കേട്ടു ഞാനാ മധുരഗാനം!

HIGHLIGHTS
  • സ്വാതന്ത്ര്യവാർത്ത അറിയാൻ നാലഞ്ചു കിലോമീറ്റർ നടന്ന് റേഡിയോ ഉള്ള സ്ഥലത്തെത്തി
Independence Caricature
SHARE

സ്വാതന്ത്ര്യലബ്ധിയുടെ ഓർമകൾ പ്രഫ. എം.കെ.സാനു പങ്കുവയ്ക്കുന്നു.

1947 ഓഗസ്റ്റ് 15നു നമ്മളെല്ലാം സ്വർഗത്തിന്റെ പടിവാതിൽക്കലെത്തിയെന്നാണു കവികളും പത്രങ്ങളും എഴുതിയത്. സ്വാതന്ത്ര്യലബ്ധിയിൽ വലിയ ആവേശംകൊണ്ട ഞാൻ അന്നത്തെ എല്ലാ രചനകളും വായിച്ചിട്ടുണ്ട്. എന്നാൽ, ചങ്ങമ്പുഴ മാത്രമെഴുതി,

‘ഈ ധന്യവാസരത്തിൽ ഇരുളൊക്കെയും പോയോ? പോകുമോ?
നിലയ്ക്കുമോ തെരുവിൻ ഞരക്കങ്ങൾ, സ്വാതന്ത്ര്യം കിളിർക്കുമോ?’

സ്വാതന്ത്ര്യപ്പുലരിയിൽ നാലഞ്ചു കിലോമീറ്റർ അകലെപ്പോയി മൈതാനത്തു വാർത്ത കേൾക്കാനിരുന്നു. ദിലീപ് കുമാർ റോയിയുടെ ഗാനത്തോടെയാണു വാർത്ത ആരംഭിച്ചത്. സ്വാതന്ത്ര്യവാർത്ത കേട്ടു സന്തോഷത്തോടെ മടങ്ങി. വീട്ടിലെത്തി സ്വാതന്ത്ര്യലബ്ധി ഓണം പോലെ ആഘോഷിച്ചു. അമ്മ പലഹാരങ്ങളുണ്ടാക്കിവച്ചിരുന്നു.

അന്നുതന്നെ മലയാള പത്രങ്ങളിലെല്ലാം സ്വാതന്ത്ര്യലബ്ധിയിൽ ആഹ്ലാദിച്ച് കവിതകളും ലേഖനങ്ങളും വന്നു. മഹാകവി വള്ളത്തോൾ അടക്കമുള്ളവരുടെ കവിതകൾ. ആ കവിതകളുടെ കൂട്ടത്തിലാണു വേറിട്ട സ്വരവിശേഷവുമായി ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയത്.

MK Sanu | File Photo: JOSEKUTTY PANACKAL
പ്രഫ. എം.കെ.സാനു (File Photo: JOSEKUTTY PANACKAL)

അന്നേ സോഷ്യലിസ്റ്റ് ആശയങ്ങളുമായി വളരെ അടുത്തു ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന എനിക്ക് ചങ്ങമ്പുഴ ഉദ്ദേശിച്ചതു മനസ്സിലാക്കാൻ പ്രയാസമുണ്ടായില്ല. കമ്യൂണിസ്റ്റ് പാർട്ടികൾ അന്നു ശക്തമായിരുന്നെങ്കിലും അവരിലെ വ്യക്തിസ്വാതന്ത്ര്യ നിഷേധം ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അഭിപ്രായങ്ങൾ തുറന്നു പറയാനും പരസ്പരം കൈമാറാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ സംഘടന എന്നതിന് എന്താണർഥം? നേരെമറിച്ച് സോഷ്യലിസ്റ്റ് ചിന്താഗതി ശുഭപ്രതീക്ഷ നൽകുന്നതായിരുന്നു. അതിനു പ്രധാന കാരണം ജവാഹർലാൽ നെഹ്റുവിലുള്ള സ്നേഹവും വിശ്വാസവുമായിരുന്നു.

ഗാന്ധിജിക്കു ദൈവികവും നെഹ്റുവിനു മാനുഷികവും നന്മയുടേതുമായ വ്യക്തിത്വവും സോഷ്യലിസ്റ്റുകൾ കൽപിച്ചിരുന്നു. ധാരാളം മാറ്റങ്ങൾ നെഹ്റുവിന്റെ പഞ്ചവത്സര പദ്ധതികളിലൂടെ കേരളത്തിലുമുണ്ടായി. റോഡ് പോലുമില്ലാത്ത നഗരപ്രാന്തത്തിലാണു ഞാൻ താമസിച്ചിരുന്നത്. അവിടെ റോഡ് വന്നു.

ഞാൻ ആദ്യമായി ചെരിപ്പിടുന്നത് ഇന്റർമീഡിയറ്റിനു തിരുവനന്തപുരത്തു പഠിക്കുമ്പോഴാണ്. വാച്ചെല്ലാം എംഎ കഴിഞ്ഞേ ഉള്ളൂ. ഷർട്ട് അലക്കിത്തേച്ചിടുന്ന വളരെക്കുറച്ചു പേരെയേ കാണാനുണ്ടായിരുന്നുള്ളൂ. ഇതെല്ലാം വളരെ പെട്ടെന്നു മാറി. പട്ടിണിക്കാർ ക്രമേണ കുറഞ്ഞുവന്നു. പണ്ട് എല്ലു കൂരച്ചു നെഞ്ചുന്തിനിൽക്കുന്ന കുഞ്ഞുങ്ങൾ പതിവു കാഴ്ചയായിരുന്നു. അവരെ കണ്ടാലറിയാം അനുഭവിക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച്. രാവിലെയും ഉച്ചയ്ക്കും ഇത്തിരി കഞ്ഞിവെള്ളത്തിനും വറ്റിനുമായി മറ്റു വീടുകളിലേക്കു ചട്ടിയുമായി പോകുന്ന കുട്ടികളടക്കമുള്ളവരുടെ കാഴ്ചയും പതിവായിരുന്നു. അത്തരം ദാരുണ കാഴ്ചകളും കുറഞ്ഞുവന്നു. ആളുകൾ കുറെക്കൂടി സ്വാശ്രയശീലമുള്ളവരായി.

എങ്കിലും ദാരിദ്ര്യവും ഉച്ചനീചത്വവും രാജ്യത്തുനിന്നു പൂർണമായും നീങ്ങിയില്ല. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ടായില്ല. ശക്തമായ തൊഴിൽനിയമമുണ്ടായില്ല. ഇതെല്ലാം സാവധാനത്തിലുണ്ടാകുമെന്ന പ്രതീക്ഷ തകർന്നു. സ്വാതന്ത്ര്യം കിട്ടി കുറെക്കഴിഞ്ഞും അതു സംഭവിക്കാതിരുന്നതോടെ എതിർപ്പുണ്ടായിത്തുടങ്ങി. നെഹ്റു നയതന്ത്രപരമായി അതിനെ നേരിട്ടു. കാമരാജ് പദ്ധതിപോലുള്ള വിഷയങ്ങൾ നടപ്പാക്കിയ രീതി പക്ഷേ, നെഹ്റു നാം വിചാരിച്ചത്ര ആദർശബോധമുള്ളയാളല്ലെന്ന തോന്നലുണ്ടാക്കി. പിന്നീട് ഇന്ദിര ഗാന്ധിയെല്ലാം വന്നതോടെ ആദർശബോധമുള്ള ഒട്ടേറെ സോഷ്യലിസ്റ്റുകൾ കോൺഗ്രസിന് എതിരായി.

സ്വാതന്ത്ര്യം എന്നത് എന്നെ സംബന്ധിച്ചു കൂടുതൽ സ്വതന്ത്രാത്മാക്കളായ ചിന്തകരും എഴുത്തുകാരും ഉണ്ടാകുന്ന അവസ്ഥയായിരുന്നു. പക്ഷേ, അത്തരം എഴുത്തുകാരും ചിന്തകരും ഇല്ലാതാകുന്ന കാഴ്ചയാണു സ്വാതന്ത്ര്യാനന്തരം കണ്ടത്. ഇന്ന് അത്തരക്കാർ തീരെ ഇല്ലാതായി. ശങ്കറിനെപ്പോലൊരു കാർട്ടൂണിസ്റ്റ് ഇല്ലാതായി. ഇതാണു ചങ്ങമ്പുഴ പറഞ്ഞത്, ‘സ്വാതന്ത്ര്യം കിളിർക്കുമോ’ എന്ന്.

English Summary: MK Sanu remembering India's Independence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛന്‍കുട്ടിയാണെങ്കിലും ഞാന്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്ത്രീയാണ് | Namitha Pramod Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA