ഇന്ത്യയെ നെയ്തെടുത്ത ഗാന്ധി

Mahatma Gandhi
SHARE

തനിക്കെതിര രാജ്യദ്രോഹക്കേസ് നിലനിൽക്കെ 1922ൽ ഗാന്ധിജി യങ് ഇന്ത്യയിൽ എഴുതി: ‘അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമാണ് ഇന്ത്യയിൽ പരമപ്രധാനം’. ഗാന്ധിജിയെ 
തടവിലാക്കിയ ആ ബ്രിട്ടിഷ് നിയമത്തിന്റെ സാധുത പുനഃപരിശോധിക്കാൻ നമുക്ക് കാത്തിരിക്കേണ്ടി വന്നത് 100 വർഷം! 2022ൽ സുപ്രീം കോടതി 
ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു: ‘കൊളോണിയൽ ഭരണത്തിന്റെ ഈ ബാക്കിപത്രം നമുക്ക് പുനഃപരിശോധിക്കണം’.

ആധുനികലോകം കണ്ട വിശേഷജനുസ്സിൽപെട്ട അരാജകവാദികളിൽ ഒരാളായിരുന്നു മഹാത്മാഗാന്ധി. ‘അരാജകവാദി’ എന്ന വാക്കിനുള്ള അംഗീകരിക്കപ്പെട്ട നിർവചനം അധികാര സ്ഥാപനങ്ങളെയും അധികാരത്തെ നിലനിർത്തുന്ന ക്രമങ്ങളെയും നിഷേധിക്കുന്നയാൾ എന്നാണല്ലോ. ഇരുപതാം നൂറ്റാണ്ടു തുടങ്ങിയപ്പോൾ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആയിരുന്നു. അദ്ദേഹവും റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയിയും തമ്മിലുണ്ടായിരുന്ന അടുപ്പം പ്രശസ്തമാണ്. ടോൾസ്റ്റോയി മോസ്കോയിൽ നിന്ന് 200 കിലോമീറ്റർ അകലെ താമസിക്കുകയായിരുന്നു; ഗാന്ധിജി ജൊഹാനസ്ബർഗിൽ നിന്ന് 600 കിലോമീറ്റർ മാറി ഡർബനിലും.

കപ്പലുകളിൽ അവരുടെ കത്തുകൾ പരസ്പരം കടൽ കടന്നു. കൃത്യം 1900ൽ ലിയോ ടോൾസ്റ്റോയി ക്രിസ്‌തുജീവിതത്തെ ആശ്രയിച്ച് ‘അരാജകത്വം’ എന്ന പേരിൽ ഒരു ലേഖനമെഴുതി. അതിനും 6 കൊല്ലത്തിനു മുൻപ് ഗാന്ധിജി ദക്ഷിണാഫ്രിക്കൻ ഭരണകൂടത്തെ ധിക്കരിക്കുവാനായി നറ്റാൾ നാഷനൽ കോൺഗ്രസ് ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ടോൾസ്റ്റോയിയും ഗാന്ധിജിയും ഒരേ കാലത്ത്, ഒരേ സമയത്ത് ക്രിസ്തുവിലൂടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആദ്യപാഠങ്ങളും ‘പ്രകാശമാനമായ അരാജകത്വ’ത്തിന്റെ ആരാധകരുമായി മാറുകയായിരുന്നു. ടോൾസ്റ്റോയി മരിച്ച 1910ൽ ആണ് ഗാന്ധിജി ട്രാൻസ്‌വാളിൽ ടോൾസ്റ്റോയിയുടെ പേരിൽ ആശ്രമമുണ്ടാക്കി താമസിക്കാൻ തുടങ്ങിയത്. 5 കൊല്ലത്തിനുശേഷം 1915 ജനുവരി ആദ്യം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തി. പൊടുന്നനെ ഇന്ത്യയിൽ പുതിയ വെളിച്ചമുണ്ടായി. പ്രകാശമാനമായ അരാജകത്വം! ടോൾസ്റ്റോയി മരിച്ച് ഏഴു വർഷവും ഗാന്ധിജി ഇന്ത്യയിലെത്തി രണ്ടു വർഷവും കഴിഞ്ഞപ്പോഴേക്കും ലെനിന്റെ നേതൃത്വത്തിൽ റഷ്യയിൽ വിപ്ലവം നടന്നിരുന്നു. പണ്ഡിറ്റ് നെഹ്‌റുവിനെ അത് സ്വാധീനിച്ചെങ്കിലും ഗാന്ധിജിയെ ലെനിനോ റഷ്യൻ വിപ്ലവമോ സ്വാധീനിച്ചതേയില്ല.

Tolstoy
ടോൾസ്റ്റോയി

ഇത്രയും മുഖവുരയായി എഴുതിയത് 2022ൽ 75 തികയുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തെ നൂറുകൊല്ലം മുൻപുണ്ടായിരുന്ന, അതായത് 1922 ലെ, ഗാന്ധിജിയുടെ ജീവിത സന്ദർഭങ്ങളിലൂടെ ഒന്നു നോക്കുവാനാണ്. പലകോണുകളിലൂടെ ഗാന്ധിജിയെ നോക്കിയാൽ മാത്രമേ ആ സവിശേഷജന്മത്തെ ചെറിയ അളവിലെങ്കിലും നമുക്ക് മനസ്സിലാകൂ. പുതിയ കാലത്തിലേക്ക് ആ കാലാതീത ജന്മത്തെ ആനയിക്കുവാൻ കഴിയൂ. വിവിധ വഴികളിലൂടെ ആളുകൾ എവറസ്റ്റ് കയറാൻ ശ്രമിക്കാറുണ്ടല്ലോ, അതുപോലെ.

ഇന്ത്യൻ മനസ്സിനെ വീണ്ടെടുത്ത വഴി

1919ൽ തന്നെ അദ്ദേഹം ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതാവായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ആധുനിക നാഗരികതാ വിമർശന രചനയായ ‘ഹിന്ദ് സ്വരാജ്’ എഴുതപ്പെട്ടിട്ട് പത്തുകൊല്ലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും എല്ലാ മാധ്യമങ്ങളും ഭാരതീയരും ഗാന്ധിയെ ഗാന്ധിജി എന്നുവിളിച്ചു തുടങ്ങിയിരുന്നു. ഒന്നാം ലോകയുദ്ധത്തിനുശേഷം ഉണർന്നെണീക്കുകയായിരുന്ന ഇന്ത്യൻ ദേശീയതയുമായി മുസ്‌ലിം ജനവിഭാഗങ്ങളെ അടുപ്പിക്കുവാനായി ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന മൗലാന മുഹമ്മദലി പറഞ്ഞു: ‘പ്രവാചകനബിയുടെ ആജ്ഞകൾ കഴിഞ്ഞാൽ പിന്നെ ഞാൻ ഗാന്ധിജിയുടെ വാക്കുകൾ അനുസരിക്കുവാൻ കടപ്പെട്ടവനാണ്’. കബീർദാസ് വസ്ത്രം നെയ്യുമ്പോൾ പാടിയിരുന്നതുപോലെ ‘സൂര്യചന്ദ്രന്മാരെ സാക്ഷിനിർത്തി’ ഗാന്ധിജി ഇന്ത്യയുടെ മനസ്സിനെ നെയ്തെടുക്കുകയായിരുന്നു.

ഗാന്ധിജിയെ ജയിലിലടച്ച കൊളോണിയൽ നിയമം

1922 ജനുവരി 5–ാം തീയതി. ഗാന്ധിജി ‘യങ് ഇന്ത്യ’യിൽ എഴുതി: ‘അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവുമാണ് ഇന്ത്യയിൽ പരമപ്രധാനം’. ഇതെഴുതുമ്പോൾ അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസുണ്ടായിരുന്നു. 1837ൽ മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ രാജ്യദ്രോഹനിയമ സങ്കൽപം, 1870ൽ നിയമമായി മാറിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിനാസ്പദമായ കുറ്റങ്ങൾ രണ്ടായിരുന്നു. ഒന്ന്, 1916 ൽ ബനാറസ് ഹിന്ദു സർവകലാശാലയുടെ ഉദ്ഘാടനത്തിന് ബ്രിട്ടിഷ് ഭരണത്തിനെതിരെ നടത്തിയ പ്രസംഗം. രണ്ട്, 1921ൽ യങ്ങ് ഇന്ത്യയിൽ എഴുതിയ മൂന്നു ലേഖനങ്ങൾ. ഇതിൽ ബനാറസിലെ പ്രസംഗത്തിലാണ് അദ്ദേഹം പ്രഖ്യാപിച്ചത്, താനൊരു അരാജകവാദിയാണെന്ന്. യോഗത്തിൽ അധ്യക്ഷത വഹിച്ചിരുന്ന ആനി ബസന്റ് ഗാന്ധിജിയോട് പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു; സദസ്യർ പ്രസംഗം തുടരാനും. മെക്കാളെ പ്രഭുവിന്റെ ആ നിയമത്തിന്റെ സാധുത പുനഃപരിശോധിക്കുവാൻ നമുക്ക് 2022 വരെ കാത്തിരിക്കേണ്ടിവന്നു. ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയടങ്ങുന്ന മൂന്നംഗ ബെഞ്ച് പറഞ്ഞു, കൊളോണിയൽ ഭരണത്തിന്റെ ഈ ബാക്കിപത്രം നമുക്ക് പുനഃപരിശോധിക്കണമെന്ന്.

Annie Besant, Mahatma Gandhi
ആനി ബസന്റും ഗാന്ധിജിയും

1922 മാർച്ച് 18–ാം തീയതി, ബ്രിട്ടിഷുകാരനായ ജഡ്‌ജി ബ്രൂംഫീൽഡ് ഗാന്ധിജിയെ ആറു കൊല്ലം ജയിൽശിക്ഷയ്ക്കു വിധിച്ചു. കോടതിയിൽ ഗാന്ധിജിയുടെ വാദം ഏതു ചരിത്ര, നിയമ വിദ്യാർഥിയും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ഗാന്ധിജിയെ ജയിലിലടച്ച അതേ കൊളോണിയൽ നിയമം മൂലമാണ് അധികാരത്തെ ചോദ്യം ചെയ്തിരുന്നവരെ സ്വതന്ത്ര ഇന്ത്യയിൽ ജയിലിലടച്ചുകൊണ്ടിരുന്നത്; പലരും ഇപ്പോഴും ജയിലിൽ കിടക്കുന്നതും.

കൈവിട്ട നിസ്സഹകരണ സമരം; ഗാന്ധിജിയെ ഉലച്ച ചൗരി ചൗര

തികച്ചും ദാർശനികമായിരുന്ന ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പ്രധാന സംഭവത്തിന്റെയും നൂറാം വാർഷികമാണ് 2022. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാൾ വേളയിൽ അതുകൂടി നമുക്ക് സ്മരിക്കാം. അഹിംസ ഗാന്ധിജിക്ക് ലോകചരിത്രത്തിലെ ഒരു അനന്തധാരയായിരുന്നു. യുദ്ധങ്ങളും ഹിംസയും മനുഷ്യചരിത്രത്തിൽ ഒരുപാട് ശബ്ദഘോഷങ്ങൾക്കു കാരണമാകുന്നുണ്ടെങ്കിലും മനുഷ്യരാശിയെ മുന്നോട്ടുകൊണ്ടുപോകുന്നത് മനുഷ്യൻ മനുഷ്യനെ നിരുപാധികം സ്നേഹിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം കരുതി. അതായിരുന്നു അഹിംസയിൽ അധിഷ്ഠിതമായിരുന്ന ആ സമരമാർഗത്തിന്റെ ദാർശനികാടിത്തറ. അതിനിളക്കം തട്ടുന്ന ഒരു സംഭവം ഉണ്ടായപ്പോൾ ഗാന്ധിജി പ്രതികരിച്ച ചരിത്രമുഹൂർത്തവും 1922ൽ ആയിരുന്നു.

1919 മുതൽ 1922 ആയപ്പോഴേക്കും ഇന്ത്യയിലുടനീളം നിസ്സഹകരണ പ്രസ്ഥാനം ശക്തമായിരുന്നു. ബഹുജനങ്ങൾ തെരുവിലിറങ്ങിയിരുന്നു. 1922 ഫെബ്രുവരിയിലാണ് ഇന്നത്തെ ഉത്തർപ്രദേശിലെ ചൗരി ചൗരയിൽ അക്രമാസക്തമായ ജനക്കൂട്ടം പൊലീസ് സ്റ്റേഷനു തീവച്ചത്. ഇരുപത്തിയൊന്നു പൊലീസുകാരും ഒരു കാവൽക്കാരനും വെന്തുമരിച്ചു. ഗാന്ധിജിയിലെ രാഷ്ട്രീയനേതാവ് പിൻവാങ്ങുകയും ദാർശനികൻ ഊർജവത്താവുകയും ചെയ്ത മുഹൂർത്തമായിരുന്നു അത്. ഫെബ്രുവരി 12–ാം തീയതി മുതൽ അഞ്ചുദിവസം അദ്ദേഹം നിരാഹാരവ്രതം അനുഷ്ഠിച്ചു. അദ്ദേഹം പറഞ്ഞു: ‘ചൗരി ചൗര ഒരു ദിശാസൂചനയാണ്. അഹിംസ എന്ന ദാർശനികവ്യവസ്ഥയിൽ അചഞ്ചലവിശ്വാസം ഇല്ലെങ്കിൽ എന്നുവേണമെങ്കിലും ഇന്ത്യയിൽ ഒട്ടേറെ ചൗരി ചൗരകൾ ആവർത്തിക്കാവുന്ന അവസ്ഥയാണ്. അതിനാൽ നിസ്സഹകരണ സമരം കോൺഗ്രസ് നിർത്തിവയ്ക്കണം’. രാജ്യത്ത് ഒന്നാകെ സമരാവേശം പടർന്നുപിടിച്ച ഒരു സമയത്ത് മൊത്തം സമരവും നിർത്തിവയ്ക്കുന്നത് ഉചിതമല്ല എന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടും ഗാന്ധിജി തീരുമാനം മാറ്റിയില്ല.

നൂറുകൊല്ലത്തിനു ശേഷം 2020 ഓഗസ്റ്റ് മുതൽ 2021 ഡിസംബർ വരെ ഇന്ത്യ അഹിംസാത്മകമായ മറ്റൊരു സമരത്തിനു സാക്ഷ്യം വഹിച്ചതും സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിന് നാം ഓർക്കേണ്ടതാണ്. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജനസമരങ്ങളിൽ ഒന്നായ കർഷകസമരം ഒരു വേളയിൽ പോലും ഹിംസാത്മകമായ വഴി തിരഞ്ഞെടുക്കാതെയാണ് വിജയത്തിലേക്കു നീങ്ങിയത്. ആ സമരം ചൗരി ചൗര അക്രമത്തിനുശേഷം നിസ്സഹകരണ സമരം പിൻവലിച്ച രാഷ്ട്രപിതാവിന് ഇന്ത്യൻ ജനത നൽകിയ ഗുരുദക്ഷിണയായി വേണം കരുതാൻ.

Maulana Muhammad Ali
മൗലാന മുഹമ്മദലി

ബഹുസ്വര ചിന്തകൾ കാത്ത രാഷ്ട്രീയ ദാർശനികൻ

1922 മാർച്ചിൽ ഗാന്ധിജി പുണെ യേർവാഡ ജയിലിൽ അടയ്ക്കപ്പെട്ടു. അതിനു ശേഷമുള്ള അക്കൊല്ലത്തെ അദ്ദേഹത്തിന്റെ ജീവിതം ജയിൽ ഡയറിയിൽ നിന്നു നമുക്ക് വായിക്കാവുന്നതാണ്. ജയിലിലെ ഗാന്ധിജി സ്വതന്ത്രനായ ഗാന്ധിജിയെക്കാൾ അപകടകാരിയാണ് എന്ന് മറ്റാരെക്കാളും നന്നായി ബ്രിട്ടിഷ് അധികൃതർക്ക് അറിയാമായിരുന്നു. അതിനാൽ ശിക്ഷാകാലാവധി പൂർത്തിയാക്കുന്നതിനു മുൻപേ 1924ൽ അദ്ദേഹം സ്വതന്ത്രനായി. 1924 സെപ്റ്റംബർ 17–ാം തീയതി 21 ദിവസത്തെ നിരാഹാരം അദ്ദേഹം ഡൽഹിയിലെ മൗലാന മുഹമ്മദ് അലിയുടെ വീട്ടിൽ ആരംഭിച്ചു, മതസൗഹാർദത്തിനായി.

2022ൽ രാജ്യം അതിന്റെ പ്രിയങ്കരമായ സ്വാതന്ത്ര്യത്തിന്റെ 75–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, ഇതൊരു ബഹുസ്വര സമൂഹമാണെന്നും വിവിധ വിശ്വാസങ്ങളുടെ സംഗമഭൂമിയാണ് ഇന്ത്യ എന്നും സ്വന്തം രക്തസാക്ഷിത്വം വഴി നമ്മോടു പറഞ്ഞ രാഷ്ട്രപിതാവിന്റെ സാർഥകമായിരുന്ന 1922നെ ഒന്നുകൂടി നമുക്ക് സ്മരിക്കാം.

2024 ആകുമ്പോഴേക്കും ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യം നമ്മുടേതായിരിക്കും. ഭൂമിയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഒരു കൊടിക്കീഴിൽ ജനാധിപത്യം അനുഭവിക്കുന്ന ഭൂപ്രദേശമാണു നമ്മുടേത്. അതിന്റെ രാഷ്ട്രപിതാവ് ഒരു രാഷ്ട്രീയനേതാവിലുപരി ഒരു ദാർശനികനായത് നമുക്ക് ആദരപൂർവം സ്മരിക്കാം.

English Summary: Remembering Mahatma Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA