ജാതി മായാത്ത ഇന്ത്യ

BR Ambedkar
അംബേദ്കർ
SHARE

സാമൂഹിക വിവേചനയന്ത്രമായി ജാതി ഇന്ത്യൻ സമൂഹത്തിന്റെ സർവതലങ്ങളിലും വേരാഴ്ത്തിനിൽക്കുന്നു. സാമൂഹികസ്വതന്ത്ര്യം എന്ന അടിസ്ഥാനമൂല്യത്തെ അപ്രസക്തമാക്കി അത് ഇന്ത്യൻ ജീവിതത്തിലെ സുപ്രധാനഘടകമായി തുടരുന്നു.

ഇളകിയ മണ്ണിൽ പടുത്തുയർത്തുന്ന കെട്ടിടമാണ് ഇന്ത്യൻ ജനാധിപത്യമെന്ന് ഡോ. ബി.ആർ. അംബേദ്കർ താക്കീതു നൽകിയിരുന്നു. ജനാധിപത്യവും ഇന്ത്യയിലെ സാമൂഹികജീവിതവും തമ്മിൽ അടിസ്ഥാനപരമായ ചില വൈരുധ്യങ്ങളുള്ളതായി അദ്ദേഹം കരുതി. ജനാധിപത്യത്തിന്റെ ആധാരതത്വങ്ങളായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെയാണ് അംബേദ്കർ ഉയർത്തിപ്പിടിച്ചത്. പ്രബുദ്ധതായുഗവും ഫ്രഞ്ച് വിപ്ലവവും ജന്മം നൽകിയ ഈ മൂല്യങ്ങളെ ആഴത്തിൽ സ്വാംശീകരിക്കുന്നതിലൂടെ മാത്രമേ ഏതൊരു സമൂഹത്തിനും ജനാധിപത്യപരമായി നിലനിൽക്കാനും വികസിക്കാനും കഴിയൂ. പരമ്പരാഗത ഇന്ത്യൻ സമൂഹം ഇതിന് ഒരു നിലയ്ക്കും പ്രാപ്തമല്ലായിരുന്നു. ‘ശ്രേണീകൃതമായ അസമത്വം’ (graded inequality) എന്ന് അംബേദ്കർ വിവരിക്കുന്ന ജാതിവ്യവസ്ഥയാൽ ബന്ധിതമായ ഒന്നാണത്. മനുഷ്യർക്കിടയിലെ സമത്വത്തെ സ്വാഭാവികമായി ഉൾക്കൊള്ളാൻ ഒരുനിലയ്ക്കും തയാറല്ലാത്ത ഒന്ന്. സഹസ്രാബ്ദങ്ങളായി ഇന്ത്യൻ സമൂഹശരീരത്തിന്റെ സമസ്ത തലങ്ങളിലും വേരാഴ്ത്തിനിൽക്കുന്ന ജാതിവ്യവസ്ഥ ജനാധിപത്യത്തിന്റെ ഹൃദയതത്വമായ സമത്വഭാവനയെ വേരോടെ പിഴുതുകളയുന്ന ഒന്നാണെന്ന കാര്യമാണ് അംബേദ്കർ വ്യക്തമാക്കിയത്.

അംബേദ്കറുടെ ജനാധിപത്യദർശനം

1949 നവംബർ 25ന് ഭരണഘടനാ നിർമാണ സഭയിലെ ചർച്ചകൾ ഉപസംഹരിച്ച് അംബേദ്കർ നടത്തിയ പ്രസംഗം ഇന്ത്യയിലെ ജനാധിപത്യത്തിനുള്ളിലെ ഗാഢമായ വൈരുധ്യങ്ങളിലേക്കു വിരൽചൂണ്ടുന്നുണ്ട്. രാഷ്ട്രീയ ജനാധിപത്യത്തെ ഒറ്റതിരിച്ചു മനസ്സിലാക്കുന്നതിലെ പോരായ്മയെക്കുറിച്ചാണ് അദ്ദേഹമവിടെ പറഞ്ഞത്. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യത്തിന്റെ അഭാവത്തിൽ രാഷ്ട്രീയ ജനാധിപത്യം വെറുമൊരു പുറന്തോടുമാത്രമായേ നിലനിൽക്കൂ. ഒരാൾക്ക് ഒരു വോട്ടും എല്ലാ വോട്ടുകൾക്കും തുല്യമൂല്യവുമുള്ള ഒരു വ്യവസ്ഥയിലേക്കു നാം പ്രവേശിക്കുകയാണെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടി.

എന്നാൽ, എല്ലാ മനുഷ്യർക്കും തുല്യമൂല്യമുള്ള വ്യവസ്ഥയിൽനിന്നു നാം കാതങ്ങളോളം അകലെയാണ്. ഈ അകലത്തിനു പിന്നിലെ ഏറ്റവും പ്രബലമായ കാരണം ജാതിവ്യവസ്ഥയാണ്. അതു രാഷ്ട്രീയ ജനാധിപത്യംകൊണ്ടു മാത്രം പരിഹരിക്കാവുന്ന ഒന്നല്ല. സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തിന്റെ പേശികളും നാഡീതന്തുക്കളുമാണെന്നു ‘ഭരണകൂടവും ന്യൂനപക്ഷങ്ങളും’ എന്ന തന്റെ പ്രസിദ്ധമായ രചനയിൽ അംബേദ്കർ ചൂണ്ടിക്കാട്ടിയത് അതുകൊണ്ടാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ പരിമിതി, അതിനു രാഷ്ട്രീയ ജനാധിപത്യത്തിനപ്പുറം പോകാനുള്ള ശേഷിയില്ല എന്നതാണെന്ന കാര്യം അദ്ദേഹം എടുത്തുപറയുന്നുണ്ട്. ജനാധിപത്യത്തിന്റെ ആധാരതത്വമായ സമത്വഭാവനയെ അത് ഏറ്റുവാങ്ങിയില്ല.

BR Ambedkar
അംബേദ്കർ

ഇന്ത്യൻ ജനാധിപത്യപ്രക്രിയ നേരിടാനിരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്നിനെ അംബേദ്കർ മുൻകൂട്ടി കണ്ടതും ഈ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയഭൂരിപക്ഷത്തെ സാമുദായിക/വർഗീയ ഭൂരിപക്ഷംകൊണ്ടു പകരംവയ്ക്കാം എന്ന സാധ്യത ഇന്ത്യയിലുണ്ട്. ജനാധിപത്യത്തെ സമ്പൂർണമായി നിരർഥകമാക്കുന്ന ഒന്നാണത്. സമഗ്രാധിപത്യത്തിലേക്കും ഫാഷിസത്തിലേക്കും വഴിതുറന്നുകിടക്കുന്ന കേവല ഭൂരിപക്ഷവാദമാണത്. മെജോറിറ്റേറിയനിസത്തിന്റെ ഈ വിപത്തിൽനിന്നു ജനാധിപത്യത്തെ രക്ഷിക്കാൻപോന്ന വിധത്തിൽ ഭരണഘടനയിൽത്തന്നെ സവിശേഷമായ മുൻകരുതലുകൾ ഉണ്ടാകണമെന്ന് അംബേദ്കർ ആഗ്രഹിച്ചിരുന്നു. കേവലഭൂരിപക്ഷവാദത്തെ ചെറുക്കാൻപോന്ന നിലയിൽ അംബേദ്കർ തന്റെ ജനാധിപത്യ ദർശനം വികസിപ്പിച്ചതും അതുകൊണ്ടാണ്. ഭൂരിപക്ഷഹിതമല്ല, മറിച്ച് വ്യത്യസ്തരായിരിക്കാനും ആ വ്യത്യസ്തതയുടെ പേരിൽ ഇരയാക്കപ്പെടാതിരിക്കാനുമുള്ള അവകാശമാണു ജനാധിപത്യം എന്ന അദ്ദേഹത്തിന്റെ വിശദീകരണം ഇന്ത്യൻ സാഹചര്യത്തിൽ നിർണായക പ്രാധാന്യമുള്ള ഒന്നാണ്. ജനാധിപത്യം കേവലഭൂരിപക്ഷവാദമായി പരിണമിച്ച് ഫാഷിസത്തിലേക്കു ചുവടുവയ്ക്കാനുള്ള സാധ്യതകളെ മുൻകൂട്ടിക്കാണുകയും ആ വിപത്തിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ജനാധിപത്യദർശനമായിരുന്നു അത്.

ഗാന്ധിയും അംബേദ്കറും ജാതിയും

നിർഭാഗ്യവശാൽ, ജനാധിപത്യത്തെ പുറംതൊണ്ടുമാത്രമാക്കുന്ന പ്രവണതകളെ പ്രതിരോധിക്കാനുള്ള ബലം ഇന്ത്യയിലെ ജനാധിപത്യപ്രക്രിയയ്ക്കു കാര്യമായൊന്നും കൈവന്നില്ല. സ്വാതന്ത്ര്യപ്രാപ്തിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിലും മനുഷ്യർക്കിടയിലെ തുല്യത എന്ന അടിസ്ഥാനമൂല്യത്തിന് ഇന്ത്യൻ സമൂഹത്തിൽ കാര്യമായ ഇടമൊന്നുമില്ല. ജാതിബന്ധങ്ങൾ ജന്മംനൽകിയ അസമത്വത്തിന്റെ വേരുകൾ മാറ്റമില്ലാതെ തുടരുന്നു. പ്രകടവും പ്രത്യക്ഷവുമായ ജാതിമർദനങ്ങൾ മുതൽ ജാതിക്കൊലകൾ വരെ ഇന്ത്യൻ ജീവിതത്തിന്റെ സ്വാഭാവികഭാഗമായി അവശേഷിക്കുന്നുണ്ട്. 

Barrister George Joseph
ബാരിസ്റ്റർ ജോർജ് ജോസഫ്

ജാതിവിവേചനത്തിന്റെ കെട്ടുപാടുകൾ പൊട്ടിക്കാൻ സഹായകമാകുമെന്ന് അംബേദ്കർ പ്രതീക്ഷിച്ചിരുന്ന വ്യവസായം, നഗരവൽക്കരണം, വിദ്യാഭ്യാസവ്യാപനം തുടങ്ങിയ ആധുനികീകരണത്തിന്റെ അടിസ്ഥാനോപാധികൾ അതിനു വഴിതുറന്നില്ല എന്നതാണ് യാഥാർഥ്യം. അത്തരം ഘടകങ്ങളെയെല്ലാം മറികടന്നുപോകുന്ന സാമൂഹിക വിവേചനയന്ത്രമായി ജാതി ഇന്ത്യൻ സമൂഹത്തിന്റെ സർവതലങ്ങളിലും വേരാഴ്ത്തിനിൽക്കുന്നതാണു നാം കാണുന്നത്. സാമൂഹികസ്വാതന്ത്ര്യം എന്ന അടിസ്ഥാനമൂല്യത്തെ അപ്രസക്തമാക്കി അത് ഇന്ത്യൻ ജീവിതത്തിലെ സുപ്രധാനഘടകമായി തുടരുന്നു.

ജാതിവ്യവസ്ഥയെയും അത് ഇന്ത്യയിലെ സാമൂഹികജീവിതത്തിൽ ഉളവാക്കുന്ന ഗാഢമായ വൈരുധ്യങ്ങളെയും അഭിസംബോധന ചെയ്യുന്നതിൽ ദേശീയപ്രസ്ഥാനകാലം മുതൽക്കേ നാം കാര്യമായ വിജയമൊന്നും നേടിയിട്ടില്ല. 1920–കൾ വരെയുള്ള ആദ്യഘട്ടത്തിൽ ജാതിനശീകരണപരമായ ഊന്നലുകൾ ദേശീയപ്രസ്ഥാനത്തിന് ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. രാഷ്ട്രീയസ്വാതന്ത്ര്യം എന്നതിനപ്പുറത്തുള്ള നവോത്ഥാനപരമായ ഇടപെടലുകളോടു പല നേതാക്കളും വിമുഖരുമായിരുന്നു. മതാത്മകമായ പ്രേരണകളെ ദേശീയതയുടെ അടിത്തറയായിക്കണ്ട ആ പാരമ്പര്യത്തിന്, ജാതി ഇന്ത്യയുടെ സ്വാഭാവിക ജീവിതരീതിയായാണ് അനുഭവപ്പെടുന്നത്. ഇതിൽ കാര്യമായ ചില വ്യത്യാസങ്ങൾ വന്നതു ഗാന്ധിജിയുടെ രംഗപ്രവേശത്തോടെയാണ്.

മതാത്മകമായ രാഷ്ട്രീയഭാവനയ്ക്കപ്പുറംകടന്ന് മതനിരപേക്ഷമായ ഭൗതികപ്രശ്നങ്ങളെ ദേശീയപ്രസ്ഥാനത്തിന്റെ ആധാരമാക്കി ഉയർത്തിക്കൊണ്ടുവരുന്നതിൽ ഗാന്ധിജി വിജയിച്ചു. പക്ഷേ, അപ്പോഴും ജാതീയമായ സാമൂഹികവിഭജനത്തെ ചെറുക്കുന്നതു ഗാന്ധിജി പ്രധാനമായി കണ്ടിരുന്നില്ല. പരമ്പരാഗതമായ തൊഴിൽ വിഭജനരൂപം എന്ന നിലയിലാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഗാന്ധിജി ജാതിയെ പരിഗണിച്ചത്. പിന്നീട് അയിത്തോച്ചാടനത്തെ പ്രധാന കർമപരിപാടിയായി അവതരിപ്പിച്ചപ്പോഴും ജാതിയെ ഹിന്ദുമതത്തിന്റെ ആഭ്യന്തരപ്രശ്നമെന്ന നിലയിലാണ് അദ്ദേഹം വിലയിരുത്തിയത്. ഇന്ത്യൻ സമൂഹത്തിലെ അടിസ്ഥാനപരമായ മനുഷ്യാവകാശപ്രശ്നമാകാം എന്ന നിലയിൽ ജാതിയെ അഭിസംബോധനചെയ്യാൻ അദ്ദേഹം തയാറായില്ല. വൈക്കം സത്യഗ്രഹത്തിൽ പങ്കുചേർന്ന ബാരിസ്റ്റർ ജോർജ് ജോസഫിനോട് അതിൽനിന്നു വിട്ടുനിൽക്കാൻ ഗാന്ധിജി ആവശ്യപ്പെട്ടതങ്ങനെയാണ്.

ഈയൊരുപ്രശ്നത്തെ സമഗ്രമായി അഭിസംബോധന ചെയ്തത്, ജാതിനിർമൂലനത്തെ തന്റെ രാഷ്ട്രീയകാര്യപരിപാടിയുടെ കേന്ദ്രമാക്കി മാറ്റിയ അംബേദ്കർ ആണ്. ജാതിവിവേചനത്തിന് ഇരയായിത്തീരുന്നവരെ മാത്രം ബാധിക്കുന്ന ഒന്നല്ല ജാതിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അസമത്വപൂർണമായ ഒട്ടേറെ തട്ടുകളായി ക്രമീകരിക്കപ്പെട്ട ഒരു സമൂഹത്തിന് ഒരു നിലയ്ക്കും സ്വതന്ത്രമാകാൻ കഴിയില്ല. അതിലെ ഓരോ തട്ടിലുമുള്ള മനുഷ്യരെ അപമാനവീകരിക്കുന്ന ഒന്നാണു ജാതിവ്യവസ്ഥ. ഒപ്പം തന്നെ, ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഐക്യവും ഉദ്ഗ്രഥിതജീവിതവും അസാധ്യമാക്കുന്ന ഒന്നുമാണത്. ഇതിനെ മറികടക്കാതെ വ്യക്തികൾക്കോ രാഷ്ട്രത്തിനപ്പാടെതന്നെയോ സ്വാതന്ത്ര്യം കൈവരിക്കാനാവില്ല. ആ സാമൂഹിക സ്വാതന്ത്ര്യത്തിന്റെ ആധാരതത്വമായിരുന്നു അംബേദ്കറുടെ ജാതിനിർമൂലനം.

അംബേദ്കറുടെ സാഹോദര്യസങ്കൽപം

ജാതിനിർമൂലനത്തിന്റെ രാഷ്ട്രീയ കാര്യപരിപാടിയെ സമഗ്രമായ ജീവിതദർശനം തന്നെയായി വികസിപ്പിക്കാൻ അംബേദ്കർ ശ്രമിച്ചിരുന്നു. ‘ഭരണഘടനാപരമായ ധാർമികത’ എന്ന സങ്കൽപത്തിലൂടെ അംബേദ്കർ ശ്രമിച്ച കാര്യം അതാണ്. സാമൂഹികജീവിതത്തിന്റെ സർവതലങ്ങളിലും ആഴത്തിൽ വേരോടിയ ഭരണഘടനാമൂല്യങ്ങളിൽനിന്ന് ഈ ധാർമികമാനം ഉയർന്നുവരുമെന്നും അദ്ദേഹം കരുതി. സാഹോദര്യസങ്കൽപമായിരുന്നു ഈ ധാർമികഭാവനയുടെ കേന്ദ്രം. സാഹോദര്യത്തെ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും കൈകോർത്തുനിൽക്കുന്ന മൂല്യമായി ഭരണഘടനയുടെ ആമുഖം വിഭാവനംചെയ്യുന്നത് അതുകൊണ്ടാണ്. കേവലമായ ജീവകാരുണ്യ സങ്കൽപത്തിൽനിന്ന് ആഴമേറിയ നൈതിക– രാഷ്ട്രീയമൂല്യമായി സാഹോദര്യത്തെ വികസിപ്പിക്കുകയാണ് അംബേദ്കർ ചെയ്തത്. പിൽക്കാലത്ത് ബൗദ്ധമായ മൈത്രീസങ്കൽപത്തിലേക്ക് ഇതിനെ അദ്ദേഹം കൂട്ടിയിണക്കുകയും ചെയ്തു.

ജ്ഞാനോദയത്തിന്റെയും പ്രബുദ്ധതായുഗത്തിന്റെയും മൂല്യങ്ങളെ ഇന്ത്യൻ വേരുകളിൽ നിന്നുതന്നെ കണ്ടെടുത്ത് അതിനെ തന്റെ രാഷ്ട്രീയ കാര്യപരിപാടിയുടെയും ഭരണഘടനാ ദർശനത്തിന്റെയും ആധാരതത്വങ്ങളായി അംബേദ്കർ അവതരിപ്പിച്ചു. ഭരണഘടനയിൽ സന്നിഹിതമായ പരിവർത്തനോന്മുഖതയുടെ ആധാരമായി നിലകൊള്ളുന്നതും മറ്റൊന്നല്ല. അയിത്താചരണത്തെ കുറ്റകരമായി പ്രഖ്യാപിക്കുന്നതും സംവരണം ഉറപ്പുവരുത്തുന്നതും ഉൾപ്പെടെയുള്ള അനുച്ഛേദങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായിത്തീർന്നത് ഈ പശ്ചാത്തലത്തിലാണ്. സഹസ്രാബ്ദങ്ങളായി ഇന്ത്യൻ സമൂഹത്തിൽ വേരുപിടിച്ചുനിൽക്കുന്ന ജാതിവിവേചനം കേവലമായ തുല്യതയെ ജാതീയമായ മേൽക്കോയ്മയാക്കി മാറ്റുമെന്ന് അംബേദ്കർ മനസ്സിലാക്കിയിരുന്നു. അവസരസമത്വവും പ്രാതിനിധ്യാവകാശവും ഉറപ്പാക്കാതെ ജാതിബന്ധങ്ങളുടെ കെട്ടുപൊട്ടിക്കാനോ, സാമൂഹിക സ്വാതന്ത്ര്യം സാക്ഷാൽക്കരിക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള ആഭ്യന്തര ഊർജം നിലനിർത്തുന്നു എന്നതാണ് ഇന്ത്യൻ ഭരണഘടനയെ പരിവർത്തനോന്മുഖമാക്കുന്നത്.

Karl Marx
കാൾ മാർക്സ്

ജാതിയും മതസ്വത്വവും

ജാതിബന്ധങ്ങളുടെ ഉൽപാദനപരമായ അടിസ്ഥാനങ്ങളിലേക്കു വിരൽചൂണ്ടിയ ഇന്ത്യയിലെ ഇടതുപക്ഷത്തിനും അതിന്റെ അതിവർത്തനശേഷിയെ വേണ്ടവിധം അഭിസംബോധന ചെയ്യാനായില്ല. നാടുവാഴിത്തപരമായ ഉൽപാദനബന്ധങ്ങളുടെ അവശിഷ്ടലോകമായാണ് ഇടതുപക്ഷവ്യവഹാരങ്ങളിൽ ആദ്യഘട്ടത്തിൽ ജാതി പരിഗണിക്കപ്പെട്ടിരുന്നത്. കറുത്തതൊലിയിലെ അധ്വാനം ബന്ധിതമായിരിക്കുന്നിടത്തോളം വെളുത്ത തൊലിയിലെ അധ്വാനം വിമോചിതമാവില്ല എന്ന് അമേരിക്കയിലെ വർണവിവേചനത്തെ മുൻനിർത്തി കാൾ മാർക്സ് നടത്തിയ നിരീക്ഷണത്തിൽ ജാതിബന്ധങ്ങളുടെ വർഗപരമായ ഉള്ളടക്കം തിരിച്ചറിയാൻ പോന്ന സൂചനകളുണ്ടായിരുന്നു. അല്ലെങ്കിൽ, ഏറ്റവും കുറഞ്ഞ ബലപ്രയോഗത്തിലൂടെ മിച്ചമൂല്യം കവർന്നെടുക്കാൻ ഉപയുക്തമായ മതാത്മക പ്രത്യയശാസ്ത്രമെന്നു ഡി.ഡി. കൊസാംബി ജാതിക്കു നൽകിയ വിശദീകരണത്തിലും അതുണ്ടായിരുന്നു. എങ്കിലും അത്തരം സൂചനകൾ വിപുലമായ രാഷ്ട്രീയകാര്യപരിപാടിയായി വികസിച്ചുവന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തെ അകമേ കാർന്നു തിന്നുന്ന മാരകശക്തിയായി ജാതി സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും നിലനിന്നു. 

ഇപ്പോഴാകട്ടെ, ജാതിയെ മതസ്വത്വവുമായി കൂട്ടിവിളക്കി, മതരാഷ്ട്രത്തിലേക്കു പടിപടിയായി മുന്നേറുന്ന ചിത്രമാണു നാം കാണുന്നത്. കേവലസ്വത്വസങ്കൽപങ്ങളുടെ വിനാശകരമായ ഉള്ളടക്കം മതരാഷ്ട്രവാദത്തിന്റെ ആ മുന്നേറ്റത്തിനു വഴി തുറന്നുകൊടുത്തിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യസങ്കൽപത്തെ ഒരുമിച്ചണിനിരത്തുന്ന രാഷ്ട്രീയഭാവനകൊണ്ടേ അതിനെ പ്രതിരോധിക്കാനാവൂ. ഒരു ജനതയെന്ന നിലയിൽ അതിനുള്ള ആഭ്യന്തരശേഷി നാം കൈവരിച്ചിട്ടുണ്ടോ എന്നതാണ് ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന വലിയ ചോദ്യം.

English Summary: Remembering BR Ambedkar and Caste in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA