ADVERTISEMENT

ഏകദേശം അറുപത്തയ്യായിരം വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കു നടന്നെത്തിയ ധൈര്യശാലികളായ കുടിയേറ്റക്കാരുടെ ആ ചെറിയ കൂട്ടത്തിൽനിന്ന് ഒരുവൾ ഇത്തവണ ഓഗസ്റ്റ് 15ന്, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന് ഇവിടെ നമ്മളോടൊപ്പമുണ്ടെങ്കിൽ‌ എന്തായിരിക്കും അവരുടെ പ്രതികരണം? (അവരാണല്ലോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ആധുനിക മനുഷ്യസമൂഹം; അഥവാ, ആദിമ ഇന്ത്യക്കാർ).

തന്റെ സന്തതികളുടെ എണ്ണം ഇതിനകം 140 കോടി കവിഞ്ഞെന്നും, ഭൂമിയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാഷ്ട്രമാകാൻ ഇന്ത്യ ഇതാ ഒരുങ്ങിക്കഴിഞ്ഞെന്നും അറിഞ്ഞ് അവർ ആശ്ചര്യപ്പെടുമോ? അതോ, ഇന്ത്യയിൽ ഇന്നു കാണുന്ന ഇത്രയേറെ വൈവിധ്യങ്ങളും, ഇത്ര വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്ന ആളുകളുമായിരിക്കുമോ അവരെ കൂടുതൽ അമ്പരപ്പിക്കുക? ഇതൊക്കെ എങ്ങനെ സംഭവിച്ചുവെന്നും, ‘രാഷ്ട്രം’ എന്നു പറഞ്ഞാൽ എന്താണെന്നുമൊക്കെ അവർ അദ്ഭുതപ്പെടുമോ?

4500 വർഷം മുൻപത്തെ ഹാരപ്പൻ നാഗരികതയിൽ ജീവിച്ചിരുന്ന ഒരുവൾ കൂടി സ്വാതന്ത്ര്യ ജൂബിലി ആഘോഷവേളയിൽ ഇവിടെ എത്തുന്നുവെന്നു കരുതുക. രാഷ്ട്രം എന്നു പറഞ്ഞാൽ എന്താണെന്നു കൃത്യമായി പറയാൻ കഴിഞ്ഞില്ലെങ്കിലും അതൊരു ഏകദേശരൂപത്തിൽ വിശദീകരിച്ചു കൊടുക്കാനെങ്കിലും അവർക്കു കഴിയുമോ? (അവരുടെ ആളുകളാണല്ലോ ഒരുമാതിതി നല്ല കൂട്ടായ്മയും പൊതുനിലവാരവും ഉറപ്പുവരുത്തിക്കൊണ്ട് അക്കാലത്തെ ഏറ്റവും വലിയ നാഗരികത കെട്ടിപ്പടുത്തത്). പുരാതന ഇറാനിയൻ വേരുകളുള്ള ഒരു കൂട്ടം ആളുകൾ ആദിമ ഇന്ത്യക്കാരുമായി കൂടിക്കലർന്ന് ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ കാർഷികവിപ്ലവം സൃഷ്ടിച്ചതും, പിന്നീടവർ ഹാരപ്പൻ നാഗരികത കെട്ടിപ്പടുത്തതുമായ അതിശയകരമായ കഥകളും അവർ പറയുമോ? ഏതാണ്ട് 3700 വർഷങ്ങൾക്കു മുൻപു ജീവിച്ചിരുന്ന രണ്ടു പുരുഷന്മാർകൂടി ഈ രണ്ടു പൂർവികരുടെയൊപ്പം ചേരുന്നുവെന്നും കരുതുക (അതിലൊരാൾ കിഴക്കനേഷ്യയിൽനിന്ന് ഓസ്ട്രോ–ഏഷ്യാറ്റിക് എന്നു പറയുന്ന ഭാഷകളുംകൊണ്ട് ഇന്ത്യയിലേക്കു വന്ന കുടിയേറ്റക്കാരിൽപെട്ടയാൾ. രണ്ടാമൻ മധ്യേഷ്യയിൽനിന്നു പുതിയ സംസ്കാരരീതികളും സംസ്കൃതഭാഷയുടെ ആദിമരൂപവും കൊണ്ടു വന്ന ഇടയന്മാരിലൊരാൾ).

tony-joseph
ടോണി ജോസഫ്

ചരിത്രത്തിനും മുൻപുണ്ടായ നാലു മഹത്തായ കുടിയേറ്റകാലങ്ങളുടെ പ്രതിനിധികളാണ് ഈ നാലു പേർ (ആ കുടിയേറ്റങ്ങളാണല്ലോ ഇന്ത്യയുടെ ജനസംഖ്യാപരവും സാമൂഹികവുമായ സവിശേഷതകൾക്കു കാരണം). ഓഗസ്റ്റ് 15നു നമ്മൾ ആഘോഷമായി പ്രദർശിപ്പിക്കുന്ന വൈവിധ്യങ്ങളുടെ പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ഈ നാലു പേർ തമ്മിലുള്ള സംഭാഷണത്തിനു കഴിഞ്ഞേക്കാം. പക്ഷേ, ‘രാഷ്ട്രം’ എന്നാൽ എന്ത് എന്ന ചോദ്യത്തിന് എന്തെങ്കിലും ഉത്തരം നൽകാൻ അവർക്കു കഴിയുമോ? കഴിയണമെന്നില്ല, കാരണം, നമ്മൾ ഇന്നു മനസ്സിലാക്കുന്നതുപോലുള്ള രാഷ്ട്രം എന്ന ആശയത്തിന് രണ്ടു നൂറ്റാണ്ടിലധികം പഴക്കമില്ലെന്നാണു സാമൂഹിക ശാസ്ത്രജ്ഞർ പറയുന്നത്. തകർന്നുചിതറിപ്പോയ സാമ്രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും കോളനികളുടെയും അവശിഷ്ടങ്ങളിൽനിന്നാണത്രേ ആ ആശയം രൂപം കൊണ്ടത്.

രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞൻ ബനഡിക്ട് ആൻഡേഴ്സന്റെ വാക്കുകളിൽ, രാഷ്ട്രം എന്നത് ഒരു ‘സാങ്കൽപിക രാഷ്ട്രീയ സമൂഹം’ ആകുന്നു. പരമാധികാരം അവകാശപ്പെടുന്നൊരു ‘രാഷ്ട്രീയ സമൂഹ’മായി സ്വയം കരുതുന്നൊരു ജനത എന്ന നിലയിൽ ‘ഇന്ത്യൻ രാഷ്ട്രം’ എന്ന ആശയം നിലവിൽ വന്നത് എപ്പോഴാണ്?

മേൽപറഞ്ഞ നാലുപേരുടെ സാങ്കൽപിക സംഗമത്തിലേക്ക്, കഴിഞ്ഞ നൂറ്റാണ്ടിൽനിന്നുള്ള രണ്ടു പേരെക്കൂടി ഉൾപ്പെടുത്തിയാലോ? ഒരാൾ 1930ലെ ദണ്ഡിയാത്രയിൽ പങ്കെടുത്തയാൾ. രണ്ടാമൻ 1924–25ലെ വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തയാൾ. എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ആധുനിക ഇന്ത്യൻ ‘രാഷ്ട്രം’ എന്ന ആശയം എങ്ങനെയാണു കഴിഞ്ഞ നൂറ്റാണ്ടിൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നാളുകളിൽ രൂപപ്പെട്ടു വന്നത് എന്ന് ഒരുപക്ഷേ അവർക്കു പറയാൻ കഴിഞ്ഞേക്കും. കോളനിവാഴ്ചയ്ക്കും ജാതിചിന്തയ്ക്കുമെതിരായ പോരാട്ടങ്ങളാണ് ഇന്ത്യയിലെ മനുഷ്യരെ മതത്തിനും ജാതിക്കും വർഗത്തിനും വർണത്തിനും ഭാഷയ്ക്കും ഭൂപ്രദേശഭേദങ്ങൾക്കും അതീതമായി ഒന്നിച്ചുനിർത്തിയത് എന്നും അവർ പറഞ്ഞുതരും.

കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഉയർന്നുവന്ന ദേശീയതയ്ക്ക് എല്ലാവരെയും എല്ലാറ്റിനെയും ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്നു. അതേസമയം, ഭൂരിപക്ഷമായതിനെ മാത്രം ഉൾക്കൊള്ളുകയും മറ്റുള്ളവയെ അകറ്റിനിർത്തുകയും ചെയ്യുന്ന തരം ദേശീയതയാണ് അക്കാലത്ത് പല ഇതരരാജ്യങ്ങളിലും ഉണ്ടായിരുന്നത്. നോക്കൂ, ഒരു രാഷ്ട്രം എന്നു പറഞ്ഞാൽ ഒരൊറ്റ മതവും ഒരൊറ്റ ഭാഷയും ഒരൊറ്റ വംശവും ഒരൊറ്റ സംസ്കാരവും ആയിരിക്കണം എന്നാണ് കഴിഞ്ഞ നൂറ്റാണ്ടിൽ കുറെക്കാലം യൂറോപ്പിലെ ആളുകൾ വിശ്വസിച്ചത്. അത്തരം ദേശീയതകളാണ് ലോകത്തെ രണ്ടു യുദ്ധങ്ങളിലേക്കും, അന്നു വരെ കാണാത്ത ദുരിതങ്ങളിലേക്കും നയിച്ചത്. യുദ്ധം കഴിഞ്ഞപ്പോൾ, യൂറോപ്പ് മാത്രമല്ല, മറ്റെല്ലാവരും അത്തരം അടഞ്ഞ ദേശീയതകളിൽനിന്ന് അകലുകയായിരുന്നു ഫലം. അങ്ങനെയാണ് എല്ലാറ്റിനെയും സ്വീകരിക്കുന്ന ഉദാര ജനാധിപത്യം എന്ന ആശയം നിലവിൽ വന്നതും പുഷ്ടിപ്പെട്ടതും.

പക്ഷേ, ലോകയുദ്ധങ്ങളുടെ ഓർമകൾ നമുക്കു നഷ്ടപ്പെട്ടിരിക്കുകയാണ്. പഴയ മട്ടിലുള്ള ആ അടഞ്ഞ ദേശസങ്കൽപവും ദേശീയതയും വീണ്ടും നുഴഞ്ഞുകയറുന്നുണ്ട് എല്ലായിടത്തും. ലോകത്തിന് അതിന്റെ ചരിത്രം വീണ്ടും വീണ്ടും പഠിക്കാൻ ഇടവരാതിരിക്കട്ടെ എന്നു നമുക്കു പ്രത്യാശിക്കാം. സ്വാതന്ത്ര്യസമരത്തിന്റെ ആശയവും പൈതൃകവും ഓർക്കാനും ആഘോഷിക്കാനും ഉയർത്തിപ്പിടിക്കാനുമുള്ള അവസരമാകട്ടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. അറുപത്തയ്യായിരം വർഷങ്ങൾക്കു മുൻപുതൊട്ട് പല കാലങ്ങളിലായി ഇവിടെ എത്തിപ്പെടുകയും, വിഭിന്ന സംസ്കാരങ്ങൾക്കും സംവാദങ്ങൾക്കും ഒന്നിച്ചിരിക്കാവുന്നൊരു പൊതുഇടമായി ഇന്ത്യ എന്ന ആശയത്തിന് അടിത്തറ പാകുകയും ചെയ്ത നമ്മുടെ പൂർ‌വികർക്കു നൽകാൻ ഇതിലും വലിയ ആദരം വേറെന്തുണ്ട്?

(Early Indians: The Story of Our Ancestors and Where We Came From എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണു ലേഖകൻ)

Content Highlight: Indian independence movement, 75 Years of Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com