സ്വതന്ത്ര ഇന്ത്യ പിന്നിട്ട നാഴികക്കല്ലുകളിലൂടെ - ചിത്രക്കാഴ്ച

Reita Faria, 1963 Rocket Launch, KD Jadhav
1966ൽ ലോകസുന്ദരിയായ റീത്ത ഫാരിയ, 1963 നവംബർ 21ന് തുമ്പയിൽനിന്നു റോക്കറ്റ് വിക്ഷേപിക്കുന്നു, 1948ൽ 54 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലൂടെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ നേടിയ കെ.ഡി.യാദവ്.
SHARE

75 വയസ്സ് പൂർത്തിയാക്കുന്ന സ്വതന്ത്ര ഇന്ത്യ പിന്നിട്ട സുപ്രധാന നാഴികക്കല്ലുകൾ, സ്വന്തമാക്കിയ നേട്ടങ്ങൾ, നേരിട്ട വെല്ലുവിളികൾ എന്നിവയിലൂടെ ഒരു സഞ്ചാരം.

India Pakistan War 1947
1947ലെ യുദ്ധത്തിൽ പാക്ക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യം.

1947: ഇന്ത്യ – പാക്ക് യുദ്ധം

ഓഗസ്റ്റിൽ ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായപ്പോൾ നാട്ടുരാജ്യമായിരുന്ന കശ്മീർ ഇരുരാജ്യങ്ങളിലും ചേരാതെ നിന്നു. എന്നാൽ, വിഭജനത്തിന്റെ മുറിവുണങ്ങും മുൻപേ പഠാൻ ഗിരിവർഗക്കാരെ മുന്നിൽനിർത്തി പാക്കിസ്ഥാൻ ഒക്ടോബറിൽ കശ്മീർ ആക്രമിച്ചു. സൈനികബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാൻ ഇന്ത്യയെത്തി. യുഎൻ നിർദേശപ്രകാരം 1948 ഡിസംബർ 31നു വെടിനിർത്തൽ.

Mahatma Gandhi Assassination
ബിർല ഭവനിൽ പൊതുദർശനത്തിനു വച്ച മഹാത്മാഗാന്ധിയുടെ മൃതദേഹത്തിനരികിൽ സന്തതസഹചാരികളായ ആഭയും മനുവും.

1948: ഗാന്ധി രക്തസാക്ഷിത്വം

ഡൽഹി ബിർല ഭവനിലെ പ്രാർഥനാസ്ഥലത്ത് ജനുവരി 30നു വൈകിട്ട് മഹാത്മാഗാന്ധി വെടിയേറ്റു മരിച്ചു. നാഥുറാം ഗോഡ്സെ ആയിരുന്നു ഘാതകൻ.

KD Jadhav
1948ൽ 54 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലൂടെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ നേടിയ കെ.ഡി.യാദവ്.

1948: ഒളിംപിക്സിൽ ഇന്ത്യ

ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി ത്രിവർണപതാകയ്ക്കു കീഴിൽ മത്സരിച്ചു. ബ്രിട്ടനെ പരാജയപ്പെടുത്തി പുരുഷ ഹോക്കിയിൽ സ്വർണം നേടി. 1952 ഹെൽസിങ്കി ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ പിറന്നു; 54 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെങ്കലം നേടിയ കെ.ഡി.യാദവിലൂടെ. 2008 ബെയ്ജിങ് ഒളിംപിക്സിൽ ഇന്ത്യയിലേക്ക് ആദ്യ വ്യക്തിഗത സ്വർണമെത്തി; 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്രയിലൂടെ. 2021ൽ നടന്ന ടോക്കിയോ ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണം അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ സുവർണമുദ്രയായി.

Constitution-of-India-5

1950: ഭരണഘടനയുടെ കരുത്ത്

ലോകത്തിലെ ഏറ്റവും വലിയ, എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേത്. ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ; ഭരണഘടനയുടെ കരടു തയാറാക്കാനുള്ള സമിതിയുടെ അധ്യക്ഷൻ ഡോ. ബി.ആർ.അംബേദ്കറും. 1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചു. രണ്ടു മാസം കൂടി കഴിഞ്ഞ് 1950 ജനുവരി 24നാണ് ഭരണഘടന നിർമാണസഭാ അംഗങ്ങൾ അതിൽ ഒപ്പുവച്ചത്; നിലവിൽവന്നത് ജനുവരി 26നും. 

1953: ആദ്യം ആന്ധ്ര

തെലുങ്കു സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി ഉപവാസസമരം നടത്തിയ പോറ്റി ശ്രീരാമുലു മരിച്ചതിനെത്തുടർന്നു വൻ പ്രതിഷേധമുണ്ടായി. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യ സംസ്ഥാനമായി ആന്ധ്ര രൂപംകൊണ്ടു; 1953 ഒക്ടോബർ ഒന്നിന്. ഹൈദരാബാദ് സംസ്ഥാനത്തെ തെലുങ്കു ഭാഷാപ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തി 1956 നവംബർ 1ന് ആന്ധ്രപ്രദേശ് രൂപീകൃതമായി.

1956: ആണവ ശക്തി

ഏഷ്യയിലെ ആദ്യ ആണവ ഗവേഷണ റിയാക്ടർ ‘അപ്സര’ 1956ൽ മുംബൈ ‘ബാർക്കി’ൽ കമ്മിഷൻ ചെയ്തു. 1974 മേയ് 18ന് രാജസ്ഥാനിലെ പൊഖ്റാനിൽ ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തി. അതോടെ അണുസ്ഫോടനം നടത്തിയ ആറാമത്തെ രാജ്യമായി. 1998 മേയ് 11, 13 തീയതികളിലായി പൊഖ്റാനിൽ 5 ആണവസ്ഫോടനങ്ങൾ കൂടി നടത്തി.

EMS Namboodiripad Taking Oath
1957ൽ കേരള മുഖ്യമന്ത്രിയായി ഇ.എം.എസ്.നമ്പൂതിരിപ്പാട് ഗവർണർ ബി.രാമകൃഷ്ണ റാവു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

1957: കമ്യൂണിസ്റ്റ് ഭരണം

ഇന്ത്യയിലാദ്യമായി കേരളത്തിൽ ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് ഏപ്രിൽ അഞ്ചിന്. മന്ത്രിമാർ: സി.അച്യുതമേനോൻ, ടി.വി.തോമസ്, കെ.സി.ജോർജ്, കെ.പി.ഗോപാലൻ, ടി.എ.മജീദ്, പി.കെ.ചാത്തൻ മാസ്റ്റർ, ജോസഫ് മുണ്ടശ്ശേരി, കെ.ആർ.ഗൗരിയമ്മ, വി.ആർ.കൃഷ്ണയ്യർ, ഡോ. എ.ആർ.മേനോൻ.

Jawaharlal Nehru, Dalai Lama
ജവഹർലാൽ നെഹ്റുവിനൊപ്പം ദലൈലാമ.

1959: ദലൈലാമയ്ക്ക് അഭയം

ടിബറ്റൻ ഭരണാധികാരിയും ബുദ്ധ ആത്മീയനേതാവുമായ ദലൈലാമയും ലക്ഷക്കണക്കിന് അനുയായികളും ചൈനീസ് അക്രമങ്ങളിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യയിലേക്കു പലായനം ചെയ്തു. ആദ്യം മസൂറിയിൽ താൽക്കാലിക താമസസൗകര്യവും പിന്നീട് ഹിമാചൽപ്രദേശിലെ ധരംശാലയിൽ സ്ഥിര താമസസൗകര്യവും ലാമയ്ക്കു നൽകി. 10 സംസ്ഥാനങ്ങളിലായി 45 ടിബറ്റൻ സെറ്റിൽമെന്റുകളുണ്ട്.

1961: ഗോവ വിമോചനം

ഗോവയിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് 1961 ഡിസംബറിൽ ‘ഓപ്പറേഷൻ വിജയ്’ സൈനിക നടപടിയിലൂടെ ഇന്ത്യ അന്ത്യം കുറിച്ചു. സൈനികദൗത്യം 36 മണിക്കൂർ നീണ്ടു. പോർച്ചുഗീസ് ഗവർണർ ജനറൽ മാനുവൽ അന്റോണിയോ വസാലിയോ ഇ സിൽവ ഡിസംബർ 19നു കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പിട്ടു. ഗോവയ്ക്കൊപ്പം ദാമൻ, ദിയു പ്രദേശങ്ങളും പോർച്ചുഗീസുകാരിൽനിന്നു മോചിപ്പിക്കപ്പെട്ടു.

1962: ചൈന യുദ്ധം

ഒക്ടോബർ 20നു രാത്രി ലഡാക്കിലും നേഫയിലും (അരുണാചൽപ്രദേശ്) ഒരേ സമയം ചൈനീസ് പട്ടാളം അതിക്രമിച്ചുകയറി. നവംബർ 21നു ചൈന ഏകപക്ഷീയമായി വെടിനിർത്തുന്നതുവരെ ഇന്ത്യയ്ക്കു കനത്ത നാശം വിതച്ചു.

1963 Rocket Launch
1963 നവംബർ 21ന് തുമ്പയിൽനിന്നു റോക്കറ്റ് വിക്ഷേപിക്കുന്നു.

1963: തുമ്പ തൊടുത്ത റോക്കറ്റ്

നവംബർ 21ന് തിരുവനന്തപുരത്തെ തുമ്പയിൽനിന്നായിരുന്നു ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്ഷേപണം. യുഎസിൽ നിർമിച്ച ‘നൈക്–അപ്പാച്ചി’ കാലാവസ്ഥാ നിരീക്ഷണ റോക്കറ്റാണു വിക്ഷേപിച്ചത്.

1964: കമ്യൂണിസ്റ്റ് പാർട്ടി  പിളർപ്പ്

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. ഏപ്രിൽ 11ന് സിപിഐ ദേശീയ കൗൺസിലിൽനിന്ന് 32 അംഗങ്ങൾ പ്രതിഷേധിച്ചിറങ്ങി സിപിഐ(എം) രൂപീകരിച്ചു. പ്രതിഷേധിച്ചിറങ്ങിയവരിൽ കേരളത്തിൽനിന്ന് ഇ.എം.എസ്.നമ്പൂതിരിപ്പാട്, എ.കെ.ഗോപാലൻ, എ.വി.കുഞ്ഞമ്പു, വി.എസ്.അച്യുതാനന്ദൻ, സി.എച്ച്.കണാരൻ, ഇ.കെ.നായനാർ, ഇ.കെ.ഇമ്പിച്ചിബാവ എന്നിവരാണുണ്ടായിരുന്നത്.

1965 India Pakistan War
1965ലെ യുദ്ധത്തിനിടെ കശ്മീരിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ ഉദ്യോഗസ്ഥരെ പിടികൂടിയപ്പോൾ.

1965: ഇന്ത്യ – പാക്ക് യുദ്ധം

ഓഗസ്റ്റ് അഞ്ചിന് പാക്കിസ്ഥാൻ കശ്മീരിലേക്ക് അതിക്രമിച്ചു കയറാൻ തുടങ്ങി. ഓഗസ്റ്റ് 27നു ഛാംബ് സെക്ടറിൽ പാക്ക് സേന ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ സൈനിക നടപടി ആരംഭിച്ചു. പഞ്ചാബിലും കച്ച് മേഖലയിലും ആക്രമണം രൂക്ഷമായതോടെ ഇന്ത്യൻ തിരിച്ചടി പൂർണയുദ്ധത്തിലെത്തി. സിയാൽകോട്ടിന്റെ ഒരു ഭാഗം പിടിച്ച ഇന്ത്യൻ സേന ലഹോറിന്റെ തൊട്ടടുത്തെത്തി. യുഎന്നും യുഎസും സോവിയറ്റ് യൂണിയനും ചെലുത്തിയ സമ്മർദങ്ങളെത്തുടർന്ന് സെപ്റ്റംബർ 23നു വെടിനിർത്തൽ കരാർ നിലവിൽവന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള കരാറിൽ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും 1966 ജനുവരി 10ന് സോവിയറ്റ് യൂണിയനിലെ താഷ്കന്റിൽ ഒപ്പുവച്ചു. പിറ്റേന്നു പുലർച്ചെ താഷ്കന്റിൽ  ശാസ്ത്രി അന്തരിച്ചു.

Reita Faria
1966ൽ ലോകസുന്ദരിയായ റീത്ത ഫാരിയ.

1966: റീത്ത ഫാരിയ ലോകസുന്ദരി

റീത്ത ഫാരിയയിലൂടെ ലോകസുന്ദരിപ്പട്ടം ആദ്യമായി ഇന്ത്യയിലേക്കെത്തി. പിന്നീട് ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മുഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ഛില്ലർ (2017) എന്നിവർ ലോകസുന്ദരിയായും സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർ വിശ്വസുന്ദരിയായും തിരഞ്ഞെടുക്കപ്പെട്ടു.

1967 Naxalbari Uprising
നക്സൽ നേതാവ് കുന്നിക്കൽ നാരായണൻ പൊലീസ് കസ്റ്റഡിയിൽ.

1967: കത്തിപ്പടർന്ന് നക്സൽബാരി

മേയ് 25നു ബംഗാളിലെ നക്സൽബാരിയിൽ കർഷകസമരത്തിനിടെ പൊലീസ് വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ട സംഭവം തീവ്ര ഇടതുപ്രസ്ഥാനങ്ങൾക്കു ശക്തി പകർന്നു. ഉന്മൂലന സിദ്ധാന്തത്തിലൂന്നിയ നക്സൽബാരി പ്രസ്ഥാനം ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കത്തിപ്പടർന്നു. ‘നക്സലൈറ്റ്’ എന്ന വാക്കുണ്ടായത് നക്സൽബാരിയിൽനിന്നാണ്.

MS Swaminathan
ഡോ എം.എസ്.സ്വാമിനാഥൻ

1968: ഹരിതാഭം വിപ്ലവം

ഭക്ഷ്യക്കമ്മിയുണ്ടായിരുന്ന ഇന്ത്യയെ പ്രമുഖ കാർഷികരാജ്യമാക്കി മാറ്റിയ പരിഷ്കരണമാണ് ഹരിതവിപ്ലവം. ഉയർന്ന ഉൽപാദനക്ഷമതയുള്ള വിത്തു വിതച്ച് ഇന്ത്യ ഗോതമ്പ് ഉൽപാദനത്തിൽ കുതിച്ചുചാട്ടം നടത്തി. ഉയർന്ന ഉൽപാദനശേഷിയുള്ള വിളസസ്യങ്ങളുമെത്തി. ലോക ഹരിതവിപ്ലവത്തിന്റെ പിതാവായ ഡോ. നോർമൻ ബോർലോഗിന്റെ സഹായത്തോടെ ഡോ എം.എസ്.സ്വാമിനാഥനാണ് ഇന്ത്യൻ ഹരിതവിപ്ലവത്തിനു നേതൃത്വം നൽകിയത്.

Morarji Desai, Indira Gandhi
മൊറാർജി ദേശായിയും ഇന്ദിര ഗാന്ധിയും.

1969: കോൺഗ്രസ് പിളർപ്പ്

നവംബർ 12ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കോൺഗ്രസിൽനിന്ന് പ്രസിഡന്റ് എസ്.നിജലിംഗപ്പയുടെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി പുറത്താക്കി. പിന്നാലെ, ഇന്ദിരയുടെ അധ്യക്ഷതയിൽ 22നും 23നും നടന്ന എഐസിസി സമ്മേളനം പ്രസിഡന്റ് സ്ഥാനത്തുനിന്നു നിജലിംഗപ്പയെ നീക്കി പുതിയ പ്രവർത്തകസമിതി രൂപീകരിച്ചതോടെ കോൺഗ്രസ് പിളർന്നു. നിജലിംഗപ്പ വിഭാഗം സംഘടനാ കോൺഗ്രസ് അഥവാ പ്രതിപക്ഷ കോൺഗ്രസ് എന്നും ഇന്ദിര വിഭാഗം ഭരണ കോൺഗ്രസ് എന്നും അറിയപ്പെട്ടു.

1969: ബാങ്ക് ദേശസാൽക്കരണം

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 2 തവണയായി 20 ബാങ്കുകൾ ദേശസാൽക്കരിച്ചു; 1969ൽ 14, 1980ൽ 6 ബാങ്ക് വീതം.

Verghese Kurien
വർഗീസ് കുര്യൻ

1970: ധവളവിപ്ലവം

വർഗീസ് കുര്യന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ ഫ്ലഡ്’ രാജ്യത്തെ ക്ഷീരമേഖലയുടെ വളർച്ച ഇരട്ടിയാക്കി. 25 ലക്ഷത്തിലേറെ ക്ഷീരകർഷകരെ ഒരു സംഘത്തിനു കീഴിൽ കൊണ്ടുവന്ന സഹകരണ വിപ്ലവമാണു കുര്യൻ സൃഷ്ടിച്ചത്. പാൽക്ഷാമമുണ്ടായിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാക്കി.

1971: വിമാനം റാഞ്ചൽ

ജനുവരി 30ന് 2 കശ്മീർ വിഘടനവാദികൾ ശ്രീനഗർ – ജമ്മു ഇന്ത്യൻ എയർലൈൻസ് വിമാനം പാക്കിസ്ഥാനിലെ ലഹോറിലേക്കു റാഞ്ചി. 28 യാത്രക്കാരും 4 ജീവനക്കാരും ചെറുവിമാനത്തിലുണ്ടായിരുന്നു. ആളുകളെ മോചിപ്പിച്ചെങ്കിലും വിമാനം അഗ്നിക്കിരയാക്കി.

1999 Flight Hijack
1999ൽ ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ടഹാർ വിമാനത്താവളത്തിൽ.

1999 ഡിസംബർ 24ന് നേപ്പാളിലെ കഠ്മണ്ഡുവിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഭീകരർ അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു റാഞ്ചി. 191 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടാൻ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഉൾപ്പെടെ 3 ഭീകരരെ ഇന്ത്യ മോചിപ്പിച്ചു.

india-pak-war
1971ലെ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിലെ കരസേന കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ.എ.കെ.നിയാസി കീഴടങ്ങൽ കരാറിൽ ഒപ്പുവയ്ക്കുന്നു. ഇന്ത്യൻ കരസേന കിഴക്കൻ കമാൻഡിന്റെ ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്ന ലഫ്. ജനറൽ ജഗ്‌ജിത് സിങ് അറോറയുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ.

1971: ഇന്ത്യ – പാക്ക് യുദ്ധം, ബംഗ്ലദേശ് മോചനം

കിഴക്കൻ പാക്കിസ്ഥാനിൽ മുജീബുർ റഹ്മാന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യപ്പോരാട്ടം ശക്തമാകുകയും അവാമി ലീഗ് പ്രവർത്തകർക്കെതിരെ സൈനിക നടപടികളുണ്ടാകുകയും ചെയ്തതോടെ ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാർഥിപ്രവാഹം തുടങ്ങി. ഇന്ത്യ ഡിസംബർ 3നു യുദ്ധം പ്രഖ്യാപിച്ചു. 13 ദിവസത്തിനു ശേഷം പാക്കിസ്ഥാൻ കീഴടങ്ങി. ബംഗ്ലദേശ് രൂപം കൊണ്ടു.

Indira
ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎമാരുമായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തുന്നു. പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് പകർത്തിയ ചിത്രം.

1975: അടിയന്തരാവസ്ഥ

റായ്ബറേലി മണ്ഡലത്തിൽനിന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരഞ്ഞെടുപ്പു റദ്ദാക്കിയുള്ള അലഹാബാദ് ഹൈക്കോടതി വിധിയെത്തുടർന്നു പ്രതിപക്ഷപ്രക്ഷോഭം ശക്തമായി. ജൂൺ 25ന് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടു. മാധ്യമങ്ങൾക്കു സെൻസർഷിപ് ഏർപ്പെടുത്തി. പ്രതിപക്ഷനേതാക്കളെ തടവിലാക്കി. 1977ലെ തിരഞ്ഞെടുപ്പു പരാജയശേഷം മാർച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു.

morarji-desai
1977 മാർച്ച് 24ന് പ്രധാനമന്ത്രിയായി മൊറാർജി ദേശായി ആക്ടിങ് പ്രസിഡന്റ് ബി.ഡി.ജെട്ടിക്കു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.

1977: കോൺഗ്രസ് ഇതര മന്ത്രിസഭ

അടിയന്തരാവസ്ഥയ്ക്കുള്ള തിരിച്ചടിയായി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. ജനതാപാർട്ടി നേതാവ് മൊറാർജി ദേശായി മാർച്ച് 24ന് ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

mother-teresa
1979ലെ സമാധാന നൊബേൽ പുരസ്കാരവുമായി മദർ തെരേസ.

1979: മദർ തെരേസയ്ക്ക് നൊബേൽ

‘മിഷനറീസ് ഓഫ് ചാരിറ്റി’ സ്ഥാപക മദർ തെരേസയ്ക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. 1998ൽ സാമ്പത്തികശാസ്ത്രത്തിൽ അമർത്യ സെൻ നൊബേൽ നേടി. കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടിയ കൈലാഷ് സത്യാർഥിക്ക് 2014ൽ സമാധാന നൊബേൽ.

1981: ബാഗ്‍മതി ട്രെയിൻ ദുരന്തം

ജൂൺ 6ന് ബിഹാറിലെ ഖഗഡിയയിൽ ബാഗ്‍മതി നദിയിലേക്കു ട്രെയിൻ മറിഞ്ഞ് എണ്ണൂറോളം പേർ മരിച്ചു. 1995 ഓഗസ്റ്റ് 20ന് യുപിയിലെ ഫിറോസാബാദിൽ പുരുഷോത്തം എക്സ്പ്രസും കാളിന്ദി എക്സ്പ്രസും കൂട്ടിയിടിച്ചു മുന്നൂറിലേറെ മരണം സംഭവിച്ചതും 1998 നവംബർ 26നു പഞ്ചാബിലെ ഖന്നയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 212 പേർ മരിച്ചതും പ്രധാന റെയിൽവേ ദുരന്തങ്ങളാണ്.

bhanu-arthaiya
ഭാനു അതയ്യ ഓസ്കർ പുരസ്കാരവുമായി.

1983: ഓസ്കർ പുരസ്കാരം

ഭാനു അതയ്യയിലൂടെ ഇന്ത്യയ്ക്ക് പ്രഥമ ഓസ്കർ. ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനായിരുന്നു പുരസ്കാരം. 1992ൽ സംവിധായകൻ സത്യജിത് റേയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള ഓണററി ഓസ്കർ ലഭിച്ചു. 2009ൽ ‘സ്ലംഡോഗ് മില്യനയറി’ലൂടെ എ.ആർ.റഹ്മാൻ ഇരട്ട ഓസ്കർ നേടി; പശ്ചാത്തലസംഗീതത്തിനും ‘ജയ്ഹോ’ എന്ന ഗാനത്തിനും. ശബ്ദമിശ്രണത്തിനുള്ള പുരസ്കാരവുമായി റസൂൽ പൂക്കുട്ടി മലയാളത്തിന്റെ കൂടി അഭിമാനമായി. ‘ജയ്ഹോ’യുടെ രചനയ്ക്ക് ഗുൽസാറിനും ഓസ്കർ ലഭിച്ചു.

kapil-dev
1983ലെ ക്രിക്കറ്റ് ലോകകപ്പുമായി ഇന്ത്യൻ നായകൻ കപിൽ ദേവ്.

1983: ലോക ക്രിക്കറ്റ് ജേതാക്കൾ

ലോഡ്സിൽ വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായി. 2011ൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് രണ്ടാമത്തെ ലോക ക്രിക്കറ്റ് കിരീടം. 2007ൽ ട്വന്റി20 ലോകകപ്പ് കിരീടവും നേടി

1984: ഓപ്പറേഷൻ ബ്ലൂ സ്റ്റാർ

പഞ്ചാബിലെ സവർണക്ഷേത്രത്തിൽ തമ്പടിച്ച ഖലിസ്ഥാൻ തീവ്രവാദികളെ തുരത്താൻ ജൂൺ 3 മുതൽ 8 വരെ ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാർ’ സൈനിക നടപടിയിൽ നേതാവ് ജർണയിൽ സിങ് ഭിന്ദ്രൻവാലയടക്കം നൂറുകണക്കിനു തീവ്രവാദികൾ കൊല്ലപ്പെട്ടു.

bhopal
1984ൽ ഭോപാലിലെ യൂണിയൻ കാർബൈഡ് കമ്പനി പ്ലാന്റിൽനിന്നു ചോർന്ന വിഷവാതകം ശ്വസിച്ച് അവശനിലയിലായ കുട്ടികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.

1984: ഭോപാൽ ദുരന്തം

ഡിസംബർ രണ്ടിനു രാത്രി യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി പ്ലാന്റിൽനിന്നു ചോർന്ന മീഥൈൽ ഐസോസൈനേറ്റ് ശ്വസിച്ചു 3789 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇരുപതിനായിരത്തോളം പേർ ദുരന്തത്തിന് ഇരയായതായി കരുതപ്പെടുന്നു.

Indira-funeral
1984 നവംബർ 3ന് ഇന്ദിരാഗാന്ധിയുടെ സംസ്കാരച്ചടങ്ങിൽ രാജീവ് ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ

1984: ഇന്ദിര വധം

ഒക്ടോബർ 31ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരായ ബിയാന്ത് സിങ്, സത്വന്ത് സിങ് എന്നിവരുടെ വെടിയേറ്റു മരിച്ചു.

rakesh
രാകേഷ് ശർമ

1984: രാകേഷ് ശർമ ബഹിരാകാശത്ത്

സോവിയറ്റ് വാഹനമായ സോയൂസ് ടി-11ൽ ഏപ്രിൽ 2ന് ബഹിരാകാശത്തെത്തിയ രാകേഷ് ശർമയാണു ബഹിരാകാശത്തു സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ. 7 ദിവസം കഴിഞ്ഞു മടങ്ങിയെത്തി.

kanishka
1985ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണ എയർ ഇന്ത്യ ‘എംപറർ കനിഷ്ക’ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അയർലൻഡ് നാവികസേനാംഗങ്ങൾ തീരത്തെത്തിച്ചപ്പോൾ. ( (Photo credit should read ANDRE DURAND/AFP via Getty Images)

1985: കനിഷ്ക വിമാനദുരന്തം

കാനഡയിലെ ടൊറന്റോയിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യയുടെ ‘എംപറർ കനിഷ്ക’ ബോയിങ് 747 ജംബോ ജെറ്റ് വിമാനം ജൂൺ 23ന് അയർലൻഡ് തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നുവീണ് 307 യാത്രക്കാരും 22 ജീവനക്കാരും മരിച്ചു. 1996 നവംബർ 12നു ഹരിയാനയിലെ ചർക്കി ദാദ്രി ഗ്രാമത്തിനു മുകളിൽ സൗദി എയർവേയ്‌സ് – കസഖ് എയർവേയ്‌സ് വിമാനങ്ങൾ കൂട്ടിയിടിച്ചു 349 പേർ മരിച്ചു.

1987: ഇന്ത്യ – ശ്രീലങ്ക കരാർ

rajiv-gandhi-lanka
1987ൽ ഇന്ത്യ – ശ്രീലങ്ക സമാധാനക്കരാറിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്ക പ്രസിഡന്റ് ജെ.ജയവർധനെയും ഒപ്പിടുന്നു.

ശ്രീലങ്കയിലെ വംശീയപ്രശ്നത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടൽ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്ക പ്രസിഡന്റ് ജെ.ജയവർധനെയും ജൂലൈ 29നു കരാറിൽ ഒപ്പിട്ടു. കരാറിന്റെ അടിസ്ഥാനത്തിൽ വടക്കൻ ലങ്കയിലെത്തിയ ഇന്ത്യൻ സേന തമിഴ് പുലികളുമായി (എൽടിടിഇ) ഏറ്റുമുട്ടി. 1990ൽ ഇന്ത്യൻ സേന ലങ്ക വിട്ടു.

1990: മണ്ഡൽ സമരം

പിന്നാക്കക്കാർക്ക് കേന്ദ്ര സർക്കാർ – പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ 27% ഏർപ്പെടുത്തിയ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ വി.പി.സിങ് സർക്കാരിനെതിരെ സമരങ്ങളുടെ പരമ്പര. ‍ഡൽഹിയിൽ രാജീവ് ഗോസ്വാമി എന്ന വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിനു പിന്നാലെ രാജ്യത്തു പലയിടത്തും ആത്മഹത്യകളും അക്രമങ്ങളും.

IND2878A.JPG
നരസിംഹ റാവുവും മൻമോഹൻ സിങ്ങും. ( PTI PHOTO)

1991: ഉദാരവൽക്കരണം

ഇന്ത്യൻ സമ്പദ്ഘടനയ്ക്കു വികസിതരാജ്യങ്ങളോടു മത്സരിക്കാനുള്ള കെൽപേകാൻ ഉദാരവൽക്കരണ നടപടികൾക്കു തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരസിംഹ റാവുവും ധനമന്ത്രി മൻമോഹൻ സിങ്ങുമാണ് ഉദാരവൽക്കരണത്തിന്റെ ശിൽപികൾ. കയറ്റുമതി ഉയർന്നതിനൊപ്പം വിദേശനിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടവുമുണ്ടായി. വിപണിയുടെ വളർച്ച ഉറപ്പാക്കിയതിനൊപ്പം ദാരിദ്ര്യം കുറയ്ക്കാനുമായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

rajiv-gandhi
1991 മേയ് 21ന് ശ്രീപെരുംപുത്തൂരിലെ പൊതുയോഗത്തിനെത്തിയ രാജീവ് ഗാന്ധി, കോകിലവാണി എന്ന പെൺകുട്ടി കവിത ചൊല്ലുന്നതു കേൾക്കുന്നു. തലയിൽ പൂചൂടിയ തനു (ഇടത്) തൊട്ടുപിന്നാലെ രാജീവിനടുത്തെത്തി മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.

1991: രാജീവ് വധം

1991 മേയ് 21ന് ശ്രീപെരുംപുത്തൂരിലെ പൊതുയോഗത്തിനെത്തിയ രാജീവ് ഗാന്ധി, കോകിലവാണി എന്ന പെൺകുട്ടി കവിത ചൊല്ലുന്നതു കേൾക്കുന്നു. തലയിൽ പൂചൂടിയ തനു (ഇടത്) തൊട്ടുപിന്നാലെ രാജീവിനടുത്തെത്തി മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.

babri
1992ൽ കർസേവകർ ബാബറി മസ്ജിദ് തകർക്കുന്നു.

1992: ബാബറി മസ്ജിദ് തകർക്കൽ

രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി കർസേവകർ ഡിസംബർ 6ന് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു.

INDIA-UNREST-TERRORIST
2008 നവംബറിൽ ഭീകരാക്രമണമുണ്ടായ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിൽ ഭീകരരെ തുരത്താനുള്ള നടപടിക്കിടെ സൈനികർ. (AFP PHOTO/PEDRO UGARTE)

1993: നൊമ്പരമായി മുംബൈ  

മാർച്ച് 12നു മുംബൈയെ നടുക്കി സ്ഫോടനപരമ്പര. 12 ഇടങ്ങളിലായുണ്ടായ സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെട്ടു. 713 പേർക്കു പരുക്കേറ്റു.

2008 നവംബർ 26ന് 10 പാക്ക് ഭീകരർ നടത്തിയ ആക്രമണങ്ങൾ മുംബൈയെ ചോരക്കളമാക്കി. 3 ദിവസം നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് 166 പേർ. 9 ഭീകരരെ വധിച്ചു. പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21നു തൂക്കിലേറ്റി.

INDIA PAKISTAN
1999 ജൂലൈ 15ന് ദ്രാസ് സെക്ടറിലെ പോയിന്റ് 4875ൽ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഇന്ത്യൻ സൈനികർ ദേശീയപതാക ഉയർത്തിയപ്പോൾ. (AP Photo/Aijaz Rahi)

1999: ഇന്ത്യ – പാക്ക് യുദ്ധം

മേയിൽ കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യൻ കരസേനയും വ്യോമസേനയും ‘ഓപ്പറേഷൻ വിജയ്’ ദൗത്യം ആരംഭിച്ചു. ജൂലൈ 27ന് ഇന്ത്യ വിജയം പ്രഖ്യാപിച്ചു.

2001: ഗുജറാത്ത് ഭൂകമ്പം

ജനുവരി 26ന് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുജറാത്തിൽ കനത്ത നാശമുണ്ടാക്കി; ഇരുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. 1999ൽ ഒഡീഷയിൽ സംഹാരതാണ്ഡവമാടിയ ‘സൂപ്പർ സൈക്ലോൺ’ ചുഴലിക്കാറ്റിലും പ്രളയത്തിലും പതിനായിരത്തിലേറെ മരണം. 2004ൽ ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി ഇന്ത്യയിൽ കേരളതീരത്തടക്കം കനത്ത നാശം വിതച്ചു; മരണം പതിനായിരത്തിലേറെ.

Parliament attack
2001 ഡിസംബർ 13ന് ഭീകരാക്രമണമുണ്ടായപ്പോൾ പാർലമെന്റ് വളപ്പിൽ ഉദ്യോഗസ്ഥർക്കു സുരക്ഷയൊരുക്കുന്ന കമാൻഡോകൾ.

2001:പാർലമെന്റ് ഭീകരാക്രമണം

ഡിസംബർ 13ന് ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ ഭീകരർ പാർലമെന്റ് വളപ്പിൽ കാറിലെത്തി ആക്രമണം നടത്തി. പാർലമെന്റ് മന്ദിരത്തിലേക്കു കടക്കും മുൻപ് 5 ഭീകരരെയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ രക്തസാക്ഷികളായി.

Gujarat Riot
ഗോധ്ര സംഭവത്തെത്തുടർന്ന് അഹമ്മദാബാദിലുണ്ടായ സംഘർഷത്തിൽ കാറിനു തീവച്ചപ്പോൾ.

2002:ഗുജറാത്ത് കലാപം

ഫെബ്രുവരി 27നു ഗുജറാത്തിലെ ഗോധ്രയിൽ 59 കർസേവകരുടെ മരണത്തിനിടയാക്കിയ സബർമതി എക്സ്പ്രസ് ട്രെയിൻ തീവയ്പും തുടർന്ന് രണ്ടായിരത്തോളം പേരുടെ ജീവനെടുത്ത വർഗീയകലാപവും അരങ്ങേറി. 1044 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ; രണ്ടായിരത്തോളമെന്ന് അനൗദ്യോഗിക കണക്ക്. പതിനായിരങ്ങൾ പലായനം ചെയ്തു.

ISRO
2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്നു ചന്ദ്രയാൻ-1 വിക്ഷേപണം നടത്തിയപ്പോൾ.

2008: ചന്ദ്രയാൻ

ഒക്ടോബർ 22നു വിക്ഷേപിച്ച ‘ചന്ദ്രയാൻ 1’ ദൗത്യത്തിലൂടെ ഇസ്റോ ചന്ദ്രനിൽ ജലസാന്നിധ്യം കണ്ടെത്തി. 2019 ജൂലൈ 22നു വിക്ഷേപിച്ച ‘ചന്ദ്രയാൻ 2’ ദൗത്യത്തിന്റെ ലാൻഡർ പരാജയപ്പെട്ടെങ്കിലും ഓർബിറ്റർ ചന്ദ്രന്റെ ഭ്രമണപഥത്തിലുണ്ട്. 2013ൽ ചൊവ്വാ ദൗത്യമായ മംഗൾയാൻ വിക്ഷേപിച്ചു. പ്രഥമ ചൊവ്വാദൗത്യം വിജയത്തിലെത്തിച്ച ആദ്യ രാജ്യമാണ് ഇന്ത്യ.

2016: നോട്ട് നിരോധനം

നവംബർ എട്ടിന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു. 15.4 ലക്ഷം കോടി രൂപയുടെ നോട്ടുകൾ പിൻവലിച്ചതിൽ 15.2 ലക്ഷം കോടി രൂപയും തിരിച്ചെത്തിയെന്നാണു റിസർവ് ബാങ്കിന്റെ കണക്ക്.

2017: ജിഎസ്ടി

രാജ്യത്തെ ഏറ്റവും വലിയ നികുതിപരിഷ്കാരമായി ജൂലൈ ഒന്നിന് ചരക്ക്, സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നു.

2019:സുവർണ സിന്ധു

സ്വിറ്റ്സർലൻഡിലെ ബാസലിൽ വനിതാ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി പി.വി.സിന്ധുവിന് ലോക ബാഡ്മിന്റൻ കിരീടം. ലോക ചാംപ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം.

2019:പുൽവാമ, ബാലാക്കോട്ട്

ഫെബ്രുവരി 14നു പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാർ വീരമൃത്യു വരിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരതാവളങ്ങൾ തകർത്ത് ഇന്ത്യ തിരിച്ചടിച്ചു. ദൗത്യത്തിനിടെ ഫെബ്രുവരി 27നു പാക്ക് പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാർച്ച് ഒന്നിനു മോചിതനായി.

2019:ജമ്മു കശ്മീർ വിഭജനം

ഭരണഘടനയുടെ 370–ാം വകുപ്പിൽ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ ഓഗസ്റ്റ് 5നു റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി; പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചു.

INDIA-CITIZENSHIP/PROTESTS
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിനു മുൻപിൽ പ്രതിഷേധിക്കുന്നവർ.

2019: പൗരത്വ ഭേദഗതി നിയമം

വിവാദമായ പൗരത്വ ഭേദഗതി നിയമം ഡിസംബർ 9ന് അവതരിപ്പിച്ചു. 12ന് അംഗീകാരമായി. ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു പലായനം ചെയ്തെത്തുന്ന മുസ്‍ലിംകളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണിത്. നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു.

TOPSHOT-INDIA-POLITICS-AGRICULTURE-PROTEST
വിവാദ കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി 2021 ജനുവരി 26നു ഡൽഹിയി‍ൽ കർഷകർ നടത്തിയ ട്രാക്ടർ റാലി.

2020: കർഷക പ്രക്ഷോഭം

കേന്ദ്ര സർക്കാരിന്റെ പുതിയ കൃഷി നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചും വിളകൾക്കു താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും നവംബർ 26 മുതൽ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കർഷകർ ഡൽഹിയുടെ അതിർത്തിമേഖലകളിൽ പ്രക്ഷോഭമാരംഭിച്ചു. 2021 നവംബർ 20നു 3 വിവാദ നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചു. വിളകൾക്കു താങ്ങുവില ഉറപ്പാക്കണമെന്നതടക്കമുള്ള 5 ആവശ്യങ്ങളിൽ ഉറപ്പു ലഭിച്ചതിനെത്തുടർന്ന് 2021 ഡിസംബർ 9നു പ്രക്ഷോഭം അവസാനിപ്പിച്ചു.

English Summary: India Milestones after Independence - A Photo Essay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}