ADVERTISEMENT

ഇന്ത്യൻ കായികചരിത്രത്തിൽ വിയർപ്പുതുള്ളികളാൽ പേരെഴുതിച്ചേർത്ത പോരാളികളെ ഓർത്തെടുക്കുകയാണ് ‘പയ്യോളി എക്സ്പ്രസ്’

ദേശീയഗാനം മുഴങ്ങുന്ന സ്റ്റേഡിയത്തിനുള്ളിൽ, വർഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായ മെഡൽ ധരിച്ചു പോഡിയത്തിൽ തലയുയർത്തി നിൽക്കുമ്പോൾ ഉണ്ടാകുന്ന അഭിമാനത്തിനു പകരം വയ്ക്കാൻ മറ്റെന്തുണ്ട്!. വിയർത്തൊട്ടിയ ജഴ്സിക്കു മുകളിൽ ദേശീയപതാക പുതച്ച് വിക്ടറി ലാപ് നടത്തുമ്പോൾ കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാനാകുമോ! സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തിൽ, ഇന്ത്യയുടെ കായികനേട്ടങ്ങളുടെ ട്രാക്കിലേക്കു പിന്തിരിഞ്ഞു നോക്കിയാൽ ആവോളമുണ്ട് ആഹ്ലാദിക്കാൻ.

1960ലെ റോം ഒളിംപിക്സിൽ മിൽഖ സിങ്.
1960ലെ റോം ഒളിംപിക്സിൽ മിൽഖ സിങ്.

ഒളിംപിക്സോളം

കായികതാരങ്ങളുടെ സ്വപ്നഭൂമിയായ ഒളിംപിക്സിൽ ഇന്ത്യൻ വ്യക്തിഗത മെഡൽമുദ്ര പതിയുന്നത് 1952ൽ ഹെൽസിങ്കിയിൽ കെ.ഡി.ജാദവ് എന്ന മഹാരാഷ്ട്രക്കാരൻ നേടിയ വെങ്കലത്തിലൂടെയാണ്. 1960ൽ റോമിൽ മിൽഖ സിങ്ങിനു നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടപ്പെട്ടപ്പോൾ രാജ്യം വേദനിച്ചു. ഞാൻ പിറക്കുന്നതിനും 4 വർഷം മുൻപേ ട്രാക്കിൽ ഇന്ത്യയ്ക്കായി പറന്ന ആ മിൽഖ, പിൽക്കാലത്ത് ‘പീടീ’ എന്നും ‘ഉഷ ബേഠീ’ എന്നും നീട്ടിവിളിച്ച് എന്നെ ചേർത്തുപിടിച്ചു. മിൽഖയുടെ നഷ്ടത്തിന്റെ വേദന ഞാനുമറിഞ്ഞു; 1984ൽ ലൊസാഞ്ചലസിൽ. 0.01 സെക്കൻഡിന്റെ വ്യത്യാസത്തിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നഷ്ടപ്പെട്ടപ്പോഴായിരുന്നു അത്. അന്നു മത്സരശേഷം ഇന്ത്യൻ സംഘത്തലവൻ എനിക്കൊരു കുറിപ്പു കൈമാറി: ‘അഭിനന്ദനങ്ങൾ, ലോകവേദിയിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയതിന്. കരയരുത്. ഭാവിയിൽ രാജ്യത്തിനായി മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയണം.’ സാക്ഷാൽ ഇന്ദിര ഗാന്ധിയുടെ സന്ദേശമായിരുന്നു അത്.

അഭിനവ് ബിന്ദ്ര (ഫയൽ ചിത്രം)
അഭിനവ് ബിന്ദ്ര (ഫയൽ ചിത്രം)

1986ലെ സോൾ ഏഷ്യൻ ഗെയിംസിലെ റെക്കോർഡ് സ്വർണനേട്ടത്തിന് (4) ഉൾപ്പെടെ പിൽക്കാലത്തു ട്രാക്കിൽ എനിക്ക് ഊർജമായത് ആ സന്ദേശമാണ്. ഒളിംപിക്സിൽ പിന്നീടു ലിയാൻഡർ പെയ്സും (വെങ്കലം – ടെന്നിസ്: 1996) കർണം മല്ലേശ്വരിയും (വെങ്കലം – വെയ്റ്റ് ലിഫ്റ്റിങ്: 2000) രാജ്യവർധൻ സിങ് റാത്തോഡും (വെള്ളി – ഷൂട്ടിങ്: 2004) രാജ്യത്തിന് അഭിമാനമായെങ്കിലും ത്രിവർണം സുവർണമാകാൻ 2008 വരെ കാത്തിരിക്കേണ്ടി വന്നു. ബെയ്ജിങ്ങിലെ ഷൂട്ടിങ് റേഞ്ചിൽ അഭിനവ് ബിന്ദ്രയിലൂടെ രാജ്യം ഒളിംപിക്സിലെ ആദ്യ സ്വർണം നേടി. ഏറ്റവുമൊടുവിൽ ടോക്കിയോയിൽ നീരജ് ചോപ്രയുടെ ജാവലിനിലൂടെ അത്‍ലറ്റിക്സിലും ഒളിംപിക്സിൽ ഇന്ത്യ സ്വർണനേട്ടം സ്വന്തമാക്കി. എവിടെവച്ചു കണ്ടാലും ‘ഉഷ മാഡം’ എന്നു വിളിച്ച് അടുത്തെത്തുന്ന എളിമയുള്ള പയ്യൻ – നീരജിന് ഇനിയും വലിയ നേട്ടങ്ങൾ എറിഞ്ഞു പിടിക്കാൻ കഴിയട്ടെ.

നീരജ് ചോപ്ര
നീരജ് ചോപ്ര

ഗുസ്തിയിൽ സുശീൽ കുമാറിന്റെ ഇരട്ട മെഡലുകളും (2008ൽ വെങ്കലം, 2012ൽ വെള്ളി) രവികുമാർ ദഹിയയുടെ (2020) വെള്ളിയും യോഗേശ്വർ ദത്തിന്റെയും (2012) സാക്ഷി മാലിക്കിന്റെയും (2016) ബജ്‌രംഗ് പുനിയയുടെയും (2020) വെങ്കലവും ബോക്സിങ്ങിൽ വിജേന്ദർ സിങ്ങിന്റെ നേട്ടവും (2008–വെങ്കലം) ഷൂട്ടിങ്ങിൽ വിജയ് കുമാർ നേടിയ വെള്ളിയും (2012) ഗഗൻ നാരംഗ് നേടിയ വെങ്കലവും (2012) ഇതിനൊപ്പം തിളങ്ങി നിൽക്കുന്നു.

ചക്ദേ ഇന്ത്യ

മേജർ ധ്യാൻചന്ദ് നയിച്ച ഇന്ത്യൻ ഹോക്കി സംഘത്തിന്റെ വീരഗാഥകൾ പാഠപുസ്തകത്തിൽ പഠിച്ച എനിക്ക് 1980ലെ മോസ്കോ ഒളിംപിക്സ് ഒരിക്കലും മറക്കാൻ കഴിയില്ല. അന്നു 16 വയസ്സുകാരിയായ ഞാൻ ആ ഒളിംപിക്സിലെ തന്നെ ‘ബേബി’കളിൽ ഒരാളാണ്. എന്താണെന്നോ, എവിടെയാണെന്നോ അറിയാതെ, ഒളിംപിക് വില്ലേജിന്റെ ഉള്ളിൽ വഴിപോലും തെറ്റിപ്പോയ ദിവസങ്ങൾ.

പി.ആർ.ശ്രീജേഷ് ടോക്കിയോ ഒളിംപിക്സിൽ.
പി.ആർ.ശ്രീജേഷ് ടോക്കിയോ ഒളിംപിക്സിൽ.

പക്ഷേ, ഇന്നും ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്ന രംഗമുണ്ട്. തമിഴ്നാട്ടുകാരൻ വി.ഭാസ്കരന്റെ നേതൃത്വത്തിൽ ഫൈനലിൽ സ്പെയിനെ തോൽപിച്ചശേഷം, ഹോക്കി സ്റ്റിക്ക് ആകാശത്തേക്കെറിഞ്ഞ് ആർപ്പുവിളിക്കുന്ന ഇന്ത്യൻ താരങ്ങൾ. ഹോക്കിയിൽ ഇന്ത്യയുടെ 8–ാം സ്വർണം. പിന്നീട് ഇടക്കാലത്തു നമ്മുടെ ഹോക്കി ടീമിന്റെ പ്രകടനം മങ്ങിപ്പോയി. ടോക്കിയോയിൽ നമ്മുടെ പി.ആർ‌.ശ്രീജേഷിന്റെ നേതൃത്വത്തിൽ വെങ്കലം നേടി ഉജ്വല തിരിച്ചുവരവ് നടത്തിയ യുവതുർക്കികൾ ഹോക്കിയിലെ പ്രതാപകാലത്തിലേക്കു സ്റ്റിക്കുമായി ഇന്ത്യയെ നയിക്കട്ടെ.

1983 Cricket World Cup | Grab

ഹൗസാറ്റ്...

ക്രിക്കറ്റും ‍ഞാനും മത്സരിച്ചോടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. സീനിയർ മീറ്റുകളിൽ മെഡലുകൾ നേടിയപ്പോൾ പത്രങ്ങളിൽ ഒന്നാം പേജിലും കായികം പേജുകളിലുമൊക്കെ എൺപതുകളുടെ തുടക്കം മുതൽ ഞാൻ നിറഞ്ഞു. പക്ഷേ, വമ്പൻമാരായ വെസ്റ്റിൻഡീസിനെ അട്ടിമറിച്ച് 1983ൽ ലോർഡ്സിൽ ഏകദിന ലോകകപ്പ് കിരീടമുയർത്തി ‘കപിലിന്റെ ചെകുത്താൻമാൻ’ ക്രിക്കറ്റ് വസന്തത്തിനു ശംഖൊലി മുഴക്കിയതോടെ രാജ്യം ബാറ്റിന്റെയും പന്തിന്റെയും ലഹരിയിൽ മുങ്ങി. പിൽക്കാലത്തു സച്ചിൻ തെൻഡുൽക്കർ എന്ന പ്രതിഭ ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരമായി മാറി. 100 സെഞ്ചറികൾ, 650ൽ ഏറെ രാജ്യാന്തര മത്സരങ്ങൾ, 34,357 രാജ്യാന്തര റൺസ്... പകരം വയ്ക്കാനില്ലാത്ത സച്ചിൻ റെക്കോർഡുകൾ എത്രയെത്ര!

എന്നാൽ, അഹങ്കാരം തലയ്ക്കു പിടിക്കാത്ത സാധാരണ മനുഷ്യനാണ് ഞാനറിയുന്ന സച്ചിൻ. ചില പരിപാടികളിൽ അദ്ദേഹം എന്നെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ ആദ്യത്തെ ‘കോമൺമാൻസ് സ്പോർട്സ് ഹീറോ’ എന്നാണ്. സമൂഹമാധ്യമങ്ങൾ വന്നതോടെ ഓരോ പിറന്നാളിനും എനിക്ക് ആശംസ നേരാൻ മറന്നിട്ടില്ല അദ്ദേഹം. 2011ൽ എം.എസ്.ധോണിയുടെ ക്യാപ്റ്റൻസിയിൽ ശ്രീലങ്കയെ തകർത്ത് രണ്ടാം ഏകദിന ലോകകപ്പ് കിരീടമുയർത്തി സച്ചിനൊപ്പം ഇന്ത്യയും ആഘോഷിച്ചു. ധോണിക്കു കീഴിൽ 2007ൽ പ്രഥമ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി കുട്ടി ക്രിക്കറ്റിലും ഇന്ത്യൻ അധിനിവേശം.

കേരളപ്പെരുമ

കായികവേദിയിലെ മലയാളിമികവിന് എത്രയെത്ര ഉദാഹരണങ്ങൾ. ജംപിങ് പിറ്റിൽനിന്ന് മെഡലുകൾ വാരിക്കൂട്ടിയ ടി.സി.യോഹന്നാനും സുരേഷ് ബാബുവും. ടിനു യോഹന്നാനിലൂടെയും എസ്.ശ്രീശാന്തിലൂടെയും സഞ്ജു സാംസണിലൂടെയും ഇന്ത്യൻ ടീമിലെത്തിയ കേരളത്തിന്റെ ക്രിക്കറ്റ് മികവ്. ഒട്ടേറെ രാജ്യാന്തര മീറ്റുകളിൽ രാജ്യത്തിനായി തിളങ്ങുകയും ബാർസിലോന ഒളിംപിക്സിൽ ഇന്ത്യൻ പതാക വഹിക്കുകയും ചെയ്ത ഷൈനി വി‍ൽസൻ. മേഴ്സി കുട്ടനും കെ.എം.ബീനമോളും മുതൽ ടിന്റു ലൂക്കയും ഇപ്പോൾ ആൻസി സോജൻ, സാന്ദ്ര ബാബു എന്നിവരിലുംവരെ എത്തിനിൽക്കുന്ന അത്‍ലറ്റിക്സിലെ മലയാളി സാന്നിധ്യം. ഒളിംപ്യൻ ചന്ദ്രശേഖരനിലൂടെയും തിരുവല്ല പാപ്പനിലൂടെയും കോട്ടയം സാലിയിലൂടെയും ഇപ്പോൾ സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവരിലൂടെയും ഇന്ത്യൻ ഫുട്ബോൾ ടീമിൽ സാന്നിധ്യമുറപ്പിച്ച മലയാളികൾ.

ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായിരുന്ന ഐ.എം.വിജയൻ (ഏഷ്യൻ ഗെയിംസിൽ 2 സ്വർണം നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിനെയും ഇവിടെ ഓർമിക്കട്ടെ). വോളിബോൾ കോർട്ടിൽ ഇടിമുഴക്കം തീർത്ത ജിമ്മി ജോർജും സിറിൽ സി.വള്ളൂരും അബ്ദുൽ റസാഖും കെ.ഉദയകുമാറും ഉൾപ്പെടെയുള്ളവർ ഏഷ്യൻ ഗെയിംസിൽ വരെ കേരളത്തിന്റെ അഭിമാനമായി. തോമസ് കപ്പ് ബാഡ്മിന്റനിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായി എച്ച്.എസ്.പ്രണോയിയും എം.ആർ.അർജുനും കേരളത്തിന്റെ പൊൻതൂവലുകളായി. കോമൺവെൽത്ത് സ്വർണം ഉൾപ്പെടെ നേടിയ സ്ക്വാഷ് താരം ദീപിക പള്ളിക്കലും അഭിമാനമായി.

ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ മെഡലിലേക്ക് പറന്നുചാടി എൽദോസ് പോളും അബ്ദുല്ല അബൂബക്കറും എം.ശ്രീശങ്കറും ചരിത്രത്തിന്റെ ഭാഗമായതും കേരളക്കരയ്ക്ക് അഭിമാനം. 

2003ലെ പാരിസ് ലോക ചാംപ്യൻഷിപ്പിൽ അ‍ഞ്ജു ബോബി ജോർജ്.
2003ലെ പാരിസ് ലോക ചാംപ്യൻഷിപ്പിൽ അ‍ഞ്ജു ബോബി ജോർജ്.

വനിതാരത്നങ്ങൾ

ലോങ്ജംപർ അ‍ഞ്ജു ബോബി ജോർജ് (പാരിസ്–2003) നേടിയ വെങ്കലം ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പുകളിലെ ഇന്ത്യൻ വനിതാ കരുത്തിന്റെ വിളംബരമായിരുന്നു. എതിരാളികളെ നിലംപരിചാക്കിയ പഞ്ചുകളിലൂടെ എം.സി.മേരി കോം എന്ന 3 മക്കളുടെ അമ്മ ബോക്സിങ് ലോക ചാംപ്യൻഷിപ്പുകളിൽനിന്നു നേടിയത് 6 സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമാണ്. ലണ്ടൻ ഒളിംപിക്സിൽ വെങ്കലവും മേരി സ്വന്തമാക്കി. എന്റെ പ്രിയപ്പെട്ട സുഹൃത്തും മുൻ ദേശീയ വോളിബോൾ താരവുമായ പി.വി.രമണയുടെ മകൾ, ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൻ സൂപ്പർസ്റ്റാർ പി.വി.സിന്ധു റിയോ ഒളിംപിക്സിൽ (2016) വെള്ളിയും ടോക്കിയോയിൽ (2020) വെങ്കലവും ലോക ചാംപ്യൻഷിപ്പിൽ (2019) സ്വർണവും നേടി ലോക കായികവേദിയിൽ ഇന്ത്യയുടെ പൊൻതൂവലായി.

1986ലെ ഏഷ്യൻ ഗെയിംസ് പുരുഷ ടീമിലുണ്ടായിരുന്ന രമണയുടെ വീട്ടിൽ ഞാൻ സന്ദർശനം നടത്തിയിരുന്ന കാലത്ത് എന്റെ മടിയിൽ കയറിയിരുന്ന് വികൃതി കാട്ടുന്ന കുഞ്ഞായിരുന്നു സിന്ധു. ലണ്ടനിൽ വെങ്കലം നേടി സൈന നെഹ്‌വാളും ഇന്ത്യൻ കായികവേദിയുടെ വനിതാ അംബാസഡറായി. ടെന്നിസിൽ നേട്ടങ്ങളിലേക്ക് എയ്സ് പായിച്ച സാനിയ മിർസയും ടോക്കിയോ ഒളിംപിക്സിൽ രാജ്യത്തിന്റെ പ്രതീക്ഷകളുടെ ഭാരം വെള്ളിയിലേക്ക് ഉയർത്തിയ മീരാബായ് ചാനുവും ത്രിവർണ പതാക പതിച്ച ഗ്ലൗസണിഞ്ഞ് വെങ്കലത്തിലേക്ക് ഇടിച്ചു കയറിയ ലവ്‌ലിന ബോർഗോഹെയ്നും തെളിച്ച പാതയിലൂടെ കൂടുതൽ വനിതാരത്നങ്ങൾ മികവിലേക്കു കുതിക്കട്ടെ. 

5 വൻകരകളിലെ കടലിടുക്കുകൾ നീന്തിക്കടന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ബുല ചൗധരിയും ശരീരത്തിന്റെ വെല്ലുവിളികളെ മറികടന്ന് പാരാ ഒളിംപിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ഖ്യാതി നേടിയ ദീപ മാലിക്കുമെല്ലാം മനക്കരുത്തിന്റെ പ്രതീകമായി ഇന്ത്യൻ വനിതകൾക്കു മുന്നിൽ ജ്വലിച്ചു നിൽക്കുന്നു.

ഭാവി ശോഭനം

രാജ്യാന്തര ഗോൾ നേട്ടത്തിൽ റെക്കോർഡിട്ടു മുന്നേറുന്ന സുനി‍ൽ ഛേത്രി. സ്നൂക്കറിലും ബില്യഡ്സിലും ചരിത്രമെഴുതുന്ന പങ്കജ് അദ്വാനി. ചരിത്രത്തിലേക്ക് അമ്പെയ്യുന്ന അതാനു ദാസ് – ദീപിക കുമാരി ദമ്പതികൾ. ബാഡ്മിന്റൻ കോർട്ടിൽ മിന്നിക്കയറുന്ന ഗായത്രി ഗോപിചന്ദും (ഗോപിചന്ദിന്റെ മകൾ) കണ്ണൂരുകാരി ട്രീസ ജോളിയും കൊച്ചിക്കാരൻ കിരൺ ജോ‍ർജും ഉത്തരാഖണ്ഡ് സ്വദേശി ലക്ഷ്യ സെന്നും. ഋഷഭ് പന്ത് ഉൾപ്പെടെയുള്ള യുവ ക്രിക്കറ്റ് പ്രതിഭകൾ. ജാവലിൻ ത്രോയിൽ ഉജ്വല ഫോമിൽ നിൽക്കുന്ന നീരജ് ചോപ്ര. വിശ്വനാഥൻ ആനന്ദിന്റെ പിൻമുറക്കാരായി ചെസ് കളം വാഴാൻ കുതിക്കുന്ന നിഹാൽ സരിനും ആർ.പ്രഗ്നാനന്ദയും ഉൾപ്പെടെയുള്ളവർ. പ്രതീക്ഷയോടെ കാത്തിരിക്കാം നവ ഇന്ത്യയുടെ മെഡൽപെരുക്കത്തിനായി. ജയ് ഹോ...

English Summary: PT Usha rewinding India's Sports personalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com