ഇന്ത്യേ.. വാ വാ വോ... പൊന്നിന്ത്യേ വാവാവോ..

Mail This Article
കുഞ്ഞിന്ത്യയുടെ അരികിലിരുന്ന് അമ്മയും അച്ഛനും സ്വപ്നംകണ്ടു ചിരിക്കുന്നതു മകൾ സ്കൂളിൽ പോകുമ്പോൾ എങ്ങനെ പ്രതിജ്ഞ ചൊല്ലും എന്ന് ഓർത്താണ്. ഏതെങ്കിലും ഫോം പൂരിപ്പിക്കുമ്പോൾ പേരെഴുതുന്നതു കണ്ടിട്ട് അയ്യോ രാജ്യത്തിന്റെ പേരല്ല, സ്വന്തം പേരാണ് ഇൗ കോളത്തിൽ എന്നു പറഞ്ഞു തിരുത്തുമല്ലോ എന്ന് ഓർത്തുമാണ്.
മുത്തോലി വലിയമറ്റത്തിൽ രഞ്ജിത്ത് രാജനും ഭാര്യ സന സാബുവും 30 ദിവസം പ്രായമായ കുഞ്ഞിനിട്ട പേര് ‘ഇന്ത്യ’ എന്നാണ്. രാജ്യത്തിന്റെ പേരുതന്നെ കുഞ്ഞിനും നൽകി രാജ്യസ്നേഹം പ്രകടിപ്പിക്കുന്നു ഇവർ. പാലായിൽ ഇവർ ഇപ്പോൾ താമസിക്കുന്ന വാടകവീടിനു പരിസരത്തുകൂടെ പോയാൽ കേൾക്കുക ഇന്ത്യമോളേ കുഞ്ഞുറങ്ങിക്കേ, ഇന്ത്യക്കുഞ്ഞേ കരയല്ലേ, അമ്മേടെ പൊന്നിന്ത്യമോളല്ലേ പിണങ്ങല്ലേ എന്നൊക്കെയാണ്. എന്നാൽ ഇവിടെ ഇന്ത്യ കരയും, ചിരിക്കും, പിണങ്ങും, ഉറങ്ങും!
രണ്ടു മതങ്ങളിൽനിന്നുള്ള രഞ്ജിത്തിന്റെയും സനയുടെയും പ്രണയ വിവാഹമായിരുന്നു. മകൾ പിറന്നപ്പോൾ മതത്തിന് അതീതമായ ഇന്ത്യ എന്ന പേതു തിരഞ്ഞെടുത്തു. രഞ്ജിത്തിന്റെ ആഗ്രഹം സൈനികനാകുക എന്നതായിരുന്നു, പക്ഷേ, സാഹചര്യങ്ങൾ അതിനനുവദിച്ചില്ല, അതും ഈ പേരു തിരഞ്ഞെടുക്കാൻ കാരണമായി. ആശുപത്രി രേഖകളിൽ ചേർക്കാനായി കുഞ്ഞിന്റെ പേരു ചോദിച്ചപ്പോൾ രഞ്ജിത്ത് ഇന്ത്യ എന്നു പറഞ്ഞു, അതുകേട്ട നഴ്സ് സംശയത്തോടെ ഒന്നു നോക്കി, എന്നിട്ടു സനയോടു ചോദിച്ചു: ഭർത്താവ് കാര്യമായിട്ടു പറഞ്ഞതാണോ? സന ചിരിച്ചുകൊണ്ടു പറഞ്ഞു: കുഞ്ഞിന് ഇൗ പേര് ഇടാനായി മാത്രമാണു രഞ്ജിത്ത് കല്യാണം കഴിച്ചതെന്നാണ് എനിക്കു തോന്നുന്നത്. പേരിന്റെ െഎശ്വര്യവും സ്നേഹവും സന്തോഷവും കുഞ്ഞിന്ത്യയെ പൊന്നിന്ത്യ ആക്കും എന്നതാണ് ഇവരുടെ ഉറച്ച വിശ്വാസം.
പേരിലുണ്ടോ ഇന്ത്യ?
നിങ്ങളുടെ പേരിൽ ഇന്ത്യ, ഭാരതം, ഹിന്ദുസ്ഥാൻ, സ്വാതന്ത്ര്യം എന്നിവയിൽ ഏതെങ്കിലുമൊരു വാക്കുണ്ടോ? എങ്കിൽ തിരിച്ചറിയൽ കാർഡിന്റെ ചിത്രം ഇൗ നമ്പറിലേക്കു വാട്സാപ് ചെയ്യൂ. 7902279797
English Summary: Pala Mutholy native named daughter India