഢമാണ്.

∙ സ്വരാജിൽനിന്ന് സുരാജിലേക്ക്

കോളനികാലത്തെ ചങ്ങലകളിൽനിന്നു മോചിതയായ ഇന്ത്യ ഇന്നു ലോകത്തെ മുൻനിര രാഷ്ട്രമായിക്കഴിഞ്ഞു. സ്വതന്ത്രരാജ്യമെന്ന നിലയിലുള്ള 75 വർഷത്തെ യാത്രയിൽ മതിപ്പുളവാക്കുന്ന ഒട്ടേറെ നേട്ടങ്ങളും സ്വന്തമാക്കി. ചെറുത്തുനിൽപിന്റെയും പ്രത്യാശയുടെയും പ്രയാണമായിരുന്നു നമ്മുടെ സുദീർഘമായ സ്വാതന്ത്ര്യസമരം. അതിൽനിന്നു പ്രചോദനമുൾക്കൊള്ളാൻ നമുക്കാകണം. എല്ലാ മേഖലകളിലും മികവോടെ മുന്നിട്ടുനിൽക്കാനും പ്രതിസന്ധികളിൽ മനസ്സാന്നിധ്യം കൈവിടാതെ ഒറ്റക്കെട്ടാകാനും നമുക്ക് ഇന്നും പ്രചോദനം പകരുന്ന സമരയാത്രയാണത്. നമ്മുടെ മനുഷ്യശേഷി ലോകത്തെ ഏറ്റവും പ്രതിഭാശാലികളുടെ ഗണത്തിലേതാണ്. അതു പൂർണമായി പ്രയോജനപ്പെടുത്തി വികസനം നേടിയെടുക്കണം.

വിവിധ മേഖലകളിലെ ഉജ്വല നേട്ടങ്ങളിൽ നമ്മൾ ന്യായമായും അഭിമാനം കൊള്ളുന്ന ഈ ചരിത്രമുഹൂർത്തത്തിൽ, മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ചും ജാഗരൂകരാകാനുണ്ട്. വളരെ കഷ്ടപ്പാടുകൾ കടന്നാണ് നാം ‘സ്വരാജ്’ നേടിയെടുത്തത്. അതു താഴെത്തട്ടു മുതലുള്ള ‘സുരാജ്’ ആയി മാറണം. ദാരിദ്ര്യവും നിരക്ഷരതയും ജെൻഡർ വിവേചനവും അഴിമതിയും എല്ലാത്തരം അസമത്വങ്ങളും തുടച്ചുനീക്കപ്പെടണം. നമ്മുടെ എറ്റവും വലിയ മുൻഗണന ഇതായിരിക്കണം.

എല്ലാ അസമത്വങ്ങളും അകന്ന സമത്വരാഷ്ട്രം കെട്ടിപ്പടുക്കണമെങ്കിൽ മികച്ചതും നീതിയുക്തവുമായ ഭരണം വികസനത്തിന്റെ പൊരുളായി മാറണം. പുരാതന ഇന്ത്യൻ സംസ്കൃതിയിലാകെ സമത്വവും ഒരുമയും എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലസമീപനവും നിറഞ്ഞുനിൽപുണ്ടായിരുന്നു. ദേശീയബോധത്തിന്റെ ചൈതന്യം ഉൾക്കൊണ്ട്, നമുക്കു പൂർവികരെ മാർഗദീപമാക്കാം. സർഗാത്മക ഊർജം പരകോടിയിലെത്തിനിൽക്കുന്ന കരുത്തും ഉന്മേഷവും നിറഞ്ഞ രാജ്യം പടുത്തുയർത്താൻ അവരിൽനിന്ന് പ്രചോദനം നേടാം.

∙ വിദ്യാഭ്യാസം, പരിസ്ഥിതി

സാർവലൗകികവും താങ്ങാവുന്നതുമായ വിദ്യാഭ്യാസത്തിനും ആരോഗ്യസംരംക്ഷണത്തിനും വേണ്ടിയാകണം ഒരു രാജ്യമെന്ന നിലയിൽ നാം ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. ഇക്കാര്യത്തിൽ ഗ്രാമീണ ഇന്ത്യ പിന്നാക്കമാകരുത്. സർക്കാരിന്റെയും സ്വകാര്യമേഖലയുടെയും കൂട്ടായ ശ്രമം ഈ ദൗത്യത്തിൽ ഉണ്ടാകണം. ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യവികസനം ഏറ്റവും വേഗത്തിലാക്കണം; മുഖ്യധാരയ്ക്കൊപ്പം കൊണ്ടുവരണം. മാതൃഭാഷയ്ക്കുള്ള പ്രോത്സാഹനം വിദ്യാഭ്യാസ രംഗത്തു വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കും. എല്ലാവരെയും ഉൾക്കൊള്ളുന്നതും സമത്വം ഉറപ്പാക്കുന്നതുമായ സംവിധാനം അങ്ങനെ ഉരുത്തിരിയും.

ശമനമില്ലാത്ത അത്യാർത്തികൊണ്ട് മനുഷ്യർ പരിസ്ഥിതിക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ ഇനി തിരുത്താവുന്നതല്ല. കാലാവസ്ഥാമാറ്റം ആഗോള തലത്തിൽ തന്നെയുള്ള യാഥാർഥ്യമാണ്. സംരക്ഷണം മാത്രമാണ് ഭൂമിയുടെ അതിജീവനത്തിനായി ഇനിയുള്ള പ്രതീക്ഷ. ഇതിനായി നമ്മുടെ എല്ലാ ഊർജവും മാറ്റിവയ്ക്കണം.
വേദങ്ങൾ പുരാതന ഇന്ത്യൻ സംസ്കൃതിയുടെ വിശ്വദർശനം കാട്ടിത്തരുന്നവയാണ്. പ്രകൃതിശക്തികളിലും നദികളിലും പർവതങ്ങളിലും പുണ്യസസ്യങ്ങളിലും മഹാവൃക്ഷങ്ങളിലും ദൈവികസാന്നിധ്യമറിഞ്ഞ് ആരാധിക്കുന്നതിന്റെ ഉദാഹരണങ്ങൾ അവയിൽ ഏറെയുണ്ട്. ആ പുരാതന കാലത്തിൽ നമുക്കു നങ്കൂരമുറപ്പിക്കാം. വരുംതലമുറകളുടെ സുരക്ഷയ്ക്കായി അവിടെനിന്ന് ഊർജവും പ്രചോദനവും നേടാം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ശോഭനമായ ഭാവിക്കായി നമുക്കു പ്രകൃതിയെ സംരക്ഷിക്കാം, സംസ്കൃതിയെ പരിപാലിക്കാം.

∙ അവരുടെ സ്വപ്നം നിറവേറ്റാം

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മഹത്തായ ഘട്ടങ്ങൾ സ്മരിക്കുമ്പോൾ ഭാരത മാതാവിനോടുള്ള അദമ്യവും അത്യുത്കൃഷ്ടവുമായ സ്നേഹം നമ്മെ വന്നു പുൽകും. മഹിമയേറിയ നമ്മുടെ സ്വാതന്ത്ര്യസമര പോരാളികൾ നൽകിയ സംഭാവനകൾ എന്തെല്ലാമെന്നു മനസ്സിലാക്കി വൈവിധ്യസമ്പന്നമായ ഭൂതകാലം തിരിച്ചുപിടിക്കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. ആ പോരാളികളുടെ ത്യാഗസമ്പന്നമായ ജീവിതം അടുത്തറിയാനുള്ള വേള കൂടിയാണിത്. സ്വതന്ത്ര ഇന്ത്യയെന്ന കൂട്ടായ സ്വപ്നം എത്തിപ്പിടിക്കാനായി, അറിയപ്പെടാത്ത എത്രയെത്ര സേനാനികളാണ് നിസ്വാർഥസേവനം കാഴ്ചവച്ചത്. അവരുടെ സ്വപ്നങ്ങളിലുള്ള സമത്വസുന്ദരവും സമ്പൽസമൃദ്ധവുമായ ഇന്ത്യയെ സാക്ഷാത്കരിക്കാൻ കർമനിരതരാകുകയെന്നത് നമ്മുടെയെല്ലാം ധാർമിക ഉത്തരവാദിത്തമാണ്.

English Summary: Quit India Day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}